Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുനക്കരയപ്പനും അമ്പലക്കടവ് ഭഗവതിയും

by ആത്മജവർമ തമ്പുരാൻ
thirunakkara-01

തിരുനക്കര മഹാദേവ ക്ഷേത്രത്തിന്റെ ഐതീഹ്യ പെരുമയിൽ കാരാപ്പുഴ അമ്പലക്കടവ് ഭഗവതി ക്ഷേത്രത്തിനും പ്രാധാന്യമുണ്ട്. തിരുനക്കരയപ്പന്റെ മകളാണ് ഇവിടെയെന്നു സങ്കല്പം. ആറാട്ട് നടക്കുന്നത് ഇവിടെയാണ്. തിരുനക്കര — തിരുവാതുക്കൽ റോഡിൽ മാളികപീടികയ്ക്ക് സമീപമാണ് അമ്പലക്കടവ് ഭഗവതിക്ഷേത്രം. തിരുനക്കരയപ്പൻ വർഷത്തിലൊരിക്കൽ മകളെക്കാണാൻ ആറാട്ട് ദിവസം എഴുന്നള്ളുന്നു എന്നാണ് വിശ്വാസം. ചെങ്ങളത്തിനുസമീപമുള്ള പാറപ്പാടം ദേവീക്ഷേത്രവുമായി ബന്ധപ്പെട്ട് അമ്പലക്കടവ് ക്ഷേത്രത്തിന് ഐതീഹ്യമുണ്ട്. കാരാപ്പുഴയിൽ നിന്നും ഒട്ടേറെ ഭക്തജനങ്ങൾ പാറപ്പാടം അമ്പലത്തിലെത്തി ദർശനം നടത്തുക പതിവായിരുന്നു. ഇത്തരത്തിൽ ദർശനത്തിനെത്തിയ ഒരുപറ്റം സ്ത്രീകളെ ചിലർ പരിഹസിച്ചു. ഇതിൽ ദുഃഖിതരായ നാട്ടുകാർ തെക്കുംകൂർ രാജാവിന് മുഖം കാണിച്ചു. തുടർന്ന് സങ്കടനിവൃത്തിക്കായി ഭക്തജനങ്ങൾ പാറപ്പാടത്ത് ഭജനമിരുന്നു. ഒടുവിൽ ദേവി പ്രത്യക്ഷപ്പെട്ട് തന്റെ ചിലങ്ക വീഴുന്നിടത്ത് ക്ഷേത്രം പണിയാൻ നിർദേശിച്ചുവത്രേ. ചിലങ്ക വീണത് കാരാപ്പുഴ അമ്പലക്കടവിലാണെന്നാണ് വിശ്വാസം.

അമ്പലക്കടവ് ഭഗവതി സപ്തമാതൃക്കളിൽ ഒരാളാണെന്നും മറ്റൊരു ഐതീഹ്യമുണ്ട്. കുമാരനല്ലൂർ ഭഗവതി അഥവാ മധുരമീനാക്ഷിയെ അകമ്പടി സേവിച്ച് മധുരയിൽ നിന്നും കുമാരനല്ലൂരിലെത്തിയ സപ്തമാതൃക്കളിലൊരാളെ അമ്പലക്കടവിൽ കുടിയിരുത്തിയെന്നാണ് പ്രചാരത്തിലുള്ള മറ്റൊരു പഴമൊഴി. പടിഞ്ഞാട്ടാണ് ദർശനം. പണ്ട് മഴുവഞ്ചേരി നമ്പൂതിരിയുടെ അധീനതയിലായിരുന്നു ക്ഷേത്രം. പിന്നീട് ഊരാണ്മ സ്ഥാനം കാരാപ്പുഴയിലെ ഹോരക്കാട്, പെരുമനം മഠം, മേയ്ക്കാട്ട് എന്നീ ഇല്ലങ്ങൾക്ക് കൈവന്നു. പിന്നീട് എൻ.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലായി.

കർക്കിടകത്തിലെ കറുത്തവാവ് ദിവസം ഇവിടെ വടക്കേ നടയിൽ ഗുരുതി പതിവുണ്ടായിരുന്നു. തിരുവിതാംകൂറിൽ ചെന്ന് രാജ്യം എഴുതിക്കൊടുത്തിന് ഇറമുളയിലെ രാജാവിനെ തെക്കുംകൂർ ഇല്ലക്കൽ വച്ച് വധിച്ചു എന്നു പറയപ്പെടുന്നു. ഇതിന്റെ പരിഹാരമായിട്ടാണ് ആ ദിവസം ഗുരുതി ഏർപ്പെടുത്തിയതെന്നും ചരിത്രത്താളുകളിൽ കാണുന്നു. കുരപ്പക്കാട്ടില്ലത്തിനാണ് തന്ത്രം.

thirunakkara-10

ദാരിക നിഗ്രഹത്തിന് ശേഷം കോപം തെല്ലൊന്നടങ്ങി ഭക്താഭീഷ്ടയായി നിലകൊള്ളുന്ന ഭദ്രകാളിയാണ് പ്രതിഷ്ഠയെന്നും പഴമൊഴിയുണ്ട്. ചെമ്പട്ടുടുത്ത് നാലുകരങ്ങളിലായി ത്രിശൂലം, പള്ളിവാൾ, പാത്രവട്ടക, ദാരികശിരസ്സ് എന്നിവയും ധരിച്ച് മുണ്ഡമാലയണിഞ്ഞ വേതാളത്തിന്റെ കഴുത്തിൽ വാണരുളുന്ന ശിവനന്ദിനിയുടെ രൂപത്തിലാണ് വിഗ്രഹം. ഇത്രയും ജീവസുറ്റ കാളിവിഗ്രഹം വളരെ അപൂർവമാണ്. ശിവൻ, ഗണപതി, യക്ഷി എന്നിവയാണ് ഉപദേവതകൾ.

തെക്കുംകൂർ രാജാക്കന്മാർ ആയുധ അഭ്യാസ പരിശീലനത്തിനായി സ്ഥാപിച്ച കളരിയിൽ വച്ച് ആരാധിച്ചിരുന്ന മൂർത്തിയാണ് അമ്പലക്കടവിൽ ഭഗവതി എന്നും പറയപ്പെടുന്നു. വാൽക്കണ്ണാടിയുടെ ആകൃതിയിലുള്ള അന്നത്തെ മൂലബിംബം ഇപ്പോഴും ഗർഭഗൃഹത്തിലുണ്ടെന്ന് പറയപ്പെടുന്നു. വിഷുവിന് ആറാട്ട് വരത്തക്കവിധം എട്ടുദിവസത്തെ ഉൽസവമാണ് ഇവിടെയുള്ളത്.

അഷ്ടമംഗല്യ ദേവപ്രശ്നവിധിയെ തുടർന്ന് ഇവിടെ ഗണപതിക്ക് ക്ഷേത്രാങ്കണത്തിൽ നിന്ന് അല്പം മാറി പ്രത്യേക പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. തിരുനക്കര ആറാട്ട് ദിവസം കാരാപ്പുഴ റോഡിൽ ഇരുവശങ്ങളിലും നിലവിളക്കും നിറപറയും വച്ച് ഭക്തജനങ്ങൾ തിരുനക്കരയപ്പന് വരവേല്പ് നൽകാറുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.