Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷു രുചി

vishu-ruchi

മേടച്ചൂടിലേക്ക് കടക്കുകയാണ് നാട്. വിഷുക്കണിയൊരുക്കാൻ കൊന്നപ്പൂക്കൾ തെളിഞ്ഞുചിരിച്ചുനിൽക്കുന്നു. വിഷു കണിയൊരുക്കങ്ങളുടേതും പടക്കങ്ങളുടേതും മാത്രമല്ല, നല്ല രുചിയുടെ താളമേളങ്ങൾ കൂടിയാണ്. നാവിൽ രുചിയുടെ അമിട്ടു പൊട്ടിക്കുന്ന വിഷുക്കാലം.

കേരളീയ സദ്യയേക്കാൾ വിഷു പകർന്നു തരുന്നത് തനത് ഗ്രാമീണരുചിയുടെ അതുല്യമായ ലോകമാണ്. കണി കാണാൻ കണ്ണുതുറക്കുമ്പോൾ മാമ്പഴവും ചക്കയും വിഷു അപ്പവുമൊക്കെ നിരത്തിവെയ്‌ക്കുന്നത് ഒരു വർഷം മുഴുവൻ ഇഷ്‌ട ഭക്ഷണസമൃദ്ധിയുണ്ടാവട്ടെ എന്ന വിശ്വാസമാണ്.

∙ മാമ്പഴക്കാലം

നാട്ടുമാങ്ങകൾ ചിരിക്കുന്ന മാവിൻകൊമ്പുകൾ. വിഷുക്കാലം മാമ്പഴത്തിന്റെ കാലംകൂടിയാണ്. ഇളംചൂടുള്ള പുന്നെല്ലിൻ ചോറിലേക്കു മൂക്ക് ചെത്തിയ ഒന്നാന്തരം പഴുത്ത നാട്ടുമാങ്ങ പിഴിഞ്ഞൊഴിച്ച്, ഇളംപുളിപ്പുള്ള മോരും ഒരുനുള്ള് ഉപ്പും ചേർത്തു കുഴച്ചു കുഴച്ചു കഴിക്കണം. ഒടുവിൽ മാങ്ങാണ്ടിയും നന്നായി ഈമ്പിക്കുടിച്ച്, കുറച്ചു മാങ്ങാവെള്ളവും ഉള്ളിലാക്കിയാൽ ബലേഭേഷ്. മാവും മാഞ്ചുവടുമൊന്നും പരിചയമില്ലാത്ത മറുനാട്ടുകാർക്കുപോലും വായിൽ വെള്ളം വന്നുപോകും.

പുത്തൻ പരമ്പിലോ പാളയിലോ മാങ്ങാച്ചാറു പിഴിഞ്ഞു തേച്ചുണ്ടാക്കുന്ന മാങ്ങാത്തെരയെക്കുറിച്ചു കേട്ടിട്ടുണ്ടോ? വെറുതെ ചാറുതേച്ച് ആദ്യം വെയിലത്തു വയ്‌ക്കണം. പിറ്റേന്ന് ഇതിനുമുകളിൽ തന്നെ വേണം ചാറുതേയ്‌ക്കാൻ. തേനോ ശർക്കരയോ ഇതിനൊപ്പം ചേർക്കും. അങ്ങനെ ദിവസങ്ങളോളം തേച്ചു തേച്ച് ഉണക്കിയെടുക്കണം. നല്ലവണ്ണം തവിട്ടുനിറമാകുമ്പോൾ അടർത്തിയെടുത്തു ടിന്നിലടച്ചു സൂക്ഷിക്കാം. കട്ടൻകാപ്പിക്കൊപ്പം കഴിക്കാൻ സൊയമ്പൻ. നാട്ടുമാങ്ങ തൊലികളഞ്ഞു വേവിച്ചാണു മാമ്പഴപ്പുളിശേരി ഉണ്ടാക്കുക. തേങ്ങ, പച്ചമുളക്, ചുമന്ന മുളക്, ജീരകം ഇവ അരച്ചെടുത്തു വെന്ത മാങ്ങാവെള്ളത്തിൽ ചേർത്തു വേവിക്കാം. കൂട്ട് അധികംഅരയാതിരിക്കാൻ ശ്രദ്ധിച്ചാൽ മതി. തിളച്ചു പതയുന്നതിനുമുൻപു വാങ്ങി വറവിടാം. അധികം പഴുത്ത മാങ്ങയാണെങ്കിൽ അൽപം തൈരു ചേർക്കാം. കറിയോടൊപ്പം മാങ്ങയും ചോറിൽ പിഴിഞ്ഞൊഴിച്ചു കഴിക്കണമെന്നു നിർബന്ധം.നാടൻശൈലിയിൽ മാങ്ങ അച്ചാർ ഉണ്ടാക്കാനും വഴിയുണ്ട്. മാങ്ങ നേരിയതായി ചീന്തിയെടുത്ത് ഉപ്പും മഞ്ഞളുംപുരട്ടി വെയിലത്തു വാട്ടിയെടുത്തതുണ്ടെങ്കിൽ ഒന്നാന്തരം അടമാങ്ങാ അച്ചാർ തയാർ.

∙ ചക്കയും കപ്പയും

ചക്ക കൊണ്ടൊരു പായസവും വിഷുസദ്യയ്‌ക്കു മാറ്റുകൂട്ടും. പഴുത്ത ചക്കഅരിഞ്ഞു നന്നായി വേവിക്കണം. ഇതിൽ ശർക്കരപ്പാവു കാച്ചിയൊഴിച്ച് ഇത്തിരി ഏലയ്‌ക്കാമണം തൂവിയെടുക്കണം. തേങ്ങാപ്പാൽ ഒഴിച്ചു നെയ്യിൽ വറുത്തെടുത്ത തേങ്ങാക്കൊത്തുകൾ വിതറിയിട്ടാൽ രസികൻ ചക്കപ്പായസം തയാറായി. കപ്പ കൊണ്ടു പപ്പടവും വിഷുക്കാലത്തെ താരമാണ് പച്ചക്കപ്പയോ ഉണക്കക്കപ്പയോ എടുക്കാം. പച്ചക്കപ്പ അരിഞ്ഞ് അരച്ചെടുക്കണം. ഉണക്കക്കപ്പ പൊടിച്ചെടുക്കാം. ഇരട്ടി വെള്ളത്തിൽ കലക്കിവച്ച ശേഷം കായപ്പൊടിയും മുളകുപൊടിയും ഉപ്പുംചേർത്തു ചെറുതീയിൽ നന്നായി കുറുക്കിയെടുക്കണം. എള്ളും ജീരകവും ചേർത്തശേഷം അടുപ്പിൽ നിന്നിറക്കി തണുപ്പിക്കാം. പ്ലാസ്‌റ്റിക് ഷീറ്റിലോ കട്ടിയുള്ള ഇലയിലോ പപ്പടവട്ടത്തിൽ പരത്തി വെയിലത്തുണക്കിയെടുത്താൽ കപ്പപപ്പടം തയാർ.

∙ വിഷുക്കട്ട

വിഷു പലഹാരങ്ങളിൽ കുട്ടികൾക്ക് ഏറെ ഇഷ്‌ടപ്പെടുക മധുരമുള്ള വിഷുക്കട്ടയായിരിക്കും. വാഴയിലയിൽ വിളമ്പിയ പാച്ചോറ് ശർക്കരപാനിയിൽ നനച്ചുകുഴച്ചാണു വിഷുക്കട്ടയുണ്ടാക്കുക. എന്നാൽ ശർക്കരയിൽ അലിഞ്ഞ അരിമാവ് ഇലയ്‌ക്കുള്ളിൽ ഒളിപ്പിച്ചു പുഴുങ്ങിയെടുക്കുന്ന നേർത്തമധുരമുള്ള കുമ്പിളപ്പത്തെക്കുറിച്ച് ഓർത്താലെ വായിൽ വെള്ളമൂറും.

∙വിഷുക്കഞ്ഞി

അരി വേവിച്ചു തേങ്ങാപ്പാൽചേർത്താണു വിഷുക്കഞ്ഞി തയാറാക്കുക. തവിടുകളയാത്ത അരിയും തേങ്ങാപ്പാലും ശർക്കരയും ഏലക്കായും ചേർക്കാം. വിഷുച്ചാൽ കീറി വിതച്ചെത്തുന്ന കുടുംബാംഗങ്ങളും പണിക്കാരും ചേർന്ന് വിഷുക്കഞ്ഞിയുടെ മാധുര്യം നുണയുന്നു. ഇനി, ചൂടുകഞ്ഞിയും ഉപ്പുമാങ്ങാച്ചമ്മന്തിയുമായാലോ? ഉപ്പുമാങ്ങയും തേങ്ങയും മറ്റുചേരുവകളും ചേർത്ത് അരകല്ലിൽവച്ച് ഒതുക്കിയരച്ചെടുക്കുന്നതാണു (അധികം അരയാതെ) കെങ്കേമം. വിഷുക്കഞ്ഞിക്കൊപ്പം കഴിക്കാൻ ചക്കകൊണ്ടുള്ള പുഴുക്കുണ്ടാവും. ചക്കഅരിഞ്ഞു മഞ്ഞളിട്ടു വേവിച്ചു വറവിട്ടെടുത്താൽ ചക്കപ്പുഴുക്കായി.

∙ വിഷു അട

ഉണക്കലരി പൊടിച്ചതിൽ ആവശ്യത്തിന് ഉപ്പുചേർത്തു ദോശമാവിനെക്കാൾ കുറുകിയ പരുവത്തിൽ കലക്കിയെടുക്കുക. തേങ്ങയിൽ ശർക്കര, കദളിപ്പഴം, ഉണക്കമുന്തിരി, കൽക്കണ്ടം, ഏലക്ക എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക. മാവിൽ അൽപം നെയ്യ് ചേർത്തിളക്കി വാട്ടിയ ഇലയിൽ കോരിയൊഴിച്ചു പതിയെ ചുറ്റിച്ചെടുക്കുക. നടുവിലായി തേങ്ങാക്കൂട്ട് രണ്ടു സ്‌പൂൺ വീതം വച്ച് ഇല രണ്ടായി മടക്കുക. പിന്നീടു മൂലകൾകൂടി മടക്കിയെടുത്ത് അപ്പച്ചെമ്പിന്റെ തട്ടിൽവച്ചു വേവിച്ചെടുക്കുക.

Your Rating: