Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ലതു മാത്രം പറയുക

ഡോ. അലി മുഹ്‌യിദ്ദീൻ അലി അൽ ഖുർറദാഗി
Ramadan thought നിയന്ത്രണമുണ്ടായില്ലെങ്കിൽ വിനാശം വിതയ്ക്കാൻ നാവു മതി

ജീവിതത്തിലെ വിജയ പരാജയങ്ങളിൽ ഹൃദയത്തെപ്പോലെ നാവിനും വലിയ പങ്കുണ്ട്. നിയന്ത്രണമുണ്ടായില്ലെങ്കിൽ വിനാശം വിതയ്ക്കാൻ നാവു മതി. വ്യക്തികൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ, സഹവർതിത്വത്തിന്റെ മനോഹരമായ അധ്യായം രചിക്കാൻ, നന്മയുടെ വിപ്ലവമുണ്ടാക്കാൻ സംസാരത്തിനു സാധിക്കും. മറ്റു ജീവികളെ അപേക്ഷിച്ചു മനുഷ്യനു ലഭിച്ച അനുഗ്രഹങ്ങളിലൊന്നാണു സംസാരശേഷി. അതു സൂക്ഷിച്ച് ഉപയോഗിക്കണമെന്നു മുഹമ്മദ് നബി അനുചരരെ നിരന്തരം ഉപേദേശിക്കാറുണ്ടായിരുന്നു. ‘നല്ലതു പറയുക, അല്ലെങ്കിൽ മിണ്ടാതിരിക്കുക’ എന്നതു പ്രശസ്തമായ പ്രവാചക വചനമാണ്. ‘നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക’ – അഹ്സാബ് എന്ന അധ്യായത്തിൽ ഖുർആൻ ആവശ്യപ്പെടുന്നു. 

നല്ലതു പറയാനും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ഉപയോഗിക്കേണ്ട സംസാരശേഷിയെ കുടുംബത്തിലും നാട്ടിലും അസ്വസ്ഥതയുണ്ടാക്കാൻ ഉപയോഗിക്കുന്നത് എന്തൊരു പരാജയമാണ്! സൂഫി പണ്ഡിതനായ ഹാത്വിമുൽ അസ്വമ്മ് ഒരിക്കൽ പറ‍ഞ്ഞു, ‘ഞാൻ എന്തുപറഞ്ഞാലും സ്രഷ്ടാവ് അറിയും. അതിനാൽ അല്ലാഹുവിനു നൽകാൻ ഒരുത്തരം കണ്ടുവയ്ക്കാതെ ഞാൻ ഒരുവാക്കും പറയില്ല’. വാക്കുകളുടെ ഉപയോഗം അനുസരിച്ചാണു സാമൂഹിക മാറ്റങ്ങളുണ്ടാകുന്നതെന്നു തിരിച്ചറിയണം. വാക്കുകൊണ്ടു മറ്റുള്ളവരെ മുറിവേൽപ്പിക്കുന്നവർക്ക് അതികഠിനമായ ശിക്ഷ കാത്തിരിപ്പുണ്ടെന്നു പ്രവാചകൻ മുന്നറിയിപ്പു നൽകി. നല്ലതു പറയുക, നന്മ പരത്തുക.

∙ മൊഴിമാറ്റം: മുഹമ്മദലി ഹുദവി വേങ്ങര

Read more...Ramdan, Festival, Ramadan thoughts