Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്യക മർത്തമറിയം ജനഹൃദയങ്ങളിൽ

Manarcadu Church

ഇന്നു മുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും” ലൂക്കോസ് 1: 48. ബൈബിളിലെ പുതിയ നിയമത്തിന്റെ ആദ്യ പുസ്തകങ്ങളായ നാലു സുവിശേഷങ്ങളിലാണ് വിശുദ്ധ കന്യക മർത്തമറിയം പ്രത്യക്ഷപ്പെടുന്നത്. യഹൂദാ ഗോത്രത്തിൽ നിന്നുള്ളവനായ ജോസഫ് എന്ന അൽപം പ്രായംകൂടിയ വ്യക്തിക്ക് വിവാഹം നിശ്ചയിക്കപ്പെട്ടവളായിട്ടാണ് മറിയത്തിനെ മത്തായി എന്ന സുവിശേഷകൻ അവതരിപ്പിക്കുന്നത്. ഗലിലായിലെ നസ്രേത്ത് എന്ന സ്ഥലത്ത് താമസിച്ച മറിയാമിന് ഗബ്രിയേൽ മാലാഖ പ്രത്യക്ഷപ്പെട്ട് യേശുക്കുഞ്ഞിന്റെ ജനനത്തെ സംബന്ധിച്ച അറിവ് നൽകുന്നു. കൃപ ലഭിച്ചവളെ നിനക്ക് വന്ദനം, കർത്താവ് നിന്നോടു കൂടെയുണ്ട്. (ലൂക്കോസ് 1: 28) എന്ന സംബോധനയോടു കൂടിയാണ് മാലാഖ അവൾക്ക് പ്രത്യക്ഷപ്പെടുന്നത്. ആ സംഭാഷണത്തിന്റെ അവസാനത്തിൽ മറിയമേ ഭയപ്പെടേണ്ട, നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും: അവന് യേശു എന്ന് പേർ വിളിക്കണം (ലൂക്കോസ് 1:30,30) എന്ന അരുളപ്പാടു ലഭിക്കുന്ന മറിയത്തിന്റെ പ്രതികരണം വളരെ ശ്രദ്ധേയമാണ്. ഇതാ, ഞാൻ കർത്താവിന്റെ ദാസി, നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്ന മറുപടിയിലൂടെ, വി. മാതാവ് ദൈവത്തോടുള്ള തന്റെ വിധേയത്വവും പൂർണ അനുസരണവും വ്യക്തമാക്കുന്നു. ഈ വിധേയത്വം ആജീവനാന്തം പുലർത്തുവാൻ മറിയമിന് സാധിച്ചു എന്നതാണ് അവളെ ഔന്നത്യത്തിലേക്ക് ഉയർത്തിയത്. കല്ലെറിഞ്ഞ് കൊല്ലപ്പെടുവാനുള്ള അപകടസാധ്യത ഉണ്ടായിട്ടും ദൈവപരിപാലനയ്ക്ക് വിധേയപ്പെടുത്തുന്ന മറിയത്തിന്റെ ജീവചരിത്രത്തെ സംബന്ധിച്ച് ലഘുവായ വിവരണങ്ങൾ മാത്രമേ മുൻപറഞ്ഞ നാലു സുവിശേഷങ്ങളിൽ കാണുന്നുള്ളൂ. എങ്കിലും അവയെല്ലാം ആ വ്യക്തിത്വത്തെ സ്പഷ്ടമാക്കുന്ന രീതിയിലുള്ള പരാമർശനങ്ങളാണ്.

