Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വാസികൾക്ക് വിസ്മയമൂർത്തി

thirunakkara-06

വിശ്വാസികൾക്ക് എന്നും വിസ്മയമൂർത്തിയായി പരിലസിക്കുന്ന ചൈതന്യ സ്വരൂപമാണ് തിരുനക്കര മഹാദേവൻ! ഭക്തന്മാർ പങ്കുവയ്ക്കുന്ന അനുഭവങ്ങൾ നിരവധി. അതിലൊന്ന് ഇവിടെ കുറിക്കട്ടെ.

തിരുനക്കര മഹാദേവ ക്ഷേത്രത്തിനു വടക്കുഭാഗത്ത് കുടികൊള്ളുന്നതാണ് വടക്കുംനാഥൻ... വടക്കുംനാഥന്റെ മുൻവശത്തെ മണ്ഡപത്തിൽ ഭഗവാന് അഭിമുഖമായി ശയിക്കുന്ന രണ്ട് ഋഷഭ പ്രതിഷ്ഠയുണ്ട്. അതിൽ മുൻഭാഗത്തുള്ളത് ഓടിൽ നിർമിച്ച ചെറിയ പ്രതിഷ്ഠ. ഇതിന്റെ ഉത്ഭവത്തിനു പിന്നിലെ ചെറിയ അനുഭവമാണ് ഇവിടെ പ്രതിപാദിക്കുന്നത്.

35 വർഷം മുൻപു നടന്നതാണ് സംഭവം. കഥാപുരുഷനെ ഒന്നു പരിചയപ്പെടുത്തിയാലേ ഋഷഭ പ്രതിഷ്ഠയുടെയും തിരുനക്കരെ ഭഗവാന്റെ നടയിൽ വഴിപാടായി അഴിച്ചുവിടുന്ന കാളകളുടെയും മഹത്വം അറിയാൻ കഴിയൂ. തിരുനക്കര സമീപപ്രദേശത്ത് ഇപ്പോൾ 50 കടന്ന ആർക്കും മറക്കാൻപറ്റാത്ത ഒരാളാണ് പള്ളിപ്പുറത്തുകാവിലെ പത്താമുദയത്തിനുള്ള കുംഭകുടത്തിന്റെ വാദ്യമേളത്തോടൊപ്പം താളംചവിട്ടി ആരേയും ആനന്ദിപ്പിക്കുന്ന ‘വാണിയൻമേളം അവതരിപ്പിക്കുന്ന അംബി.” ആരെയും ഭയക്കാത്ത, നല്ല തലയെടുപ്പോടെ നടന്ന വാണിയൻ അംബി. പള്ളിപ്പുറത്തുകാവിലെ കുംഭകുടത്തിന് കാപ്പുകെട്ടുന്നതുമുതൽ കുടംപൂജ, ഊരുചുറ്റ്, പത്താമുദയത്തിന് കുടം പള്ളിപ്പുറത്തുകാവിൽ എത്തുന്നതുവരെയുള്ള മേളം. വില്ലടിച്ചാംപാട്ട്. എല്ലാത്തിനും അംബിയുടെ കുടുംബത്തിന്റെ ഏതാണ്ടൊരവകാശംപോലെയാണ്.

തേവർക്ക് ഏതോ നേർച്ചയുടെ പേരിൽ അംബിയും ഒരു കാളയെ നടയ്ക്കൽ കയറൂരിവിട്ടു. നടയ്ക്കൽ കാളകളെ തൂണിൽ കെട്ടി വഴിപാട് രസീത് വാങ്ങിയാൽ പിന്നെ അത് ദേവസ്വം വകയായി. കാളകളെ സംരക്ഷിക്കാൻ ദേവസ്വത്തിന് ക്രമീകരണമില്ലാത്തതിനാൽ കാളയെ ലേലത്തിൽ വിറ്റ് പണം മുതൽക്കൂട്ടുകയാണു പതിവ്. നടയ്ക്കൽ കയറൂരിവിടുന്ന കാളകളുടെ മേൽ പിന്നീട് ദേവസ്വത്തിന് അവകാശമില്ല. തിരുനക്കരയിൽ അലയുന്ന കാളകളെല്ലാം ക്ഷേത്രത്തിലേതാണെന്നാണ് ആളുകൾ ധരിച്ചിരുന്നത്. അറവുകാർക്ക് കൊടുക്കാൻ മടിയുള്ളവർ ലേലംപിടിച്ച ശേഷവും അവയെ നടയ്ക്കൽത്തന്നെ കയറൂരിവിടുക പതിവുണ്ട്.

ഒരു വർഷം തിരുനക്കര ക്ഷേത്രത്തിലെ തിരുവുത്സവ നടത്തിപ്പിന്റെ ചുമതല കെ. ഗോപിനാഥൻ നായർക്കായിരുന്നു. അദ്ദേഹം അന്ന് കോട്ടയം ഇലക്ട്രിക് ഏജൻസിയുടെ ജനറൽ മാനേജരായിരുന്നു. അക്കാലത്ത് കോട്ടയത്ത് ഇലക്ട്രിക് കണക്ഷൻ കൊടുക്കാനുള്ള പരിപൂർണ അവകാശം വയസ്ക്കര തിരുമേനിക്കായിരുന്നു. അദ്ദേഹത്തിന്റേതാണ്, ഗോപിനാഥൻനായർ ജനറൽ മാനേജരായ ഇലക്ട്രിക് ഏജൻസി. കോട്ടയത്ത് ആദ്യം പള്ളിവാസലിൽനിന്ന് കറന്റ് എത്തിച്ച് കൈകാര്യം ചെയ്യാൻ ശ്രീചിത്തിരതിരുനാൾ മഹാരാജാവ് അധികാരപ്പെടുത്തിയത് വയസ്ക്കര ഇല്ലത്തെയാണ്.

ഉത്സവ നടത്തിപ്പിന്റെ സെക്രട്ടറിയായത് ആനന്ദമന്ദിരം ഹോട്ടലിന്റെ ചുമതലക്കാരനായിരുന്ന ടിവിഎസ് പിള്ളയായിരുന്നു. ഈ കാലയളവിൽ കോട്ടയം മുനിസിപ്പാലിറ്റിയുടെ ചെയർമാൻ കുര്യൻ ഉതുപ്പ് കരയോരം ആയിരുന്നു. ക്ഷേത്രത്തിൽ അന്നുണ്ടായിരുന്നത് ഒൻപത് കാളകൾ. പല ഭാഗത്തും യഥേഷ്ടം മേഞ്ഞ് വിശപ്പുമാറ്റിയശേഷം രാത്രി മിക്കവയും തിരിച്ചെത്തും. ചിലത് വഴിയിലും പച്ചക്കറിച്ചന്തയിലും മറ്റും കിടക്കും. അക്കാലത്ത് പശുക്കളെയും ആടുകളെയും ഉടമസ്ഥർ അഴിച്ചുവിട്ടുവളർത്തുന്ന പതിവുമുണ്ട്. മുനിസിപ്പൽ അധികാരികൾ ഇവയെ ഇടയ്ക്കൊക്കെ പിടിച്ച് കെട്ടും. കൂട്ടത്തിൽ അമ്പലക്കാളകളെയും പിടിച്ചുകെട്ടും. ഇത് ഉദ്യോഗസ്ഥരും ക്ഷേത്രവിശ്വാസികളുമായി നിരന്തരസംഘർഷത്തിനു കളമൊരുക്കാറുണ്ട്.

പൗണ്ടിൽ പണം അടച്ച് കാളകളെ തിരിച്ചിറക്കുന്നതിനും സംരക്ഷിക്കുന്നതിനും അവകാശികൾ ഉണ്ടെന്ന് മുനിസിപ്പാലിറ്റിയെ ബോദ്ധ്യപ്പെടുത്താൻ അഡ്വ. എൻ. കൃഷ്ണയ്യർ പ്രസിഡന്റും ലേഖകൻ സെക്രട്ടറിയുമായി തിരുനക്കര ക്ഷേത്ര ഋഷഭസംരക്ഷണസമിതി രൂപീകരിച്ച് ക്ഷേത്രംവക കാളകളെ സംരക്ഷിച്ചു പോന്നു. കാളക്കൂട്ടത്തിൽ ഒന്നിന് കാക്കി കണ്ടാൽ കലിയിളകും! അത് പൊലീസുകാരെയും പോസ്റ്റ്മാന്മാരെയും ഓട്ടോഡ്രൈവർമാരെയും ഒക്കെ ഓടിച്ചിട്ട് കുത്തും! പരാതിയായി... പത്രവാർത്തകളായി. മുനിസിപ്പാലിറ്റിയുടെയും പൊലീസിന്റെയും നിർബന്ധത്തിന് വഴങ്ങി ഗോപിനാഥൻ നായർ പ്രസിഡന്റായ ഉത്സവക്കമ്മിറ്റി കാളകളെ നടയ്ക്കുവച്ച ആളുകളെ വിളിച്ചുവരുത്തി, കാളകളുടെ ചുമതല ഏറ്റെടുത്തില്ലെങ്കിൽ അവയെ ലേലം ചെയ്യുമെന്ന് അറിയിച്ചു. വാണിയൻ അംബി മാത്രം കാളയെ തിരിച്ചുകൊണ്ടുപോയി.

