Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുനക്കരയിലെ നാഗദൈവങ്ങൾ

thirunakkara-11

നക്കരകുന്നിൽ സ്വയംഭൂവായ മഹാദേവനെ കണ്ട തെക്കുംകൂർ രാജാവ് നാടിനെയും പ്രജകളെയും ആ തൃക്കയ്യിൽ സമർപിക്കുകയാണുണ്ടായത്. തന്റെ അഭീഷ്ടം സാധിച്ചതിന്റെ പ്രത്യുപകാരമെന്നോണം രാജാവ് ദേശത്തുള്ളതിൽവച്ച് ഏറ്റവും വലിയ ക്ഷേത്രമാണ് നിർമിച്ചത്. നാല് മാളികഗോപുരം, കൂത്തമ്പലം, ആനക്കൊട്ടിൽ, വിളക്കുമാടം, ഊട്ടുപുര എന്നിവ. തച്ചുശാസ്ത്ര വിധിപ്രകാരമാണ് എല്ലാം നിർമിച്ചത്. തച്ചുശാസ്ത്ര നിപുണനായ ഒരു രാജാവ് ക്ഷേത്രം സന്ദർശിച്ചശേഷം ഇങ്ങനെ രേഖപ്പെടുത്തി: ‘കണക്കിൽ ഒരു പിഴവും ഇല്ലാതെ പണിത ഈ ക്ഷേത്രം കാലാന്തരത്തിൽ നാടെങ്ങും അറിയപ്പെടുന്ന മഹാക്ഷേത്രമായി മാറും.’

വാമഭാഗത്ത് പാർവതിയെ പ്രതിഷ്ഠിച്ചു. സംഹാരരൂപിയാണ് ശിവനെന്ന് പറയുമെങ്കിലും പാർവതിയുടെ സാന്നിധ്യം മഹാദേവനെ ശാന്തനും അനുഗ്രഹദായകനുമാക്കി. ഉപദേവാലയം പണിത് പുത്രന്മാരെയും പ്രതിഷ്ഠിച്ചപ്പോൾ ഒരു ഗൃഹസ്ഥാശ്രമിയുടെ സകലഭാവവും ഭാഗവാനുണ്ടായെന്നു പറയാം. ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, വടക്കുംനാഥൻ, എന്നീ ഉപദേവന്മാരും ഭഗവതി, ഭദ്രകാളി എന്നീ ഉപദേവകളുമാണ് ഇവിടുള്ളത്. ഇപ്പോൾ കന്നിമൂലയിൽ തറകെട്ടി നാഗദൈവങ്ങളെയും പ്രതിഷ്ഠിച്ചു.

തിരുനക്കരയിൽ ആദ്യം നടത്തിയ ദേവപ്രശ്നത്തിൽ ക്ഷേത്രപരിസരത്ത് അലക്ഷ്യമായി വച്ചിരിക്കുന്ന എല്ലാ നാഗദൈവങ്ങളെയും ഒരു സ്ഥലത്ത് കേന്ദ്രീകരിച്ചുപ്രതിഷ്ഠിക്കാൻ നിർദേശിക്കുകയുണ്ടായി. അതനുസരിച്ചാണ് ശാസ്താ ക്ഷേത്രത്തിനടുത്തായി കന്നിമൂലയിൽ തറകെട്ടി പ്രതിഷ്ഠ നടത്തിയത്. രണ്ടാമതുനടന്ന ദേവപ്രശ്നത്തിലും സർപ്പവിഷയം ഉയർന്നുവന്നു.

പ്രധാന ഭഗവാന്റെ വലതുവശത്തായി ചെത്തിത്തറയിൽ വച്ചിരിക്കുന്ന നാഗ ദൈവങ്ങളെക്കൂടി പുറത്തേക്കു മാറ്റണമെന്നായിരുന്നു അത്. തച്ചുശാസ്ത്ര വിദഗ്ധരുടെ മേൽനോട്ടത്തിൽ കന്നിമൂലയിൽ തന്നെ സ്ഥാനം കണ്ടെത്തി അവയെല്ലാം പ്രതിഷ്ഠിച്ചു. സർപ്പദൈവങ്ങൾക്കായി പ്രത്യേക സ്ഥലം തന്നെ തിരുനക്കരയിലണ്ട്. തറകെട്ടി ചിത്രകൂടം സഹിതം പ്രതിഷ്ഠിച്ചിരിക്കുന്നതോടൊപ്പം സംരക്ഷണവലയവും നിർമിച്ചിട്ടുണ്ട്. നാഗരാജാവ്, നാഗയക്ഷി, ശിവനാഗം എന്നിങ്ങനെ അനുഗ്രഹദായകരായ നാഗദൈവങ്ങളാണ് ഇവിടെയുള്ളത്.

thirunakkara-09

ആയില്യം നാളിൽ പേരുംനാളും പറഞ്ഞ് അർച്ചന കഴിക്കുക, മഞ്ഞൾ അഭിഷേകം, നൂറും പാലും കൊടുക്കുക, പുറ്റും മുട്ടയും, പാൽപ്പായസം എന്നിവ ഇവിടെ നടത്താനാവും. നാഗത്തറയ്ക്കു മുന്നിലായി നാഗങ്ങൾക്ക് ഏറെ പ്രിയങ്കരമായ സർപ്പംപാട്ട് പാടാൻ അവകാശപ്പെട്ട പുള്ളോർമാർ ഉണ്ട്. സർപ്പംപാട്ടു പാടുന്നതിനിടെ അവിടെ ഭക്തിയോടെ പ്രാർഥിച്ചാൽ ഫലമുണ്ടാകുമെന്ന് അനുഭവസ്ഥർ പറയും. മഹാദേവന്റെ ഭൂഷണങ്ങളാണ് നാഗങ്ങൾ. മനുഷ്യർക്ക് സർവാനുഗ്രഹവും നൽകാനുള്ള ശക്തിയും മഹത്വവും അവയ്ക്കുണ്ട്. പ്രശ്നവശാലോ, ജാതകദോഷംമൂലമോ മനുഷ്യജീവിതത്തിൽ ചില അനർഥങ്ങളുണ്ടാകാം. അതിൽ ഏറെ ദോഷകരമാണ് രാഹുർദശ. ഈ കാലയളവിൽ ത്വക്രോഗം, ഞരമ്പുരോഗങ്ങൾ, നയനരോഗം എന്നിവ ഉണ്ടാകാം. ദോഷകാലത്ത് നാഗദൈവങ്ങളെ മനസ്സുരുകി പ്രാർഥിച്ച് യഥാശക്തി വഴിപാടുനടത്തിയാൽ ദുരിതമൊഴിയും. അഭിഷേകം ചെയ്ത മഞ്ഞൾ ദേഹത്ത് പുരട്ടുകയും കരിക്ക് അഭിഷേകം ചെയ്ത് തീർഥം സേവിക്കുകയും ചെയ്യുന്നത് ഈ സമയത്ത് അനുഗ്രഹദായകമാണ്. മംഗല്യ തടസ്സമുള്ളവർ ആണ്ടൊരിക്കൽ നാഗപഞ്ചമിക്ക് വൃതം അനുഷ്ഠിച്ചാൽ ഫലം ലഭിക്കും.

കന്നി മാസത്തിലെ ആയില്യത്തിനാണ് പ്രാധാന്യം. അന്ന് തിരുനക്കരയിൽ സർപ്പബലി ഉണ്ടാകും. സർപ്പകോപം മാറ്റാൻ ഏറ്റവും ഉത്തമമായ വഴിപാടാണ് സർപ്പബലി. 64 കോടി സർപ്പദൈവങ്ങളേയും വാസുകിയേയും നാഗയക്ഷിയേയും സന്തോഷിപ്പിക്കാനാണ് സർപ്പബലി. ആദിശേഷനാൽ ചുറ്റപ്പെട്ട ശക്തികോണുകളിൽ 64 കോടി നാഗദേവതകളെ ആവാഹിച്ചിരുത്തുക. നടുവിലെ പീഠത്തിൽ പ്രപഞ്ചശക്തിയെ കുണ്ഡലിനീഭാവത്തിൽ ആവാഹിച്ചിരുത്തണം.

വടക്ക് ഗുരുതിക്കളം തീർത്ത് തീപ്പന്തംഇരുപത്തിനാലും മറ്റു പന്തം നാൽപ്പത്തിരണ്ടും ചേർത്തുവച്ച് സമസ്ത നാഗദേവതകളെയും വൈകാരിക തീവ്രത പ്രകടമാക്കുന്ന പത്മപീഠത്തിലേക്ക് ആവാഹിച്ചുവരുത്തി ഇഷ്ടനിവേദ്യങ്ങളാലും മന്ത്ര കീർത്തനങ്ങളാലും തൃപ്തിപ്പെടുത്തുന്നതാണ് സർപ്പബലി. സർപ്പബലി നടക്കുന്ന സമയം ദർശനം നടത്തിയാൽ സകല സർപ്പദോഷവും നിശേഷം അകന്നുപോകുമെന്ന് നാഗപുരാണത്തിൽ പ്രത്യേക പരാമർശമുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.