Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നേഹത്തിന്റെ വിത്ത്

by എം.കെ.വിനോദ്കുമാര്‍
Mata Amritanandamayi

ജീവിതത്തിലെ നഷ്ടങ്ങളെക്കുറിച്ച് വിലപിക്കുന്നവര്‍ ജീവിതം കൊണ്ടു നേടാവുന്ന സ്നേഹമാവുന്ന വലിയ ലാഭത്തെക്കുറിച്ച് ഓര്‍ക്കുന്നില്ല. ജീവിതത്തില്‍ സംഭവിക്കാവുന്ന ഏറ്റവും വലിയ നഷ്ടം സ്നേഹമില്ലായ്മയാണ്. കാരണം സ്നേഹമാണ് ജീവിതത്തിലെ ഏറ്റവും വലിയ മൂലധനം. അത് നഷ്ടമായാല്‍ പൂര്‍ണമായും നമ്മള്‍ പാപ്പരാവും.

. മനസ്സിന്റെ ഉണര്‍വും പരിശുദ്ധിയുമാണ് വ്യക്തിയുടെ സന്തോഷത്തിനും സൗന്ദര്യത്തിനും ആധാരം. എല്ലാ സാഹചര്യങ്ങളിലും സന്തോഷമായിരുന്നാലെ ജീവിതം മുന്നോട്ടു പോകൂ. മറ്റെല്ലാ തീരുമാനങ്ങളുംപോലെ സന്തോഷിക്കുക എന്നതും ഒരു തീരുമാനമാണ്. 'എന്തും വരട്ടെ, ഞാന്‍ സന്തോഷമായിരിക്കും' എന്ന തീരുമാനമാണ് നാം കൈക്കൊള്ളേണ്ടത്. പക്ഷെ ഇന്ന് ഭൂരിഭാഗം പേരുടേയും മനസ്സ് കൊച്ചു കുട്ടിയുടെ ദേഹത്തുള്ള വ്രണം പോലെയാണ്. അതില്‍ തൊടുക പോലും വേണ്ട, അടുത്തുകൂടി പോയാല്‍ പോലും കുഞ്ഞ് നിലവിളിച്ചു കരയാന്‍ തുടങ്ങും. ഇതുപോലെയാണു ദുര്‍ബലമായ മനസ്സും. ദുര്‍ബലതകളേയും പരിമിതികളേയും അതിജീവിച്ച് ജീവിതം സമാധാനം നിറഞ്ഞതാക്കാനാണ് ആത്മീയത പഠിപ്പിക്കുന്നത്.

. ജന്‍മദിനത്തിലെ ആശംസയില്‍ മാത്രം സന്തോഷം ഒതുങ്ങിപ്പോകരുത്. ഇടയ്ക്കു മാത്രം വന്നു പോകുന്നതല്ല അത്. സുഖത്തില്‍ മാത്രമല്ല, ദുഃഖത്തിലും ജീവിതത്തില്‍ ഉടനീളവും അനുഭവിക്കാന്‍ കഴിയുന്നതാവണം യഥാര്‍ഥ സന്തോഷം. ഇതാണ് ആധ്യാത്മികത. പക്ഷെ സന്തോഷം എപ്പോഴും കൂട്ടുകാരനായി വേണമെങ്കില്‍ മനസ്സില്‍ നിറയെ നിസ്വാര്‍ഥമായ സ്നേഹം വേണം. സന്തോഷം ഉണ്ടെങ്കിലെ ഏതു കര്‍മവും ഭംഗിയായി ചെയ്യാനാവൂ. ഹൃദയ കവാടം തുറക്കാനുള്ള താക്കോലാണത്. ഹൃദയമാണു സര്‍ഗ ശക്തിയുടെ ഉറവിടം.

. നാം മനഃസാക്ഷിക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ പ്രകൃതിയുടെ താളം തെറ്റും. മനുഷ്യനും പ്രകൃതിയും താളാത്മകമായി ചേര്‍ന്നുപോകുമ്പോഴാണു ജീവിതം പൂര്‍ണമാകുന്നത്. പ്രകൃതിനിയമങ്ങള്‍ പാലിച്ചു ജീവിക്കുമ്പോഴാണ് ജീവിതം സംഗീതമാകുന്നത്. നമ്മുടെ ദുഃസ്വഭാവങ്ങളില്‍ മാറ്റം വരുത്താന്‍ ആത്മാര്‍ഥമായ ആഗ്രഹം ആദ്യമുണ്ടാകണം. എങ്കിലേ ലോകത്തിലും മാറ്റം വരൂ. എന്നാല്‍, നാം മനഃസാക്ഷിയുടെ ശബ്ദം കേള്‍ക്കാതിരിക്കാനാണു ശ്രമിക്കുന്നത്.

. നമ്മുടെ ചിന്തയും പ്രവൃത്തിയും ജീവിതത്തിന്റെ താളവും ശ്രുതിയുമായി മാറണം. സ്നേഹവും കാരുണ്യവും വറ്റിപ്പോകാന്‍ അനുവദിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ ഇവിടെ മനുഷ്യനുണ്ടാകില്ല. മനോഹരമായ ഈ ലോകം മനുഷ്യമൃഗങ്ങളുടെ കാടാകും. നാം എത്ര ശക്തരായാലും വിജയത്തിന് ഈശ്വരകൃപ വേണം. ആരെങ്കിലും അടിച്ചേല്‍പ്പിക്കുന്ന സമാധാനമോ മരണശേഷമുള്ള ശാന്തിയോ അല്ല നമുക്കാവശ്യം. എല്ലാവരും സ്വധര്‍മ്മം അനുഷ്ഠിക്കുമ്പോള്‍ സമൂഹത്തില്‍ സമാധാനം ഉണ്ടാകുന്നു.

. ചാഞ്ചാടിക്കൊണ്ടിരിക്കുന്ന മനസിനെ ധ്യാനവും ജപവും കൊണ്ട് ഏകാഗ്രമാക്കാനാകും. പ്രാര്‍ഥനയിലൂടെ വിതയ്ക്കുന്നതു സ്നേഹത്തിന്റെ വിത്താണ്. ഹൃദയത്തില്‍ സ്നേഹവും കാരുണ്യവും ഉള്ളവരാണു സമൂഹത്തിന്റെ ശക്തി. അവരിലൂടെ മാത്രമാണു പരിവര്‍ത്തനം.

. ഒരു കര്‍മം വിചാരിക്കുന്ന രീതിയില്‍ ഫലപ്രദമാക്കാന്‍ മൂന്നു ഘടകങ്ങള്‍ ആവശ്യമാണ്. സമയം, സ്വപ്രയത്നം, ഈശ്വരകൃപ എന്നിവയാണിത്. പ്രയത്നവും സമയവും ശരിയായാലും എല്ലാം ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ ഈശ്വരകൃപ കൂടിയെ തീരൂ.

. അധികാരം അഹങ്കാരത്തിന്റെ ശബ്ദമാണ്. മറ്റുള്ളവരുടെ സുഖത്തിനു വേണ്ടി സ്വന്തം സുഖം ത്യജിക്കുക എന്നതാണു സന്യാസിയുടെ കര്‍മം. മനുഷ്യനെ വേര്‍തിരിച്ചു കാണാതെ സര്‍വ ചരാചരങ്ങളേയും ഒരുപോലെ കാണണം. അതാണു ശരിയായ കര്‍മം.

.നിക്കറും ഷര്‍ട്ടും ഷൂസും ഇടാന്‍ മുതല്‍ കണക്കും ശാസ്ത്രവും ചരിത്രവും ഒക്കെ പഠിക്കാന്‍ വരെ ഗുരു ആവശ്യമാകുമ്പോള്‍ അതിസൂക്ഷ്മമായ ആധ്യാത്മികശാസ്ത്രം പഠിക്കാന്‍ ഗുരു വേണ്ടാ എന്നു പറയുന്നതു വിഡ്ഢിത്തമാണ്.

. മനുഷ്യന്‍ മാറാന്‍ മടി കാട്ടിയാല്‍ പ്രകൃതി മനുഷ്യനെ മാറ്റും. പ്രകൃതിയുടെ തിരിച്ചടികളില്‍ അത്തരമൊരു സന്ദേശമുണ്ട്.

. ഒരു യന്ത്രത്തിനും കണ്ടുപിടിക്കാനാവാത്ത മനുഷ്യമനസ്സിലെ പകയും വെറുപ്പും വിദ്വേഷവുമാണ് ഏറ്റവും വിനാശകാരിയായ സ്ഫോടകവസ്തു ഇത്തരം വിനാശകാരികളായ വികാരങ്ങള്‍ തുടച്ചുനീക്കാതെ യുദ്ധങ്ങളും ആക്രമണങ്ങളും അവസാനിക്കില്ല. വിനോദത്തിനും ഉല്ലാസത്തിനും വഴികള്‍ വര്‍ധിക്കുന്നെങ്കിലും ഹൃദയ ത്തില്‍നിന്നു വിടരുന്ന പുഞ്ചിരിക്ക് ഇന്ന് ഏറ്റവുമധികം ക്ഷാമമാണ്. എങ്ങനെ ചിരിക്കണമെന്നു പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ തന്നെ ഇന്നുണ്ട്. പക്ഷേ, ഈ കൃത്രിമ പുഞ്ചിരിയില്‍നിന്നു ശാന്തിയും ആനന്ദവും കിട്ടില്ല. പ്രായം കൊണ്ടു മരണത്തിലേക്കു വളരുമ്പോള്‍ പക്വതയിലൂടെ അമരത്വത്തിലേക്കാണു വളരുന്നത്. ഇന്നു യുവാക്കള്‍ക്കു നല്ല വിദ്യാഭ്യാസമുണ്ട്. പക്ഷേ, ജീവിതത്തില്‍ മൂല്യങ്ങളില്ല. ധനത്തിനോടുള്ള സ്നേഹം, സ്നേഹമാകുന്ന ധനത്തെ നഷ്ടപ്പെടുത്തുന്നു. പക്വതയിലൂടെയുള്ള വളര്‍ച്ചയ്ക്കു വഴിതെളിക്കുന്നത് ആധ്യാത്മികമായ അറിവാണ്. ലോകത്തു ധര്‍മബോധം നഷ്ടപ്പെടുന്നു. മോക്ഷത്തിനോടുള്ള ആഗ്രഹവും കുറഞ്ഞുവരുന്നു. അവശേഷിക്കുന്ന അര്‍ഥവും കാമവും കൊണ്ടു മാത്രം സമൂഹത്തിനു യഥാര്‍ഥ പുരോഗതി യുണ്ടാവില്ല.

. സ്വന്തം ബാങ്കിലെ അക്കൌണ്ടില്‍ സമ്പാദ്യം കൂടിയാല്‍ എല്ലാവര്‍ക്കും സന്തോഷം. പക്ഷേ, മൂല്യങ്ങളുടെ ബാങ്ക് അക്കൌണ്ട് ആരും പരിശോധിക്കാറില്ല. ലോകത്തിലെ ഏറ്റവും വലിയ സെയില്‍സ്മാന്‍ മനസ്സാണ്. ഏത് ആശയവും നമ്മില്‍ അടിച്ചേല്‍പിക്കാന്‍ മനസ്സിനു കഴിയും. അതുകൊണ്ടുതന്നെ മനസ്സിന്റെ പ്രേരണയില്‍ കുടുങ്ങിപ്പോകരുത്. നല്ല ചിന്തകള്‍ കൊടുത്തു മനസ്സിനെ ശക്തിപ്പെടുത്തണം. മനസ്സില്‍ സ്നേഹമുള്ളപ്പോള്‍ ഏതിലും നന്‍മ മാത്രമേ കാണാന്‍ കഴിയൂ. ശുദ്ധരൂപത്തിലുള്ള സ്നേഹം ആത്മസ്വരൂപം തന്നെയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.