Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഭകളുടെ ഐക്യം ആഴത്തിലാകണം: റവ. ഡോ. ഡി. രത്നാകര സദാനന്ദ

Maramon Convention

ദൈവികമായ സംപൂർണതയിലേക്കു വളരാൻ ഉതകുന്ന കൂട്ടായ്മയ്ക്ക് സഭകളുടെ ഐക്യം കാരണമാകണമെന്ന് സിഎസ്ഐ സഭാ ജനറൽ സെക്രട്ടറി റവ. ഡോ. ഡി. രത്നാകര സദാനന്ദ. മാരാമൺ കൺവൻഷനിൽ ഇന്നലെ നടന്ന സഭൈക്യ സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സഭകളുടെ വൈവിധ്യത്തെ ഏകോപിപ്പിക്കുന്ന ശക്തി സ്നേഹത്തിന്റെ തീർഥാടനമാണ്. രൂപാന്തരീകരണത്തിന് പ്രേരകമാകുന്ന ആത്മീയയാത്രയാണത്. വിവിധ സഭാവിഭാഗങ്ങൾ ഒരുമിച്ചു യാത്ര ചെയ്യുമ്പോൾ ഐക്യത്തിന്റെ ആഴം വെളിവാകും. വ്യത്യസ്ത വർണങ്ങൾ ചേർന്ന് മഴവില്ലു മനോഹരമാകുന്നതുപോലയാണ് സഭകൾ ഒത്തുചേരുന്നത്.

Maramon Convention

ഒന്ന് മറ്റൊന്നിനു ഭീഷണിയാകാതെ പരസ്പരം സംരക്ഷിക്കുകയും വളർച്ചയ്ക്കു സഹായിക്കുകയും ചെയ്യുന്ന മനോഹരദർശനം. സ്വയം കൂടുതൽ ശക്തരാകുന്നതിനോ വിഭവങ്ങൾ വർധിപ്പിക്കുന്നതിനോ വേണ്ടിയല്ല ആ ഐക്യം. ഒരു സമൂഹത്തിന്റെ നിലനിൽപ്പിന് മറ്റൊന്നു ഭീഷണിയാകുന്നില്ല. പരസ്പരം അംഗീകരിച്ചും ബഹുമാനിച്ചും മുന്നേറുമ്പോഴാണ് ഐക്യം യാഥാർഥ്യമാകുന്നത്. ഇത് ഒട്ടും ലളിതമോ ലാഭകരമോ ആയിരിക്കണമെന്നില്ല. അവിടെ സ്വത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരാം. അത് എതിർപ്പും പോരാട്ടങ്ങളും ഉളവാക്കിയേക്കും. പക്ഷേ, അത് ജീവിതത്തിന്റെ ഭാഗവും പാഠവുമാകണം. വ്യത്യസ്തമായ അഭിപ്രായങ്ങളോടെ ഒരുമിച്ചു മുന്നേറാനുള്ള പാഠം. ഭിന്നതകൾ പരസ്പരം അകലാനുള്ള അവസരമാകരുത്.

പകരം, ആശയവിനിമയത്തിനും അതിലൂടെ കൂടുതൽ അന്യോന്യം അറിയുന്നതിനും വഴിയാകണം. ചുറ്റുമുള്ള സമൂഹത്തെ വളർത്തുകയും ജീവിപ്പിക്കുകയും ചെയ്യുന്നതാകണം. സഭ എന്താണെന്നും എന്തിനുവേണ്ടിയാണെന്നും ഇതരസമൂഹങ്ങൾക്കു മനസിലാക്കാൻ ഇത് ഇടയാക്കണം. സഭകളുടെ കൂട്ടായ്മ പാരമ്പര്യത്തിന്റെ വേരുകളും ആത്മീയസത്തയും കണ്ടെത്താനുള്ള ഉത്ഖനനത്തിന് അവസരമൊരുക്കും. അതിനൊപ്പം വിശ്വാസത്തിന്റെ പുതിയ അർഥം തേടാനും നമുക്കു കഴിയുമെന്ന് റവ. ഡോ. സദാനന്ദ അഭിപ്രായപ്പെട്ടു. പരസ്പര അംഗീകാരമാണ് സഭകളുടെ ഐക്യത്തിനും ധാരണയ്ക്കും അടിസ്ഥാനമാകുന്നതെന്ന് അധ്യക്ഷത വഹിച്ച ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു.

ഒരുസഭ മറ്റൊന്നിൽ ലയിക്കുന്നതല്ല, ഒരുമിച്ചു വളർന്ന് സമൂഹത്തിന്റെ നന്മയ്ക്ക് ഉതകുന്നതാണ് സഭൈക്യം. വ്യത്യസ്ത സഭകളുടെ നന്മകൾ ഒന്നിച്ചു ചേർന്ന് സാക്ഷ്യം നൽകുമ്പോഴാണ് ക്രിസ്തുദർശനം യാഥാർഥ്യമാകുന്നത്. ഇതിനായി എല്ലാ സഭാ വിഭാഗങ്ങളും നീതിബോധത്തോടെ സഹവർത്തിക്കണം. ഭാരതത്തിൽ സഭൈക്യ പ്രസ്ഥാനം കടലാസിൽ മാത്രമൊതുങ്ങുന്നതല്ല, പ്രായോഗികതലത്തിൽ നടപ്പാകുന്നു എന്നത് സന്തോഷകരമാണെന്നും മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. തൊഴിയൂർ സഭയുടെ ആർച്ച് ബിഷപ് സിറിൽ മാർ ബസേലിയോസ്, ക്നാനായ സുറിയാനി സഭയുടെ ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, ബിഷപ് തോമസ് സാമുവൽ തുടങ്ങിയവർ പങ്കെടുത്തു. ഡോ. ഏബ്രഹാം മാർ പൗലോസ് മധ്യസ്ഥപ്രാർഥനയ്ക്കു നേതൃത്വം നൽകി.

മാരാമണ്ണിൽ ഇന്ന്

7.30 - ബൈബിൾ ക്ലാസ്, 10.00 - പ്രസംഗം - ബിഷപ് ഡാനിയൽ ത്യാഗരാജ, 2.00 - സന്നദ്ധ സുവിശേഷക സംഘം യോഗം. പ്രസംഗം - റവ. മാൽക്കം ടാൻ, 4.30 - യുവവേദി, 6.30 - പ്രസംഗം - ഡോ. ലിയോണാർഡ് സ്വീറ്റ്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.