Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സരസ്വതീമന്ത്രം എഴുതി അറിവിന്‍റെ ലോകത്തേക്ക്

vidyarambham

വിജയദശമി ദിവസം തേനില്‍ മുക്കിയ പവിത്രമോതിരം കാണ്ടു നാവില്‍ സരസ്വതീമന്ത്രം എഴുതി അറിവിന്റെ ലോകത്തേക്കു പിച്ച വയ്ക്കുകയാണ് അനേകായിരം കുരുന്നുകള്‍. ആദ്യാക്ഷരം മധുരമായി നാവില്‍ കിനിഞ്ഞിറങ്ങുന്ന നിമിഷം. തേന്‍, കരിമ്പ്, ത്രിമധുരം എന്നിങ്ങനെ ശുദ്ധമായ രുചിക്കൂട്ടുകള്‍ വിജയദശമിക്കു കൂട്ടെത്തുന്നു. തേനിന്റെ കഥയിലേക്കു വരാം. തേന്‍തുള്ളിയും വിദ്യയും തമ്മിലുള്ള ബന്ധമെന്താണെന്നു ചിന്തിച്ചിട്ടുണ്ടോ? പൂക്കളില്‍ ജനിക്കുന്ന തേന്‍ തേനീച്ചകള്‍ ശേഖരിച്ചു വര്‍ഷങ്ങളോളം കാത്തുസൂക്ഷിച്ചതാണു നാം നുകരുന്ന തേന്‍.

ഭൂമിയില്‍ ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും ശുദ്ധമായ ഭക്ഷണം തേനാണെന്നു വേദങ്ങള്‍ പറയുന്നു. കരടുമാറ്റി ശുദ്ധി ചെയ്തെടുക്കുന്ന തേനാണു മുന്‍പു വിദ്യാരംഭദിവസം നാവില്‍ ആദ്യാക്ഷരം കുറിക്കാന്‍ എടുത്തിരുന്നത്. ലോലമായ രസമുകുളങ്ങളില്‍ തീവ്രമായ മധുരത്തോടെ തേന്‍തുള്ളി തൊടുമ്പോള്‍ നാഡികളിലൂടെ തലച്ചോറില്‍ സ്പന്ദനങ്ങള്‍ സൃഷ്ടിക്കുമെന്നു ചരകന്‍ പറയുന്നു.

സ്വര്‍ണവും വയമ്പും ചാലിച്ചു തേനില്‍മുക്കി എഴുതുന്ന ആദ്യാക്ഷരങ്ങള്‍ അങ്ങനെ ഒരിക്കലും മറക്കാത്ത മധുരാനുഭവമായി മാറുന്നു. കരിമ്പില്ലാതെ എന്തു നവരാത്രി ആഘോഷം? ബ്രിട്ടിഷ് കാലഘട്ടത്തിന്റെ തുടര്‍ച്ചയായി ആലപ്പുഴയിലെ മാന്നാര്‍, കുട്ടംപേരൂര്‍,തിരുവന്‍വണ്ടൂര്‍, ചെങ്ങന്നൂര്‍ പ്രദേശങ്ങളിലും വ്യാപകമായ തോതില്‍ കരിമ്പു കൃഷി നടന്നിരുന്നു. മധുരത്തിന്റെ ലോകത്തു തിരുവന്‍വണ്ടൂര്‍ ശര്‍ക്കര അടുത്ത കാലം വരെ പ്രമുഖ ബ്രാന്‍ഡ് ആയിരുന്നു. തമിഴ്നാട്ടില്‍നിന്നും വിലകുറഞ്ഞ ശര്‍ക്കരയുടെ കുത്തൊഴുക്കു വന്നതോടെയാണു തിരുവന്‍വണ്ടൂര്‍ ശര്‍ക്കരയുടെ വില്‍പന കുറഞ്ഞത്. നവരാത്രിയിലെ ഒന്‍പതു ദിവസവും ഒരിക്കലൂണ് എന്ന രീതിയാണു കരളത്തിലെ പ്രത്യേകത.

ദിവസത്തില്‍ ഒരു പ്രാവശ്യം മാത്രം അരിഭക്ഷണം കഴിക്കുന്നു. മറ്റു നേരങ്ങളില്‍ ലഘുഭക്ഷണമോ ഇളനീരോ കഴിക്കണമെന്നാണ് ആചാരം. ബ്രഹ്മചാരി കുറച്ചു ഭക്ഷണം മാത്രമേ കഴിക്കാവൂ എന്നാണു വേദാഭിപ്രായം. വിദ്യാരംഭത്തിനു ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്ന സന്ദേശമാണ് ഒരിക്കലൂണിലൂടെ നല്‍കുന്നത്..

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.