Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്രതം സമൂഹ നന്മയ്ക്ക്

muhammed-basheer

വ്രതം മനുഷ്യശരീരത്തെയും മനസ്സിനെയും ഒരു പോലെ ശുദ്ധീകരിക്കാൻ പര്യാപ്‌തമാണ്.  എല്ലാ വ്യക്തികളും ആത്മാർഥതയോടുകൂടി വ്രതമനുഷ്‌ഠിക്കുന്ന പക്ഷം സമൂഹത്തിൽ  അതിന്റെ ഗുണഫലങ്ങൾ ദർശിക്കാൻ സാധിക്കും.  വ്രതം നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട  സൂക്തത്തിൽ വിശുദ്ധ ഖുർആൻ സൂചിപ്പിക്കുന്നത് വ്രതമനുഷ്‌ഠിക്കുന്നത് മനുഷ്യൻ സൂക്ഷ്‌മതയുള്ളവരായിത്തീരുവാൻ വേണ്ടി എന്നുള്ളതാണ്. ഒരു വ്യക്തി ഏകാകിയായി കാട്ടിലോ, പള്ളിയുടെ ഒരു കോണിലോ ഒരു ജപമാലയുമായി ഇരുന്ന് ദൈവപ്രകീർത്തനം നടത്തുന്നതിന് വലിയ സൂക്ഷ്‌മതയൊന്നും ആവശ്യമില്ല.  ഇസ്‌ലാമിലെ ആരാധനാകർമ്മങ്ങളൊക്കെ പ്രപഞ്ചസ്രഷ്‌ടാവായ ദൈവവുമായുള്ള ബന്ധം ബലപ്പെടുത്തുന്നതോടൊപ്പം അതിന്റെ നൻമ സമൂഹത്തിന് ലഭിക്കുന്ന വിധമാണ് ആവിഷ്കരിച്ചിട്ടുള്ളത്.  ഇസ്‌ലാം ഒരു സാമൂഹികമതമാണെന്നർത്ഥം.  അനാവശ്യ വാക്കുകളും പ്രവൃത്തികളും ഉപേക്ഷിക്കാൻ സാധിക്കാത്തവൻ അന്നപാനീയങ്ങൾ വർജ്ജിക്കുന്നതിൽ ദൈവത്തിനു താൽപര്യമില്ല. ആരെങ്കിലും തർക്കത്തിനു വന്നാൽ തിരിച്ചുതർക്കിക്കാൻ മുതിരാതെ ഞാൻ നോമ്പുകാരമാണെന്ന് പറഞ്ഞ് തന്റെ ക്ഷമയുടെ ശക്തി സഹജീവികൾക്കിടയിൽ കാണിച്ചു കൊടുക്കേണ്ട വനാണ് യഥാർത്ഥ നോമ്പുകാരൻ.

നമസ്കാരം നിർവ്വഹിച്ചുകഴിഞ്ഞാൽ സമൂഹത്തിലേക്കിറങ്ങി ഭൗതികവിഭവങ്ങൾ സമാഹരിക്കാൻ വിശുദ്ധഖുർആൻ ആഹ്വാനം ചെയ്യുന്നസമയത്ത് തന്റെ ഓരോ ഇടപെടലുകളിലും ദൈവത്തെ ഓർക്കുകയും സൂക്ഷ്‌മതപുലർത്തുകയും ചെയ്യണമെന്ന്  പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട്. ജനങ്ങളുമായി ഇടപഴകി ജീവിക്കുകയും അവരുടെ ഭാഗത്തുനിന്നുള്ള പ്രയാസങ്ങളിൽ ക്ഷമിക്കുകയും ചെയ്യുന്ന വിശ്വാസിയാണ് ജനങ്ങളിൽ നിന്ന് അകന്ന് ജീവിക്കുന്ന വിശ്വാസിയേക്കാൾ ഉത്തമൻ എന്ന പ്രവാചകപചനം വളരെ ചിന്തനീയമാണ്.  

പ്രവാചകന്റെ ഒരനുചരൻ സാരമായ ഒരു ഉപദേശം തേടി വന്നപ്പോൾ അദ്ദേഹത്തിന് ലഭിച്ചത് നീ കോപിക്കരുത് എന്ന ഉപദേമായിരുന്നു.  ഈ ഉത്തരത്തിൽ സംതൃപ്‌തനാവാതെ വീണ്ടും വീണ്ടും ചോദ്യമുതിർത്തപ്പോഴൊക്കെ കിട്ടിയ മറുപടി നീ കോപിക്കരുത് എന്നുതന്നെയായിരുന്നു.  ഏകാന്തമായി ജീവിക്കുന്ന ഒരാൾക്ക് കോപം നിയന്ത്രിക്കേണ്ട  കാര്യം പ്രത്യേകിച്ചില്ലല്ലോ.  പ്രത്യക്ഷത്തിൽ ഭക്തനായി തോന്നിക്കുന്ന ഒരാളെക്കുറിച്ച് പ്രവാചകന്റെ അനുചരൻമാർ ആദ്ദേഹം ഭക്തനാണ് എന്ന് പറഞ്ഞപ്പോൾ പ്രവാചകൻ ചോദിച്ച രണ്ട് ചോദ്യങ്ങൾ വളരെ പ്രസക്തമാണ് നിങ്ങൾ അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്‌തിട്ടുണ്ടോ നിങ്ങൾ അദ്ദേഹത്തോട് സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോ.  ഭക്തിയുടേയും സൂക്ഷ്‌മതയുടേയും അളവുകോൽ വേഷഭൂഷാദികൾ മാത്രമല്ല എന്നും മറ്റു സഹജീവികളുമായി നല്ലനിലയിൽ വർത്തിക്കലും കഴിയുന്നത്ര നീക്കുപോക്കു ചെയ്യലും ആണ് എന്ന് വ്യക്തമാണ്.

നമസ്കാരവും സക്കാത്തും നോമ്പും വളരെ ത്യാഗത്തോടെ നിർവ്വഹിക്കുന്ന ഹജ്ജ് കർമ്മവുമൊക്കെ നന്മയുടെ തുലാസ്സിൽ കൂടുതൽ ഭാരം തൂങ്ങാൻ സഹായകമാണ് എന്നത് നിസ്സംശയമാണ്. എന്നാൽ സൽസ്വഭാവത്തോളം തുലാസ്സിൽ കൂടുതൽ ഭാരം തൂങ്ങുന്ന മറ്റൊരു കാര്യവുമില്ല  എന്ന പ്രവാചക വചനം ഓരോ വിശ്വാസിയും മനസ്സിൽ കാത്തുസൂക്ഷിക്കേണ്ട താണ്.

ഒരിക്കൽ പ്രവാചകൻ തന്റെ അനുചരന്മാരോട് ചോദിച്ചു – ആരാണ് ഏറ്റവും പാപ്പരായ ആൾ എന്ന് നിങ്ങൾക്കറിയാമോ? സ്വർണ്ണനാണയമോ വെള്ളിനാണയമോ കയ്യിലില്ലാത്തവൻ എന്ന മറുപടി കേട്ടപ്പോൾ പ്രവാചകൻ പറഞ്ഞു: പരലോകത്ത് വിചാരണയുടെ ദിവസം ഒരു മനുഷ്യൻ തന്റെ ആരാധനാകർമ്മങ്ങളുടെയും ദാനധർമ്മങ്ങളുടേയും കൂമ്പാരവുമായി ദൈവസമക്ഷത്തിൽ  പ്രതിഫലമായി സ്വർഗ്ഗപ്രവേശം കൊതിച്ചുവരികയാണ്. തന്റെ സത്‌കർമ്മങ്ങളുടെ പട്ടികകൾ ഓരോന്നായി അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ ആ മനുഷ്യനെക്കുറിച്ച്  പരാതികളുമായി ഓരോരുത്തർ കടന്നുവരികയാണ്. ഇവൻ എന്നെ ആക്ഷേപിച്ചിരിക്കുന്നു, എന്നെ ശകാരിച്ചിരിക്കുന്നു, എന്നെ ചീത്തവിളിച്ചിരിക്കുന്നു, എന്റെ സമ്പത്ത് അപഹരിച്ചിരിക്കുന്നു, എന്നോട് അസൂയയും പകയും വച്ചുപുലർത്തിയിരുന്നു തുടങ്ങിയവയായിരുന്നു പരാതികൾ.  

അവരുടെ വിഷമം തീർക്കാനായി ദൈവം ഈ മനുഷ്യന്റെ നന്മകളിൽ നിന്ന് ഒരു വിഹിതം അവർക്കെല്ലാം നൽകി.  കൂമ്പാരമായി ഉണ്ടായിരുന്ന തന്റെ നന്മകളെല്ലാം തീർന്നശേഷവും ആളുകൾ വന്നുകൊണ്ടിരുന്നു.  അപ്പോൾ അവരുടെ തിൻമകൾ എടുത്ത് ഇദ്ദേഹത്തിന് കൊടുക്കാൻ തുടങ്ങി.  അങ്ങിനെ ധാരാളം നന്മകളുമായി സ്വർഗ്ഗത്തിൽ പോവാൻ വന്നിട്ട്, തിന്മകളുമായി നരകത്തിൽ പതിക്കേണ്ടിവന്നവനാണ് യഥാർത്ഥ പാപ്പർ എന്ന് പ്രവാചകൻ പഠിപ്പിച്ചതിൽ നിന്ന് മനസ്സിലാവുന്നത് ദൈവത്തോടുള്ള ബന്ധത്തെപ്പോലെ തന്നെ പ്രധാനമാണ് സഹജീവികളോടുള്ള ബന്ധവും.  വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മറ്റുള്ളവരോട് നന്നായി പെരുമാറാൻ പഠിപ്പിക്കുകയും സഹജീവികളോട് കഴിയുന്നത്ര അഡ്‌ജസ്റ്റ് ചെയ്യാൻ പ്രാപ്‌തമാക്കലുമാണ് എങ്കിൽ ഇസ്‌ലാമിലെ ആരാധനാകർമ്മങ്ങളുടെ ലക്ഷ്യവും ഇതുതന്നെയാണ്.  വിദ്യനേടിയ ആളുകളുടെ എണ്ണം വർദ്ധിക്കുമ്പോഴും ആരാധനാകർമ്മങ്ങൾ ധാരാളം നിർവ്വഹിക്കുന്ന വിശ്വാസികളുടെ എണ്ണം വർദ്ധിക്കുമ്പോഴും അതിന്റെ ഗുണഫലങ്ങൾ സമൂഹത്തിൽ ദർശിക്കാൻ സാധിക്കുന്നതിലൂടയൊണ് വിദ്യാഭ്യാസവും ആരാധനാകർമ്മങ്ങളുമൊക്കെ അതിന്റെ യഥാർത്ഥ ദിശയിൽ ആയിത്തീരുന്നത്.

(വൈസ് ചാൻസലർ, കാലിക്കറ്റ് സർ‌വകലാശാല)

Your Rating: