Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വാസ തോണിയേറി തിരുനക്കര

by ആത്മജവർമ തമ്പുരാൻ
thirunakkara-04

അർധനാരീശ്വര സങ്കൽപ്പമാണ് തിരുനക്കരയിലേത്. ശൈവ മതത്തിലെ പ്രാധാന്യമുള്ള രൂപകൽപ്പനയാണിത്. ശിവനും പാർവതിയും തമ്മിലുള്ള ഭാര്യാഭർത്തൃബന്ധത്തിന്റെ ദാർഢ്യം. ശക്തിയുമായി ചേരുമ്പോഴാണ് ശിവന് കർമശേഷി ഉണ്ടാക്കുന്നതെന്നു ഉദാത്ത സങ്കൽപ്പം. പുരുഷനായ ശിവന്റെയും പ്രകൃതിയായ പാർവതിയുടെയും സംയോഗമാണ് പ്രപഞ്ചോത്പത്തിക്കു കാരണമായതെന്നും വിശ്വാസം. തിരുനക്കരയിൽ നടത്തിയ അഷ്ടമംഗല്യദേവ പ്രശ്നത്തിൽ ശ്രീകോവിലിൽ വൈഷ്ണവസാന്നിധ്യവും കണ്ടിരുന്നു. അങ്ങനെ വിഷ്ണു ചൈതന്യ മടങ്ങിയ സാളഗ്രാമത്തിന്റെ ഐശ്വര്യവും തിരുനക്കരയപ്പനെ വണങ്ങുന്നവർക്കു ഉണ്ടാകുമെന്നാണ് വിശ്വാസം.

ഐതിഹ്യവും ചരിത്രവും

thirunakkara-02

പഴയ നക്കരക്കുന്നിൽ സ്വയംഭൂവായ ശിവലിംഗമാണ് ഇന്നത്തെ തിരുനക്കര മഹാദേവ ക്ഷേത്രമായി മാറിയത്. തിരുനക്കരയുടെ പഴയ പേരാണ് നക്കരക്കുന്ന്. ഐതിഹ്യത്തിന്റെ പിൻബലത്തിൽ ക്ഷേത്ര നിർമാണത്തിനു യത്നിച്ചതു തെക്കുംകൂർ രാജാവാണ്. തെക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാനം തിരുനക്കരയ്ക്കു സമീപമുള്ള തളിയിൽ ക്കോട്ടയിലായിരുന്ന നാളുകളിലാണ് ക്ഷേത്രനിർമാണത്തിന്റെ തുടക്കം.തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ഉറച്ച വിശ്വാസിയായിരുന്ന തെക്കുംകൂർ രാജവംശത്തിലെ രാജാവിനു ദേവൻ സ്വപ്നദർശനം നൽകിയെന്നും ഇതേതുടർന്നുണ്ടായ സംഭവങ്ങൾ ക്ഷേത്രനിർമിതിയിലേക്കുമെത്തിയെന്നാണ് ഐതീഹ്യം. പ്രായാധിക്യം മൂലം രാജാവിനു വടക്കുംനാഥനെ വണങ്ങുവാൻ തൃശൂർ വരെ യാത്രബുദ്ധിമുട്ടായ അവസരത്തിൽ ഭഗവാനോടു നൊന്തു പ്രാർഥിച്ചു: വരുംനാളുകളിൽ നേരിട്ട് എത്താൻ തക്ക ആരോഗ്യമില്ല; അനുഗ്രഹിച്ചു യാത്രയാക്കണം.

വളരെ ദുഃഖത്തോടെ മടങ്ങിയ രാജാവ് അന്നു രാത്രി സ്വപ്നം കണ്ടു.ഭഗവാൻ പ്രത്യക്ഷപ്പെട്ട് ഇപ്രകാരം അരുളി ചെയ്തു: ഞാൻ നക്കരക്കുന്നിൽ അവതരിക്കാം. ഇനി മുതൽ അവിടെ വന്നു തൊഴുതാൽ മതി. ഇതായിരുന്നു സ്വപ്ന ദർശനത്തിന്റെ രത്നചുരുക്കം. രാജാവ് സന്തോഷവാനായി. പരിവാരങ്ങളോടൊക്കെ സ്വപ്നത്തെക്കുറിച്ച് പറഞ്ഞു. ദിവസങ്ങൾ പിന്നിട്ടു. തിരുനക്കര(നക്കരക്കുന്ന്) സ്വാമിയാർ മഠത്തിലെ സദ്യവട്ടങ്ങൾക്കായി നക്കരക്കുന്നിൽ നിന്നുംപാകമായ വിളകൾ കൊത്തിയിളക്കവേ, ഒരു ചേനയുടെ മൂട്ടിൽ നിന്നു രക്തംചീറ്റി. ജോലിക്കാർ ഉടൻ സ്വാമിയാർ മഠത്തിലെത്തി വിവരമറിയിച്ചു. മഠത്തിലുണ്ടായിരുന്ന പേരേപ്പറമ്പു നമ്പൂതിരിയും മറ്റും നക്കരക്കുന്നിലെത്തി. സ്വയം ഭൂവായ ശിവലിംഗമാണതെന്നു ബോധ്യപ്പെട്ട സ്വാമിയാർ ഉടൻ പൂജകൾക്കുള്ള ഒരുക്കങ്ങൾ നടത്തി. തെക്കുംകൂർ രാജാവിനെ വിവരമറിയിച്ചു. സ്വപ്നദർശനത്തിൽ കണ്ട അടയാളങ്ങൾ അതേപടി അവിടെയും കണ്ടു. മഹാദേവ ക്ഷേത്രത്തിന്റെ ലക്ഷണമൊത്ത അമ്പലം പണിയാൻ രാജാവ് അനുമതിയും നൽകി.

പ്രധാന പൂജകൾ, ആഘോഷങ്ങൾ

thirunakkara-09

മഹാദേവ ക്ഷേത്രങ്ങളിലുള്ള പഞ്ചപൂജ (ഉഷ:പൂജ, എതൃത്തപൂജ, നവകം, ഉച്ചപൂജ, അത്താഴപൂജ) ഇവിടെയും നടത്താറുണ്ട്. പ്രതിമാസ പ്രദോഷ പൂജ ചിങ്ങത്തിലാണ് നടത്തുന്നത്. ശിവരാത്രി, വിഷു, കർക്കടകത്തിലെ നിറപ്പുത്തരി എന്നിവ വിശേഷപ്പെട്ട അവസരങ്ങളാണ്. മൂന്നു ഉത്സവങ്ങൾ നടത്തപ്പെടുന്നുണ്ട്. അല്പശി, പൈങ്കുനി, ആനി എന്നീ പേരുകളിലാണ് അത് അറിയപ്പെടുന്നത്. അല്പശി ഉത്സവം തുലാം മാസത്തിൽ തൃക്കേട്ട നാളിൽ കൊടിയേറും. അവിട്ടത്തിനു ആറാട്ട്. പൈങ്കുനി ഉത്സവം മീനം ഒന്നു മുതൽ 10 ദിവസം. ആനി ഉത്സവം മിഥുനത്തിലെ ഉത്തൃട്ടാതിക്കു കൊടിയേറും. തിരുവാതിരയ്ക്കാണ് ആറാട്ട്. മീനത്തിലെ ഉത്സവം വളരെ ആഘോഷപൂർവ്വം നടത്തപ്പെടുന്നു. കാരാപ്പുഴ അമ്പലക്കട് ദേവീ ക്ഷേത്രത്തിലെ കുളത്തിലാണ് ആറാട്ട്.ദേവീ സങ്കല്പത്തിൽ നടത്തുന്ന ഉത്സവമാണ് അൽപശി ഉത്സവം. ക്ഷേത്രത്തിലെ സ്വയംഭൂചൈതന്യം കാണപ്പെട്ട ദിവസത്തിന്റെ ഓർമപുതുക്കലാണ് ആനി ഉത്സവം. ശിവലിംഗം കണ്ട സ്ഥലത്ത് ജ്യോതിഷ നിർദ്ദേശമനുസരിച്ച് ക്ഷേത്രം പണിത് പ്രതിഷ്ഠാകലശം നടത്തിയ ദിനത്തിന്റെ വാർഷികദിനാഘോഷമാണ് മീനം ഒന്നിനു കൊടിയേറിയുള്ള പൈങ്കുനി ഉത്സവം.

ശ്രീകോവിൽ

ക്ഷേത്രത്തിന്റെ ശ്രീകോവിൽ ശില്പഭംഗിയുള്ള ചുറ്റുമതിലുകൾകൊണ്ട് ശ്രദ്ധേയമാണ്. ശ്രീകോവിലിന്റെ മേൽത്തട്ടിലും ശിൽപ ചാരുതി കാണാം. കുളിക്കടവിൽ ഗോപികമാരുടെ വസ്ത്രങ്ങൾ അപഹരിച്ചശേഷം മരത്തിനു മുകളിലിരിക്കുന്ന ശ്രീകൃഷ്ണൻ, രാമരാവണയുദ്ധം, മഹാഭാരതത്തിലെ രംഗങ്ങൾ തുടങ്ങിയവകൊണ്ട് സമ്പന്നമാണ് ക്ഷേത്രത്തിലെ ചുവരുകൾ. വൃക്ഷഭം കിടക്കുന്ന മണ്ഡപത്തിന്റെ മച്ചിൽ മഹേശ്വരന്റെ ദാരുശിൽപമുണ്ട്. ശ്രീകോവിലിലെ തെക്കേഭിത്തിയിൽ ശാസ്താവിന്റെ ചിത്രം, പടിഞ്ഞാറ് നരസിംഹാവതാരം, ത്രിപുരസുന്ദരിയുടെ എഴുന്നള്ളത്ത്, പാർവതിയുടെ തപസ്, വടക്ക് ബ്രഹ്മാവ്, ദുർഗ, പാലാഴി മഥനം, വേണുഗാനം തുടങ്ങിയവകൊണ്ട് സവിശേഷതയാർന്നവയാണ്. ബലിക്കൽപുരയിലെ ഉത്തരത്തിൽ പാലാഴി മഥനം ചിത്രീകരിച്ചിരിക്കുന്നതും ആരുടെയും ശ്രദ്ധയാകർഷിക്കും വിധമാണ്. ഒറ്റത്തടിയിൽ കൊത്തിയെടുത്ത ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. മേൽത്തട്ടിൽ നവഗ്രഹങ്ങളുടെ ചിത്രീകരണമുണ്ട്.

കൂത്തമ്പലം

thirunakkara-03

മഹാദേവക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ് കൂത്തമ്പലം. ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ നാലമ്പലത്തിനു വെളിയിൽ സ്ഥിതി ചെയ്യുന്നു. രംഗപീഠം, പ്രേക്ഷകഗൃഹം, നേപഥ്യം(അണിയറ) എന്നീ മൂന്നു ഭാഗങ്ങൾ ചേർന്നതാണ് കൂത്തമ്പലം. രംഗപീഠത്തിനു പിന്നിൽ മിഴാവണയുണ്ട്. ശില്പചാതുര്യത്തിന്റെ ഉത്തമ ഉദാഹരണംകൂടിയാണ് തിരുനക്കരയിലെ കൂത്തമ്പലം. ഉത്തരത്തിൽ രാമരാവണയുദ്ധം ചിത്രീകരിച്ചിട്ടുണ്ട്. ഹനുമാൻ ലങ്കയിലേക്കു ചാടുന്നത്, അശോകവനത്തിലെ സീത, അഷ്ടദിക് പാലകരുടെയും ബ്രഹ്മാവിന്റെയും ചിത്രങ്ങൾ. അകത്ത് കൂത്ത് നടക്കുമ്പോൾ കാണികൾക്കു പുറത്തുള്ള സംഭവങ്ങളിലേക്കു ശ്രദ്ധതിരിയാത്ത വിധമാണ് ഇതിന്റെ നിർമാണമെന്നതും ശ്രദ്ധേയമാണ്.

തിരുനക്കരയിലെ പറച്ചിക്കല്ല്

വിശ്വാസങ്ങളുടെ തിരുശേഷിപ്പായി പറച്ചിക്കല്ല്. ക്ഷേത്രമൈതാനത്തിനു വെളിയിൽ തിരുനക്കരയുടെ മുക്കവലയിലാണ് മാറ്റത്തിനു വഴിപ്പെടാതെ പറച്ചിക്കല്ല് നിലനിൽക്കുന്നത്. ഇപ്പോൾ ഇതിനു ചുറ്റും ഇരുമ്പുവേലികൾ കൊണ്ട് സംരക്ഷണം തീർത്തിട്ടുണ്ട്. ഐതീഹ്യത്തിന്റെ താളുകളിൽ നക്കരക്കുന്നിന്റെ മിഥുനക്കോണിലാണ് കല്ല്. തീണ്ടലും തൊടീലും നിലനിന്നിരുന്ന കാലം. ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ഒരു സ്വാമിയാരുടെ മുന്നിൽ ഒരു പറയസ്ത്രീ മാർഗതടസ്സമായി. തലയിൽ പുല്ലും ചുമന്നു എത്തിപ്പെട്ട സ്ത്രീയുടെ മേൽ സ്വാമിയാരുടെ ശാപവാക്കുകൾ. അതു കാലഘട്ടത്തിന്റെ സ്മാരക ശിലയായി. കാലാതീതമായ കരുത്തോടെ നിൽക്കുന്ന പറച്ചികല്ലിനെ തൊട്ടുവണങ്ങുന്ന വിശ്വാസികളും ഏറെയാണ്.

ദേവന്റെ കാള (വൃഷഭം)

thirunakkara-06

ബലിക്കൽ പുര കടന്നാൽ കാണുന്ന ചെറിയ മണ്ഡപത്തിലാണ് ഐതിഹ്യ പ്രാധാന്യമുള്ള വൃഷഭത്തിന്റെ സ്ഥാനം. നക്കരക്കുന്നിനു ചുറ്റുമുള്ള വയലിൽ പണ്ട് വിളനശിപ്പിക്കുന്ന കാളയുടെ ശല്യം ഏറെയായിരുന്നു. എത്രബലവത്തായ വേലിയും തകർത്ത് ഒരു വെള്ളക്കാള കൃഷിക്കാരുടെ സ്വൈരം കെടുത്തിക്കൊണ്ടിരുന്നു. ഒരിക്കൽ വേളൂർ എന്ന സ്ഥലത്ത് വച്ച് വിളതിന്നു കൊണ്ടിരുന്ന കാളയെ ഒരു പറയൻ കല്ലെടുത്ത് എറിഞ്ഞ് വേദനിപ്പിച്ചു. അന്നു രാത്രി തെക്കുംകൂർ രാജാവിനു സ്വപ്നദർശനത്തിൽ കാളയുടെ ആവലാതി കേൾക്കേണ്ടി വന്നു. പ്രശ്നം വച്ചു നോക്കിയപ്പോൾ കാള തിരുനക്കര ദേവരുടെതാണെന്നും അതിനും പതിവായി നിവേദ്യം വേണമെന്നും കാണുകയുണ്ടായി. നിവേദ്യത്തിനായി, പണ്ട് കാള വിലസിയിരുന്ന കണ്ടം തന്നെ രാജാവ് ദേവസ്വത്തിലേക്കു വിട്ടുകൊടുത്തു. തിരുനക്കര ദേവന്റെ കാളയ്ക്കു ചില കാലങ്ങളിൽ നീരു(വലിയ കുരു) വന്നുപൊട്ടുമെന്നും അതു രാജ്യത്തു വലിയ ആപത്തിനുള്ള മുന്നറിയിപ്പാണെന്നും പറയപ്പെടുന്നുണ്ട്. വയസ്ക്കര വൈദ്യപരമ്പരയിലെ കാരണവന്മാരാണ് കാളയെ ചികിത്സിച്ചു ഭേദമാക്കിയിരുന്നതെന്നും പറയപ്പെടുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.