Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊന്നണിഞ്ഞു പ്രകൃതി

kanikkonna

പ്രകൃതിയെ നോക്കൂ, പൊന്നണിഞ്ഞു നില്‍ക്കുന്നതു കണ്ടില്ലേ? വിഷുവായെന്ന് വേറെയാരു പറയണം. ഒാരോ മഞ്ഞക്കണിക്കൊന്നപ്പൂങ്കുലയിലുമുള്ള ചിരിയായി വിഷു എത്തി. മറ്റൊരിക്കലുമില്ലാത്തത്ര സുന്ദരിയായി പ്രകൃതി പോലും മാറുമ്പോള്‍ വിഷു പകരുന്ന ആമോദത്തിന് അതിരുകളില്ലാതാവുന്നു. വിഷു തിമിര്‍ക്കണം. അല്ലലെല്ലാം കളഞ്ഞ് ആഹ്ളാദത്തിരയുയരണം മനസ്സില്‍. വിഷു എത്തിയാല്‍പ്പിന്നെ തിരക്കായല്ലോ. തൊടിയിലെ മാവും കശുമാവും പൂത്തുലഞ്ഞു മദിപ്പിക്കുന്ന ഗന്ധം പരത്തുന്നുണ്ടാവും. കൊയ്ത്തു കഴിഞ്ഞ പാടത്തു നട്ട വെള്ളരി വള്ളികളില്‍ കായ്കള്‍ പൊട്ടിയിട്ടുണ്ടാവും. പ്ളാവില്‍ തടി മറഞ്ഞ് ചക്കയുണ്ടാവും. കൈതച്ചക്കയും നാട്ടുഫലങ്ങളും വിളയും. ആഘോഷത്തിന് എല്ലാം പ്രകൃതി തന്നെയൊരുക്കുന്നുവെന്നതാണ് വിഷു.

കൈനിറയും കാലവുമാണ് വിഷു. കഴിഞ്ഞ വിഷുവിന് കിട്ടിയ കൈനീട്ടങ്ങളെല്ലാം ഇട്ടുവച്ച മണ്‍കുടുക്കകള്‍ ഈ വര്‍ഷമാവും പൊട്ടുക. ചില്ലറനാണയങ്ങള്‍ പിന്നെ വിഷുപ്പടക്കങ്ങളായി മുറ്റത്തും പറമ്പിലും പൊട്ടും. വിഷുവിന് കിട്ടുന്ന കൈനീട്ടങ്ങള്‍ അടുത്ത വിഷുവരെ സൂക്ഷിക്കണമെന്നാണ് സങ്കല്‍പ്പം. ഒരു കൊല്ലക്കാലം കഴിയാതെ വിഷുനാണയം ചെലവാക്കുന്നത് ഐശ്വര്യമല്ലെന്ന് പഴമക്കാര്‍ പറയാറുണ്ട്. ഇങ്ങനെ ഒരുകൊല്ലം കാത്തുവച്ച നാണയങ്ങള്‍ അടുത്ത വിഷുവിന് പടക്കത്തിന്റെ സമൃദ്ധി കൂട്ടാന്‍ ഉപയോഗിക്കാം. വടക്കന്‍ ജില്ലകളിലാണ് വിഷുപ്പടക്കങ്ങള്‍ കേമമായി പൊട്ടുക. പടക്കമില്ലാതെ വടക്കിന് വിഷുവില്ല തന്നെ. തെക്കോട്ട് പടക്കമേളത്തിന് അല്‍പ്പം പ്രമാണിത്തം കുറയുമെന്നേയുളളു. കണിയൊരുക്കലും സദ്യവട്ടവും ക്ഷേത്രസന്ദര്‍ശനവുമൊക്കെയായി ആഘോഷപ്പൊലിമ തെക്കിനും ഒട്ടും കുറവല്ല.

വിഷുവിഭവങ്ങളില്‍ ഒന്നാംപന്തിയില്‍ വിഷുക്കണി തന്നെയാണ്. വരുംവര്‍ഷത്തെ ഐശ്വര്യവും സമൃദ്ധിയുമെല്ലാം വിഷുക്കണിയെ ആശ്രയിച്ചാണിരിക്കുന്നത്. അതിനാല്‍ കണി നന്നാവണം. ആ പ്രാര്‍ഥന എല്ലാവരിലുമുണ്ട്. കണിയൊരുക്കലിന്റെ ആവേശവും രസവും ഒന്നു വേറെ തന്നെ. മച്ചില്‍ കമിഴ്ത്തി വച്ച ഒാട്ടുരുളിയും വിളക്കും തേച്ചുരച്ചു മിനുക്കുന്നതോടെയാണ് മുന്‍പെല്ലാം തറവാടുകളില്‍ കണിയൊരുക്കത്തിന്റെ തുടക്കം. ഒാട്ടുരുളിയും നിലവിളക്കും പൊന്നുപോലെ തിളങ്ങണം. പിന്നെ പറമ്പിലേക്കാണ്. കശുമാങ്ങ ഞെട്ടോടെ വേണം. കുലയില്‍ രണ്ടെണ്ണമെങ്കിലും ഉണ്ടാവണം. നാളികേരവും കുലയോടെ വേണമെന്നാണ് പറച്ചില്‍. എന്നാല്‍ ചില ഭാഗങ്ങളില്‍ നാളികേരം മുറിച്ച് എള്ളുതിരി വച്ച് കത്തിക്കുന്ന പതിവുമുണ്ട്.

