Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വാസികള്‍ പ്രതീക്ഷയുടെ പ്രതീകങ്ങളാകണം

maramon-07

വെളിപാടു പുസ്കത്തിലൂടെ യോഹന്നാനു വെളിപ്പെട്ട ദര്‍ശനങ്ങള്‍ ലോകത്തിനു വേണ്ടി ദൈവം ഒരുക്കിയിരിക്കുന്ന വന്‍ രക്ഷാപദ്ധതിയുടെ രൂപരേഖയാണെന്നു റവ. പീറ്റര്‍ മെയ്ഡന്‍. മാര്‍ട്ടിന്‍ ലൂതറിന്റെ ഡയറിയില്‍ രണ്ടു ദിനം മാത്രം. ഇന്ന് എന്ന ദിനവും ദൈവസന്നിധിയില്‍ കണക്കു ബോധിപ്പിക്കേണ്ട അന്ത്യദിനവും. ജീവിതം ദുഷ്കരമാകുന്ന ലോകത്തു ഭാവിയെക്കുറിച്ച് ആശങ്ക പരക്കുന്നു.

അമേരിക്കയിലെ അടിമകള്‍ പ്രയാസത്തിന്റെ കാലത്ത് മനോഹരമായ ഗാനങ്ങളെഴുതി. സീയോന്‍ സഞ്ചാരി ഞാന്‍ എന്ന ഗാനം ഇത്തരത്തില്‍ പ്രശസ്തം. ഇംഗണ്ടിനെ സംബന്ധിച്ചു ജീവിതം ഇപ്പോള്‍ സ്വച്ഛമാണ്. വര്‍ത്തമാനമകാലത്തിന്റെ അനുഭൂതികളില്‍ മുഴുകി ഞങ്ങള്‍ ജീവിക്കുന്നു. എന്നാല്‍ ലോകത്തിലെ അനുഭൂതിയേക്കാള്‍ രമ്യമാണു വരാനിരിക്കുന്ന സ്വര്‍ഗീയ ജീവിതം. എന്നാല്‍ ആത്മീയ ഗോളത്തില്‍ സമൃദ്ധിയുടെ സുവിശേഷം വളരുന്നു. ജീവിച്ചിരിക്കുമ്പോള്‍ സമ്പത്തും സമൃദ്ധിയും വര്‍ധിച്ചു വരണമെന്ന ദൈവശാസ്ത്രമാണിത്. ഈ ചിന്താധാരയില്‍ ആത്മീയ ഭാവിയെപ്പറ്റി ഒന്നുമില്ല. വചനാധിഷ്ടിത ദൈവചിന്തയെ വളച്ചൊടിച്ച് ഉപഭോഗ സംസ്കാരത്തിനു മുമ്പില്‍ തലകുനിക്കുന്ന ഈ ചിന്താ ധാരയില്‍ നിന്നു വിട്ടുനില്‍ക്കണം.

സ്വര്‍ഗത്തെപ്പറ്റിയുള്ള ധാരണ എന്താണ്. വെളിപാട് 21-ാം അധ്യായത്തിലെ ആദ്യ ആറു വാക്യവും 22 ന്റെ ആദ്യ അഞ്ചു വാക്യവും ആധാരമാക്കി ചില ചിന്തകള്‍ പങ്കുവയ്ക്കാം. ഭാവി മുന്നോട്ടു നീങ്ങുന്നതെങ്ങനെ യെന്നു ദര്‍ശനത്തിലൂടെ യോഹന്നാനു കാട്ടിക്കൊടുക്കുകയാണു ദൈവം. വെളിപാടു വളരെ ദുഷ്കരമായ പുസ്തകം. സിനിമാശാലയിലെ ബൃഹത്തായ തിരശീല പോലെ വിശാലമായ ശ്രദ്ധ വേണ്ട പുസ്തകം. ദുഷ്ടതയ്ക്ക് ആത്യന്തിക വിജയമില്ലെന്നു വ്യക്തമാക്കി ബൈബിള്‍ അവസാനിക്കുന്നതു വെളിപാടു പുസ്തകത്തോടെയാണ്. ദൈവകുഞ്ഞാടിന്റേതാണ് ആത്യന്തിക വിജയം. വേദപുസ്തകം മുഴുവന്‍ വായിച്ചവസാനിപ്പിക്കുമ്പോള്‍ വിജയം ക്രിസ്തുവിന്റേതാണെന്നു നാം തിരിച്ചറിയുന്നു.

വെളിപാടിന്റെ അവസാന ഭാഗം സ്വര്‍ഗത്തെപ്പറ്റി ഹൃസ്വമായ കാഴ്ച നല്‍കിയാണ് അവസാനിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവരെ കാത്തിരിക്കുന്ന ചില സൌഭാഗ്യങ്ങളിലേക്കു വെളിപാടു മിഴി തുറക്കുന്നു. സ്വര്‍ഗം വെറുതെ സുഖമായിരിക്കാനുള്ള വിരസമായ സ്ഥലമല്ല. ഒരിക്കലും അവസാനിക്കാത്ത ഞായര്‍ ആരാധന പോലെ നീണ്ടതുമല്ല. സകലവും പുതുതാക്കുന്ന ദൈവമാണ് സ്വര്‍ഗത്തില്‍. സ്വഭാവത്തില്‍ പുതുക്കുക എന്നതാണ് ഇതിന്റെയര്‍ഥം. പുതിയ ആകാശവും പുതിയ ഭൂമിയും പുത്തന്‍ ജറുസലേമുമെല്ലാം ഇതാണ് അര്‍ഥമാക്കുന്നത്. പഴയ കാറിന്റെ പുതിയ പതിപ്പ് പോലെ. വച്ചുമാറിയ പഴയകാറിന്റെ പ്രശ്നമെല്ലാം ഉള്ള പുതിയകാറല്ലെന്നു മാത്രം.

നമ്മുടെ ജീവിതത്തില്‍ അനുഭവിക്കുന്ന ഏഴുതിന്മകളുമായി ഈ വെളിപാടിനു താദാത്മ്യമുണ്ട്. സമുദ്രം ഇനിയില്ലെന്നു വെളിപാടുകാരനു വെളിപ്പെടുന്നു. സമുദ്ര തീരം ഉല്ലാസകരമാണ്. സമുദ്രത്തെ ഇസ്രയേല്യര്‍ അസ്വസ്ഥതയുടെ പ്രതീകമായി കണ്ടു. സമുദ്രത്തില്‍ നിന്നു മൃഗം തലയുയര്‍ത്തി വരുന്നതായി ബൈബിള്‍ ദര്‍ശനമുണ്ട്. പ്രക്ഷുബ്ദമായ സമുദ്രം അസ്വസ്ഥതയുടെപ്രതീകമാണ്. ആത്മീയ ദാഹങ്ങള്‍ ശമിപ്പിക്കുന്ന ഇടമാണ് സ്വര്‍ഗം. അശുദ്ധതയ്ക്കും അസ്വസ്ഥത ജീവിതാനുഭവങ്ങള്‍ക്കും സ്വര്‍ഗത്തില്‍ പ്രവേശനമില്ല. പ്രതീകാത്മക ഭാഷയില്‍ വെളിപാടു പ്രവചനത്തില്‍ തെളിയുന്ന നഗരം 2200 കിലോമീറ്റര്‍ വിസ്തൃതിയുള്ള സമചതുരക്കട്ടപോലെയാണ്. ദേവാലയത്തിലെ അതിവിശുദ്ധസ്ഥലംപോലെ പവിത്രമായ ഒരിടം. വിശുദ്ധ നഗരത്തില്‍ ദൈവവുമായുള്ള ആത്മ ബന്ധത്തില്‍ ദൈവജനം ആത്മവിശ്വാസത്തോടെ പ്രവേശിക്കും. ഹൃദയത്തിന്റെ അസ്വസ്ഥത ഇല്ലെന്നതാണ് സ്വര്‍ഗത്തിന്റെ മെച്ചം.

മരണമില്ലെന്നതാണു രണ്ടാമത്തെ കാര്യം. മരണം ദൈവത്തോടുള്ള ദ്രോഹമാണ്. സ്വര്‍ഗം അസ്വസ്ഥമല്ല. അവിടെ വിലാപമില്ല, കണ്ണീരില്ല. ഭയങ്ങളില്‍ നിന്നു വിമോചിതം. കാലത്തിന്റെ യവനിക ദൈവം അനാവരണം ചെയ്യുമ്പോള്‍ സമൂലപരിവര്‍ത്തനം സംഭവിക്കുന്നു. ഏഴു തിന്മകളുംഅപ്രത്യക്ഷമാകുന്നു. ദൈവം മനുഷ്യരോടു കൂടെ കൂടാരമടിക്കുന്നു. ഇതാണ് സ്വര്‍ഗം താണിറങ്ങി വരുന്ന അനുഭവം. ജഡം ധരിച്ച് നമ്മോടു കൂടെ ദൈവം പാര്‍ത്തുവെന്നതു സത്യമാണ്. അവസാനമായും ആത്യന്തികമായും അവന്‍ നമ്മോടു കൂടെയുണ്ട്. ദൈവത്തില്‍ നിന്നു അകന്നുപോകുന്ന അനുഭവം ഖേദകരമാണ്. അഞ്ചു വര്‍ഷം ബൈബിള്‍ ഗവേഷണം നടത്തിയവര്‍ ഒടുവില്‍ പറഞ്ഞു: ദൈവം ജനത്തോടു കൂടെയിരിക്കാന്‍ താല്‍പ്പര്യമപ്പെടുന്നുവെന്നതാണ് ബൈബിളിന്റെ കാച്ചിക്കുറുക്കിയ അര്‍ഥം. ജീവിതം സമൂലമായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ദൈവം ജനത്തോടു കൂടെ വസിക്കുന്നു.

maramon-02

കണ്ണുനീര്‍ തുടച്ചു നീക്കുന്നത് യോഹന്നാന്‍ കാണുന്നു. വേദനയും വേര്‍പാടും എന്താണെന്ന് അനുഭവിച്ചറിയാതെ മനുഷ്യജീവിതത്തെ മനസിലാക്കാനാവില്ല. ഈ വേദനകളിലൂടെ കടന്നുപോയതിനാല്‍ ദൈവപുത്രന് ഇതു തിരിച്ചറിയാം. പരാജയവും കഷ്ടതയും എന്തെന്ന് അവനറിയാം. മഹത്തായ പ്രകാശം ഇവിടെ മിന്നുകയാണ്. ദൈവജനമെന്ന ഭാവിപ്രതീക്ഷയാണ് ആ പ്രകാശം. ദൈവത്തോടുള്ള വിസ്വാസ ത്തിന്റെ പ്രകാശം. കണ്ണുനീര്‍ തുടച്ചുമാറ്റുമ്പോള്‍ പുതിയലോകം പിറക്കുന്നു.യോഹന്നാന്‍ പിന്നീട് ഒരു സിംഹാസനം കാണുന്നു. പുറത്തേക്കൊഴുകുന്ന നദിയും അതി മഹത്തായ പ്രകാശവും കാണുന്നു. ജീവജലത്തിന്റെ സ്വച്ഛവും സുന്ദരവും സമൃദ്ധവുമായ ഒഴുക്ക്. ജീവിതത്തിന്റെ അടയാളമായി ഒഴുകുന്ന നദി. വേദനയുടെയും മരണത്തിന്റെയും അനുഭവത്തെ തുടച്ചു നീക്കുന്ന നദി.സ്വര്‍ഗം സ്വച്ഛമായ ഒന്നാണ്. സ്വര്‍ഗത്തില്‍ രാത്രിയില്ല, അന്ധകാരമില്ല; ശാശ്വതമായ പകലുകള്‍ മാത്രം.

ഈ സ്വര്‍ഗത്തെക്കുറിച്ച് ഉറപ്പുണ്ടാകുവാന്‍ ജീവനോടിരിക്കുമ്പോള്‍ പ്രവര്‍ത്തിക്കുക. മരണം വരെഅതിനായി കാത്തിരിക്കരുത്. സ്വര്‍ഗാരോഹണം ചെയ്ത കര്‍ത്താവിനു സ്വര്‍ഗത്തിലേക്ക് അതിശ്രേഷ്ടമായ സ്വീകരണം ലംബിച്ചു. 24-ാം സങ്കീര്‍ത്തനം ഇതിന്റെ കീര്‍ത്തനമാണ്. പണ്ടേയുള്ള കതകുകളേ തുറക്കുക, മഹത്വത്തിന്റെ രാജാവ്പ്രവേശിക്കട്ടെ. എടുത്തമാറ്റപ്പെട്ട ആ കതകുകള്‍ ഇതുവരെ തിരിച്ചുവച്ചിട്ടില്ല എന്നതാണ് സുവിശേഷത്തിന്റെ മഹത്വം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.