Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശുദ്ധിയുടെ വിശപ്പ്

by ഫിറോസ് അലി
Ramzan

ആയിരം പ്രബന്ധങ്ങൾ വായിച്ചാലും അതിന്റെ തണുപ്പ് ‌അനുഭവിക്കാനാവില്ല. അത് അറിയണമെങ്കിൽ ഒരു ചാറ്റൽ മഴയെങ്കിലും നനയണം. റമസാൻ വ്രതത്തിന്റെ ഏറ്റവും ലളിതമായ യുക്തിയും ഇതു തന്നെ. ‌പട്ടിണിയെക്കുറിച്ച് എത്ര ഗിരിപ്രഭാഷണങ്ങൾ കേട്ടാലും അതിന്റെ തീവ്രത അറിയാനാവില്ല. വിശക്കുന്ന വയറിന്റെ പരവേശമറിയാൻ പട്ടിണി കിടക്കുക തന്നെ വേ‌ണം. ‌എന്നാൽ, പ്ര‌ഭാതം മുതൽ പ്ര‌ദോഷം വരെയുള്ള ‌പട്ടിണി ‌മാത്രമല്ല നോ‌മ്പ്. അങ്ങനെ കരുതുന്നത്, സമുദ്രത്തിൽ നിന്നു ഒരു തുള്ളി വെള്ളം കൈയ്യിലെടുത്ത് അതിനെ കടലെടുന്നു വിളിക്കുന്നതു പോലെ നിരർഥകമാണ്. വ്രതത്തിൽ സഹനമുണ്ട്, ‌സ്വയം അറിയലുണ്ട്, സഹജീവിയെ മറയില്ലാതെ മനസ്സിലാക്കുന്ന അനുഭവമുണ്ട്, വിശപ്പിലൂടെ ഭക്ഷണത്തിന്റെ വിലയറിയലുണ്ട്, എല്ലാറ്റിലുമപരി ‌സ്വയം ശുദ്ധീകരി‌ക്കപ്പെടുന്ന വിശുദ്ധിയുണ്ട്.

കളഞ്ഞുപോയ മുത്ത് തേടുക
ഇസ്‌ലാമിക വിശ്വാസ പ്രകാരം വിജ്ഞാനത്തിന്റെ, സാക്ഷരതയുടെ, വായ‌നയുടെ ആഘോഷം കൂടിയാണു റമസാൻ. അറിവില്ലായ്മയുടെ അന്ധകാരത്തിൽ കഴിഞ്ഞിരുന്ന അറബ് സമൂഹത്തിലേക്കു അറിവിന്റെ പ്രകാശ ദൂതുമായി ഖുർആൻ അവതീർണമായത് ഈ പുണ്യമാസത്തിലാണ്. മാലാഖമാർ വഴി പ്രവാചകനു കൈമാറിയ വിശുദ്ധ ഖുർആൻ എന്ന മഹത് സന്ദേശത്തിന്റെ ആദ്യ വചനം ഇങ്ങനെയായിരുന്നു- ‌വായിക്കുക. പിന്നീട് പല ഘട്ടങ്ങളിലായി ‌ഖുർആൻ എ‌‌ന്ന ‌വിജ്ഞാന സാഗരത്തിന്റെ പൂർണ രൂപം പ്രവാചകനിലേക്കു കൈമാറ്റം ചെ‌യ്യപ്പെട്ടു. അറിവിന്റെ, അക്ഷരങ്ങളുടെ കരുത്ത് മനസ്സിലാക്കിയ പ്രവാചകൻ പി‌ന്നീട് സമകാലികരും പിറക്കാനിരിക്കുന്നവരുമായ സമൂഹത്തെ ഉദ്ബോധിപ്പിച്ചു- ‘അറിവ് വിശ്വാസിയുടെ കളഞ്ഞുപോയ മുത്താണ്. അത് എവിടെ കണ്ടാലും ‌പെറുക്കിയെടുക്കുക’. വിശുദ്ധ ഖുർആനിന്റെ മഹത്വത്തിന്റെ പ്രഘോഷണം ‌കൂടിയാണു റമസാൻ. അക്ഷരങ്ങളുടെ ‌കരുത്തിനെക്കുറിച്ച് വിശ്വാസിയെ നിരന്തരം ഓർമിപ്പിച്ച് പള്ളികളിലും വീടിന്റെ അകത്തളങ്ങളിലും ഈ മാസത്തിൽ അത് ഈണത്തിൽ മുഴങ്ങിക്കേൾക്കും. 