വിഷുഫലങ്ങളായ ചക്കയും കൈതച്ചക്കയും മുഴുവെള്ളരിയും ഉരുളിയില്‍ നിരത്തണം. കോടിമുണ്ട്, ഉണക്കലരി, വാല്‍ക്കണ്ണാ ടി, വെള്ളിനാണയങ്ങള്‍, സ്വര്‍ണം, ഗ്രന്ഥം എന്നിവയ്ക്കും കണിയുരുളിയില്‍ ഇടം വേണം. നിലവിളക്ക് ഉരുളിക്ക് സമീപം എണ്ണയും തിരിയുമിട്ട് വയ്ക്കണം. പിന്നെ കണിക്കൊന്നപ്പൂങ്കുലകള്‍ കൊണ്ട് എല്ലാം അലങ്കരിക്കണം. വേണമെങ്കില്‍ അല്‍പ്പം മുല്ലപ്പൂവും ആകാം. പിന്നെ, ഒാടപ്പൂങ്കുഴലൂതുന്ന കണ്ണനാമുണ്ണിയുടെ ഐശ്വര്യസാന്നിധ്യം. കണിക്കാഴ്ചയില്‍ ഒഴിവാക്കാനാവാത്തതാണത്.

വിഷുപ്പുലരി.. നല്‍ക്കണിയാവണേ എന്ന പ്രാര്‍ഥനയോടെ കണ്ണുംപൂട്ടിയാണെഴുന്നേല്‍ക്കുക. വീട്ടമ്മമാര്‍ ആദ്യമുണര്‍ത്ത് കണികണ്ട് വിളക്കുതെളിച്ചിട്ടുണ്ടാവും. പിന്നെ ഒാരോരുത്തരായി പൂമുഖത്തൊരുങ്ങിയ വിഷുക്കണി കണ്ട് തൃപ്തരാവുകയായി. കണി ഒരു വര്‍ഷം മുഴുവന്‍ പൊലിക്കണം, എല്ലാം ഐശ്വര്യമായി വരാന്‍ സര്‍വേശ്വരനോട് പ്രാര്‍ഥന. അസുഖമായി കിടക്കുന്നവരെ ഉരുളി അങ്ങോട്ട് എടുത്തുകൊണ്ടു ചെന്നാണു കണി കാണിക്കുക. ഉരുളിയില്‍ കണി വയ്ക്കുന്നതിന്റെ കാരണം തന്നെ എടുത്തുനടക്കാനുള്ള സൌകര്യമാണ്. പശുക്കളെയും വിഷുക്കണി കാണിച്ചിരുന്നു. ഉരുളി എടുത്തു തൊഴു ത്തില്‍ കൊണ്ടുപോയി വിഷുക്കണി കാണിക്കും. അപ്പോള്‍, പശുക്കള്‍ മാത്രമല്ല ഫലവൃക്ഷങ്ങളും അവയില്‍ ചേക്കേറിയ പക്ഷികളും കണി കാണുന്നുവെന്നാണു വിശ്വാസം.

കണി കണ്ടു മിഴിയും മനവും നിറഞ്ഞാല്‍പ്പിന്നെ കൈനീട്ടത്തിന്റെ വട്ടമാണ്. വര്‍ഷം മുഴുവന്‍ അല്ലലില്ലാതെ കഴിയാന്‍ കൈനീട്ടത്തിന്റെ അനുഗ്രഹം സഹായിക്കുമെന്ന് വിശ്വാസമുണ്ട്. ചില്ലറനാണയങ്ങളായിക്കോട്ടെ, വിഷുവിന് കൈനീട്ടം കിട്ടുന്നത് ധന്യമേകുന്ന അനുഭവമാണ്. ചിലയിടങ്ങളില്‍ വിഷുവിന് കോടിവാങ്ങലും പതിവുണ്ട്. വിശേഷാല്‍ വിഭവങ്ങളും കൂട്ടി സദ്യ കൂടി പൂര്‍ത്തിയാകുന്നതോടെ ഐശ്വര്യത്തിന്റെ നാളുകള്‍ സമ്മാനിച്ച് ഒരു വിഷു കൂടി മറയുന്നു.

Your Rating: