Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദർ തെരേസയുടെ വിശിഷ്‌ട വ്യക്‌തിത്വം

mother-teresa1

ലോകത്ത് ഏറ്റവും അധികം ആദരിക്കപ്പെടുന്ന വിശിഷ്‌ട വനിതകളിൽ ഒരാളാണു വാഴ്‌ത്തപ്പെട്ട മദർ തെരേസ. മദറിന്റെ കീർത്തി ലോകമെമ്പാടും പരക്കുവാനുള്ള കാരണം ഇന്ത്യയിലെ പ്രത്യേകിച്ചു കൊൽക്കത്തയിലെ ചേരികളിലുള്ള ദരിദ്രരുടെയും രോഗികളുടെയും നിരാലംബരുടെയുമൊക്കെ ഇടയിൽ നടത്തിയ കാരുണ്യ പ്രവർത്തനങ്ങളായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾക്കുള്ള ലോകത്തിന്റെ അംഗീകാരമായി 1979 ൽ നൊബേൽ സമാധാന സമ്മാനം മദർ തെരേസയെ തേടിയെത്തി.

1910 ഓഗസ്‌റ്റ് 26ന് യുഗോസ്ളാവ്യയിലെ സ്‌കോപ്‌ജെയിലാണു മദർ തെരേസ ജനിച്ചത്. റോമൻ കാത്തലിക് കന്യാസ്‌ത്രീയായതിനു ശേഷമാണ് അവർ തെരേസ എന്ന പേര് സ്വീകരിച്ചത്. 1928 ൽ ആ മഹതി അയർലൻഡിൽ കന്യാമറിയത്തിന്റെ നാമത്തിലുള്ള സ്‌ഥാപനത്തിൽ ചേരുകയുണ്ടായി. ആറാഴ്‌ചകൾക്കു ശേഷം അധ്യാപികയായി അവർ ഇന്ത്യയിലെത്തി. പാവപ്പെട്ടവരുടെ ഇടയിൽ പ്രവർത്തിക്കാനുള്ള അനുവാദവും തെരേസയ്‌ക്കു ലഭിച്ചു. നഴ്‌സിങ്ങിൽ പരിശീലനം നേടി ഏറ്റവും ദരിദ്ര വിഭാഗങ്ങൾ താമസിക്കുന്ന കൊൽക്കത്തയിലെ ചേരികളിലേക്കു നീങ്ങി. മദറിന്റെ ആവശ്യപ്രകാരം മുനിസിപ്പൽ അധികൃതർ കാളി ക്ഷേത്രത്തിനടുത്തായി തീർഥാടകർക്കുള്ള സത്രം അനുവദിച്ചു നൽകി. 1950 ൽ മദർ ആ സ്‌ഥാപനത്തെ പാവപ്പെട്ട സ്‌ത്രീകൾക്കു വേണ്ടിയുള്ള സാധുജന സംരക്ഷണ കേന്ദ്രമാക്കി രൂപപ്പെടുത്തി. ഈ സ്‌ഥാപനത്തിനു കീഴിൽ സ്‌കൂളുകളും അന്ധരെ ചികിൽസിക്കാനുള്ള കേന്ദ്രങ്ങളും വയോധികർക്കും കുഷ്‌ഠരോഗികൾക്കും അവശർക്കും പരമദരിദ്രർക്കും വേണ്ടിയുള്ള ആലയങ്ങളും ആരംഭിക്കുകയുണ്ടായി.

ദുരിതമനുഭവിക്കുന്ന മനുഷ്യർക്കു വേണ്ടി മറ്റു പല സ്‌ഥാപനങ്ങളും ആ മഹതിയുടെ നേതൃത്വത്തിൽ തുടങ്ങി. ‘നിർമൽ ഹൃദയ്’, ‘ശിശുഭവൻ’ എന്നിവ അവയിൽ പെടുന്നതാണ്. അസൻസോളിൽ ‘ശാന്തിനഗർ’ എന്ന പേരിൽ കുഷ്‌ഠരോഗികൾക്കായി ഒരു കോളനിയും സ്‌ഥാപിച്ചു. 1962 ൽ മദർ തെരേസയ്‌ക്കു പത്മശ്രീ ലഭിച്ചു. 1964ൽ പോൾ ആറാമൻ മാർപ്പാപ്പ ഇന്ത്യ സന്ദർശിച്ചപ്പോൾ മദറിനു സമ്മാനിച്ച വില കൂടിയ ആഡംബര കാർ അവർ ലേലം ചെയ്‌തു കുഷ്‌ഠരോഗികളുടെ കോളനിയിലേക്കുള്ള പണം സ്വരൂപിച്ചു. 1971 ൽ പോപ്പ് ജോൺ 23ാമന്റെ പേരിലുള്ള ആദ്യത്തെ സമാധാന സമ്മാനം മദറിനു ലഭിച്ചു. ദേശീയവും അന്തർദേശീയവുമായ നിരവധി അവാർഡുകൾ ആ പുണ്യവതി ഏറ്റുവാങ്ങി. 1980ൽ ഭാരതരത്ന എന്ന പരമോന്നത ബഹുമതിക്ക് അവർ അർഹയായി. 1972 ൽ ജവാഹർലാൽ നെഹ്‌റു അന്താരാഷ്‌ട്ര സമാധാന സമ്മാനം, 1962 ൽ മഗ്‌സസെ പുരസ്‌കാരം, 1983 ൽ ഓർഡർ ഓഫ് മെറിറ്റ്, 1993 ൽ രാജീവ് ഗാന്ധി സദ്‌ഭാവന എന്നീ അവാർഡുകളും ലഭിച്ചു.


1990 കാലഘട്ടത്തിൽ മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയിൽ മൂവായിരത്തോളം കന്യാസ്‌ത്രീകൾ ഉണ്ടായിരുന്നു. 19ാം വയസിലാണ് മദർ തെരേസ ഇന്ത്യയിലേക്കു വന്നത്. ഇന്ത്യൻ പൗരത്വം സ്വീകരിച്ച ആ പുണ്യവതി 1997 സെപ്‌റ്റംബർ അഞ്ചിന് അന്ത്യശ്വാസം വലിച്ചു. 2003ൽ മദറിനെ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 1980 ഓഗസ്‌റ്റ് 27 ന് മദർ തെരേസയുടെ പേരിലുള്ള സ്‌റ്റാംപ് പുറത്തിറക്കി. മുപ്പതു പൈസയായിരുന്നു സ്‌റ്റാംപിന്റെ വില.

Your Rating: