Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവരാത്രി ആഘോഷവും ബൊമ്മക്കൊലുവും

Navarathri

ഒാരോ നാടും തങ്ങളുടേതായ സാംസ്കാരിക സവിശേഷതകള്‍ ഇണക്കിച്ചേര്‍ത്ത് ആഘോഷിക്കുന്ന ഉല്‍സവം. അതേസമയം, ഇന്ത്യയിലെവിടെയുമുള്ള ആഘോഷം. അതാണു നവരാത്രി. കൊങ്ങിണിയും ഗുജറാത്തിയും ഗൌഡ സാരസ്വതരും തമിഴ് ബ്രാഹ്മണരുമടക്കം വ്യത്യസ്തമായ ജീവിതശൈലിയിലുള്ളവര്‍. അതുകാണ്ടു നവരാത്രി ആഘോഷങ്ങളും ഒന്നിനൊന്നു വ്യത്യസ്തമാണ്.

ഉത്തരേന്ത്യയില്‍ നൃത്തവും നിറപ്പകിട്ടും ഇടകലര്‍ന്ന ആഘോഷത്തിന്റെ കാലം. ദക്ഷിണേന്ത്യയിലെത്തുമ്പോഴേക്കു നവരാത്രിയില്‍ ഭക്തിഭാവം താളലയങ്ങളോടെ സമ്മേളിക്കും. കേരളത്തിലെത്തുമ്പോള്‍ നവരാത്രിക്കു വിദ്യയുടെ സരസ്വതീഭാവം. ഉത്തരേന്ത്യയില്‍, രാവണനെ ജയിച്ച ശ്രീരാമനെ സ്മരിക്കുന്ന ദിവസമാണു വിജയദശമി. രാമരാവണയുദ്ധം പത്തു ദിവസമായിരുന്നു.

ബംഗാളില്‍ ദസറ മഹിഷാസുരനെ നിഗ്രഹിച്ച ദുര്‍ഗയുടെ വിജയാഘോഷമാണ്. ആന്ധ്രയിലും തമിഴ്നാട്ടിലും മറ്റും നവരാത്രിക്കു ബൊമ്മക്കൊലു വയ്ക്കും. നമ്മുടെ നാട്ടിലും ചിലയിടങ്ങളില്‍ ഇതുണ്ട്. വിവിധ തരത്തിലും നിറത്തിലുമുള്ള പാവകള്‍ ചിട്ടയോടെ അടുക്കിവയ്ക്കുന്നതാണു രീതി.

തമിഴ് വീടുകളില്‍ നവരാത്രിക്കാലം ബൊമ്മക്കൊലുക്കളുടേതാണ്. നവരാത്രി ദിനാരംഭത്തില്‍ എല്ലാ വീടുകളിലും ബൊമ്മക്കൊലു വയ്ക്കും. മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് എന്നിങ്ങനെ ഒറ്റസംഖ്യ വരുന്ന പടികള്‍ കട്ടി, അതില്‍ ദേവീദേവന്മാരുടെ ബൊമ്മകള്‍ (കളിമണ്‍ പ്രതിമകള്‍) നിരത്തി വയ്ക്കുന്നു. ഏറ്റവും മുകളിലത്തെ പടിയില്‍ ലക്ഷ്മി, സരസ്വതി, ദുര്‍ഗ, ഗണപതി എന്നിവരുടെ പ്രതിമകളാണു വയ്ക്കാറുള്ളത്.

ഇതിനു പുറമെ, വിവിധ തരത്തിലുള്ള ബൊമ്മകളും അലങ്കാരത്തിനായി വയ്ക്കും. പ്രതിമകള്‍ക്കിടയില്‍ വയ്ക്കുന്ന കുംഭത്തിനാണു ഏറ്റവും പ്രധാനം.ഇതൊരുക്കുന്നതു ചെറിയ കുടത്തില്‍ കുടുമയുള്ള (ചകിരിയോടുകൂടിയുള്ള) തേങ്ങ വച്ചാണ്. തേങ്ങയില്‍ ശ്രീ ലളിതാപരമേശ്വരിയുടെ മുഖം മെനഞ്ഞെടുക്കണം.

സര്‍വാലങ്കാരവിഭൂഷിതയായ ദേവിയുടെ മുഖം വരുത്തി ചൈതന്യം ആവാഹിച്ചു കുംഭം പൂജിക്കുന്നു. കുംഭത്തിനു ചാര്‍ത്താനായി പ്രത്യേക തരം മാലകളും അലങ്കാരവസ്തുക്കളുമുണ്ട്. ഇതിനു പുറമെ, മരപ്പാച്ചി, പട്ടരും പട്ടത്തിയും തുടങ്ങി പലവിധത്തിലുള്ള ബൊമ്മക്കൊലുകളും ഉണ്ടാക്കി വയ്ക്കും.

ബൊമ്മക്കൊലുക്കള്‍ ഒരുക്കുന്നതും ദേവിയെ പൂജിക്കുന്നതും സ്ത്രീകളാണ്. ഒന്‍പതു ദിവസവും രാവിലെശോഭനം പാടിയാണു പൂജ. ഇതു വീടിന് ഐശ്വര്യവും ക്ഷേമവും പ്രദാനം ചെയ്യുമെന്നാണു വിശ്വാസം. ബൊമ്മക്കൊലു കാണാന്‍ വീട്ടില്‍വരുന്നവര്‍ക്കെല്ലാം സമ്മാനങ്ങള്‍ നല്‍കണം.

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.