Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവരാത്രിയുടെ ഐതിഹ്യം

pooja

രാജ്യത്തൊട്ടാകെ നവരാത്രി ആഘോഷങ്ങളുടെ കാലം. കന്നി മാസത്തിലെ കറുത്ത വാവ് കഴിഞ്ഞ് പ്രഥമ മുതല്‍ ഒന്‍പതു ദിവസമാണ് ആഘോഷം. മഹിഷാസുരനെ നിഗ്രഹിക്കാന്‍ പാര്‍വതി, സരസ്വതി, ലക്ഷ്മി എന്നീ ദേവതകള്‍ ചേര്‍ന്നു ദുര്‍ഗാദേവിയായി രൂപം പൂണ്ട് ഒന്‍പതു ദിവസം വ്രതം അനുഷ്ഠിച്ച് ആയുധപൂജ യിലൂടെ ശക്തിയാര്‍ജിച്ചെന്നാണ് നവരാത്രിയുടെ ഐതിഹ്യങ്ങളില്‍ പ്രധാനം. നവരാത്രിയില്‍ ആദ്യ മൂന്നു ദിവസം പാര്‍വതിയെയും അടുത്ത മൂന്നു ദിവസം ലക്ഷ്മിയെയും അവസാന മൂന്നു ദിവസം സരസ്വതിയെയുമാണ് പൂജിക്കുന്നത്.

കേരളത്തില്‍ നവരാത്രി ആയുധപൂജയുടെയും വിദ്യാരംഭത്തിന്റെയും സമയമാണ്. അഷ്ടമി നാളില്‍ എല്ലാവരും പണിയായുധങ്ങള്‍ പൂജയ്ക്കു വയ്ക്കുന്നു. മഹാനവമി ദിവസം മുഴുവന്‍ പൂജ ചെയ്ത ശേഷം വിജയദശമി ദിവസം വിദ്യാരംഭം. കുട്ടികളെ എഴുത്തിനിരുത്തുന്നത് അന്നാണ്. ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചത് നവരാത്രിയുടെ അവസാനമാണെന്നും ഐതിഹ്യമുണ്ട്.

ദുര്‍ഗാദേവിക്കു വേണ്ടി നടത്തപ്പെടുന്നതാണു നവരാത്രിപൂജ. ശരത്കാലത്തിലും വസന്തകാലത്തിലു മാണു വിധിപ്രകാരം നവരാത്രി പൂജ ചെയ്യേണ്ടത്. കാലദംഷ്ട്രകള്‍ എന്നാണ് ഇൌ രണ്ടു കാലവും അറിയപ്പെടുന്നത്. മേടം തുലാം എന്നീ മാസങ്ങളില്‍ ഇൌ വ്രതം അനുഷ്ഠിക്കപ്പെടണമെന്നാണ് വിധി. ത്രൈലോകങ്ങള്‍ കീഴടക്കിവാണ അസുരരാജാവായിരുന്നു മഹിഷാസുരന്‍. സ്വര്‍ഗത്തില്‍ നിന്ന് ഇന്ദ്രനെയും ദേവകളെയും മഹിഷാസുരന്‍ ആട്ടി പ്പായിച്ചു. ത്രിമൂര്‍ത്തികളായ ബ്രഹ്മാവിഷ്ണു പരമേശ്വരന്‍മാരുടെ നിര്‍ദേശപ്രകാരം ദേവകളുടെ എല്ലാം തേജസ് ഒന്നായി ചേര്‍ന്ന് രൂപമെടുത്തതാണ് ദുര്‍ഗാദേവി.

വിവിധ രൂപങ്ങളിലായി സ്ഥിതി ചെയ്തിരുന്ന ശക്തികളെല്ലാം സമാഹരിച്ച് രംഗപ്രവേശം ചെയ്ത അതിസുന്ദരിയായിരുന്നു ദേവി. ദേവി ദേവലോകത്തെത്തി മഹിഷാസുരനെ വെല്ലുവിളിച്ചു. ദേവിയെ കണ്ട മാത്രയില്‍ തന്നെ മഹിഷാസുരന്‍ ദേവിയില്‍ അനുരക്തനായി. എന്നാല്‍ തന്നെ പരാജയപ്പെടുത്താന്‍ കഴിവുള്ള ആളുടെ ഭാര്യയാകാനാണു തനിക്കിഷ്ടമെന്ന് ദേവി അരുളിച്ചെയ്തു.

ഇരുവരും യുദ്ധം ആരംഭിച്ചു. യുദ്ധത്തിനെത്തിയ മഹിഷാസുരന്റെ മന്ത്രിമാരെ എല്ലാം ഒന്നൊന്നായി ദേവി കൊന്നൊടുക്കി. ഒടുവില്‍ മഹിഷാസുരന്‍ തന്നെ നേരിട്ടെത്തി. വിഷ്ണുചക്രം കൊണ്ടു ദേവി മഹിഷാസുരന്റെ കണ്ഠം ഛേദിച്ചു. ദേവകള്‍ ആനന്ദതുന്ദിലരായി ദുര്‍ഗാദേവി മഹിഷാസുരനെ കൊന്നു വിജയം വരിച്ചതാണു വിജയദശമി എന്ന് സങ്കല്‍പിക്കപ്പെടുന്നു. ദുര്‍ഗ മഹിഷാസുരനെ ജയിച്ചെന്ന കഥ വിദ്യയുടെ ആവിര്‍ഭാവത്തോടെ അജ്ഞാനാന്ധകാരം നശിച്ചു എന്നതിന്റെ സൂചനയായി കണക്കാക്കാം.

അതിനാല്‍ ജീവിതവിജയത്തിന് ഉപകരിക്കുന്ന സകല കലകളുടെയും അഭ്യാസസംരംഭത്തിന് ഏറ്റവും അനുയോജ്യമായ സന്ദര്‍ഭമായി ഇതിനെ പരിഗണിക്കുന്നു. ദുര്‍ഗയുടെ തന്നെ രൂപാന്തരസങ്കല്‍പമാണല്ലോ സരസ്വതി. ദേവിയുടെ വിജയദിനമായി കരുതപ്പെടുന്ന വിജയദശമി വിദ്യാരംഭദിനമായി ആചരിക്കപ്പെടുന്നു. യോദ്ധാവ് തന്റെ ആയുധങ്ങളെയും സാഹിത്യകാരന്‍ തന്റെ ഗ്രന്ഥങ്ങളെയും തുലികയെയും സംഗീതജ്ഞര്‍ സംഗീതോപകരണങ്ങളെയും ദേവിയുടെ പാദത്തില്‍ സമര്‍പ്പിച്ചു പൂജിച്ച ശേഷം വിജയദശമി ദിനത്തിലെ ശുഭമുഹൂര്‍ത്തത്തില്‍ പ്രാര്‍ഥനാപൂര്‍വം അവ തിരികെ എടുക്കുന്നു.

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.