Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റമസാന്‍ - തഖ്‌വയുടെ സീസണും സുവര്‍ണകാലവും

taqwa

റമസാനിലെ വ്രതാനുഷ്ഠാനത്തിന് പകരം വെക്കാന്‍ മാറ്റൊന്നില്ല. പ്രവാചകാനുചരന്‍ അബൂഉമാമ: “പ്രവാചകരെ! എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന ഒരു കര്‍മം പറഞ്ഞു തരൂ”. പ്രവാചകന്‍ : “നീ വ്രതമനുഷ്ഠിക്കുക, അതിന് തുല്യമായി മാറ്റൊന്നില്ല”. അനുചരന്‍ : “മറ്റൊരു കര്‍മം പറഞ്ഞു തരൂ”. പ്രവാചകന്‍: “നോമ്പെടുക്കൂ അതിനെക്കാള്‍ നല്ലതൊന്ന് വേറെയില്ല”. അനുചരന്‍ : “മറ്റൊന്ന് കൂടി പറഞ്ഞ് തരൂ“. മൂന്നാമതും തിരുദൂതര്‍ ആവര്‍ത്തിച്ചു, “വ്രതമനുഷ്ഠിക്കൂ, അതിന് പകരം വെക്കാന്‍ മറ്റൊന്നില്ല”. ഇതാണ് വ്രതാനുഷ്ഠാനത്തിന്റെ മഹത്വം.

മറ്റാര്‍ക്കും കണ്ടെത്താനാവാത്ത വിധം കുറ്റകൃത്യങ്ങള്‍ സ്വകാര്യവത്കരിക്കപ്പെട്ട ലോകമാണ് നമ്മുടേത്. സ്വകാര്യതകളിലെ പോരായ്മകള്‍ മറച്ചുപിടിച്ച് മറ്റൊരു മുഖവുമായാണ് മനുഷ്യരിലധികവും പുറത്തിറങ്ങുന്നത്. ഏത് ദുര്‍മോഹവും നിമിഷവേഗം കൊണ്ട് കൈവരിക്കാനും എത്രയും നിഗുഢമാക്കാനും വളരെ എളുപ്പം. ചീഞ്ഞുനാറുന്ന പാപങ്ങളുടെ സ്വകാര്യലോകത്തെയാണ് റമസാന്‍  കാര്യമായി ചികിത്സിക്കുന്നത്. അവിടെയുള്ള അഴുക്കിനെ അകറ്റുകയും ശീലങ്ങളെ മാറ്റുകയും മോഹങ്ങളെ മെരുക്കുകയും ചെയ്തുകൊണ്ട് അകവും പുറവും ശുദ്ധമാക്കി പൂര്‍ണവിശുദ്ധിയോടെ ജീവിക്കാന്‍ പരിശീലിപ്പിക്കുന്നു. ഭക്തിയും ശുദ്ധിയും പരസ്യമെന്നതിലേറെ രഹസ്യമാണല്ലോ! അതാണ് വ്രതാനുഷ്ഠാനത്തിന്റെ അന്തസ്സാരവും ചൈതന്യവും.

തെറ്റുകളിലേക്കുള്ള സഞ്ചാരമാണ് ആത്മവിശുദ്ധിയെ തകര്‍ക്കുന്നത്. തിന്മകളില്‍ നിന്നകലാനും തിന്മകളോട് പോരാടുവാനുമുള്ള കര്‍മവീര്യമാണ് റമസാന്‍  പ്രദാനം ചെയ്യുന്നത്. അല്ലാഹുവിനും നമുക്കുമിടയിലെ വേലിക്കെട്ടുകള്‍ തകര്‍ക്കലാണ് നാം ചെയ്യുന്ന തെറ്റുകുറ്റങ്ങള്‍. അല്ലാഹു നിശ്ചയിച്ച നിരോധിത മേഖലകള്‍ കടന്നുകയറലാണ് അവന്റെ അഭിമാന രോഷത്തിന് വഴിയൊരുക്കുന്നത്. കരുണാവാരിധിയായ അല്ലാഹുമായുളള നല്ല ബന്ധത്തിന് തടസ്സമാകുന്നതും അതാണ്. ആ വേലിക്കെട്ടിനെ തകര്‍ത്ത് അല്ലാഹുവിലേക്ക് ഓടിയടുക്കു വാനുള്ള പരിഹാരമാണ് നോമ്പ്. സ്വകാര്യതെറ്റുകള്‍ തിരുത്തുവാനുള്ള നോമ്പും അതീവ സ്വകാര്യമാണ്. ഒരാളുടെ നോമ്പ് മറ്റൊരാള്‍ അറിയുകയില്ല. മറ്റെല്ലാ ആരാധനകളും മറ്റുള്ളവര്‍ അറിയുന്നു. പുറം ഏറെ വര്‍ണാഭമാവുകയും അകം ഏറെ ദുഷിക്കുകയും ചെയ്ത ഇക്കാലത്ത് ഈ സംസ്‌കരണത്തിന് ഏറെ പ്രാധാന്യവും പ്രസക്തിയുമുണ്ട്.