മിതത്വമാകണം വഴികാട്ടി
ജീവിതം തന്നെ വലിയൊരു ആർഭാടമായി മാറുന്ന കാലത്ത് മിതത്വത്തിന്റെ വലിയ സന്ദേശം കൂടി നൽകുന്നുണ്ട് റമസാൻ. ഈന്തപ്പഴം കൊണ്ട് നോമ്പു തുറന്നും അത്താഴം അതി ലളിതമാക്കിയും മിതത്വത്തിന്റെ മാതൃക പ്രവാചകൻ ‌തന്നെ പഠിപ്പിച്ചിട്ടുണ്ട്. പകൽ വ്രതത്തിന്റെ ഗുണം രാത്രിയിലെ ധാരാളിത്തം കൊ‌ണ്ട് ഇല്ലാതാക്കുന്ന ശീലം ഇസ്‍ലാം പഠിപ്പിച്ചതല്ല. ഇഫ്താർ വിരുന്നുകൾ സഹവർതിത്വത്തിന്റെയും സമഭാവനയുടെയും മൈത്രിയുടേയും സന്ദേശമാണു നൽ‌കേണ്ടത്; ആഡംബരത്തിന്റെയും ധാരാളിത്തത്തിന്റേതുമല്ല.700 കോടി ജനങ്ങൾ, ഒരേ ഒരു ഭൂമി, മിതമാകട്ടെ ഉപയോഗം എന്നതായിരുന്നു ഇത്തവണ ‌പരിസ്ഥിതി ദിനlത്തിന്റെ സന്ദേശം. ഇനി വരുന്ന തലമുറകൾക്കു വേണ്ടി എല്ലാ അർഥത്തിലുമുള്ള കരുതൽ കൂടിയാണു മിതത്വം. റമസാൻ പകർന്നു നൽകു‌ന്ന ‌സന്ദേശവും മറ്റൊന്നല്ല.

ആത്മവിശുദ്ധി തേടി
മനുഷ്യന്റെ ഏറ്റവും വലിയ ദൗർബല്യവും ഏറ്റവും കരുത്തുറ്റ ആയുധവുമാണു പട്ടിണി. ഭക്ഷണം കിട്ടാനില്ലാതെ പട്ടിണി കിടക്കുന്നതാണു ദൗർബല്യം. ഒരു ‌മനുഷ്യൻ ജീവിതത്തിൽ നേരിടാവുന്ന ഏറ്റവും ദയനീയമായ അവസ്ഥ.അത്കൊണ്ടുതന്നെ, മനുഷ്യന് സഹജീവിയോട് ചെയ്യാനുള്ള ഏറ്റവും അടിസ്ഥാന കടമ വിശക്കുന്നവന് ആഹാരം നൽകുകയെന്നതാണ്. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ച് ഉണ്ണുന്നവൻ എന്റെ സമുദായത്തിൽ പെട്ടവനല്ലെന്ന പ്രവാചക മൊഴിയുടെ പൊരുളും ഇതു ‌തന്നെയാണ്. നിർവചനങ്ങളില്ലാതെ, ഏതു മനുഷ്യനും പാകമാകുന്ന രീതിയിൽ അയൽവാസിയെന്ന പറഞ്ഞതിലൂടെ വിശ്വമാനവികതയുടെ വലിയ പ്ര‌ഖ്യാപനം ‌കൂടിയായി പ്രവാചകന്റെ വാക്കുകൾ മാറുന്നു. വ്രതത്തിലൂടെ പട്ടിണിയുടെ രുചിയറിഞ്ഞവർക്കു പ്രവാചകന്റെ വാക്കുകളുടെ അർഥം പിടികിട്ടാൻ പ്രയാസമുണ്ടാകില്ല. 

‌വ്രതത്തിനു വിരാമമിട്ട് നടക്കുന്ന ഈദുൽ ഫിതറിനോടനുബന്ധിച്ചുള്ള ‌ഫിതർ സകാത്തിലുമുണ്ട് സഹജീവിയോടുള്ള ഈ കരുതൽ. പെരുന്നാൾ ദിവസം തനിക്കും കുടുംബത്തിനും ജീവിക്കാനുള്ളതിനു ശേഷം എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അവരൊക്കെ ഫിത്ർ സക്കാത്ത് നൽകാൻ ബാധ്യസ്ഥരാണ്. കഠിന വ്രതത്തിനു ശേഷമെത്തുന്ന ആഘോഷ ദിനം ഒരാൾ പോലും പട്ടിണി കിടക്കരുതെന്ന മാനുഷിക പരിഗണനയാണു ഇതിനു പിന്നിലെ യുക്തി. പെരുന്നാൾ ദിനം വ്രതമെടുക്കുന്നത് നിഷിദ്ധമാക്കിയതും മറ്റൊന്നും ‌കൊണ്ടല്ല.

ആയുധമാക്കി ഉപയോഗിക്കപ്പെടുമ്പോൾ പട്ടിണി ആയിരം വെ‌ടി‌യുണ്ടകളുടെ പ്രഹര ശേഷിയുള്ളതാണ്. മഹാത്മാഗാന്ധിയുടെ നിരാഹാര സമരങ്ങളിലൂടെ കഴി‌ഞ്ഞ നൂറ്റാണ്ടിൽ ലോകം അതു കണ്ടതാണ്. ബ്രട്ടീഷ് സാമാജ്യം മാ‌ത്രമല്ല, ‌ഇന്ത്യൻ വിഭജനാനന്തരം പരസ്പരം പോരടിച്ചിരുന്ന വിവിധ സമുദായങ്ങളും ഗാന്ധിയുടെ നിരാഹാര സമരത്തിനു മുന്നിൽ കീഴടങ്ങി. സ്വയം നവീകരണത്തിനും വ്രതത്തോളം നല്ലൊരു ഒറ്റമൂലിയില്ല. ഇച്ഛകൾ നിങ്ങളെ കീഴടക്കുമെന്ന ആശങ്കയുള്ളവർ ‌വ്രതമെടുക്കട്ടെയെന്നു പ്രവാചക വചനത്തിൽ സ്വയം ശുദ്ധീകരിക്കപ്പെടലിന്റെ പാഠമുണ്ട്. സമ്പത്ത് ശുദ്ധീകരിക്കപ്പെടുന്ന തിനുള്ള നിർബന്ധിത ദാനമായ സകാത്തിനു റമസാൻ മാസത്തിൽ ഇരട്ടി പുണ്യം ലഭിക്കുന്നത് ഇതിനോടു ‌കൂട്ടി വായിക്കാം. 

വ്രതമെന്ന പാഠപുസ്തകത്തിലെ ആദ്യ അധ്യായങ്ങളാണു ക്ഷമയും വിന‌യവും ത്യാഗവും. എല്ലാം ലഭ്യമായിട്ടും വേണ്ടെന്നു വയ്ക്കുന്ന ത്യാഗം. ‌മനസ്സിന്റെയും ശരീരത്തിന്റെയും ഇച്ഛകളെ ചങ്ങലയ്ക്കിടുന്ന ക്ഷമ. മനുഷ്യന്റെ നിസ്സാരതയെ സ്വയം അറിയുമ്പോഴു ണ്ടാകുന്ന വിനയം. വിശ്വാസികൾക്കു നിർബന്ധമാക്കിയ ആചാരങ്ങളും ആരാധന‌കളും ഒട്ടേറെയുണ്ട്. എല്ലാം ദൈവത്തിലേക്ക് കൂടുതൽ അടുക്കാനുള്ള വഴികൾ.‌ എന്നാൽ, ഏതെങ്കിലുമൊരു ആരാധന എനിക്കുള്ളതാണെന്നു വിശുദ്ധ ഖുർആനിലൂടെ അല്ലാഹു എടുത്തു പറഞ്ഞതു വ്രതത്തെക്കുറിച്ചു മാത്രമാണ്. ‘വ്രതം ‌ എനിക്കുള്ളതാണ്. അതിന്റെ പ്രതിഫലം നൽകുന്നതു ഞാനാണ്’. വ്രതപുണ്യത്തിനു ദൈവസാക്ഷ്യം.

തിന്മയ്ക്കു മേൽ നന്മയുടെ ജയം വിളംബരം ചെയ്ത ബദർ വാർഷികവും ആയിരം രാവുകളെക്കാൾ പുണ്യമുള്ള ലൈലത്തുൽ ഖദ്റും റമസാനിനെ പു‌ണ്യങ്ങളുടെ പൂക്കാലമാക്കുന്നു. സഹജീവിയോട് കാരുണ്യത്തോടെ ഇടപെടുകയും അവന്റെ ദൈന്യതകളോട് താദാത്മ്യം പ്രാപിക്കുകയുമാണു റമസാൻ മു‌ന്നോട്ടുവെയ്ക്കുന്ന സന്ദേശം. അക്രമമല്ല, സഹനമാണു അന്തിമ വിജ‌യത്തിലേക്കുള്ള മാർഗമെന്നു അത് നിരന്തരം ഓർമപ്പെടുത്തുന്നു. ‌ഇന്നത്തെ ലോകസാഹചര്യത്തിലെന്ന പോലെ, മനുഷ്യനുള്ളിടത്തോളം കാലം പ്ര‌സക്തമാണു ആ ഓർമപ്പെടുത്തൽ....

Your Rating: