Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരാമണ്‍ അപൂര്‍വതകളുടെ സംഗമഭൂമി

maramon-08

മാരാമണ്‍ അപൂര്‍വതകളുടെ സംഗമഭൂമിയാണ്. പമ്പാനദീ തീരത്തെ ഈ പ്രദേശം കേരള ചരിത്രത്തിനും ക്രൈസ്തവ ചരിത്രത്തിനും നല്‍കിയത് ഈടുറ്റ സംഭാവനകളാണ്. മലയാള ഭാഷയില്‍ ആദ്യമായി കുര്‍ബാന ചൊല്ലിയതിനു നേതൃത്വം നല്‍കിയതിലൂടെ നവീകരണപിതാവായി മാറിയ ഏബ്രഹാം മല്‍പ്പാന്‍ ഉള്‍പ്പെടെ ഒട്ടേറെ സഭാപിതാക്കന്മാരുടെ ജന്മദേശവും മാരാമണ്‍ തന്നെ.

ആദ്യമായി ഇൌ പ്രദേശത്തുനിന്ന് കടല്‍കടന്ന് ഒരാള്‍ ബാബിലോണിലും അന്ത്യോക്യയിലും പോകുന്നത് ഏബ്രഹാം മല്‍പ്പാന്റെ സഹോദര പുത്രനായ മാത്യുസ് ശെമ്മാശനാണ്. ഇതിനെല്ലാം സാക്ഷ്യം വഹിച്ച മാരാമണ്‍ പള്ളിക്ക് 570 വര്‍ഷത്തെ പഴക്കമുണ്ട്.

പമ്പാതീരത്തെ പാരമ്പര്യമഹിമയാര്‍ന്ന പാലക്കുന്നത്തു തറവാട്ടില്‍ തോമാ മല്‍പ്പാന്റെ സഹോദരനായ മത്തായിയുടെയും പാണ്ടനാട് മുല്ലശേരില്‍ മറിയാമ്മയുടെയും മകനായി ഏബ്രഹാം മല്‍പ്പാന്‍ പിറന്നത് 1796 ല്‍. പുതുപ്പള്ളി പടിഞ്ഞാറേക്കൂറ്റ് താമസിച്ച് സുറിയാനി ആഭ്യസിച്ച യുവാവ് ഗുരുവായ കോര മല്‍പ്പാന്റെ അനന്തിരവന്‍ കൈതയില്‍ ഗീവര്‍ഗീസ് ശെമ്മാശനുമായി ചങ്ങാത്തമായത് സ്വാഭാവികം. 1811 ല്‍ എട്ടാം മാര്‍ത്തോമ്മായില്‍ നിന്ന് വളരെ ചെറുപ്പത്തില്‍ ശെമ്മാശപട്ടം സ്വീകരിച്ച ഏബ്രഹാം 1815 ല്‍ കശീശയും(വൈദികന്‍) കോട്ടയം സെമിനാരിയില്‍ മല്‍പ്പാനുമായി. മല്‍പ്പാന്‍ എന്നാല്‍ സുറിയാനിയില്‍ ഡോക്ടറേറ്റുള്ളയാളെന്നര്‍ഥം.

മാവേലിക്കരയില്‍ മലങ്കര മെത്രാപ്പോലീത്ത പുന്നത്തറ മാര്‍ ദിവന്നാസിയോസ് 1818 ല്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ സിഎംഎസ് മിഷനറി ജോസഫ് ഫെന്‍ സുറിയാനി സഭയിലെ ചില ആചാരങ്ങളെ വിമര്‍ശിച്ച് പ്രസംഗിച്ചതിനെ തുടര്‍ന്ന് സഭയിലെ തെറ്റ് തിരുത്താന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു. ഏബ്രഹാം മല്‍പ്പാനും ഗീവര്‍ഗീസ് മല്‍പ്പാനും കമ്മിറ്റിയില്‍ അംഗങ്ങളായിരുന്നു.

കമ്മിറ്റി നിര്‍ദേശങ്ങളോട് എതിര്‍പ്പുണ്ടായിരുന്നതിനാല്‍ മല്‍പ്പാനും 12 വൈദികരും ചേര്‍ന്ന് ബ്രിട്ടീഷ് റസിഡന്റ് കേണല്‍ ഫ്രേസറോട് 24 കാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കി സഭയെ പുനര്‍ജീവിപ്പിക്കണമെന്ന് അപേക്ഷിച്ചു. നവീകരണ പോര്‍ക്കളത്തിലെ കാഹളമായിരുന്നു ഇത്. തനിക്കു പട്ടം നല്‍കിയ എട്ടാം മാര്‍ത്തോമ്മായുടെ കൈവയ്പ്പിനെപ്പറ്റി ആക്ഷേപം ഉണ്ടായതിനാല്‍ 1825 ല്‍ (കൊല്ലവര്‍ഷം 1000) ഇവിടെ വന്നുപോയ മാര്‍ അത്താനാസിയോസ് അബ്ദം ശിഹിനില്‍ നിന്ന് മുപ്പതാം വയസില്‍ ആവര്‍ത്തിച്ചു പട്ടമേറ്റു. അന്ന് രാജ വിളംബരത്തോടെ ഭരിക്കുന്ന മെത്രാപ്പോലീത്തയുടെ ആജ്ഞ ലംഘിച്ച് പരദേശ മെത്രാനെ അംഗീകരിച്ചതുകൊണ്ട് മല്‍പ്പാന് തടവില്‍ പോകേണ്ടി വന്നതായി ടി. സി ചാക്കോ രചിച്ച മലങ്കര മാര്‍ത്തോമ്മാ സഭാചരിത്ര സംഗ്രഹത്തില്‍ പറയുന്നു.

maramon-05

ഇൌ ന്യൂനത പരിഹരിക്കാനാണ് മല്‍പ്പാനച്ചന്‍ തന്റെ സഹോദര പുത്രനായ മാത്യൂസ് ശെമ്മാശനെ അന്ത്യോക്യയിലേക്ക് അയയ്ക്കുന്നത്. 1842 ല്‍ ശെമ്മാശനെ മാത്യൂസ് മാര്‍ അത്താനാസിയോസ് എന്ന നാമത്തോടെ മെത്രാനായി വാഴിച്ചു. അന്ത്യോക്യയില്‍ പോയ ശെമ്മാശനെപ്പറ്റി വിവരങ്ങളൊന്നും ലഭിക്കാതെ വിഷമിച്ചിരിക്കെ ഒരു ദിവസം തിരുവല്ല തഹസീല്‍ദാരുടെ പ്രതിനിധി പരദേശക്കത്തുമായി മല്‍പ്പാനെ കാണാനെത്തി. മര്‍ദീനിലെ ബാവായുടെ കത്തായിരുന്നു അത്. നമ്മുടെ ശെമ്മാശന്റെ കാര്യം വല്ലതും അതിലുണ്ടോ എന്ന് ചോദിച്ച് കത്ത് വായിച്ച മല്‍പ്പാന്‍ ഒടുവില്‍ ആ വരികളിലെത്തി: നമ്മുടെ ശെമ്മാശന്‍ മെത്രാനായി. നാട്ടിലെത്തിയതോടെ രാജാവിന്റെ അംഗീകാരമായ തിരുവെഴുത്തു വിളംബരത്തിന് 13ാം മാര്‍ത്തോമ്മാ ശ്രമം ആരംഭിച്ചു.

പില്‍ക്കാലത്ത് ലഭിക്കയും ചെയ്തു. ഇതിനായി തിരുവനന്തപുരത്തേക്ക് മാത്യൂസ് മാര്‍ അത്തനാസിയോസ് തിരിക്കുന്നത് മാരാമണ്‍ പള്ളിയോടു ചേര്‍ന്ന കുഴിയത്ത് കടവില്‍ നിന്നാണ്. അധികം വൈകാതെ 1845 സെപ്റ്റംബര്‍ ഏഴിന് 49ാം വയസില്‍ മല്‍പ്പാനച്ചന്‍ ദിവംഗതനായി. ആണ്ടു തക്സാ നമസ്കാരം മുഴുവന്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയ മല്‍പ്പാന്റെ വിശിഷ്ട ഗുണങ്ങള്‍ ധൈര്യം, പരമാര്‍ഥത, വിശ്വസ്ഥത, അനുകമ്പ, കാര്യക്ഷമത, പ്രാര്‍ഥന എന്നിവയായിരുന്നു. വേദപഠനം, പ്രാര്‍ഥന, ജീവിത വിശുദ്ധി, ധാര്‍മികത എന്നിവയ്ക്ക് ഉൌന്നല്‍ നല്‍കി.

തുമ്പമണ്‍ തൊണ്ടംവേലില്‍ തരകന്റെ മകള്‍ ഏലിയാമ്മയെ വിവാഹം ചെയ്ത മല്‍പ്പാന് തോമസ് മാര്‍ അത്തനാസിയോസും തീത്തൂസ് പ്രഥമന്‍ മാര്‍ത്തോമ്മായും ഉള്‍പ്പെടെ അഞ്ചു പുത്രന്മാരും നാലു പുത്രിമാരുമുണ്ടായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.