Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല ചിന്തകൾ, നന്മയാർന്ന ലോകം

ഡോ. അലി മുഹ്‌യിദ്ദീൻ അലി അൽ ഖുർറദാഗി
Ramadan തിക്താനുഭവങ്ങളുണ്ടാകുമ്പോഴും ശുഭാപ്തി ചിന്തയായിരിക്കണം നയിക്കേണ്ടത്

ചിന്തകളുടെ ക്രമീകരണമാണു നന്മയാർന്ന ജീവിതത്തിന്റെ നിദാനം. മനുഷ്യരുടെ വ്യക്തിപരവും സാമൂഹികവുമായ സങ്കൽപങ്ങൾക്കും ജീവിതത്തിനും ചിറകുനൽകുന്നതു ചിന്തകളാണ്. നന്മകളുടെയും തിന്മകളുടെയും ഉത്ഭവവും വികാസവും എല്ലാം അതിനെ ആശ്രയിച്ചിരിക്കുന്നു. ചിന്തകളുടെ ഉറവിടം നന്നായാൽ എല്ലാം നന്നായി. ഏതു കാര്യങ്ങളെയും ആലോചനയോടെ വേണം സമീപിക്കാൻ. ചിന്തിക്കണമെന്നും കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കണമെന്നും ഖുർആൻ പലയിടത്തായി ആവശ്യപ്പെടുന്നു. ആയിരത്തിലധികം സൂക്തങ്ങളിൽ ചിന്തകളുടെ പ്രധാന്യം പരാമർശിച്ചിട്ടുണ്ട്. വ്യക്തിവികാസവും സമൂഹസൃഷ്ടിയും സാംസ്‌കാരിക നിർമിതിയുമൊക്കെ സാധ്യമാകുന്നത് മനുഷ്യരുടെ ചിന്തകൾ ഗുണപരമായി ക്രമീകരിക്കുന്നതിലൂടെയാണ്. 

ചിന്താശേഷിയുള്ള ഏകജീവിയാണ് മനുഷ്യൻ. പ്രപഞ്ചത്തെക്കുറിച്ചും സൃഷ്ടിവൈഭവത്തെക്കുറിച്ചും അവൻ ആലോചന നടത്തണമെന്നും സ്വയം പുതുക്കിക്കൊണ്ടിരിക്കണമെന്നും ഖുർആൻ ആവശ്യപ്പെടുന്നു. മൂന്നാമധ്യായത്തിൽ ഇങ്ങനെ കാണാം; ‘ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപകലുകൾ മാറിമാറി വരുന്നതിലും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങളുണ്ട്. വിശ്വാസികൾ നിന്നും ഇരുന്നും കിടന്നുമൊക്കെ അല്ലാഹുവിനെ സ്മരിക്കുന്നവരാണ്. ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനെപ്പറ്റി അവർ ചിന്തിച്ചുകൊണ്ടേയിരിക്കും’

നല്ല ചിന്തകളിലൂടെയാണ് നല്ല ലോകം പിറവിയെടുക്കുക. വികല ചിന്തകളിലേക്കു പോകാതെ മനസ്സിനെ ഋജുവാക്കിയെടുക്കാൻ കഴിയണം. റമസാൻ അതിനു സഹായകമാകണം. മോശം സാഹചര്യങ്ങളും അനുഭവങ്ങളുമില്ലാത്തവർ വിരളമായിരിക്കും. നല്ല സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാനും അല്ലാത്തവയോടു മുഖംതിരിക്കാനും കഴിയണം. തിക്താനുഭവങ്ങളുണ്ടാകുമ്പോഴും ശുഭാപ്തി ചിന്തയായിരിക്കണം നയിക്കേണ്ടത്. 

മൊഴിമാറ്റം: മുഹമ്മദലി ഹുദവി വേങ്ങര