Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യനിലും ഈശ്വരനെ കാണുന്ന രാമതത്വം

Ramayana വാല്മീകിയുടെ രാമൻ മനുഷ്യനാണെങ്കിൽ എഴുത്തച്ഛന്റെ രാമൻ ഈശ്വരനാണ്. അതുതന്നെയാണ് എഴുത്തച്ഛൻ‌ രാമായണത്തിന്റെ പ്രസക്തിയും.

ഭക്തിയുടെ കുളിരു പെയ്യുന്ന കർക്കടകം. ഇനി രാമകഥാമൃതത്തിന്റെ നാളുകൾ. എന്തുകൊണ്ടു കർക്കടകം മലയാളിക്കു രാമായണമാസമായി? അതിനു കാർഷികസംസ്കാരവുമായി ബന്ധമുണ്ട്. കർക്കടകം കഴിഞ്ഞുവരുന്ന ചിങ്ങത്തിലാണു വിളവെടുപ്പ്. കാർഷികസംസ്കൃതിയിൽ അധിഷ്ഠിതമായ ജനതയുടെ പ്രാർഥന നല്ല വിളവു കിട്ടണേ എന്നു മാത്രമാണ്. പൊന്നിൻചിങ്ങത്തിന്റെ മുൻപുള്ള നാളുകളിൽ ആ പ്രാർഥന അതിന്റെ പാരമ്യത്തിലേക്ക് എത്തുന്നു. 

തെങ്ങും നെല്ലുമാണു കർഷകന്റെ പ്രതീക്ഷ. നെല്ലു കൊയ്യാറായിട്ടില്ല. തേങ്ങയാണെങ്കിൽ ‘കർക്കടകക്കൂരി’യും. ദുരിതങ്ങൾ പെയ്യുന്ന കർക്കടകത്തിന്റെ ദുർഘടങ്ങളിൽ നിന്നുള്ള മോചനവും പൊന്നിൻചിങ്ങത്തിലെ നൂറുമേനി വിളവുമാണ് ആ പ്രാർഥനകളിൽ നിറഞ്ഞിരുന്നത്. അതു പിന്നെ ഭക്തിയിലേക്കു നീളുന്നു. ഒരു വർഷത്തിന്റെ മുഴുവൻ പ്രാർഥനയായി മാറുന്നു.  

നൂറ്റാണ്ടുകളായി മലയാളിയുടെ ചുണ്ടിൽ എന്നും രാമനാമമുണ്ട്. ഞങ്ങളുടെയൊക്കെ ചെറുപ്പത്തിൽ, എന്നും സന്ധ്യയ്ക്കു രാമനാമം ചൊല്ലുകയെന്നതു നിർബന്ധമായിരുന്നു. അങ്ങനെ രാമനാമം ജീവിതത്തിന്റെ ഭാഗമായിരുന്നു.   

ക്ഷേത്രങ്ങളിൽ എല്ലാ ദിവസവും പൂജയുണ്ട്. അതിന്റെ ക്ലൈമാക്സാണ് ഉത്സവം. അതുപോലെ, മലയാളിയുടെ ദിവസവുമുള്ള രാമനാമജപത്തിന്റെ ക്ലൈമാക്സാണു കർക്കടകത്തിലെ രാമനാമജപം. നിറഞ്ഞ ഭക്തിയുടെ തികഞ്ഞ സമർപ്പണമാണത്.   

ഈ ലോകത്തു ജീവിതവിജയത്തിനു വേണ്ടതു ഭക്തിയാണ്. ആ ഭക്തിയുടെ പാരമ്യവുമായാണു തുഞ്ചത്ത് എഴുത്തച്ഛൻ അധ്യാത്മരാമായണം കിളിപ്പാട്ട് മലയാണ്മയ്ക്കു സമർപ്പിച്ചത്. വാല്മീകിയുടെ രാമായണത്തിൽ നിന്നു മാറി ഒരുപാടു സ്വാതന്ത്ര്യമെടുത്താണ് എഴുത്തച്ഛൻ രാമായണം നമുക്കു തന്നത്. 

ഭക്തിയുടെ പാതയ്ക്കു കരുത്തേകാൻ എഴുത്തച്ഛനെടുത്ത ആ സ്വാതന്ത്ര്യത്തെ മലയാളികൾ ഏറെ ആദരത്തോടെ അംഗീകരിക്കുകയും ചെയ്തു. വാല്മീകിയുടെ രാമൻ മനുഷ്യനാണെങ്കിൽ എഴുത്തച്ഛന്റെ രാമൻ ഈശ്വരനാണ്. അതുതന്നെയാണ് എഴുത്തച്ഛൻ‌ രാമായണത്തിന്റെ പ്രസക്തിയും.   

സംസ്കൃതത്തിലെ വാല്മീകിരാമായണം, ഹിന്ദിയിലെ രാമചരിതമാനസ് എന്ന തുളസീദാസരാമായണം, തമിഴിലെ കമ്പരാമായണം, മലയാളത്തിലെ അധ്യാത്മരാമായണം കിളിപ്പാട്ട് എന്നിവയാണല്ലോ പ്രധാനപ്പെട്ട നാലു രാമായണങ്ങൾ. ഇതിൽ ഭക്തിയുടെ കാര്യത്തിൽ അങ്ങേയറ്റത്തു നിൽക്കുന്നത് എഴുത്തച്ഛന്റെ രാമായണം തന്നെയാണ്.  

തുളസീദാസനും രാമകഥയിൽ ഭക്തി ലയിപ്പിച്ചെങ്കിലും, ‘‘ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ, ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ... എന്നു തുടങ്ങുന്ന എഴുത്തച്ഛന്റെ ഈരടികളോളം ഭക്തിയുടെ പാരമ്യം മറ്റെവിടെ കാണാൻ കഴിയും? അതുകൊണ്ടു തന്നെയാണ് ഇതിനു മുൻപുണ്ടായ ചെറുശ്ശേരിയുടെ കൃഷ്ണഗാഥയെക്കാൾ എഴുത്തച്ഛന്റെ രാമായണം മലയാളിയുടെ മനസ്സിനെ കീഴടക്കിയത്. 

മഹാഭാരതത്തിൽ ശ്രീകൃഷ്ണൻ നല്ലൊരു രാഷ്ട്രതന്ത്രജ്ഞനാണെങ്കിൽ, രാമായണത്തിൽ രാമൻ നല്ലൊരു രാജാവാണ്. രാജ്യത്തിനും പ്രജകൾക്കും വേണ്ടി ജീവിച്ച യഥാർഥ രാജാവ്. രാമരാജ്യമാണ് ആദർശരാജ്യം. 

രാഷ്ട്രപിതാവ് മഹാത്മജി പോലും സ്വപ്നം കണ്ടത് ആ ആദർശരാജ്യമായിരുന്നുവല്ലോ.രാമായണത്തിൽ എന്നെ ഏറ്റവുമധികം ആകർഷിച്ചത്, രാമരാവണയുദ്ധത്തിനിടയിൽ അഗസ്ത്യമഹർഷി രാമന് ആദിത്യഹൃദയമന്ത്രം ഉപദേശിക്കുന്ന സന്ദർഭമാണ്. 

‘‘സന്താപനാശകരായ നമോ നമഃ

അന്ധകാരാന്തകരായ നമോ നമഃ

ചിന്താമണേ, ചിദാനന്ദായ തേ നമഃ

നീഹാരനാശകരായ നമോ നമഃ ......’’ എന്നു തുടങ്ങി ‘‘ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ’’ എന്നവസാനിക്കുന്ന ആദിത്യഹൃദയമന്ത്രം ഈ പ്രപഞ്ചത്തെയാകെ ഉൾക്കൊള്ളുന്നു. വിശ്വൈകസാക്ഷിയായ സാക്ഷാൽ സൂര്യഭഗവാനാണ് സൃഷ്ടിസ്ഥിതിലയകാരണഭൂതൻ എന്നു നമ്മോടു പറയുന്ന രാമായണം വലിയൊരു ശാസ്ത്രതത്വം തന്നെയാണു നമുക്കു മുന്നിൽ വയ്ക്കുന്നത്. 

രാമനും സീതയുമെല്ലാം പ്രപഞ്ചശക്തിയുടെ രൂപഭേദങ്ങൾ മാത്രം. അഹം ബ്രഹ്മാസ്മി, തത്വമസി തുടങ്ങിയ ഉപനിഷദ് വാക്യങ്ങളിൽ പറയുന്നതും മറ്റൊന്നല്ല. 

അങ്ങനെ, മനുഷ്യനിലും ഈശ്വരനെ ദർശിക്കുന്ന സനാതനധർമതത്വം തന്നെയാണു രാമായണവും നമ്മിലേക്കു പകർന്നുതരുന്നത്. ഈ തത്വം മനസ്സിലാക്കി വേണം രാമായണത്തെ സമീപിക്കേണ്ടതും.   

Your Rating: