Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃത്തി വിശ്വാസത്തിന്റെ പാതി

ഡോ. അലി മുഹ്‌യിദ്ദീൻ അലി അൽ ഖുർറദാഗി
Ramadam പരിസരം സുന്ദരവും ശുചിത്വപൂർണവുമാക്കാൻ പ്രവാചകൻ അനുചരരെ പ്രോത്സാഹിപ്പിച്ചിരുന്നു

വൃത്തി വിശ്വാസത്തിന്റെ പാതിയാണെന്നാണ് നബിവചനം. ശുചിത്വവും ആരോഗ്യപരിരക്ഷയും വിശ്വാസപരമായ കടമകൂടിയാണെന്ന് മുഹമ്മദ് നബി (സ) പഠിപ്പിച്ചു. വ്യക്തിശുചിത്വം പാലിക്കുന്നതിനൊപ്പം പരിസരം വൃത്തിയായും ഭംഗിയായും സൂക്ഷിക്കണമെന്ന് ഓർമിപ്പിച്ചു. നമസ്‌കാരത്തിന്റെ സ്വീകാര്യതയ്ക്ക് ശുദ്ധിയാണ് പ്രധാന നിബന്ധന. അഞ്ചുനേരം നമസ്കാരത്തിന് അംഗസ്‌നാനം ചെയ്യണമെന്നു വരുമ്പോൾ രാപകൽ ഒരാൾ വൃത്തിയോടെയും ശുചിത്വബോധത്തോടെയും ഇരിക്കാനുള്ള സാഹചര്യമൊരുങ്ങും.

പശ്‌ചാത്തപിക്കുന്നവരെയും ശുചിത്വം പാലിക്കുന്നവരെയും അല്ലാഹു ഇഷ്‌ടപ്പെടുകതന്നെ ചെയ്യുമെന്ന് ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു.

മദീനയ്ക്കടുത്തുള്ള ഖുബാ നിവാസികളുടെ ശുചിത്വബോധത്തെ ഖുർആനിലെ അത്തൗബ അധ്യായത്തിലെ 108-ാം വചനത്തിൽ പ്രത്യേകം അഭിനന്ദിക്കുന്നു. പരിസരം സുന്ദരവും ശുചിത്വപൂർണവുമാക്കാൻ പ്രവാചകൻ അനുചരരെ പ്രോത്സാഹിപ്പിച്ചിരുന്നു. മലിനമാക്കുന്നവരെ വിമർശിക്കുകയും ചെയ്‌തു. സുഗന്ധച്ചെടികൾ നട്ടുവളർത്താൻ പ്രത്യേകം നിർദേശം നൽകിയിരുന്നു. ലോകാവസാനമാണെന്ന് അറിഞ്ഞാൽപോലും കയ്യിലുള്ള വൃക്ഷത്തൈ നടണമെന്ന പ്രശസ്തമായ വചനം ഓർക്കുക. കെട്ടിനിൽക്കുന്ന വെള്ളവും അരുവികളും അശുദ്ധമാക്കുംവിധം പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കരുതെന്ന് പ്രവാചകൻ ആവശ്യപ്പെട്ടു. 

ശരീരം ശുദ്ധമായിരിക്കുക വഴി ഹൃദയശുദ്ധീകരണത്തിനു സാഹചര്യമൊരുക്കുക എന്നതാണ് ഇസ്‌ലാമിന്റെ കാഴ്‌ചപ്പാട്. അഞ്ചുനേരത്തെ നമസ്‌കാരത്തോടൊപ്പം വായ വൃത്തിയാക്കൽ നിർബന്ധമാക്കാത്തത് ജനങ്ങൾക്ക് പ്രയാസമാകുമെന്നു കരുതിയതുകൊണ്ടു മാത്രമാണെന്ന് പ്രവാചകൻ പറഞ്ഞു. ‌ശുചിത്വം സാമൂഹികമായ കടമയാണ്. ഒരാൾ അതിൽ പരാജയപ്പെട്ടാൽ പ്രയാസം ഒരു സമൂഹത്തിനാകെയാണ്.

∙ മൊഴിമാറ്റം: മുഹമ്മദലി ഹുദവി വേങ്ങര

Read more.. Ramadan Kareem, Date of Ramadan, Ramzan 2017, Ramzan Festival, Ramzan Date