മറ്റ് കാളകളുടെ ഉടമകൾ സംരക്ഷണം ഏറ്റെടുക്കാൻ തയാറായില്ല. എന്നാൽ കമ്മിറ്റിയുടെ തീരുമാനം നടപ്പാക്കാൻ സമ്മതിച്ചു. ഉപദ്രവകാരികളായ കാളകളെ ഉത്സവക്കമ്മിറ്റി പത്രപരസ്യത്തിലൂടെ ലേലംചെയ്തു. സർക്കാരിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് പ്രവർത്തിച്ച എംപിഐ അറവുശാലയാണ് ലേലം പിടിച്ചത്. അന്ന് തിരുനക്കരയിൽ മൂന്നാം ഉത്സവം. ഉച്ചയോടെ ഏതാനും കാളകളെ ലോറിയിൽ കയറ്റിക്കൊണ്ടുപോയി. മിച്ചമുള്ളവയെ കൊണ്ടുപോകാൻ ലോറി തിരിച്ചെത്തിയത് അഞ്ചുമണിക്ക്. ഉത്സവകാഴ്ചക്ക് എത്തിയ ആൾക്കാർ കൂടിനിന്ന സമയം. കാളകളെ ലോറിയിൽ കയറ്റാൻ ശ്രമം ആരംഭിച്ചു. കാളകൾ വിസമ്മതിച്ച് പിൻതിരിഞ്ഞതിനാൽ മർദിച്ച് വലിച്ചിഴച്ചു.

‘ശിവവാഹനത്തോടുള്ള” ക്രൂരതകണ്ട് ഭക്തജനങ്ങൾ പ്രതികരിച്ചു... വൻ പ്രതിഷേധമായി... ബഹളമായി. മൈതാനത്തെ കൺവൻഷൻ പന്തലിന് ആരോ തീവച്ചു. ക്ഷേത്രമൈതാനം പടക്കളമായി. കെട്ടിയിട്ടിരുന്ന കാളകളെ പൊലീസ് അഴിച്ചുവിട്ടു. കഥകളി ആടാൻ വന്ന നടന്മാർ പ്രാണരക്ഷാർഥം ഓടി.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കൂത്താട്ടുകുളവുമായി ബന്ധപ്പെട്ടു. ഭഗവാന്റെ അത്ഭുതശക്തിയാലെന്നവണ്ണം കൂത്താട്ടുകളത്തെ അറവുശാലയിൽ അന്ന് ഉച്ചമുതൽ വൈദ്യുതി നിലച്ചിരുന്നു. അതിനാൽ അന്ന് അറവുനടന്നില്ല. മരണം മുഖാമുഖം കണ്ടുനിന്ന കാളകളെ കളക്ടറുടെ നിർദേശപ്രകാരം മോചിപ്പിക്കാൻ ഫാക്ടറിക്കാർ നിർബന്ധിതരായി.

കാളകൾ സുരക്ഷിതരാണെന്നും തിരിച്ച് നൽകാൻ തയാറാണെന്നും കളക്ടർ വഴി ഭക്തജനങ്ങളെ അറിയിച്ചു. മൈതാനം നിറഞ്ഞുനിന്ന ഭക്തർ സന്തോഷത്തോടെ തുള്ളിച്ചാടി. തിരിച്ചുവരുന്ന കാളകളെ വരവേൽക്കാൻ ജനങ്ങൾ കാത്തുനിൽപ്പായി. ഉടൻതന്നെ ഉത്സവഭാരവാഹികൾ കാളകളെ കയറ്റാൻ ലോറിയും ആളുകൾക്ക് പോകാൻ വണ്ടികളും ഇടപാടാക്കി. ഭക്തജനങ്ങൾ കൂത്താട്ടുകുളത്തേക്ക് പുറപ്പെട്ടു.നിയമനടപടികൾക്കുശേഷം പിറ്റേന്നേ കാളകളെയുംകൊണ്ട് വരാൻ കഴിഞ്ഞുള്ളൂ. ഭക്തജനങ്ങൾ പൂമാലകൾ അണിയിച്ചും പടക്കംപൊട്ടിച്ചും സ്വീകരിച്ചു. കലാപരിപാടികൾ നടക്കാത്ത ഒരു കാളരാത്രിയായി സംഭവദിവസം അങ്ങനെ അവസാനിച്ചു. കാളകൾ സുരക്ഷിതരായി തിരികെയെത്താൻ ഭഗവാന്റെ അത്ഭുതപ്രവൃത്തികൾ മൂലം കഴിഞ്ഞത് ഭക്തരിൽ വിശ്വാസം ഇരട്ടിപ്പിച്ചു.

ഉത്സവക്കമ്മിറ്റിക്കാരുടെ അടുത്തുനിന്നും അംബിയുടെ കാളയെ തിരിച്ചുകൊണ്ടുപോയത് ഓർക്കുമല്ലോ. അംബിയും സുഹൃത്തുക്കളും അതിനെ സംരക്ഷിക്കുകയല്ല ചെയ്തത്, മറിച്ച് തന്റെ ചില സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി നേരെ അതിനെ കോട്ടയം മാർക്കറ്റിലെ ഇറച്ചിക്കച്ചവടക്കാരനു നൽകി പണം വാങ്ങി സുഹൃത്തുക്കളുംകൂടി മൃഷ്ടാന്നം ഭക്ഷണവും മറ്റും വാങ്ങി കഴിച്ചു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഇവർക്കൊക്കെ ഒരേ കാലയളവിൽ ഉദരരോഗം പിടിപെട്ടു. ആശുപത്രിയിൽവച്ച് സുഹൃത്തുക്കൾ പരസ്പരം കണ്ടുമുട്ടി. രോഗവിവരം വിശദീകരിച്ചു. എല്ലാവർക്കും ഒരേ രോഗം. അംബിക്കാണെങ്കിൽ രാത്രിയിൽ കിടന്നാൽ കാള തന്നെ കുത്തിയെറിയുന്നതായി സ്വപ്നം കാണുക പതിവായി.

കാളയെ വിറ്റ കഥ യഥാർഥത്തിൽ അംബിയുടെ ഭാര്യ അറിഞ്ഞിരുന്നില്ല. ഭാര്യ ജ്യോത്സ്യരെ കണ്ടു. ‘’ എനിക്കു തന്നത് തിരിച്ചെടുത്തത് ശരിയായില്ലെന്നും അത് തിരിച്ചുവേണമെന്നുമായിരുന്നു”” പ്രശ്നവിധി. ദൈവകോപം മാറാൻ ഓടുകൊണ്ട് ഋഷഭത്തിനെ നിർമിച്ചു നടയ്ക്കുവയ്ക്കാൻ ജ്യോത്സ്യർ നിർദ്ദേശിച്ചു. അങ്ങനെ ഓടുകൊണ്ട് പണിത് നടയ്ക്കുവച്ചതാണ് വടക്കുന്നാഥന്റെ മുൻവശം ഇരിക്കുന്ന ചെറിയ ഋഷഭവാഹനം. പിൻഭാഗത്ത് ഇരിക്കുന്ന വലിയ ഋഷഭം പന്തൽ നിർമാതാവ് എം.എസ്. ശിവരാമൻനാർ വഴിപാടായി നടയ്ക്കുവച്ചതാണ്.

ഇവ ഭയഭക്തിബഹുമാനത്തോടെ എന്നും ഓർക്കുന്നവരുണ്ട്. തിരുനക്കര ശ്രീമഹാദേവന്റെ ചൈതന്യവും മഹത്വവും വിളംബരംചെയ്യുന്ന സംഭവങ്ങൾ പുതുതലമുറയിലെ ഭക്തരുടെ അറിവിലേക്കായാണ് ഇവിടെ പ്രതിപാദിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.