പ്രലോഭനങ്ങളാല്‍ തകരാത്ത മനശ്ശക്തിയാണ് ഏറ്റവും സമ്പന്നമായ സൗഭാഗ്യം. കറ പുളരാത്ത മനസ്സാണ് അതിന്ന് വേണ്ടത്. ഉന്നതവും ഉത്കൃഷ്ടവുമായ ഈ മനസ്സ് വളര്‍ത്തിയെടുക്കാനാണ് റമസാന്‍ . ശരീരത്തിന്റെ ആവശ്യങ്ങളും മനസ്സിന്റെ മോഹങ്ങളും നിശ്ചയിച്ച് അല്ലാഹുവിന്റെ പ്രീതിക്കായ് നടത്തുന്ന ആത്മശിക്ഷണമാണ് വ്രതം. ‘നന്മ ചെയ്യുക പ്രചരിപ്പിക്കുക, തിന്മ വര്‍ജിക്കുക അത് പ്രതിരോധിക്കുക’ എന്നതാണ് ഇസ്‌ലാമിക ആശയങ്ങളുടെ ആകെത്തുക. തിന്മ ഉപേക്ഷിക്കുന്നതിനെക്കാള്‍ എളുപ്പമാണ് നന്മ ചെയ്യല്‍. ആരാധാന കര്‍മങ്ങള്‍, ദാനധര്‍മങ്ങള്‍, ക്വുര്‍ആന്‍ പാരായണം, രോഗികളെ സന്ദര്‍ശിക്കല്‍, എന്നിങ്ങനെയുള്ള കര്‍മങ്ങളെല്ലാം എളുപ്പമാണ്. എന്നാല്‍ അതുപോലെ അത്ര എളുപ്പമല്ല, നാവിനെ സൂക്ഷിക്കലും, കോപം അടക്കലും കണ്ണിനെ നിയന്ത്രിക്കലും... കൂടുതല്‍ അധ്വാനവും ശ്രമവും ആവശ്യമാണ്. മനുഷ്യന്റെ നിലനില്പിന് ആധാരമായ ഭക്ഷണവും പാനീയവും ഇണകളോടൊപ്പമുള്ള ലൈംഗിക സംതൃപ്തി കൈവരിക്കലും അനുവദനീയമാണ്. എന്നാല്‍ നിശ്ചിത സമയത്തേക്ക് അനുവദനീയമായതുപോലും വേണ്ടെന്ന് വെച്ച് ശക്തമായ പരിശീലനം നല്‍കി നിഷിദ്ധമായ തിലേക്ക് അടുക്കാതിരിക്കുവാനുള്ള വഴിയൊരുക്കുകയാണ് നോമ്പ്. “വലിയ തിന്മകള്‍ ഉപേക്ഷിച്ചാല്‍ മറ്റെല്ലാം പൊറുത്തുതരുമെന്നും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമെന്നും ക്വുര്‍ആന്‍ സന്തോഷവാര്‍ത്ത അറിയിക്കുന്നു”. (അന്നിസാഅ്: 31)

വിശപ്പ് സഹിക്കാനും ദാഹം നിയന്ത്രിക്കാനും ഇഷ്ടങ്ങളെ ത്യജിക്കാനും ആജ്ഞകള്‍ അനുസരിക്കാനും കെല്പുള്ളവര്‍ക്ക് മാത്രമേ എന്തിലും പതറാത്ത ഉള്‍ക്കരുത്ത് ആര്‍ജിക്കാ നാവൂ. ഇത് നോമ്പിന്റെ സുപ്രധാന ഉന്നമാണ്. പാപങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും, സംശുദ്ധ ജീവിതം നയിക്കാനും ക്ഷമ, മനസ്‌ഥൈര്യം എന്നിവ കൂടിയേ തീരൂ. ഇതാണ് വ്രതത്തിന്റെ പ്രഥമ ലക്ഷ്യം. ഇതുതന്നെയാണ് ‘തഖ്‌വ’. “സത്യവിശ്വാസികളെ! നിങ്ങളുടെ മുമ്പുള്ളവര്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കി നിശ്ചയിക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ തഖ്‌വ ഉള്ളവരാകാന്‍ വേണ്ടി” (2:183) ജാഗ്രതയുള്ള ജീവിതവീക്ഷണം, ോഷങ്ങളെ സൂക്ഷിക്കുന്ന ജീവിത ശീലം.... എന്നിങ്ങളെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുലര്‍ന്നുകാണേണ്ട സൂക്ഷ്മതാബോധമാണ് തഖ്‌വ. അല്ലാഹുവിന്റെ അപ്രീതിയെ കരുതിയിരിക്കലാണത്. പ്രത്യേകം ചില അനുഷ്ഠാനങ്ങളോ ബാഹ്യമായ കാട്ടി ക്കൂട്ടലുകളോ അല്ല അത്. തഖ്‌വ ഹൃദയത്തിന്റെ അന്തരാളത്തിലാണെന്നാണ് പ്രവാചകന്‍ നെഞ്ചിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് ആവര്‍ത്തിച്ചു പറഞ്ഞുതന്നത്. സവിസ്തരമായ പ്രപഞ്ചവീക്ഷണവും ജീവിതശൈലിയുമാണ് തഖ്‌വ. ദാമ്പത്യനിയമങ്ങള്‍, വിവാഹമോചനം, വിവാഹമുക്തകള്‍ക്ക് മോചനദ്രവ്യംനല്‍കല്‍, മുലയൂട്ടല്‍ എന്നിവ പറയുന്നിടങ്ങളിലും യുദ്ധകാര്യങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, ഹജ്ജ് നിയമങ്ങള്‍, പലിശ വര്‍ജിക്കല്‍, രഹസ്യ സംഭാഷണങ്ങള്‍, എന്നിവ പരാമര്‍ശിക്കുന്നിടങ്ങളിലും തഖ്‌വയെക്കുറിച്ച് ഉണര്‍ത്തുന്നത് ഈ ബോധം നട്ടുവളര്‍ത്താനും വലുതാക്കാനുമാണ്.

പലതിലും പെട്ട് പലതും സംഭവിക്കാവുന്ന തഖ്‌വയെ അതിന്റെ ആദിമവിശുദ്ധിയിലേക്ക് തിരികെ കൊണ്ടുവരാനാണ് ആരാധാന കര്‍മങ്ങള്‍. മണിക്കൂറുകളെ നമസ്‌കാരം കൊണ്ടും ദിവസങ്ങളെ ജുമുഅ കൊണ്ടും മാസങ്ങളെ റമസാന്‍  കൊണ്ടും വര്‍ഷങ്ങളെ ഹജ്ജ് കൊണ്ടും, സമ്പത്തിനെ സകാത്തുകൊണ്ടും ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. വ്യക്തിയുടെ അതി സൂക്ഷ്മമായ ജീവിതത്തില്‍ പോലും ഇടപെട്ട് ശുദ്ധീകരണത്തിന്റെയും സംസ്‌കരണ ത്തിന്റെയും പുതുമഴ ചൊരികുയാണ് കരുണാവാരിധിയായ അല്ലാഹു ചെയ്യുന്നത്. വഴി മറക്കുന്ന മനുഷ്യനെ വഴികാണിക്കുകയും ഓര്‍മിപ്പിക്കുകയുമാണ് അത്. ഈ മറവിയെ ഇബാദത്തുകള്‍കൊണ്ട് ചികിത്സിക്കുകയാണ്. ഓരോന്നും വളരാന്‍ ഒരു സീസണുണ്ട്. തഖ്‌വ തഴച്ചുവളരുന്ന കാലമാണ് റമസാന്‍. ഓരോന്നിനും ഒരു സുവര്‍ണകാലമുണ്ട്. തഖ്‌വയുടെ സുവര്‍ണകാലമാണ് റമസാന്‍ . തഴച്ചു വളരട്ടെ നമ്മിലും ഈ സത്ഗുണങ്ങള്‍! ഉപകാരപ്രദമാകട്ടെ ഈ സുവര്‍ണകാലം!

Your Rating: