Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രീയം, യാത്രകൾ... നർമം വിതറി വലിയ മെത്രാപ്പൊലീത്ത

Maramon

സരിത മുതൽ രാഷ്ട്രീയ നേതാക്കളുടെ തെക്കുവടക്കു യാത്രകൾ വരെ പരാമർശിച്ച് സ്വതസിദ്ധമായ ശൈലിയിൽ നർമത്തിൽ പൊതിഞ്ഞായിരുന്നു കൺവൻഷൻ വേദിയിൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ പ്രസംഗം. മുക്കാൽ മണിക്കൂറോളം നീണ്ട പ്രസംഗത്തിനിടെ പലവട്ടം പന്തലിൽ ചിരി വിടർന്നു.പ്രാർഥനയെക്കുറിച്ചായിരുന്നു ആദ്യ തമാശ. കൺവൻഷനിലെ മധ്യസ്ഥ പ്രാർഥന നമ്മുടെ ഉത്തരവാദിത്തമെല്ലാം ദൈവത്തിനു കൈമാറുന്ന പരിപാടിയാണെന്നായിരുന്നു വിശദീകരണം.വെല്ലൂരിൽ ചികിത്സയിൽ കിടക്കുന്ന ആളിനുവേണ്ടി പ്രാർഥിക്കുന്നത് ഞങ്ങളാരും അങ്ങേർക്കുവേണ്ടി ഒന്നും ചെയ്യാൻ പോണില്ല, നിനക്കു വേണമെങ്കിൽ വല്ലതും ചെയ്ത് അങ്ങേരെ രക്ഷിച്ചേര് എന്ന് ദൈവത്തിനു കൊടുക്കുന്ന ഓർഡറാണെന്നു പറഞ്ഞപ്പോൾ കൂട്ടച്ചിരി ഉയർന്നു.

മാരാമൺ കൺവൻഷനിൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ പ്രസംഗം ശ്രവിക്കുന്ന വിശ്വാസികൾ. കുർബാനയുടെ തുടക്കത്തിലെ അനുതാപ ശുശ്രൂഷയിൽ നമ്മളെക്കൊണ്ട് ഉള്ളതും ഇല്ലാത്തതുമൊക്കെ ഏറ്റുപറയിക്കുന്ന അച്ചന്മാർ അവസാനം ആശീർവാദം കൊടുത്ത് ബലഹീനനും പാപിയുമായ എനിക്ക് നിങ്ങളുടെ പ്രാർഥനയാൽ കരുണയും സഹായവും ലഭിപ്പാൻ നിങ്ങൾ സന്തോഷിച്ച് ആനന്ദിച്ചുകൊണ്ട് സമാധാനത്തോടെ പോയി പാർത്ത് എനിക്കുവേണ്ടിയും പ്രാർഥിപ്പിൻ എന്നാണു ചൊല്ലുന്നത്. നമുക്കു ബലഹീനതയേ ഉള്ളൂ അച്ചന് കൂടെ പാപവും ഉണ്ടെന്നു പറഞ്ഞും ചിരിക്കു വക നൽകി. വരുന്നവരുടെ രക്ഷയ്ക്കുവേണ്ടിയല്ല, വരാത്തവരുടെ രക്ഷയ്ക്കുവേണ്ടിയാണ് കൺവൻഷൻ. വന്നവർ ഉറക്കം തുടങ്ങിയതിനാൽ ഇപ്പോൾത്തന്നെ രക്ഷപ്പെട്ടിരിക്കുകയാണെന്നായിരുന്നു മറ്റൊരു പരിഹാസം. ശബരിമല തീർഥാടനകാലത്ത് ജയിലിൽനിന്നുള്ള ചപ്പാത്തി 25 രൂപയ്ക്ക് വിൽക്കുന്നുണ്ടായിരുന്നു. ജയിലിൽ കിടക്കാൻ യോഗ്യനായതുകൊണ്ട് ഒന്നു രണ്ടു പ്രാവശ്യം ഞാൻ ജയിലിലെ ചപ്പാത്തി മേടിച്ചു കഴിച്ചു എന്നുപറഞ്ഞുംചിരിയുടെ മേമ്പൊടി.

ദോഷം മാത്രമുള്ള, ഒരു നന്മയും ഇല്ലാത്ത ഒരാളെ കാണിച്ചുതരാമോ എന്നു ചോദിച്ചപ്പോഴാണ് സരിതയും സോളറും പരാമർശിക്കപ്പെട്ടത്. പിള്ളേരുടെ പരീക്ഷയാകുമ്പോൾ കെട്ടുപോകാത്ത സോളർ ലൈറ്റ് അവർ കൊണ്ടുവന്നു. അപ്പോൾ അവർ നല്ലതാണോ ചീത്തയാണോ എന്നായിരുന്നു ചോദ്യം. മനുഷ്യൻ എങ്ങനെയായിരിക്കണം എന്നു തീരുമാനിക്കുന്നതു ദൈവമാണ്. പത്തു മാസം വയറ്റിൽ കിടന്ന കുഞ്ഞിന്റെ മുഖം എങ്ങനെയാണെന്ന് പ്രസവിക്കുന്നതിനു മുൻപ് ആർക്കെങ്കിലും അറിയാമായിരുന്നോ?

ആരും മിണ്ടാതിരുന്നപ്പോൾ വന്നു അടുത്ത കമന്റ്: ഇരുപ്പുകണ്ടാൽ തോന്നും ഒറ്റയെണ്ണവും പ്രസവിച്ചിട്ടില്ലെന്ന്. പശുവിനെക്കുറിച്ചുള്ള പെങ്ങളുടെ ഉപന്യാസം കോപ്പിയടിച്ച ആങ്ങള രണ്ടും ഒരു പശുവിനെക്കുറിച്ചായതുകൊണ്ടാണെന്നു ന്യായം പറഞ്ഞതും ബ്യൂട്ടി പാർലറിൽ പോയി വന്ന കല്യാണപ്പെണ്ണിനെ കണ്ടിട്ട് ഇതു താൻ കണ്ടു കല്യാണം ഉറപ്പിച്ച പെണ്ണല്ലെന്നു പറഞ്ഞ് ചെറുക്കൻ താലികെട്ടാൻ വിസമ്മതിച്ചതും പരാമർശിച്ചതു ചിരിക്കു വക നൽകി. നാടിന്റെ രക്ഷയ്ക്കു വേണ്ടി എത്രപേരാണു നടന്നു ക്ഷീണിച്ചത്. നമുക്ക് ഇവിടെ പന്തലിൽ ഇരുന്നു നാടിനെ രക്ഷിക്കാം എന്നു പറഞ്ഞ് രാഷ്ട്രീയ നേതാക്കളുടെ യാത്രകളെയും വലിയ മെത്രാപ്പൊലീത്ത വെറുതെ വിട്ടില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.