തിരുക്കുടുംബത്തിലെ അംഗമായ മറിയം

ജോസഫ്, മറിയം, യേശുക്കുഞ്ഞ് എന്നീ മൂന്നു വ്യക്തികളടങ്ങുന്ന കുടുംബം വളരെ ആകർഷണീയമായ ഒരു ന്യൂക്ലിയർ കുടുംബമായി ബൈബിളിലെ സുവിശേഷങ്ങളിൽ കാണുന്നു. ആ കുടുംബത്തിന് വüലിയ പ്രതിസന്ധിയെയാണ് നേരിടേണ്ടിവന്നത്. ഈജിപ്തിലേക്ക് പലായനം ചെയ്യപ്പെടേണ്ടി വന്ന ആ കുടുംബം എന്നും സ്വന്തദേശങ്ങളിൽ നിന്ന് ആട്ടിപ്പായിക്കപ്പെടുന്നവരുടെ ഒരു പ്രതിബിംബമാണ്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭയാർഥികളായി പലായനം ചെയ്യപ്പെടേണ്ടി വരുന്നവരുടെ വിവരണങ്ങൾ നാം അറിഞ്ഞു കൊണ്ടിരിക്കുന്നുവല്ലോ. സിറിയയിലെയും, മ്യാൻമാറിലെയും ഒക്കെ സംഘർഷ സാഹചര്യങ്ങളിൽ നിന്ന് ഓടിയ്ക്കപ്പെട്ടിട്ടുള്ളവരെ കുറിച്ച് ദൃശ്യവാർത്താ മാധ്യമങ്ങൾ നമുക്ക് അറിവ് നൽകുന്നു. ഈജിപ്തിലേക്ക് പലായനം ചെയ്ത തിരുക്കുടുംബം കുറേ വർഷത്തെ അവിടുള്ള താമസത്തിനുശേഷം സ്വന്തം ദേശമായ ഇസ്രയേലിലേക്ക് മടങ്ങിപ്പോകുവാൻ തീരുമാനിക്കുന്നു. തിരികെ വന്ന അവർക്ക് വീണ്ടും ഒരു ഭീകര ഭരണാധികാരിയെ ഭയപ്പെട്ട് നസ്രത്ത് എന്ന പട്ടണത്തിൽ പോയി താമസിക്കേണ്ടി വരുന്നു. യേശുക്രിസ്തുവിന് നസ്രായൻ എന്ന പേര് കിട്ടുവാൻ ഇടയായത് അവിടുള്ള താമസത്തിലൂടെയാണ്.

കുടുംബത്തിലെ ഉത്തമ മാതാവായ മറിയം

Manarcadu Church

ഒരു ഗൃഹനാഥ എന്ന നിലയിൽ മറിയത്തിനെ സംബന്ധിച്ച് ബൈബിളിൽ നിന്ന് ലഭിക്കുന്ന അറിവുകൾ ശ്രദ്ധേയമാണ്. യേശുക്കുഞ്ഞിന്റെ പരിപാലനയിലും, ഭവനത്തിന്റെ കുടുംബിനി എന്ന റോളിൽ ചുമതലകൾ നിർവഹിക്കുന്നതിലും മറിയം പൂർണ ആത്മാർഥത കാണിച്ചു. യേശുക്രിസ്തു പരസ്യജീവിതം ആരംഭിക്കുന്നത് മുപ്പതാമത്തെ വയസിലാണ്. അതുവരെയും സ്വന്തം ഭവനവുമായി സുദൃഢമായ ബന്ധം അദ്ദേഹം പുലർത്തി എന്നു കരുതുന്നതിൽ തെറ്റില്ല. ഉപവാസത്തിനു വേണ്ടിയുള്ള മരുഭൂമിയിലെ താമസം പോലുള്ള ചെറിയ ഇടവേളകളിൽ മാത്രം യേശു ഭവനത്തിൽ നിന്ന് വിട്ടുനിന്നിരിക്കാം, എന്നാൽ തന്റെ യൗവനകാലത്തും അതിനു ശേഷമുള്ള വർഷങ്ങളിലും ഭവനവുമായുള്ള ദൃഢബന്ധത്തിൽ ജീവിച്ച യേശു, ഏതൊരു കുടുംബത്തിലെയും മക്കൾ ഭവനത്തോടു പുലർത്തേണ്ടതായ ധാർമികതയുടെ ഉത്തമ മാതൃകയായി കാണാം. യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷയുടെ കാലഘട്ടം വരെ ജോസഫ് ജീവിച്ചു എന്നു കരുതുവാൻ നിവൃത്തിയില്ല. ജോസഫിന്റെ മരണത്തെ സംബന്ധിച്ച് പുതിയ നിയമം അറിവ് നൽകുന്നില്ല. തന്റെ ഉത്തരവാദിത്തങ്ങൾ പൂർണമായി നിർവഹിച്ച ഒരു ധാർമികമനുഷ്യൻ എന്ന ഖ്യാതി ജോസഫിനുണ്ട്. മറിയത്തിന്റെ മാതൃത്വത്തിന്റെ ഉദാത്തഭാവങ്ങൾ നാലു സുവിശേഷകന്മാരും വിവിധ പ്രതികരണങ്ങളിലൂടെയും ജീവിതത്തിന്റെ കയ്പേറിയ അനുഭവങ്ങളിലൂടെയും നൽകുന്നുണ്ട്.

പ്രതിസന്ധികളെ നേരിടുന്ന മറിയം

യേശുക്രിസ്തുവിന്റെ പൊതുപ്രവർത്തനം മൂന്ന് മൂന്നര വർഷക്കാലം നീണ്ടു നിന്നിരിക്കാം എന്ന് ബൈബിൾ പണ്ഡിതന്മാർ അനുമാനിക്കുന്നു. ഈ കാലയളവിൽ പല സന്ദർഭങ്ങളിലും എതിർപ്പുകളും, വെല്ലുവിളികളും, ഭീഷണികളും പൂർണമായ നീരസങ്ങളും (ത്സ൹ത്ഥ൹്യന്ധദ്ധഗ്നn) യേശുവിന് ഉണ്ടാകുന്നു. സംഭവബഹുലമായ ആ കാലയളവിലെ ഒരു സൂഷ്മ നിരീക്ഷകയായി മറിയം പിൻനിരയിലുണ്ട് എന്ന് ബൈബിൾ സാക്ഷിക്കുന്നു. കാനായിലെ കല്യാണത്തിന് മറിയവും യേശുവും ക്ഷണിക്കപ്പെട്ടവരുടെ കൂടെയുണ്ട്. തന്റെ പരസ്യ ശുശ്രൂഷയിലെ ആദ്യ അദ്ഭുതപ്രവർത്തി അവിടെ ചെയ്യുന്ന യേശുക്രിസ്തു, അതു നിർവഹിപ്പാൻ ഇടയായത് മറിയത്തിന്റെ ഇടപെടൽ മൂലമായിരുന്നു. അതൊരു ശുഭപര്യവസാനിയായ സംഭവമായിരുന്നുവെങ്കിലും പിന്നീടുള്ള അദ്ഭുതപ്രവർത്തികളും യഹൂദാസമൂഹം പ്രത്യേകിച്ച് അതിലെ രണ്ടു വിഭാഗങ്ങളായ പരീശന്മാരും സാദൂക്യരും സംശയദൃഷ്ടിയോടെയും, പലപ്പോഴും അവജ്ഞയോടുമാണ് കണ്ടത്. മറിയത്തിന്റെ ജീവിതത്തിലെ ഏറ്റവും വüലിയ പ്രതിസന്ധി, യേശുക്രിസ്തുവിന്റെ ക്രൂശീകരണ സമയത്ത് ഒരു മൂകസാക്ഷിയായി നിൽക്കേണ്ടി വന്നു എന്നതാണ്. യോഹന്നാന്റെ സുവിശേഷത്തിലെ പത്തൊൻപതാം അധ്യായത്തിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നിൽക്കുന്നതു കണ്ടിട്ട്: സ്ത്രീയേ ഇതാ നിന്റെ മകൻ എന്നു പറഞ്ഞു. പിന്നെ ശിഷ്യനോട്: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു (യോഹ: 19: 26,27. ഒരു മകൻ നിർവഹിക്കേണ്ട കടമ പൂർണമായും ചെയ്യുന്ന യേശുക്രിസ്തുവിനെ ഇവിടെ നാം കാണുന്നു. വിശുദ്ധ മറിയത്തിന്റെ സഹനത്തിന്റെ പാരമ്യവും ഇവിടെ കാണാം.

