Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാവങ്ങളുടെ മദർ, ബംഗാളി തെരേസ

Mother Teresa

കൊൽക്കത്തയിലെ സാധുക്കൾ ‘ബംഗാളി തെരേസ’ എന്നാണ് ആദ്യകാലങ്ങളിൽ മദർ തെരേസയെ വിളിച്ചിരുന്നത്. യുഗോസ്‌ലാവിയയിലെ സ്‌കോപ്‌ജയിലെ നിക്കോളാസ് ബൊജക്‌സ്യൂവിന്റെയും റോസയുടെയും മകളായി ജനിച്ച തെരേസയുടെ ബാല്യത്തിലെ പേര് ആഗ്നസ് എന്നായിരുന്നു. വിദ്യാഭ്യാസത്തിനുശേഷം അഗതികളെ ശുശ്രൂഷിക്കാനുള്ള ആഗ്രഹത്തോടെ അയർലൻഡിലെ ഡബ്ലിനിലുള്ള റാത്‌ഫർമാം ലൊറേറ്റ കന്യാസ്‌ത്രീമഠത്തിൽ അന്തേവാസിയായി ആഗ്നസ് ചേർന്നു. അവിടെവച്ചാണ് ആഗ്നസിനു പകരം തെരേസ എന്ന പേരു സ്വീകരിച്ചത്.

കൊൽക്കത്തയിൽ മിഷനറി പ്രവർത്തനത്തിന് എത്തിയ ജസ്യൂട്ട് മിഷനറിമാരുടെ കത്തുകളിൽനിന്നാണ് കൊൽക്കത്തയിലെ മനുഷ്യരുടെ വേദനകളെക്കുറിച്ചും നരകതുല്യമായ ജീവിതത്തെക്കുറിച്ചും ആദ്യമായി അവർ അറിയുന്നത്.

1948 ഓഗസ്‌റ്റ് 17ന് നീല ബോർഡറുള്ള വെള്ള സാരി ധരിച്ച് തെരേസ തന്റെ സേവനമാർഗത്തിന്റെ ദീപം തെളിച്ചു. ഒരു ബൈബിളും അത്യാവശ്യത്തിനു ധരിക്കുവാനുള്ള ലളിത വസ്‌ത്രങ്ങളും അഞ്ചു രൂപയുമായിരുന്നു പ്രസ്‌ഥാനത്തിന്റെ മൂലധനം. രോഗികളെ ശുശ്രൂഷിക്കുവാനുള്ള പ്രാഥമിക പരിശീലനം പട്‌നയിലെ ഒരു ആശുപത്രിയിൽനിന്ന് അവർ സ്വായത്താക്കി. കൊൽക്കത്തയിലെ ചേരികളായിരുന്നു പ്രവർത്തനമേഖല. മൈക്കിൾ ഗോമസ് എന്ന ഒരു മനുഷ്യസ്‌നേഹി അവർക്കു വേണ്ട സഹായങ്ങളും പ്രോൽസാഹനവും നൽകി. 1949 മാർച്ച് 19ന് സുഭാഷിണി ദാസ്, തെരേസയുടെ ആദ്യ സഹപ്രവർത്തകയായി. സുഭാഷിണി പിന്നീട് ആഗ്നസ് എന്ന പേരിൽ അറിയപ്പെട്ടു.

കൊൽക്കത്തയി‍ മദർ സ്‌ഥാപിച്ച ആദ്യത്തെ അഗതിമന്ദിരത്തിന്റെ പേരായിരുന്നു ‘നിർമൽ ഹൃദയ്’. താമസിയാതെ കുഷ്‌ഠരോഗികളെ പുനരധിവസിപ്പിക്കുന്നതിനായി കൊൽക്കത്തയിലെ അസ്സൻസോളിൽ ‘ശാന്തിനഗർ’ എന്ന പേരിൽ ഒരു പുനരധിവാസകേന്ദ്രം തുറന്നു. പുരുഷന്മാർക്കും ഈ മേഖലയിൽ വൻ പ്രവർത്തനസാധ്യതയുണ്ടെന്നു മനസ്സിലാക്കിയ മദർ അവർക്കുവേണ്ടിയും ഒരു പ്രസ്‌ഥാനത്തിനു മുൻകയ്യെടുത്തു. അങ്ങനെ 1963 മാർച്ച് 25ന് ‘മിഷനറീസ് ഓഫ് ചാരിറ്റി ബ്രദേഴ്‌സ്’ സ്‌ഥാപിതമായി.
 

Your Rating: