Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാത്ഭുതം ഈ മാതൃഭാവം

Mata Amritanandamayi

അമ്മയോടൊത്തു ജീവിക്കാനും ലോകമെങ്ങും സഞ്ചരിക്കാനും സാധിക്കുന്നതു പൂര്‍വാര്‍ജിതമായ പുണ്യമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ യാത്രകളില്‍ കണ്ടുമുട്ടുന്ന പല ഭാഷക്കാര്‍, പല ദേശക്കാര്‍, പല നിറക്കാര്‍, വര്‍ണക്കാര്‍, ഗോത്രക്കാര്‍... അവരൊക്കെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്....? "അമ്മയുടെ കാരുണ്യത്തിന്റെ, ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ സ്രോതസ്സ് എന്താണ്?" സംസാരസാഗരത്തില്‍ ഉഴലുന്ന മനുഷ്യര്‍ക്കു താങ്ങും തണലുമായി മാതാ അമൃതാനന്ദമയീ ദേവി, ഈ ലോകത്തു നാലു പതിറ്റാണ്ടിലേറെയായി നിറഞ്ഞു നില്‍ക്കുന്നു. സൂനാമിത്തിരകളില്‍ സര്‍വവും നഷ്ടപ്പെട്ടു നിന്നിരുന്ന ഒരു ഗ്രാമത്തെ കൈപിടിച്ച് ഉയര്‍ത്തു മ്പോഴും രാഷ്ട്രത്തലവന്മാരോടും ശാസ്ത്രജ്ഞരോടും സംസാരിക്കുമ്പോഴും അമ്മയ്ക്ക് ഒരേ ഭാവം തന്നെ - 'സമദര്‍ശനം'.

മനുഷ്യന്റെ ഭൗതികാവശ്യങ്ങളെ കണ്ടില്ല എന്നു നടിക്കുന്ന ആധ്യാത്മികതയല്ല അമ്മ പഠിപ്പിക്കുന്നത്. "വിശന്നു വരുന്നവന്റെ മുന്‍പില്‍ നമ്മള്‍ തത്വചിന്ത വിളമ്പുകയല്ല വേണ്ടത്. ആദ്യം അവന്റെ വിശപ്പകറ്റാന്‍ ആഹാരം വിളമ്പി കൊടുക്കണം. പിന്നീടു വേണം ആത്മീയ ചിന്ത പകരേണ്ടത്." അമ്മയുടെ ജീവിതം തന്നെ മറ്റുള്ളവര്‍ പറയുന്നതു ശ്രദ്ധയോടും കാരുണ്യത്തോടും കേള്‍ക്കുന്നതിന്റെ ഉത്തമോദാഹരണമാണ്. അല്ലെങ്കി ല്‍ ഒരു രാപ്പകല്‍, ഒരേ ഇരിപ്പിലിരുന്ന് അനേകായിരങ്ങളുടെ ദുഃഖവും വേദനയും എങ്ങനെ കേള്‍ക്കും? അമ്മ പറയും "ഈ ലോകത്തിലെ സകല പ്രശ്നങ്ങള്‍ക്കും ഒറ്റവാക്കിലൊരു പരിഹാരം ഉണ്ടെങ്കില്‍ അതു'കരുണ' ആണ്." ജീവകാരുണ്യരംഗത്തെ ആദ്യ സംരംഭമെന്ന നിലയില്‍ പാരിപ്പള്ളിയിലെ അനാഥാലയം മാതാ അമൃതാനന്ദമയീമഠം ഏറ്റെടുത്തതാകട്ടെ, ഭുജില്‍ ഭൂകമ്പം മൂലം തകര്‍ന്നടിഞ്ഞ ഗ്രാമത്തിന്റെ പുനരുദ്ധാരണം ഏറ്റെടുക്കല്‍ ആവട്ടെ, സൂനാമി തകര്‍ത്തെറിഞ്ഞ ജീവിതങ്ങളുടെ പുനരധിവാസമാകട്ടെ, കര്‍ഷകരുടെ കൂട്ട ആത്മഹത്യ നേരിട്ട ഗ്രാമങ്ങളില്‍ അമ്മയുടെ കനിവുണ്ടായതാവട്ടെ, എല്ലാം വെളിവാക്കുന്നത് അമ്മയിലെ അപരിചതമായ കാരുണ്യത്തെയാണ്.

അമ്മ പറയാറുണ്ട് "കാരുണ്യമാണു പ്രധാനം. ബാക്കിയെല്ലാം തനിയെ വന്നു ചേര്‍ന്നുകൊള്ളും." മറ്റുള്ള വരില്‍ നിന്നു വ്യത്യസ്തമായി എന്താണ് അമ്മയില്‍ ഉള്ളത്? ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭഗവദ്ഗീതയില്‍ പറഞ്ഞ "കര്‍മകുശലത." അപ്പോള്‍ കര്‍മങ്ങള്‍ക്കു സൌന്ദര്യവും വേഗവും കൂടും. 'പരിസ്ഥിതി' അല്ല 'മനഃസ്ഥിതി' നേരെയാക്കാന്‍ പഠിപ്പിക്കുന്ന വിശ്വവിദ്യാലയമാണ് അമ്മയുടെ സന്നിധാനം. നന്നായി പഠിക്കു ന്ന കുട്ടികളോട് അധ്യാപകരും അച്ഛനമ്മമാരും പറയുന്നതു കേട്ടിട്ടില്ലേ! "നീ ഭാവിയുടെ വാഗ്ദാനമാണെന്ന്." എന്നാല്‍, അമ്മയ്ക്ക് എല്ലാവരും 'ഭാവിയുടെ വാഗ്ദാനങ്ങള്‍' ആണ്. കാരണം, അമ്മ കാണുന്നത് എല്ലാവരിലും ഒരുപോലെ പ്രകാശിക്കുന്ന ആത്മസത്തയാണ്. നിസ്സീമമായ കാരുണ്യസ്പര്‍ശത്തിലൂടെ അതിനെ തൊട്ടുണര്‍ത്തുന്നതാണ് അമ്മ കാണിക്കുന്ന മഹാത്ഭുതം..

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.