സമൂഹത്തിലെ പ്രവർത്തകയായ മറിയം

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തിനും ഈ ലോകത്തിൽ നിന്ന് സ്വർഗത്തിലേക്കുള്ള യാത്രയ്ക്കും (സ്വർഗാരോഹണം) ശേഷം, ശിഷ്യന്മാർ ഉൾപ്പെട്ട അപ്പോസ്തോല സമൂഹം വളരെ സമർപ്പണബോധമുള്ള ഒരു സമൂഹമായി യേരുശലേമിൽ പ്രവർത്തിക്കാൻ ഇടയായി. അക്കൂട്ടത്തിൽ മറിയം തന്റെ കടമ നിർവഹിച്ചു എന്നു കാണാം. അപ്പോസ്തോലന്മാർ ഉൾപ്പെട്ട ആദ്യ ക്രൈസ്തവ സമൂഹം, സെഹിയോൻ മാളികയിൽ പരിശുദ്ധാത്മാവിനായി കാത്തിരിക്കുമ്പോൾ അവരുടെ കൂടെ മറിയം ഉണ്ടായിരുന്നു. ബൈബിളിലെ അപ്പോസ്തോല പ്രവർത്തികൾ എന്ന ഗ്രന്ഥത്തിന്റെ ഒന്നാം അധ്യായം പതിനാലാം വാക്യത്തിൽ അത് രേഖപ്പെടുത്തിയിട്ടുണ്ട്. യേശുക്രിസ്തുവിന്റെ ശിഷ്യന്മാരും യേശുക്രിസ്തുവിനെ അനുഗമിച്ച സ്ത്രീകളും, അവന്റെ അമ്മയായ മറിയവും, അവന്റെ സഹോദരന്മാരോടു കൂടെ ഒരുമിച്ച് പ്രാർഥിച്ചുകൊണ്ടിരുന്നതായ സന്ദർഭത്തിലാണ് അവരുടെമേൽ പരിശുദ്ധാത്മാവ് ആവസിക്കുന്നത്. ക്രിസ്തുസഭയുടെ പാരമ്പര്യത്തിൽ മറിയം, ആദ്യകാല ക്രിസ്തീയ സമൂഹത്തിൽ മറിയം നിർണായകമായ പങ്ക് വഹിച്ചു. ക്രിസ്തുവിന്റെ ശിഷ്യന്മാരോടും മറ്റു ക്രൈസ്തവരോടും ചേർന്ന് യേശുക്രിസ്തുവിന്റെ ദൈവരാജ്യ സന്ദേശം പ്രചരിപ്പിക്കുന്നതിൽ മറിയം തന്റെ ജീവിതാന്ത്യം വരെ ശ്രദ്ധാലുവായിരുന്നു. ഈ പ്രവർത്തനത്തെ വളരെ ആദരവോടു കൂടി മാത്രമേ കാണുവാൻ കഴിയൂ. ജീവിതത്തിന്റെ പരാജയങ്ങളിലും എതിർപ്പുകളിലും പതറാതെ സഹപ്രവർത്തകരോടൊത്ത് പ്രവർത്തിപ്പാൻ ലഭിച്ച സന്ദർഭം ദൈവവേലയ്ക്കായി മറിയം മാറ്റിവച്ചു.

ഈ പ്രവർത്തനങ്ങളുടെയെല്ലാം അന്ത്യത്തിൽ മറിയം നല്ല വാർധക്യം പ്രാപിച്ച് മരണപ്പെട്ടു എന്ന് ക്രൈസ്തവപാരമ്പര്യം ഉറപ്പിച്ചു പറയുന്നു. എന്നാൽ സ്വർഗത്തിലേക്ക് ആ മൃതശരീരം വഹിച്ചുകൊണ്ടുപോയി എന്ന ശക്തമായ പാരമ്പര്യവും ഉണ്ട്. ഓഗസ്റ്റ് 15—ാം തീയതി മറിയത്തിന്റെ പേരിലുള്ള പെരുന്നാൾ തന്റെ ഇഹലോക വേർപാടിനെയും, ആ ശരീരം സ്വർഗം പൂകിയതിന്റെ ഓർമയുടെയും പെരുന്നാളായി ക്രൈസ്തവർ ആഘോഷിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.