Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുണയാൽ നിർമലമാകട്ടെ ഹൃദയം

ഡോ. അലി മുഹ്‌യിദ്ദീൻ അലി അൽ ഖുർറദാഗി
Ramadan message by prof Dr Ali Al Muhyiddin Al Qaradhagi ‘നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ ചെയ്യുക; ആകാശത്തുള്ളവൻ നിങ്ങളോടും കരുണ ചെയ്യും’ എന്നു പ്രവാചകൻ പഠിപ്പിച്ചു.

റമസാൻ മാസത്തിലെ ആദ്യത്തെ പത്തു ദിനങ്ങളെ കാരുണ്യത്തിന്റെ പത്ത് എന്നാണ് മുഹമ്മദ് നബി വിശേഷിപ്പിച്ചത്. കരുണയോടെ ആളുകളുമായി ഇടപഴകണമെന്ന പാഠം റമസാനിൽനിന്നു പഠിക്കണം. മറ്റുള്ളവർക്കു കൈത്താങ്ങാകണം. അവരുടെ വിഷമങ്ങളിൽ ഹൃദയം വേദനിക്കണം. 

‘കരുണാമയനായ അല്ലാഹുവിന്റെ നാമത്തിൽ’ എന്നു ചൊല്ലിയാണ് ഖുർആൻ പാരായണം തുടങ്ങുക. 

‘നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ ചെയ്യുക; ആകാശത്തുള്ളവൻ നിങ്ങളോടും കരുണ ചെയ്യും’ എന്നു പ്രവാചകൻ പഠിപ്പിച്ചു. ജീവിതത്തിലെ എല്ലാ വ്യവഹാരങ്ങളിലും സ്‌നേഹവും കരുണയും നിറഞ്ഞ നിലപാടുകളാണ് സ്വീകരിക്കേണ്ടത്. ഒരിക്കൽ പ്രവാചകൻ അനുചരരോടു പറഞ്ഞു, ‘പരസ്‌പരം കരുണ കാണിച്ചാൽ മാത്രമേ നിങ്ങൾ സത്യവിശ്വാസികളാകൂ’. അവരിലൊരാൾ ചോദിച്ചു, ‘ഞങ്ങൾ പരസ്‌പരം കരുണയുള്ളവരാണല്ലോ’. പ്രവാചകൻ തുടർന്നു, ‘കാരുണ്യമെന്നത് ഒരാൾ തന്റെ കൂട്ടുകാരനോടു കാണിക്കുന്നതു മാത്രമല്ല. മുഴുവനാളുകളോടും പ്രകടിപ്പിക്കുന്നതാണ്’.

മുഹമ്മദ് നബിയെ നിയോഗിച്ചതിനെക്കുറിച്ച് ഖുർആൻ പറഞ്ഞതിങ്ങനെ (21:107): ‘പ്രപഞ്ചത്തിനാകമാനം കാരുണ്യമായാണ് നബിയേ, താങ്കളെ നിയോഗിച്ചിരിക്കുന്നത്’. ഒരിക്കൽ ശത്രുക്കളുടെ നാശത്തിനു വേണ്ടി പ്രാർഥിക്കാൻ ഒരാൾ നബിയോട് ആവശ്യപ്പെട്ടു. 

അദ്ദേഹം പ്രതിവചിച്ചു, ‘ശപിക്കുന്നവനായല്ല, കാരുണ്യമായിട്ടാണ് ഞാൻ നിയുക്തനായിരിക്കുന്നത്’. സൗമ്യതയും കരുണയുമാണ് സ്രഷ്ടാവിനിഷ്ടം. ഹൃദയം കരുണയാൽ നിർമലമാക്കുക.

∙ മൊഴിമാറ്റം: മുഹമ്മദലി ഹുദവി വേങ്ങര