Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വാസ തീരത്ത് പ്രാർഥനാപൂർവം

Maramon Convention

സ്വയം മുറിച്ചുകൊടുക്കാനും അതിലൂടെ മറ്റുള്ളവരെ പോഷിപ്പിക്കാനും തയാറാകുന്നവരുടെ സമൂഹമാകണം സഭയെന്നു മാർത്തോമ്മാ സഭാ മുംബൈ ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തീത്തോസ്. ഊറ്റിക്കുടിക്കാൻ വെമ്പൽ കൊള്ളുന്ന ലോകത്തിൽ അവസാന തുള്ളി വരെ പകർന്നു നൽകുന്നവരാകുമ്പോഴാണു പുതിയ സമൂഹമാകുന്നതെന്ന് മാരാമൺ കൺവൻഷനിൽ ഇന്നലത്തെ പ്രഭാത യോഗത്തിൽ മാർ തീത്തോസ് പറഞ്ഞു.

കണ്ണ് എപ്പോൾ തുറക്കണം, എപ്പോൾ അടയ്ക്കണം എന്നു വ്യക്തമായി ലോകത്തോടു പറയാൻ കഴിയുന്നിടത്താണ് കൺവൻഷന്റെ വിജയം. അടയ്ക്കേണ്ടിടത്തു കണ്ണു തുറക്കുകയും തുറക്കേണ്ടിടത്ത് അടയ്ക്കുകയും ചെയ്യുന്ന വൈകൃതത്താൽ ലോകം മലീമസമായിരിക്കുന്നു. ദൈവത്തെ കണ്ട കണ്ണുകളിലൂടെ ലോകത്തെ കാണാൻ നോക്കണം. മറിച്ചായാൽ അതു വൈകൃതമാകും. മറ്റുള്ളവർക്കുവേണ്ടി മുറിയപ്പെടുന്നതിനു പകരം സ്വാർഥതയ്ക്കുവേണ്ടി മറ്റുള്ളവരെ മുറിക്കാൻ മടിയില്ലാത്തവരുടെ കൂട്ടമായി ലോകം മാറി. ശ്വാസോച്ഛ്വാസം ചെയ്യുന്ന ഇറച്ചിപ്പൊതിയായി മനുഷ്യൻ കമ്പോളവത്കരിക്കപ്പെട്ടിരിക്കുന്നു.

നമ്മുടെ ആഗ്രഹപൂർത്തീകരണത്തിനായി മറ്റുള്ളവരെ എങ്ങനെയും ഉപയോഗിക്കാമെന്ന ചിന്താഗതി ലോകത്തെ കീഴ്പ്പെടുത്തി. നമ്മൾ അനുഭവിക്കുന്ന ഏതു സുഖവും മറ്റുള്ളവരിൽനിന്നുള്ള ഒരു തട്ടിപ്പറിക്കലിന്റെ ഫലമാണെന്നു തിരിച്ചറിയുന്നതാണ് ആത്മീയത. അനുദിന ജീവിതത്തിൽ യേശുവിനെ അവഗണിക്കുന്നവർക്ക് കൗദാശികമായി മാത്രം അവനെ സ്വീകരിക്കാനാകില്ല. സഹോദരനിലേക്കുള്ള ദൂരവും ദൈവത്തിലേക്കുള്ള ദൂരവും ഒന്നാണെന്നു പഠിപ്പിക്കുന്ന കൂദാശയാണ് വിശുദ്ധ കുർബാന. എല്ലാവരും അവനവനെക്കുറിച്ചു മാത്രം ഓർക്കുകയും അപരനെ മറക്കുകയും ചെയ്യുന്നതാണ് എല്ലാ അപചയത്തിനും കാരണം.

പരസ്പരം ബന്ധിപ്പിക്കുന്ന, ശുദ്ധീകരിക്കുന്ന, സ്വയം സമർപ്പണത്തിന്റെ വെല്ലുവിളി ഉയർത്തുന്ന കുർബാനയിൽനിന്നാണ് ഓരോ ക്രൈസ്തവനും ശക്തി സ്വീകരിക്കേണ്ടത്. കുർബാന സ്വീകരിക്കുന്നവർക്കു മറ്റുള്ളവരുമായുള്ള ബന്ധം അവഗണിക്കാനാകില്ല, അവർക്ക് അശുദ്ധമായ ഭാഷ സംസാരിക്കാനാകില്ല, ലഹരികൊണ്ടു ശരീരത്തെ മലിനമാക്കാനാകില്ല, യേശുവിനെ പ്രതിഫലിപ്പിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കാതെ പിന്മാറാനാകില്ല. യേശു ജീവിച്ചതുപോലെ ജീവിക്കുന്നവർക്കേ യേശു മരിച്ചതുപോലെ മറ്റുള്ളവർക്കുവേണ്ടി മരിക്കാൻ കഴിയൂ. യേശു മരിച്ചതുപോലെ മരിക്കുന്നവർക്കേ യേശു ഉയിർത്തതുപോലെ ഉയിർക്കാനാകൂ.

അയ്യപ്പനെ കാണാൻ ശബരിമലയ്ക്കു പോകുന്നവർ സ്വയം അയ്യപ്പനായി മാറുന്നതുപോലെ ക്രിസ്തുവിനെ കാണാൻ നാം സ്വയം ക്രിസ്തുവായി മാറണമെന്ന് മാർ തീത്തോസ് ഓർമിപ്പിച്ചു. ഡോ. യൂയാക്കിം മാർ കൂറിലോസ് അധ്യക്ഷനായിരുന്നു. കൽദായ സുറിയാനി സഭാ അധ്യക്ഷൻ മാർ അപ്രേം വലിയ മെത്രാപ്പൊലീത്ത, ഓർത്തഡോക്സ് സഭ അടൂർ ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം, രാജ്യസഭ ഉപാധ്യക്ഷൻ പി. ജെ. കുര്യൻ, കെപിസിസി പ്രസിഡന്റ് വി. എം. സുധീരൻ, ഡിസിസി പ്രസിഡന്റ് പി. മോഹൻരാജ്, ഫെഡറൽ ബാങ്ക് ചീഫ് ജനറൽ മാനേജർ കെ. ഐ. വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.