Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഗന്ധംപരത്തുന്ന കൽക്കുരിശ്

by സ്വന്തം ലേഖകൻ
Manarcadu Church

വലിയ പള്ളിയുടെ പടിഞ്ഞാറ് വശത്ത് സ്ഥിതി ചെയ്യുന്ന കൽക്കുരിശ്, നാളിതു വരെ വിശ്വാസികൾക്ക് ദൈവീകനൽവരങ്ങളുടെ ദീപകാഴ്ചയായിരുന്നെങ്കിൽ ഇന്നത് സുകൃതങ്ങളുടെ സുഗന്ധ സ്രോതസായി പരിണമിച്ചിരിക്കുന്നു. 1982 ഫെബ്രുവരി മാസം 26—ാതീയതി പരിശുദ്ധ പാത്രിയർ ക്കീസ് ബാവ തിരുമനസുകൊണ്ട് വിശുദ്ധ ദൈവമാതാവിന്റെ തിരുവസ്ത്രത്തിന്റെ ഭാഗമായ സുനോറോ (ഇടക്കെട്ട്) ഈ പള്ളിയിൽ സ്ഥാപിച്ചതിന്റെ 30—ാം വാർഷികപെരുന്നാളിനോടനുബന്ധിച്ച് 2012 ഫെബ്രുവരി മാസം 25—ാം തീയതി സന്ധ്യാപ്രാർഥനയ്ക്കു ശേഷം രാത്രി 9 മണിയോടുകൂടി ഈ കൽക്കുരിശിൽ നിന്ന് സുഗന്ധം പരത്തിക്കൊണ്ട് സുഗന്ധതൈലം ഒഴുകി ഇറങ്ങി. 2012 ജൂൺ 29ന് പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമപെരുനാൾ ദിനത്തിൽ കൽക്കുരിശിൽ നിന്നുള്ള പരിമളതൈലത്തിന്റെ സുഗന്ധവർഷത്താൽ ഈ ദൈവാലയം വീണ്ടും അനുഗ്രഹീതമായി.

പരിശുദ്ധ സഭ വിശുദ്ധ ദൈവമാതാവിനെ ഓർക്കുവാൻ ക്രമീകരിച്ചിരിക്കുന്ന ബുധനാഴ്ച ദിവസം വർഷങ്ങളായി നോമ്പോടും ഉപവാസത്തോടും കൂടെയുള്ള ധ്യാനശുശ്രൂഷയും മധ്യാഹ്നപ്രാർഥനയും ഈ ദേവാലയത്തിൽ നടന്നുവരുന്നു. അപ്രകാരം 2012 ജൂലൈ മാസം 4—ാം തീയതി ബുധനാഴ്ച ധ്യാനശുശ്രൂഷയ്ക്കും മധ്യാഹ്ന പ്രാർഥനയ്ക്കും ശേഷം ഉച്ചയ്ക്ക് 1 മണിയോടു കൂടി മൂന്നാം പ്രാവശ്യവും ഈ കൽക്കുരിശിൽ നിന്നും സുഗന്ധതൈലം പ്രവഹിച്ചു. ഈ കൽക്കുരിശിന്റെ സ്ഥാപനത്തെ സംബന്ധിച്ച് നിലവിലുള്ള എതെിഹ്യം ചുവടെ ചേർക്കുന്നു.

പള്ളിയുടെ പടിഞ്ഞാറുവശത്തായി കാണപ്പെടുന്ന കൽക്കുരിശിന് കാണുന്ന അത്രയും നീളം താഴേക്കുമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇത്രവലിയ കൽക്കുരിശ് ഉയർത്തുന്നതിന് ആനയുടെ സഹായം ആവശ്യമായിരുന്നു. ആറു കിലോമീറ്റർ അകലെ പുതുപ്പള്ളിയിൽ മാത്രമാണ് ആനയുണ്ടായിരുന്നത്. നടന്നെത്തിയ പിതാക്കന്മാർ ആനയുടെ ഉടമയോട് ഈ വലിയ കൽക്കുരിശ് ഉയർത്തുന്നതിലേയ്ക്ക് ആനയെ ആവശ്യപ്പെട്ടു. കൽക്കുരിശ് ആനയെക്കൊണ്ട് ഉയർത്തിക്കുന്നതിൽ ഇഷ്ടമില്ലാത്തതിനാൽ ആനയെ തണുപ്പുകൊടുത്ത് നിർത്തിയിരിക്കുന്നു എന്ന് കളവ് പറഞ്ഞ് ഉടമ രക്ഷനേടി. നിരാശരായി മടങ്ങിയെത്തിയ പിതാക്കന്മാർ കണ്ട കാഴ്ച അത്ഭുതകരമായിരുന്നു.

Manarcadu Church

കുരിശ് സ്ഥാപിക്കുവാൻ വേണ്ടി നിർമിച്ച കുഴിയിൽ കുരിശു നിവർന്നു നിൽക്കുന്നതും തങ്ങൾ അന്വേഷിച്ചുപോയ ആന കുരിശിനു ചുവട്ടിൽ കൊമ്പുകുത്തി നിൽക്കുന്നതും കണ്ട് എല്ലാവരും ആശ്ചര്യപ്പെട്ടു. ചങ്ങലപൊട്ടിച്ച് ഓടിപ്പോയ ആനയെ ഉടമ എത്തി തിരികെ കൊണ്ടു പോയി എന്നാണ് എതെിഹ്യം. ഈ കുരിശിന്റെ ചുവട്ടിൽ ഭക്തജനങ്ങൾ ചുറ്റുവിളക്ക് കത്തിക്കുന്നത് ഇവിടെ ഒരു പ്രത്യേക വഴിപാടാണ്.

പള്ളിയിൽ വരുന്നവർ കുളത്തിൽ മുങ്ങി ഈറനോടെ കുരിശിനു ചുറ്റും മുട്ടിന്മേൽ നീന്തൽ, ഉരുളുനേർച്ച എന്നിവ നടത്താറുണ്ട്. മാനസികരോഗമുൾപ്പെടെ തീരാരോഗങ്ങൾ ബാധിച്ചവർ കത്തിച്ച മെഴുകുതിരികളുമായി കൽക്കുരിശിന്റെ ചുവട്ടിൽ നിന്ന് പരിശുദ്ധ മാതാവിനോട് മധ്യസ്ഥത യാചിക്കുകയും പൂർണസുഖം പ്രാപിച്ച് സന്തോഷത്തോടെ മടങ്ങിപ്പോകുകയും ചെയ്യുന്ന കാഴ്ച സാധാരണമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.