Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശസ്ത്രക്രിയ മേശയിലെ അദ്ഭുതം

Mother Teresa

ബ്രസീലിലെ സാവോ പോളോ സ്വദേശിയായ അൻഡ്രിനോയുടെ ബ്രെയിൻ ട്യൂമർ ഭേദമായതാണ് മദർ തെരേസയുടെ വിശുദ്ധപദവിക്കു കാരണമായ അദ്ഭുതം. 2008ൽ നടന്ന സംഭവം പുറംലോകമറിഞ്ഞത് 2013ൽ ആയിരുന്നു. ലോകയുവജന സമ്മേളനത്തിന് റിയോ ഡി ജനീറോയിലെ‍ത്തിയ ഫ്രാൻസിസ് മാർപാപ്പയോട് ഒരു ഡോക്ടറാണ് ഇക്കാര്യം സൂചിപ്പിച്ചത്. മദറിന്റെ മാധ്യസ്ഥം വഴി നടന്ന അദ്ഭുതം എന്ന നിലയ്ക്ക് ഉടൻ തന്നെ നാമകരണ നടപടികൾ തുടങ്ങാൻ അവിടെ വച്ചു തന്നെ മാർപാപ്പ നിർദേശം നൽകുകകായിരുന്നു.

തുറമുഖ നഗരമായ സാന്റോസിൽനിന്നുള്ള മെക്കാനിക്കൽ എൻജിനീയറാണ് നാൽപ്പത്തിരണ്ടുകാരനായ അൻഡ്രിനോ. ഡോക്ടർമാർ ഒരു ശതമാനം പോലും സാധ്യതയില്ലെന്നു വിധിയെഴുതിയ തലച്ചോറിലെ ട്യൂമറുകൾ, വൈദ്യശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത അദ്ഭുതപ്രതിഭാസത്തോടെ ഭേദമായതിന്റെ ജീവിക്കുന്ന സാക്ഷിയാണ് അൻഡ്രിനോ.

കടുത്ത തലവേദനയെത്തുടർന്നാണ് അൻഡ്രിനോ ഡോക്ടർമാരെ സമീപിച്ചത്. വിവാഹം കഴിഞ്ഞ് അധികം നാളായിരുന്നില്ല അപ്പോൾ. സാന്റോസിലെ സാവോ ലൂക്കാസ് ആശുപത്രിയി‍ൽ അൻഡ്രിനോ അഡ്മിറ്റായി. ഡോക്ടർമാർ ഉടൻ ശസ്ത്രക്രിയ നിർദേശിച്ചു. വൈകാതെ അൻഡ്രിനോ കോമയിലുമായി. ഭർത്താവിന്റെ രോഗാവസ്ഥയ്ക്കു പരിഹാരം തേടി ഭാര്യ റോച്ച സാവോ വിസെന്റെയിലെ കന്യകാമറിയത്തിന്റെ പള്ളിയിൽ പ്രാർഥിക്കാൻ പോയി. അവിടെയുണ്ടായിരുന്ന വൈദികൻ എൽമിറാൻ ഫെറേരയാണു മദർ തെരേസയുടെ ചിത്രം നൽകിയതും പ്രാർഥിക്കാൻ ആവശ്യപ്പെട്ടതും.

ഓപ്പറേഷൻ തീയറ്ററിൽ അനസ്തീസിയ നൽകാനെത്തിയ ഡോക്ടറെ ഞെട്ടിച്ചുകൊണ്ട് അൻഡ്രിനോ എഴുന്നേറ്റിരുന്നു. കോമായിലായിരുന്ന രോഗി എഴുന്നേറ്റു വന്നു സംസാരിക്കുന്നതു കേട്ട് അവിടെയുണ്ടായിരുന്ന സകലരും ആശ്ചര്യ ഭരിതരായി. അദ്ഭുതം എന്ന നിലയിൽ ഈ സംഭവത്തിന്റെ പ്രധാന്യം അന്നാർക്കും പിടികിട്ടിയില്ല.

മാർപാപ്പയുടെ നേരിട്ടുള്ള നിർദേശത്തെത്തുടർന്ന് ഉടൻ സാന്റോസിൽ നാമകരണക്കോടതി സ്ഥാപിക്കപ്പെട്ടു. ആശുപത്രി രേഖകൾ വീണ്ടെടുത്തു. ഡോക്ടർമാരെയും ആശുപത്രിയിലെ ടെക്നീഷ്യന്മാരെയും നാമകരണക്കോടതി നേരിട്ടു വിളിച്ചു വരുത്തി തെളിവെടുത്തു. രണ്ടുവർഷം നീണ്ട തെളിവെടുപ്പുകൾക്കും പരിശോധനകളും. ഒടുവിൽ, അദ്ഭുത രോഗശാന്തി വത്തിക്കാൻ ഔദ്യോഗികമായി അംഗീകരിച്ചു.

Your Rating: