Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാല്‍സല്യത്തിന്‍റെ നിറകുടം

Mata Amritanandamayi

തുടക്കത്തില്‍ എല്ലാം ഒരു സ്വപ്നമായിരുന്നു. കര്‍മവും കാലവുമായി മാറിയ മാതാ അമൃതാനന്ദമയി ദേവിയുടെ ജനനത്തെക്കുറിച്ച് അമ്മ ദമയന്തി പില്‍ക്കാലത്ത് പറഞ്ഞ് അതാണ്. 1953 ലെ വര്‍ഷകാലത്ത് അസാധര ണമാംവിധം സ്വപ്ന ദര്‍ശനത്തില്‍ കാണുന്ന ദേവീ- ദേവന്‍മാരെക്കുറിച്ചു ദമയന്തി ഭര്‍ത്താവു പറയക്കടവ് ഇടമണ്ണില്‍ സുഗുണാനന്ദനോടു പോലും മിണ്ടിയിരുന്നില്ല. മഞ്ഞപ്പട്ടണിഞ്ഞു പീലീതിരുകിയ സ്വര്‍ണ കിരീടം ധരിച്ച ഭഗവാന്‍ സാക്ഷാല്‍ അമ്പാടിക്കണ്ണന്‍. സ്വര്‍ണ ക്കസവുള്ള ചൂവപ്പും നീലയും നിറങ്ങളുള്ള സാരിധരിച്ച ദേവി. ദമയന്തിയുടെ സ്വപ്നങ്ങള്‍ ജീവസുറ്റ ഊര്‍ജമായിരുന്നു.

ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നെങ്കിലും പ്രസവസമയത്തെക്കുറിച്ചു ദമയന്തിക്കു ധാരണ കുറവായിരുന്നു. എന്നാല്‍ ആഴത്തില്‍ സ്പര്‍ശിച്ച ഒരു സ്വപ്നം ഇതിനിടെ ദമയന്തി കണ്ടു. കൃഷ്ണനെ പ്രസവിക്കുന്നതും കണ്ണന്‍ തന്റെ മടയില്‍ കിടന്നു മുലപ്പാല്‍ കുടിച്ചു രസിക്കുന്നതും. അനുഗൃഹങ്ങളുടെ കൃപാവരത്തില്‍ താന്‍ കണ്ട ഈ സ്വപ്നത്തെക്കുറിച്ച് ഏറെക്കാലം നിശബ്ദ്ധത പാലിക്കാന്‍ ദമയന്തിക്കായില്ല. ഭര്‍ത്താവിനോടു വിവരം പറഞ്ഞു. സുഗുണാനന്ദനും സമാനമായ സ്വപ്നദര്‍ശനം ഉണ്ടായതോടെ എന്തോ അത്ഭുതം സംഭവിക്കാന്‍ പോകുന്നുവെന്ന ചിന്ത ഇരുവര്‍ക്കുമിടയില്‍ കനപ്പെട്ടു.

മല്‍സ്യബന്ധനവും വലനെയ്ത്തും കയപിരിയും ജീവിതോപാദിയാക്കിയ പറയക്കടവു ഗ്രാമം. 1953 സെപ്തംബര്‍ 27. പതിവു പോലെ കടപ്പുറത്തു വലയഴിക്കുകയായിരുന്നു ദമയന്തിക്കു ഇപ്പോള്‍ പ്രസവിക്കാന്‍ പോകുന്നുവെന്ന തോന്നലുണ്ടായി. വിട്ടിനുള്ളില്‍ കടന്ന് ഏറെക്കഴിയും മുന്‍പ് ഒരു പെണ്‍കുഞ്ഞിനു ദമയന്തി ജന്മം നല്‍കി. കരയാതെ ജനിച്ച കരിനീല നിറമുള്ള കുഞ്ഞിന്റെ ജനനം ദമയന്തിയുടെ ഉള്ളില്‍ ഭയത്തിന്റെ കടല്‍ത്തിരയിളക്കി. കുഞ്ഞു മരിച്ചു പോയോ എന്നു പോലും സംശയിച്ചു.വാവിട്ടുള്ള നിലവിളികേട്ടെത്തിയ അയല്‍ക്കാരിയില്‍ നിന്നാണു കുഞ്ഞിനു ജീവനുണ്ടെന്ന വിവരം ദമയന്തി അറിഞ്ഞത്.

നിശബ്ദയായി പുഞ്ചിരി തൂകുന്ന കുഞ്ഞ് വീട്ടുകാര്‍ക്കും അയല്‍ക്കാര്‍ക്കും തികഞ്ഞ അത്ഭുതമായി മാറി. സുധാമണിയെന്നു പേരിട്ട കുട്ടിയുടെ നിറവ്യത്യാസം കുടുംബത്തിന്റെ സ്വസ്ഥതകള്‍ക്കും മേലെ വളര്‍ന്നു. ഏറെ കഠിനസഹനങ്ങള്‍ക്കു ഈ നിറവ്യത്യാസം കാരണമായി മാറുകയായിരുന്നു.

ബാല്യത്തില്‍ കായല്‍ത്തീരത്തെ ചെളികലര്‍ന്ന മണ്ണുപയോഗിച്ചു ക്ഷേത്രങ്ങളുടെ ചെറുമാതൃകകള്‍ നിര്‍മിച്ചിരുന്ന സുധാമണിയുടെ പലചെയ്തികളും കുടുംബാംഗങ്ങള്‍ക്ക് അസ്വസ്ഥത സമ്മാനിച്ചു. ഭഗവാന്‍ കൃഷ്ണനോടുള്ള സുധാമണിയുടെ ഭക്തി വീട്ടുകാരുടെ നിരന്തര ശാസനത്തിന് ഇടയാക്കി. ബാല്യത്തിലെ കുട്ടിത്തമില്ലായ്മയുടെ പേരിലുള്ള ശകാരം പതിവായി. പരുക്കന്‍ മുറകളിലുടെ മകളുടെ സ്വഭാവത്തിനു മാറ്റം വരുത്താനുള്ള രക്ഷിതാക്കളുടെ ശ്രമങ്ങള്‍ ഒരുവഴിക്ക്, അചഞ്ചല ഭക്തിയോടെയുള്ള സുധാമണിയുടെ പ്രവര്‍ത്തനങ്ങള്‍ മറുവഴിക്ക്. അഞ്ചാംവയസ്സില്‍ സ്കൂളില്‍ ചേര്‍ത്തെങ്കിലും വൈകാതെ രക്ഷിതാക്കള്‍ സുധാമണിയുടെ പഠിത്തം അവസാനിപ്പിച്ചു.

ഇതോട വീട്ടു ജോലിയുടെ ഭാരം മുഴുവന്‍ സുധാമണിയുടെ ചുമലിലായി.നന്നേ പ്രഭാതത്തില്‍ ആരംഭിക്കുന്ന ജോലികള്‍ക്കിടയില്‍ വിശ്രമം തന്നെ കുറവ്. പതിനാറു വയസ്സായപ്പോള്‍ പറയങ്കടവില്‍ ക്രിസ്ത്യന്‍ ഇടവകക്കാര്‍ നടത്തുന്ന തയ്യല്‍ പഠനകേന്ദ്രത്തില്‍ സുധാമണി ചേര്‍ന്നു. തുന്നല്‍ ജോലിക്കിടയിലും കൃഷ്ണസ്തുതികള്‍ മുളുന്ന പെണ്‍കുട്ടിയെ സ്ഥാപനത്തിന്റെ മുഖ്യചുമതലക്കാരനായ വൈദികന്‍ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.

നാളെ ലോകം അറിയുന്ന വ്യക്തിയായി അടിസ്ഥാന വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള സുധാമണി മാറുമെന്ന വൈദികന്റെ അഭിപ്രായത്തെ ചിരിച്ചു തള്ളിയവര്‍ക്കുള്ള മറുപടിയായിരുന്നു പിന്നിടുണ്ടായതെല്ലാം. 1978ല്‍ സെപ്റ്റംബറില്‍ അയല്‍വീട്ടിലെ ഭാഗവതപാരായണം ശ്രവിക്കാനിടയായ സുധാമണിയില്‍ അസാധാരണമായ ചില മാറ്റങ്ങള്‍ പ്രകടമായി. അയല്‍ക്കാരില്‍ ചിലര്‍ സുധാമണിക്ക് അത്ഭുതസിന്ധികള്‍ ഉള്ളതായി കണ്ടറിഞ്ഞു. പറയക്കടവിന്റെ കായലതിരുകള്‍ വിട്ടു ഇൌവിവരം പുറംലോകത്തെത്തി. എന്നാല്‍ കുടുംബാംഗങ്ങളടക്കം അടുപ്പക്കാര്‍ക്ക് ഈ വിവരം അലോരസപ്പെടുത്തുന്നതായിരുന്നു.

സുധാമണിയുടെ പ്രവൃര്‍ത്തി ഇഷ്ടപ്പെടാത്തവര്‍ സംഘടിച്ചു ഇടമണ്ണില്‍ വീട്ടില്ലെത്തി. പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട സുധാമണിക്കു മുന്നില്‍ പ്രതിബന്ധങ്ങള്‍ വഴിമാറി. ദൈവഹിതം പിന്‍പറ്റിയ സുധാമണി പിന്നീടു പുഴപോലെ സ്നേഹപ്രവാഹവുമായി മക്കളുടെ ഹൃദയത്തിലേക്ക് ഒഴുകി. ആ അലൗകികാനന്ദം അനുഭവിച്ചറിഞ്ഞ മക്കള്‍ക്കു തങ്ങളുടെ വല്ലായകളുടെ ഭാരം ഇറക്കി വയ്ക്കാനുള്ള അത്താണിയായി മാറി. ആത്മീയ ലോകത്തെ ഏകാന്ത അധ്യായമായ അമ്മയുടെ അറുപത്തിരണ്ടാം പിറന്നാള്‍ അതു കൊണ്ടുതന്നെ പ്രകാശത്തിന്റെ പ്രസരമാണ്...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.