Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീനർക്ക് ആലംബമേകിയ പരിശുദ്ധൻ

parumala

ദലിതരുടെ ഉദ്ധാരകനായിരുന്ന മലങ്കര സഭാ പിതാവ് ആരെന്നു ചോദിച്ചാൽ പെട്ടെന്നു ലഭിക്കുന്ന ഉത്തരം ഒരുപക്ഷേ ‘പത്രോസ് മാർ ഒസ്താത്തിയോസ്’ എന്നാവും. എന്നാൽ അദ്ദേഹത്തിനും ഏതാണ്ട് അര നൂറ്റാണ്ടു മുൻപുതന്നെ സമൂഹത്തിലെ ചവിട്ടി മെതിക്കപ്പെട്ടിരുന്ന അധഃസ്ഥിതരെക്കുറിച്ചു ഹൃദയത്തിൽ കുത്തുകൊണ്ട്, അവരുടെ ഉന്നമനത്തിനായി തന്റെ വാക്കും പേനയും ശക്തിയുമുപയോഗിച്ച പരിശുദ്ധനായിരുന്നു പരുമല തിരുമേനി. ദലിതർക്കു സാമ്പത്തിക ഭദ്രതയും സാമൂഹിക അംഗീകാരവും നേടിക്കൊടുക്കണമെന്നു തിരുമേനി ആഗ്രഹിച്ചിരുന്നു.

ഉൗർശ്ലേം യാത്രയ്ക്കുശേഷം തിരികെ വന്നപ്പോൾ തന്നെ സ്വീകരിക്കാനെത്തിയവരോടു പറഞ്ഞ ഒരു പ്രസംഗത്തിൽത്തന്നെ ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ ചിന്ത വെളിപ്പെടുന്നു. താഴ്ന്ന ജാതിക്കാർക്കു രാജപാതയിൽ സഞ്ചരിക്കാൻപോലുമുള്ള സ്വാതന്ത്യ്രമില്ലാത്ത അവസ്ഥ മാറേണ്ടിയിരിക്കുന്നു. അവരുടെ ദാരിദ്യ്രവും ജീവിത രീതികളും മാറുന്നതിനു ക്രിസ്ത്യാനികളായ നമ്മൾ എന്തെല്ലാം ചെയ്യണമെന്ന് ആലോചിക്കണമെന്നാണു തിരുമേനി പ്രസ്താവിച്ചത്. അതിനായി ഒന്നാമതു ചെയ്യേണ്ടത് അവരെ വിദ്യാസമ്പന്നരാക്കണമെന്ന താണ്. ഇക്കാര്യത്തിൽ നമ്മൾ ചെയ്തിട്ടുള്ള ശ്രമങ്ങൾ വളരെ വർധിപ്പിക്കാനുണ്ട്. ഇംഗ്ലീഷ് സ്കൂളുകൾത്തന്നെ ഇതിനായി സ്ഥാപിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ആ കാലഘട്ടത്തിലെ ഒരു പ്രവാചക ശബ്ദംപോലെ തിരുമേനിയുടെ ഇൗ വാക്കുകളെ കണക്കാക്കേണ്ടിയിരിക്കുന്നു. ദലിതരെ പെട്ടെന്ന് അംഗീകരിക്കാൻ മറ്റുള്ളവർ മടിച്ചേക്കുമോ എന്ന ഭയത്തിൽനിന്നാവണം, ആദ്യം അവർക്കുവേണ്ടി മാത്രം പ്രത്യേകം പള്ളികളും സ്കൂളുകളും സ്ഥാപിക്കണമെന്ന വീക്ഷണമെടുത്തത്. ആദ്യമെല്ലാം ഇത്തരം ചില സ്ഥാപനങ്ങൾ ഉണ്ടാക്കുകയും ചെയ്തു. എന്നാൽ പിൽക്കാലത്തു മലങ്കര സഭ ദലിതർക്കായി പ്രത്യേകം സ്ഥാപനങ്ങൾ ഉണ്ടാക്കാൻ കൂട്ടാക്കാതിരുന്നത് ഒന്നുകൂടെ വേഗത്തിൽ അവർ മുഖ്യധാരയിലേക്കു വരുന്നതിനു പ്രോൽസാഹനമായി.

നസ്രാണി സമൂഹത്തിലെ യാഥാസ്ഥിതികരായിരുന്ന പല പ്രമുഖരിൽനിന്നും എതിർപ്പുകൾ ഉണ്ടായിട്ടും അവയൊന്നും വകവയ്ക്കാതെ അദ്ദേഹം തന്റെ വേല തുടർന്നു. അടിസ്ഥാന ക്രിസ്തീയ തത്വങ്ങളിലുള്ള വിശ്വാസവും അന്നത്തെ മറ്റു സാമൂഹിക പരിഷ്കർത്താക്കളുടെയും ഇംഗ്ലീഷ് മിഷനറിമാരുടെയുമൊക്കെ പ്രവർത്തന ശൈലികളുടെ സ്വാധീനവുമായിരിക്കാം ഉറച്ച നിലപാടുകൾ സ്വീകരിക്കാൻ ആ പിതാവിനെ പ്രേരിപ്പിച്ചത്. മുളന്തുരുത്തി, നിരണം, കുന്നംകുളം, തിരുവല്ല, തുമ്പമൺ തുടങ്ങിയ സ്ഥലങ്ങളിൽ സ്വയമായി വിദ്യാലയങ്ങൾ ആരംഭിക്കുകയും മറ്റുള്ളവരെ ഇൗദൃശ പ്രവർത്തനങ്ങൾക്കു പ്രേരിപ്പിക്കുകയും ചെയ്തതിലുപരി, അന്നത്തെ ഗവൺമെന്റ് സ്കൂളുകളിൽ ദലിതരെ പ്രവേശിപ്പിക്കാൻ സർക്കാർതലത്തിൽ സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു. സമൂഹത്തിന്റെ അടിത്തട്ടിൽ കിടക്കുന്നവരുടെ വേദനകളെ അടുത്തറിഞ്ഞ് അവരെ ചെന്നുകണ്ട് ആശ്വസിപ്പിക്കുന്നതോടൊപ്പം അവർക്കു വേണ്ട എല്ലാ സഹായങ്ങളും എപ്പോഴും ചെയ്തുകൊടുക്കാൻ സന്നദ്ധനായിരുന്നു ആ പരിശുദ്ധൻ.

സുവിശേഷ വേലയ്ക്ക് അദ്ദേഹം നൽകിയിരുന്ന പ്രാധാന്യം തന്റെ പ്രസംഗങ്ങളിലും ഇടയ ലേഖനങ്ങളിലും മുഴച്ചുനിന്നിരുന്നു. സുവിശേഷ വേല എന്നതു കേവലം സഭയിലെ അംഗസംഖ്യ വർധിപ്പിക്കുന്ന ഒരു പ്രക്രിയയായി അദ്ദേഹം കണ്ടിരുന്നില്ല. ക്രിസ്തീയ മൂല്യങ്ങളായ സ്നേഹവും സഹാനുഭൂതിയും ഉപദേശിക്കുന്നതിലൂടെ സമൂഹംതന്നെ മാറ്റപ്പെടുമെന്നുള്ള തായിരുന്നു തിരുമേനിയുടെ വീക്ഷണം. പാപപ്രവൃത്തികളും ദുർനടപ്പുമില്ലാത്ത, എല്ലാവരും സമന്മാരായിരിക്കുന്ന ഒരു സമൂഹമായിരുന്നു തിരുമേനിയുടെ സ്വപ്നം. നമ്മുടെ നാടിനെ വിശുദ്ധിയുടെ പരിമളത്താൽ സുഗന്ധപൂരിതമാക്കുകയും നമ്മുടെ സമൂഹത്തിന്റെ സമഗ്രമായ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്ത ആ പരിശുദ്ധനെ നമുക്കു നൽകിയ സർവശക്തനായ ദൈവത്തെ സ്തുതിക്കാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.