Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രമൊഴുകുന്ന വചനതീരത്ത്...

by വര്‍ഗീസ് സി. തോമസ്
maramon-11

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്തിമ ദശകങ്ങള്‍ കേരളത്തിന്റെ സമസ്ത മേഖലകളിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക പരിഷ്കരണങ്ങള്‍ക്കും തുടക്കം കുറിച്ച കാലഘട്ടമാണെന്നു കാണാം. ഇവയൊക്കെ ആധ്യാത്മികമായ ഒരടി ത്തറയിലാണ് ശക്തി പ്രാപിച്ചത്. ആധ്യാത്മികമായ മഹത്വത്തെ താന്താങ്ങളുടെ കര്‍മവൈഭവവുമായി സമന്വയിപ്പിച്ച യുഗപുരുഷന്മാരാണ് ഈ പ്രവര്‍ ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.

കാലാനുസൃതവും യുക്തിപരവുമായ പരിണാമ ങ്ങള്‍ക്കു തുടക്കം കുറിച്ച കാലഘട്ടമായിരുന്നു 19-ാം നൂറ്റാണ്ട്. അതാതു കാലഘട്ടം ആചാര്യന്മാരെ സൃഷ്ടിക്കുകയും ആ ആചാര്യന്മാര്‍ ഐശ്വര്യപ്രദമായ നവലോകം പ്രദാനം ചെയ്യുകയും ചെയ്തു. ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികള്‍, ഏബ്രഹാം മല്‍പ്പാന്‍, സാധു കൊച്ചുകുഞ്ഞുപദേശി, വാഗ്ഭടാനന്ദഗുരുദേവന്‍ എന്നീ മഹാന്‍മാര്‍ ഈ കാലഘട്ടത്തിന്റെ സംഭാവനകളാണ്. സ്വസമുദായ സേവനത്തില്‍ തുടങ്ങി മാനവസേവനത്തിന്റെ ഉത്കൃഷ്ട മാതൃകകളായി ഈ മഹാത്മാക്കള്‍ ചരിത്രത്തില്‍ ഇടം പിടിച്ചു. മാനവസേവ തന്നെയാണ് മാധവസേവ എന്ന സംസ്കാരം ഉള്‍ക്കൊണ്ടവരായിരുന്നു നമ്മുടെ സാമൂഹിക പരിഷ്കര്‍ത്താക്കളൊക്കെയും.

മധ്യതിരുവിതാംകൂര്‍ പൊതുവേയും പമ്പാതീരം പ്രത്യേകിച്ചും നവീകരണ പ്രസ്ഥാനങ്ങളുടെ വിളനില മായിരുന്നു. ഏബ്രഹാം മല്‍പ്പാന്റെ കര്‍മ മണ്ഡലവും പമ്പാതീരമായിരുന്നല്ലോ. യാഥാസ്ഥിതികമായ ആചാരങ്ങളുടേയും വിശ്വാസങ്ങളുടേയും പ്രതീകാത്മകമായ നിഗ്രഹമായിരുന്നു മല്‍പ്പാന്‍ മുത്തപ്പ പ്രതിമയുടെ തിരസ്കരണത്തിലൂടെ പ്രകടമാക്കിയത്. പഠിച്ചും പഠിപ്പിച്ചും വിശ്വാസികളുടെ മല്‍പ്പാന്‍ ആയി സമൂഹത്തെ നവീകരിച്ച പുണ്യാത്മാവിന്റെ പ്രവര്‍ത്തന നൈരന്തര്യമാണ് വചനതീരം എന്ന അന്വര്‍ഥമായ പ്രദര്‍ശനത്തിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്.

maramon-12

പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ഈ സുവിശേഷപരമ്പര തലമുറകളിലേക്കു കൈമാറുന്നതിന് ഇത്തരത്തിലുള്ള ദൃശ്യ ശ്രാവ്യ പ്രദര്‍ശനങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഏബ്രഹാം മല്‍പ്പാന്റെ പരമ്പരയിലെ ഫിലിപ്പോസ് കശീശ മുതല്‍ നിസ്സംഗഹാസ്യത്തില്‍ നിന്നു മനസ്സിനെ ചിന്തിപ്പിക്കുന്നതും ഉണര്‍ത്തുകയും ചെയ്യുന്ന അപൂര്‍വ വ്യക്തിവൈഭവത്തിനുടമയായ ക്രിസോസ്റ്റം തിരുമേനിയിലൂടെ ജോസഫ് മെത്രാപ്പൊലീത്ത വരെ എത്തിനില്‍ക്കുന്ന പരമ്പരയുടെ ശ്രേഷ്ഠമായ കര്‍മകാണ്ഡം കാവ്യാത്മകമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ഈ സുവിശേഷ പരമ്പര ദേശീയവും അന്തര്‍ദേശീയവുമായ തലത്തില്‍ എങ്ങനെ ശ്രദ്ധിക്കപ്പെട്ടു എന്നും ക്രിസ്ത്യന്‍ സമുദായത്തില്‍ മാരാമണ്‍ കണ്‍വന്‍ഷന്റെ പ്രസക്തി എന്തെന്നും വെളിവാക്കുന്നതാണ് വൈവിധ്യമാര്‍ന്ന ഈ പ്രദര്‍ശനം.

ഇന്ന്, ഈ പ്രദര്‍ശനത്തിലെ ദൃശ്യങ്ങളാണ് മാരാമണ്‍ കണ്‍വന്‍ഷന്‍ മണല്‍പ്പുറത്തായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തു ന്നത്. മണല്‍പ്പുറങ്ങള്‍ ഇന്ന് ചെളിപ്പുറങ്ങളായി. മണല്‍ ശുദ്ധീകരണത്തിന്റെയും പ്രവാഹത്തിന്റെയും പ്രതീകമാണ്. ഇവിടെ പ്രവാഹം നിലച്ചു. മാലിന്യങ്ങള്‍ തളം കെട്ടി. മണലൂറ്റി മാലിന്യം നിറയ്ക്കുന്നു. മണല്‍പ്പുറം അക്ഷരാര്‍ഥ ത്തില്‍ ചെളിക്കുണ്ടായിരിക്കുന്നു എന്നത്, നാം എത്രമാത്രം നീതിബോധത്തോടെയാണ് ഈ ദര്‍ശനങ്ങളെ വീക്ഷിക്കുന്നത് എന്നതിന്റെ ഭൌതികമായ ചിത്രങ്ങളാണ്. മാരാമണ്‍ കണ്‍വന്‍ഷന്റെ പഴയകാല ചൈതന്യവും ലാളിത്യവും പ്രതാപവും ഗൃഹാതുരത്വത്തോടെ ഒരു നിമിഷം ഉള്‍ക്കൊള്ളുന്നതിനു പര്യാപ്തമായ രീതിയിലാണ് വൈദഗ്ധ്യത്തോടെയുള്ള ഈ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.