Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റമസാൻ വ്രതം ഇങ്ങനെ

Ramazan

ഹിജ്റ വർഷത്തിലെ ഒൻപതാം മാസമാണ് റമസാൻ. ഇസ്ലാമിന്റെ അഞ്ചു കർമാടിസ്ഥാനങ്ങളിൽ നാലാമത്തേതാണ് റമസാൻ വ്രതം. ശഅബാൻ മാസം 29ന് ചന്ദ്രപ്പിറവി ദൃശ്യമായാൽ തൊട്ടടുത്ത ദിവസം മുതൽ വ്രതം അനുഷ്ഠിക്കണം. ഇല്ലെങ്കിൽ ശഅബാൻ 30 തീയതി പൂർത്തിയാക്കി അടുത്ത ദിവസമായിരിക്കും വ്രതാരംഭം. പുലർവേള മുതൽ സന്ധ്യ വരെ അന്നപാനീയങ്ങൾ പൂർണമായി വർജിക്കുന്നതാണ് ഇസ്ലാമിലെ വ്രതം. സുബ്ഹി ബാങ്കിനു ശേഷം (സെപ്റ്റംബർ മാസത്തിൽ കേരളത്തിലെ ഏകദേശ സമയം പുലർച്ചെ 5.05) മഗ്രിബ് ബാങ്ക് വരെ (ഏകദേശ സമയം സന്ധ്യയ്ക്ക് 6.30) അന്ന പാനീയങ്ങളൊന്നും കഴിക്കാൻ പാടില്ല. മഗ്രിബ് ബാങ്ക് വിളിച്ചാൽ ഉടൻ തന്നെ നോമ്പ് മുറിക്കുന്നതാണ് ഉത്തമം. പഴുത്ത ഈത്തപ്പഴമോ കാരയ്ക്കയോ പഴങ്ങളോ ശുദ്ധജലമോ കഴിച്ച് വ്രതത്തിൽനിന്നു മുക്തരായ ശേഷം ഭക്ഷണം കഴിക്കാം. 

റമസാൻ വ്രതം സംബന്ധിച്ച നിർദേശം വിശുദ്ധ ഖുർആനിലെ രണ്ടാം അധ്യായമായ അൽബഖറയിലെ 183—ാം സൂക്തത്തിലാണ്: ‘വിശ്വാസികളേ, നിങ്ങളുടെ മുൻഗാമികൾക്ക് നിർബന്ധമാക്കപ്പെട്ട പോലെ വ്രതാനുഷ്ഠാനം നിങ്ങൾക്കും നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ സൂക്ഷ്മതയുള്ളവരാകാൻ വേണ്ടി’. യാത്രക്കാർ, രോഗികൾ എന്നിവർക്ക് വ്രതാനുഷ്ഠാനത്തിൽ ഇളവുണ്ട്. ഇവർ നഷ്ടപ്പെട്ട അത്രയും നോമ്പ് പിന്നീട് അനുഷ്ഠിച്ചു വീട്ടണം. ആർത്തവ കാലത്തും പ്രസവവിശ്രമ കാലത്തും സ്ത്രീകൾക്കും ഈ ഇളവുണ്ട്. വാർധക്യം ബാധിച്ചവർക്കും ഭേദമാകുമെന്നു പ്രതീക്ഷയില്ലാത്ത രോഗികൾക്കും വ്രതത്തിൽനിന്നു പൂർണമായ ഇളവുണ്ട്. ഇവരിൽ സാമ്പത്തിക ശേഷിയുള്ളവർ പകരം ഓരോ വ്രതത്തിനും ഒരു മുദ്ദ് (625 ഗ്രാം) ഭക്ഷ്യധാന്യം ദരിദ്രർക്കു ദാനം ചെയ്യണം. 

ശരീരത്തിനുള്ളിലേക്ക് ഭക്ഷണമോ മറ്റെന്തെങ്കിലും ഖര, ദ്രാവക പദാർഥങ്ങളോ പ്രവേശിക്കുക, മനഃപൂർവം ഛർദിക്കുക, സ്ഖലനം, ആർത്തവം, ലൈംഗിക വേഴ്ച തുടങ്ങിയ കാരണങ്ങളാൽ വ്രതം അസാധുവാകും. ലൈംഗിക വേഴ്ചയിലൂടെ വ്രതം നഷ്ടപ്പെടുത്തിയാൽ കഠിനമായ പ്രായശ്ചിത്തവും വേണം. വായിൽനിന്ന് ഉമിനീര് ഇറക്കിയാൽ നോമ്പ് മുറിയില്ല. നോമ്പുകാരനാണെന്ന കാര്യം മറന്ന് ഭക്ഷണം കഴിച്ചാലും ഇളവുകളുണ്ട്.