Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീർ‌ഥയാത്ര

LP-MECCA-TWO-4-col

കഅബാലയത്തെ നോക്കി ഇരിക്കുകകയാണു ഞാൻ. കോടാനുകോടി ജനങ്ങളുടെ ചരിത്രവും വിശ്വാസവും കാലങ്ങളായി സംഗമിച്ച വിശുദ്ധ മന്ദിരത്തിലേക്ക്. മനുഷ്യന്റെ വിശ്വാസവും വികാരവും ഇത്രമേൽ കെട്ടുപിണഞ്ഞു കിടക്കുന്ന മന്ദിരം കഅബാലയം പോലെ മറ്റൊന്നില്ലെന്നെനിക്കു തോന്നി. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് ദിവസവും ചുരുങ്ങിയത് അഞ്ചു തവണയെങ്കിലും കോടാനുകോടി ജനങ്ങൾ തിരിഞ്ഞു നമസ്കരിച്ചത് ഈ മന്ദരത്തിലേക്കാണ്. കോടാനുകോടി മനുഷ്യരുടെ മുഖം അന്ത്യവിശ്രമത്തിനായി കബറുകളിൽ തിരിച്ചുവയ്ക്കുന്നതും ഇതേ മന്ദിരത്തിലേക്ക്. 

ദൈവത്തെ ആരാധിക്കാനായി ഭൂമിയിൽ ആദ്യം പണിത കെട്ടിടമാണത്രെ കഅബാലയം. സ്വർഗത്തിൽനിന്നുപുറത്തായ ആദമിനു പ്രാർഥിക്കാൻ മാലാഖമാരുടെ നേതൃത്വത്തിലാണ് കഅബാലയം പണിതത്. വാനലോകത്ത് എഴുപതിനായിരം മാലാഖമാർ അനുനിമിഷം പ്രദക്ഷിണം വയ്ക്കുന്ന ‘ബൈത്തുൽ മഅ്മൂറി’നു തുല്യമായ നിർമിതി. ജിബ്രീൽ മാലാഖയുടെയും ആദം പ്രവാചകന്റെയും മേൽനോട്ടത്തിൽ മാലാഖമാരാണ് കഅബാലയം ആദ്യം പണിതത്. നൂഹ് പ്രവാചകന്റെ കാലത്തുണ്ടായ മഹാപ്രളയത്തിൽ മുങ്ങിയ കഅബാലയത്തെ പിന്നീട് ഇബ്രാഹീം പ്രവാചകനും മകൻ ഇസ്മായീലും ചേർന്നാണ് പുനർനിർമിച്ചത്. പിന്നീട് പല കാലങ്ങളിൽ പലരായി പുനർനിർമിച്ചാണ് ഈ കാണുന്ന രൂപത്തിലായത്. 

സഫാ, മർവാ മലകൾ എന്റെ ഇരുഭാഗത്തുമുണ്ട്. ദൈവത്തിന്റെ ചിഹ്നമായി ചരിത്രത്തിൽ അടയാളപ്പെടാനും ഹജ്, ഉംറ കർമങ്ങളുടെ ഭാഗമാകാനും കഴിഞ്ഞ രണ്ടു കുന്നുകൾ. ഈ കുന്നുകൾക്കിടയിലാണ് പിഞ്ചുകുഞ്ഞിനെ തനിച്ചാക്കി ഹാജറ എന്ന അടിമസ്ത്രീ ചരിത്രത്തിലേക്ക് ഓടിക്കയറിയത്.

ഇബ്രാഹീം പ്രവാചകന് ഈജിപ്തിലെ രാജാവ് സമ്മാനിച്ച അടിമപ്പെണ്ണായിരുന്നു കറുത്ത ഹാജറ. ഇബ്രാഹീമിന്റെ പത്നി സാറയ്ക്കു പ്രസവിക്കുന്ന സമയം പിന്നിട്ടപ്പോഴാണ് ഹാജറ ഇബ്രാഹീമിന്റെ ജീവിതത്തിലേക്കു വന്നത്. കുട്ടികൾ വേണമെന്ന സാറയുടെ മനസ്സ് വേവലാതി പറഞ്ഞതോടെ ഹാജറയെ ഭാര്യയാക്കാൻ ഇബ്രാഹീമിനോട് ആവശ്യപ്പെട്ടു. സാറ ആവശ്യപ്പെട്ടതു പ്രകാരം ഇബ്രാഹീം ഹാജറയെ ജീവിത പങ്കാളിയാക്കി. വൈകാതെ ഹാജറ ഇസ്മായീലിനു ജന്മം നൽകി.

ദൈവഹിതം പോലെ ഒരുദിവസം ഇബ്രാഹീം ഹാജറയെയും കുഞ്ഞിനെയും കൊണ്ട് വീടുവിട്ടിറങ്ങി. 30 ദിവസത്തെ ഒട്ടകപ്പുറത്തെ യാത്രയ്ക്കു ശേഷം അവർ നാലുഭാഗവും മലകളാൽ ചുറ്റപ്പെട്ട മരുഭൂമിയുടെ താഴ്‌വരയിലെത്തി. പറവകൾപോലും മുകളിലൂടെ പറക്കാത്ത ഊഷരഭൂമി. ജീവന്റെ ചെറുതുടിപ്പുകൾ പോലമുമില്ലാത്ത ചത്തുമലച്ച കുന്നിൻചെരിവുകൾ.

ഹാജറയെയും കുഞ്ഞിനെയും മരുക്കാട്ടിൽ തനിച്ചാക്കി ഇബ്രാഹീം തിരിച്ചുപോയി. ഹാജറയ്ക്കും കുഞ്ഞിനും ജീവിക്കാൻ ബാക്കിയുള്ളത് ഒരു തോൽപ്പാത്രത്തിൽ കുറച്ചുവെള്ളവും ഒരുപിടി കാരയ്ക്കയും മാത്രം. ഹാജറയുടെ ചുടുനിശ്വാസവും മരുഭൂമിയുടെ നിലയ്ക്കാത്ത വിലാപവും ഒന്നായിച്ചേർന്നു. യുഗദൈർഘ്യമുള്ള രണ്ടു രാത്രിയും പകലും പിന്നിട്ടു. ചുറ്റും കത്തുന്ന വെയിൽ. തിളങ്ങുന്ന തീഷ്ണത. ഭീകര നിശബ്ദത. 

ചുണ്ടുകൾ നനയ്ക്കാൻ മാത്രമായി എത്ര കുറച്ചു കുടിച്ചിട്ടും മൂന്നാം ദിവസം തോൽപ്പാത്രത്തിലെ വെള്ളം തീർന്നു. കുഞ്ഞ് ദാഹിച്ചു കരയാൻ തുടങ്ങി. ഏതോ ഉൾപ്രേരണപോലെ ഹാജറ കുഞ്ഞിനെ നിലത്തു കിടത്തി സഫാമലയുടെ മുകളിലേക്ക് ഓടിക്കയറി. വല്ല നീരുറവയും കിനിയുന്നുണ്ടോ? ഇല്ല, താഴെ ഇറങ്ങി എതിർദിശയിലുള്ള മർവാമലയുടെ മുകളിലേക്ക് ഓടിക്കയറി. അവിടെയും നിരാശയായിരുന്നു ഫലം. അങ്ങനെ സഫാ, മർവാ മലകൾക്കിടയിൽ പരിഭ്രാന്തയായി ഹാജറ പലവട്ടം മലകൾ കയറിയും ഇറങ്ങിയും ഓടി. അടിമപ്പെണ്ണ് കുഞ്ഞിന് ദാഹജലം തേടി നടത്തിയ ഓട്ടം ചരിത്രത്തിലെ മഹാസംഭവമായി. വെള്ളം തേടിയുള്ള അലച്ചിലിന്റെ അനുകരണം ആരാധനയായി. അത് ഹജിന്റെയും ഉംറയുടെയും അനുഷ്ഠാനമായ ‘സഅയ്’ എന്നറിയപ്പെട്ടു. തീവ്രമായ നിരാശയുടെ കാഠിന്യത്തിലും പ്രത്യേശ പുലർത്തണമെന്ന് സഫാ–മർവക്കിടയിലെ സഅയ് ഓർമപ്പെടുത്തുന്നു. 

ദാഹജലം കിട്ടാതെ കുഞ്ഞു മരിച്ചോ എന്ന ആശങ്കയിൽ നിരാശയോടെ തിരിച്ചെത്തിയ ഹാജറ അത്ഭുതപ്പെട്ടു. ആ കാഴ്ച കണ്ട് അവർ സന്തോഷം കൊണ്ട് തുള്ളിച്ചാടി. മരുഭൂമിയുടെ മാറിൽനിന്ന് തെളിനീർ മുലപ്പാലു പോലെ കിനിഞ്ഞു. ഇസ്മായീൽ ദാഹിച്ചു കരഞ്ഞ് കാലിട്ടടിച്ച ഭാഗത്ത് വെള്ളം പൊട്ടിയൊഴുകി. ഒഴുകിപ്പോകുന്ന വെള്ളം തടഞ്ഞുനിർത്തി ഹാജറ ഉറക്കെ പറഞ്ഞു. ‘സംസം’. ‘അടങ്ങൂ..അടങ്ങൂ..’ എന്ന്. സംസം പിന്നീടുള്ള മനുഷ്യകുലത്തിനു തീർഥജലമായി മരുഭൂമിയിലെ അത്ഭുതജലപ്രവാഹമായി.

മരുഭൂമിയിൽ വെള്ളം ഒഴുകിയതോടെ പുതുനാമ്പുകൾ തളിരിട്ടു. പറവകൾ പറന്നെത്തി. പച്ചപ്പുകളിലേക്ക് മനുഷ്യവാസം പറിച്ചുനട്ടു. ഞാനീ നിൽക്കുന്ന ആധുനിക മക്കപോലും സംസമിന്റെ സൃഷ്ടിയായിരിക്കണം. 

∙ ത്യാഗത്തിന്റെ തീർഥാടന പാതകൾ

ത്യാഗത്തിന്റെ തീർഥാടനമാണ് ഹജും ഉംറയും. കളങ്കമില്ലാത്ത പൂർണ മനസ്സോടെ തീർഥാടനം നടത്തുന്നവർ മാത്രമേ ഈ ത്യാഗത്തിന്റെ വിലയറിയൂ. കഷ്ടപ്പെടാനും വിഷമം സഹിക്കാനും പ്രയാസങ്ങളെ പ്രിയത്തോടെ നേരിടാനും സന്നദ്ധമല്ലാത്തവർക്ക് തീർഥാടനത്തിന്റെ ത്യാഗമില്ല. ദൈവത്തോടുള്ള അനൽപമായ സ്നേഹത്തിന്റെ തീർഥാടനം കൂടിയാണിത്. നാടും വീടും കുടുംബവും വെടിയുന്ന ഈ തീർഥാടനത്തിലൂടെ ദൈവത്തിലേക്കുള്ള സ്നേഹപാതയാണ് താണ്ടുന്നത്. 

ഹജിന്റെയും ഉംറയുടെയും അനുഷ്ഠാനങ്ങൾക്ക് ഇസ്ലാമിക ചരിത്രവുമായി പൊക്കിൾക്കൊടി ബന്ധമുണ്ട്. ഇബ്രാഹീം പ്രവാചകന്റെയും പത്നി ഹാജറ ബീവിയുടെയും ജീവിതത്തിന്റെ ത്യാഗോജ്വലമായ സംഭവങ്ങളാണ് ഹജിന്റെയും ഉംറയുയുടെയും കർമങ്ങളായി മാറിയത്. സഹസ്രാബ്ദങ്ങൾക്കപ്പുറം മരുഭൂവിൽവച്ച് ഇബ്രാഹീം പ്രവാചകൻ വിളിച്ച വിളിക്ക് ഉത്തരം നൽകിയാണ് തലമുറകളായി തീർഥാടകർ മക്കയിലെത്തുന്നത്. പ്രവാചകൻ മുഹമ്മദ് നബിയും അനുചരന്മാരും ജീവിച്ച മരുഭൂമിയും മാമലകളും തീർഥാടക മനസ്സിൽ സൃഷ്ടിക്കുന്ന വിശ്വാസ വിശുദ്ധിയും ഇതോടൊപ്പം ചേർത്തു വായിക്കണം.

വിശ്വാസിയെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ആരാധനകളാണ് ഹജും ഉംറയും. തീർഥാടനത്തിന് തയാറെടുക്കുന്നതോടെ അവന്റെ മനസ്സിൽ അന്നുവരെയില്ലാത്ത മാറ്റങ്ങൾ നടക്കുന്നു. അനിർവചനീയമായ അനുഭൂതിയിൽ ശീലങ്ങളിലും രീതികളിലും പ്രവർത്തനങ്ങളിലും ലാളിത്യം കൈവരുന്നു.

ഇസ്ലാമിലെ നിർബന്ധമായ ആരാധനാകർമങ്ങളാണ് ഹജും ഉംറയും. സാമ്പത്തിക ശേഷിയും ശാരീരികാരോഗ്യവുമുള്ളവർക്കുമാത്രം ജീവിതത്തിൽ ഒരിക്കൽ ചെയ്യേണ്ട കർമങ്ങൾ. ഹജ് നിശ്ചിത സമയത്ത് നിർവഹിക്കേണ്ടതാണെങ്കിൽ ഉംറ ഏതു സമയവും നിർവഹിക്കാം. ഹജിനെ അപേക്ഷിച്ച് കർമങ്ങൾ കുറവാണ് ഉംറയിൽ. ആദ്യം ഇഹ്റാം ചെയ്യണം. (ഹജിനോ ഉംറയ്ക്കോ വേണ്ടിയുള്ള കരുതലും പ്രത്യക  വസ്ത്രം ധരിക്കലുമാണ് ഇഹ്റാം). കഅബയെ ഏഴു തവണ പ്രദക്ഷിണം ചെയ്യുന്ന തവാഫ്, സഫാ–മർവാ മലകൾക്കിടയിൽ ഏഴു തവണ നടക്കുന്ന സഅയ് എന്നിവ നിർവഹിച്ച് മുടി മുറിച്ച് ഉംറ പൂർത്തിയാക്കാം. ഹജിൽ ഈ കർമങ്ങളോടൊപ്പം അറഫാ മൈതാനിയിൽ നിൽക്കൽ, മിനായിൽ താമസിക്കൽ, മുസ്ദലിഫയിൽ രാപ്പാർക്കൽ, ജംറയെ കല്ലെറിയൽ എന്നീ കർമങ്ങൾകൂടി ചെയ്യണം. സാധാരണ ജീവിതത്തിൽ അനുവദനീയമായ പല കാര്യങ്ങളും ഇഹ്റാം ചെയ്യുന്നതോടെ നിഷിദ്ധമാകുന്നു. 

ജന്മവാസനകളെയും ശാരീരികാവശ്യങ്ങളെയും നിയന്ത്രിച്ച് ആത്മനിയന്ത്രണത്തിലൂടെ മാനുഷികതയുടെ ഉദാത്തമായ ശ്രേണിയിലേക്ക് ഉയരുകയാണ് ഇഹ്റാമിലൂടെ ചെയ്യുന്നത്. കഅബ പോലെത്തന്നെ അതിനെ കേന്ദ്രീകരിച്ചുള്ള ഹജും ഉംറയും ലാളിത്യത്തിന്റെ ആരാധനകളാണ്. ഭൗതികമായി കണക്കാപ്പെടുന്ന ഒരു വേർതിരിവുകളും വ്യത്യാസങ്ങളമില്ലാതെ എല്ലാവരും രണ്ടു തുണിയിൽ മാത്രം കഅബയെ പ്രദക്ഷിണം ചെയ്യുന്നു. ഞാൻ എന്ന അവസ്ഥയിൽനിന്ന് നാം എന്ന യാഥാർഥ്യത്തിലേക്ക് മനുഷ്യൻ ഉയരുകയാണ് ഈ പ്രദക്ഷിണത്തിലൂടെ. പലനാടുകളിൽ നിന്ന് പല ഭാഷക്കാരായ പല സംസ്കാരം പേറുന്ന കണ്ണികളെ ഒറ്റപ്രവാഹമാക്കി കഅബ മനുഷ്യനെ ഒന്നാക്കുന്നു.

∙ മക്ക: ചരിത്ര സംഭവങ്ങളുടെ സാക്ഷി

മക്കയുടെ വിശുദ്ധിക്ക് അതിന്റെ ഉൽപ്പത്തിയോളം പാരമ്പര്യമുണ്ട്. നാലായിരം വർഷം മുൻപ് ഇബ്രാഹീം പ്രവാചകന്റെ ആഗമനകാലത്ത് ഇവിടെ ജനശൂന്യമായിരുന്നു. പിന്നീട് ഒട്ടേറെ ചരിത്രസംഭവങ്ങൾക്ക് മക്ക സാക്ഷിയായി. ഈ വിശുദ്ധ സ്ഥലം നിർണിതമായ അടയാളങ്ങളാൽ വേർതിരിക്കപ്പെട്ടതാണ്. അതാണ് ഹറം എന്നറിയപ്പെടുന്ന സ്ഥലം. കിഴക്ക് മസ്ജിദുൽ ഹറമിൽനിന്ന് 19 കിലോമീറ്റർ ദൂരെ അറഫയോട് ചേർന്നുകിടക്കുന്ന നമിറ താഴ്‍വരയും വടക്ക് 12 കിലോമീറ്റർ അകലെ ജാദയും (ജിഅ്റാനയുടെ ഭാഗം) തെക്ക് 11 കിലോമീറ്റർ അകലെ യമനിലേക്കുള്ള വഴിയിലെ ഇളാഅത്ത് ലബനും പടിഞ്ഞാറ് 20 കിലോമീറ്റർ ദൂരെ ശുമൈസിയുമാണ് ഹറമിന്റെ അതിർത്തികൾ. പർവതങ്ങളാൽ ചുറ്റപ്പെട്ട നഗരമായ മക്കയിലെ പഴയ കെട്ടിടങ്ങളെല്ലാം 1699 മുതൽ 1924 വരെ നിലനിന്ന ഉസ്മാനിയ ഭരണകാലത്ത് നിർമിക്കപ്പെട്ടതിനാൽതന്നെ അറേബ്യൻ, പേർഷ്യൻ, സിറിയൻ, തുർക്കി സംസ്കാരങ്ങളുടെ സംഗമം ഇവയുടെ ശിൽപഭംഗിയിൽ നിറഞ്ഞുനിൽക്കുന്നു. സൗകര്യങ്ങളുടെ കാര്യത്തിൽ പരിഷ്കൃത നഗരങ്ങളോട് കിടപിടിക്കുന്ന വൻ നഗരമാണിന്ന് മക്ക. 

∙ ഏകതയുടെ പ്രതീകമായി കഅബ

ദൈവത്തിന്റെ ഏകത്വമെന്ന പോലെ മാനവരാശിയുടെ ഐക്യവും വിളംബരം ചെയ്യുന്ന ഏകതയുടെ പ്രതീകമാണ് വിശുദ്ധ കഅബ. വിശ്വാസികളെ ഒറ്റനൂലിൽ കോർത്ത മുത്തുമണികളെപ്പോലെ ഏകീകരിക്കുന്ന ബിന്ദു. മസ്ജിദുൽഹറാമിന്റെ നടുമുറ്റത്താണ് കഅബ സ്ഥിതിചെയ്യുന്നത്. ഭൂമിയുടെ മധ്യബിന്ദുവിൽ. കഅബ എന്ന പദത്തിനർഥം ഘനചതുരം എന്നാണ്. 12 മീറ്റർ നീളവും 10 മീറ്റർ വീതിയും 15 മീറ്റർ ഉയരവുമുള്ള കറുത്ത മന്ദിരമാണ് കഅബ. മക്കയിലെ ചുറ്റുമുള്ള മലകളിൽനിന്നു ശേഖരിച്ച കല്ലുകൾ അടുക്കിവച്ചാണ് കഅബ നിർമിച്ചത്. ഇബ്രാഹീം പ്രവാചകനു ശേഷം പലകാലങ്ങളിൽ പല ഭരണകർത്താക്കളുടെ നേതൃത്വത്തിൽ പലവട്ടം കഅബ പുനർനിർമിച്ചിട്ടുണ്ട്. കഅബയുടെ മൂലകൾക്ക് റുക്നുകൾ എന്നാണ് പറയുന്നത്. കഅബയുടെ വടക്കുകിഴക്കേ മൂലയിലാണ് ഹജറുൽ അസ്‌വദ് സ്ഥിതിചെയ്യുന്നത്. കഅബ പ്രദക്ഷിണം (ത്വവാഫ്) തുടങ്ങുന്നതും അവസാനിക്കുന്നതും ഹജറിനെ ആസ്പദമാക്കിയാണ്. നൂറ്റാണ്ടുകളായി തീർഥാടകർ ആ കറുത്ത കല്ലിനെ ചുംബിക്കുന്നു. ഇബ്രാഹീം പ്രവാചകൻ പണികഴിപ്പിച്ച കഅബയുടെ ബാക്കിയെന്ന നിലയിൽ ഹജറുൽ അസ്‌വദ് ആദരിക്കപ്പെടുന്നു. ഇത് ഒരിക്കലും കല്ലിനെ ആരാധിക്കലല്ലതന്നെ. ഹജറുൽ അസ്‌വദിനെ ചുംബിച്ചാൽ പാപങ്ങൾ പൊറുക്കപ്പെടുമെന്നാണ് വിശ്വാസം.

നിലത്തുനിന്ന് ഒന്നര മീറ്റർ ഉയരത്തിലാണ് ഹജറുൽ അസ്‌വദ്. അതിനു ചുറ്റം വെള്ളികൊണ്ട് ചട്ടംകൂട്ടി ഭദ്രമാക്കിയിട്ടുണ്ട്. കഅബയെ മൂടുന്ന കറുത്ത ഖില്ല (വിരി)യ്ക്ക് കിസ്‌വ എന്നാണു പേര്. മക്കയിലെ ഉമ്മുൽജൂദിലെ പണിപ്പുരയിലാണ് ഖില്ല നിർമിക്കുന്നത്. സ്വർണലിപികളാൽ ഖുർആൻ വാക്യങ്ങൾ ഖില്ലയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

∙ വിശുദ്ധിയുടെ ഗേഹമായി മസ്ജിദുൽ ഹറം

മസ്ജിദിൽ ഹറാം പലകാലങ്ങളിലായി പലവട്ടം വിപുലീകരിച്ചെങ്കിലും ഹജ് കാലത്ത് ഇപ്പോഴും മുഴുവൻ തീർഥാടകരെയും ഉൾകൊള്ളാൻ പര്യപ്തമല്ല. ഇപ്പോഴും അതിന്റെ വിപുലീകരണം നടന്നുകൊണ്ടിരിക്കുന്നു. മസ്ജിദിൽ എട്ടു ലക്ഷം പേർക്കു ഒരേസമയം നമസ്കരിക്കാൻ സൗകര്യമുണ്ട്. ഹജിന്റെ സമയങ്ങളിൽ അത്രതന്നെ ആളുകൾ പുറത്തും ‌നമസ്കരിക്കുന്നു. ശീതീകരിച്ച നാലു തട്ടുകളായാണ് മസ്ജിദ്. ഇവയിലേക്കു കയറാനായി എലിവേറ്ററുകളും ലിഫ്റ്റും സജീകരിച്ചിരിക്കുന്നു. വിശാലമായ മുറ്റം മാർബിൾ പതിച്ചിരിക്കുന്നു. മസ്ജിദിന്റെ പ്രധാന വശങ്ങളിലെല്ലാം കുളിക്കാനും അംഗസ്നാനം ചെയ്യാനുമുള്ള സൗകര്യങ്ങളുണ്ട്. 

ഹജ് സ്മരകളുയരുന്ന ഇടങ്ങളിലൂടെ

മസ്ജിദുൽ ഹറാമിൽനിന്ന് ഏതാണ്ട് അഞ്ചര കിലോമീറ്റർ ദൂരെ മക്കയ്ക്കും മുസ്ദലിഫയ്ക്കുമിടയിലെ വിശാലമായ താഴ്‌വരയാണ് മിനാ. മിനായിൽ താമസിക്കൽ ഹജിന്റെ നിർബന്ധ അനുഷ്ഠാനങ്ങളിൽപെട്ടതാണ്. ശീതീകരിച്ച തമ്പുകളിലാണ് ഹാജിമാർ മിനായിൽ താമസിച്ച് പ്രാർഥനയിൽ മുഴുകുക. തീപിടിക്കാത്ത ഇത്തരം ലക്ഷക്കണക്കിനു തമ്പുകളാണ് മിനായിലുള്ളത്.

മക്കയിൽനിന്ന് ഏകദേശം 22 കിലോമീറ്റർ കിഴക്കാണ് അറഫ താഴ്‌വര. മൂന്നു ഭാഗവും മലകളാൽ ചുറ്റപ്പെട്ട മൈതാനത്തിന് 10 കിലോമീറ്റർ നീളവും ആറു കിലോമീറ്റർ വീതിയുമുണ്ട്. സ്വർഗത്തിൽനിന്നു പുറത്തായ ആദം പ്രവാചകനും പത്നി ഹവ്വയും കണ്ടുമുട്ടിയത് അറഫയിലാണെന്നു വിശ്വസിക്കുന്നു. അറഫയിൽ കുറച്ചു സമയമെങ്കിലും ചെലവഴിച്ചില്ലെങ്കിൽ ഹജ് പൂർണമാകില്ല. നിരവധി ലക്ഷങ്ങൾ ഒരേസമയം സമ്മേളിക്കുന്ന ഏകദിന നഗരമാണ് അറഫ. ലോകം മുഴുവൻ ഒരു പകൽ ഇവിടെ സമ്മേളിക്കുന്നു. അറഫയെപ്പോലെ മനുഷ്യലക്ഷങ്ങളുടെ കണ്ണുനീരിറ്റുവീണ വേരൊരിടം ഭൂമിയിലുണ്ടാകില്ല.

അറഫയുടെയും മിനായുടെയും ഇടയിലുള്ള വിശാലമായ പ്രദേശമാണ് മുസ്ദലിഫ. ഇവിടെ ഒട്ടേറെ കുന്നുകളും താഴ്‌വരകളുമുണ്ട്. മുസ്ദലിഫയിൽ രാപ്പാർക്കുകയെന്നതും ഹജിന്റെ അനുഷ്ഠാനങ്ങളിൽ പ്രധാനമാണ്. വർഷത്തിലൊരു രാത്രി മാത്രം ജനനിബിഡമാകുന്ന നിശാനഗരമാണ് മുസ്ദലിഫ. മുസ്ദലിഫ ശാന്തമാണ്. തമ്പുകളോ മേൽപ്പുരകളോ ഇല്ലാതെ ആകാശവും അതിലെ നക്ഷത്രങ്ങളും ചന്ദ്രനും കുട ചൂടുന്ന സുന്ദരമായ പ്രാർഥനാ നഗരം. 

∙ പ്രവാചകനെ നെഞ്ചേടു ചേർത്തു മദീന

ഇപ്പോൾ ഞാനുള്ളത് മദീനയിലാണ്. പ്രവാചകൻ മുഹമ്മദിന്റെ പാദസ്പർശമേറ്റ പ്രശാന്തിയുടെയും സ്നേഹത്തിന്റെയും ഇടം. ഒരു സാധാരണ പട്ടണമായിരുന്ന ‘യസ്‌രിബ്’ പ്രവാചകാഗമനത്തോടെ മദീനത്തുനബവി (പ്രവാചകന്റെ നഗരം) ആയി. മക്കയിൽനിന്ന് മദീനയിലേക്കുള്ള പ്രവാചകന്റെ യാത്രയെയാണ് ഇസ്ലാമിക ചരിത്രം ഹിജ്റ എന്നു രേഖപ്പെടുത്തിയത്. ഇസ്ലാമിക കലണ്ടർ കണക്കാപ്പെട്ടത് ഈ ഹിജ്റ ആസ്പദമാക്കിയാണ്. മക്കയിൽനിന്നു പാലായനം ചെയ്ത പ്രവാചകനും അനുയായികൾക്കും സ്വത്തു പകുത്തു നൽകിയും മക്കളെ വിവാഹം ചെയ്തു നൽകിയും സ്വന്തം വീട്ടിൽ താമസമൊരുക്കിയും ആഹ്ലാദത്തോടെ ആതിഥ്യമരുളിയ മദീനയിൽ ഇപ്പോഴും എല്ലാവരും ഒന്നാണ്. നൂറ്റാണ്ടുകളെയും തലമുറകളെയും കോർത്തിണക്കുന്ന അദൃശ്യമായൊരു സാനിധ്യം മദീനയിലുണ്ട്. മദീന മാറിലൊതുക്കിയ മഹാപ്രവാചകനോടുള്ള സ്നേഹവായ്പാണത്.

പ്രവാചകന്റെ കാലത്തു മദീന പട്ടണമായിരുന്ന സ്ഥലമെല്ലാം ഇപ്പോൾ മസ്ജിദുന്നബവി (പ്രവാചകപ്പള്ളി) യുടെ ഭാഗമായി. മനുഷ്യചരിത്രത്തിൽ അതുല്യമായ ഔദാര്യം കാണിച്ചവരുടെ പിന്മുറക്കാർ ഇപ്പോഴും സ്നേഹത്തിന്റെ പ്രതീകങ്ങളായി ഇവിടെ ജ്വലിച്ചുനിൽക്കുന്നു. മസ്ജിദുൽ ഹറം പോലെ മസ്ജിദുന്നബവിയും കാലാകാലങ്ങളിൽ പല തവണകളിലായി വിപുലീകരണം നടന്നിട്ടുണ്ട്. ഇപ്പോൾ മദീനാപള്ളിയിൽ മൂന്നു ലക്ഷത്തോളം പേർക്കു നമസ്കരിക്കാം. ചുറ്റുമുള്ള മാർബിൾ പതിച്ച മുറ്റവും ടെറസും കൂടി ഉപയോഗിച്ചാൽ ആറര ലക്ഷം പേർക്ക് ഒന്നിച്ചു നമസ്കരിക്കാം. പള്ളിയിലെത്തുന്നവർക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനും ശുദ്ധി വരുത്താനുമായി വിപുലമായ സൗകര്യങ്ങളുണ്ട്. ഇസ്ലാമിക ശിൽപകലയുടെ ഉജ്വലമാതൃകയാണ് മസ്ജിദുന്നബവി. 

പ്രവാചകന്റെ പള്ളിയിലെ ഏറ്റവും പുണ്യമുള്ള സ്ഥലം റൗളാശരീഫാണ്. ഇവിടെയാണ് പ്രവാചകന്റെ അന്ത്യവിശ്രമസ്ഥലം. പ്രവാചകനോട് ചേർന്ന് പ്രവാചകന്റെ ഏറ്റവും അടുത്ത അനുയായികളും ഖലീഫമാരുമായിരുന്ന അബൂബക്കറും ഉമറുൽ ഫാറൂഖും അന്ത്യവിശ്രമം കൊള്ളുന്നു. 

ഇസ്ലാമിക ചരിത്രത്തിലെ അനേകം അനശ്വര സംഭവങ്ങൾക്ക് സാക്ഷിയായ ഒട്ടേറെ സ്ഥലങ്ങൾ മക്കയിലും മദീനയിലുമുണ്ട്. എല്ലാം വിവരിക്കുന്നത് അസാധ്യമാതിനാൽ ഈ യാത്ര ഇവിടെ നിർത്തുന്നു.

Your Rating: