Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷുപ്പക്ഷി വിളിക്കുന്നു...

Author Details
krishna-1

മുംബൈ മുളുണ്ടിലാണ് ഗീത അനിലിന്റെ കൊച്ചു ഫ്ലാറ്റ്. വിവാഹത്തിനുശേഷം വർഷങ്ങൾക്കു മുൻപേ, മുംബൈ ബോംബെ ആയിരുന്ന കാലത്ത്, അവിടേക്ക് ഭർത്താവിനൊപ്പം യാത്രതിരിച്ചതാണ് ഗീത. ഇപ്പോൾ മകന് 20 വയസ്സാകുന്നു. ഈ രണ്ട് ദശാബ്ദക്കാലത്തിനിടയിൽ ഒരിക്കൽപോലും തെറ്റാതെ എല്ലാ മാർച്ചിലും അവർ നാട്ടിലേക്ക്, തൃശൂരിലേക്ക് ഓടിയെത്തിയിരുന്നു. ചിലപ്പോൾ മൂന്നോ നാലോ ദിവസം അല്ലെങ്കിൽ ഒരാഴ്ച അതിനോടകം തിരിച്ചുപോവുകയും ചെയ്യും. പക്ഷേ തിരികെപ്പോകുമ്പോൾ ഇവിടേക്കു കൊണ്ടുവന്നതിനേക്കാളേറെ ‘ലഗേജും’ ഒപ്പം കാണുമായിരുന്നു. അത്തരമൊരു ട്രെയിൻ യാത്രയിലാണ് അവരെ പരിചയപ്പെടുന്നത്.

എന്റെ കയ്യിൽ ഒരു ബാഗല്ലാതെ വേറൊന്നുമുണ്ടായിരുന്നില്ല. അതിനാൽത്തന്നെ ബർത്തിനു താഴെയുള്ള ഇടം മുഴുവൻ അവർക്കായി വിട്ടുകൊടുത്തിരുന്നു. ഒരു കൗതുകത്തിനാണു ചോദിച്ചത്: ‘എന്താണ് ഇത്രയും സംഗതികൾ...?’ ‘ഒന്നൂല്യ, ഒന്നുരണ്ട് ചക്ക. പിന്നെ കുറച്ച് കണിക്കൊന്ന...’ ഓഹോ, വിഷുവിന്റെ മുന്നൊരുക്കങ്ങൾ. പക്ഷേ നേത്രാവതി എക്സ്പ്രസ് കിതച്ച് മുംബൈയിലെത്തുമ്പോഴേക്കും ആ കണിക്കൊന്നയും ക്ഷീണിച്ച് വാടിക്കരിയില്ലേ? എന്റെ സംശയം വെറുതെയായിരുന്നു.

വാഴയിലയിൽ പൊതിഞ്ഞ ആ കണിക്കൊന്നപ്പൂക്കൾ ഇടയ്ക്കിടെ പുറത്തെടുത്ത് വെള്ളം തളിച്ച് അതിനെ വാടിവീഴാതെ നോക്കുന്നുണ്ടായിരുന്നു അവർ. പക്ഷേ യാത്ര ഒരുനാൾ പിന്നിട്ടപ്പോഴേക്കും കണിക്കൊന്ന പിണങ്ങിത്തുടങ്ങിയിരുന്നു. ഇനിയിപ്പോൾ എന്തു ചെയ്യും?

അന്നേരമാണവർ പറഞ്ഞത്: ‘മുംബൈയിലും കിട്ടും കണിക്കൊന്ന. പക്ഷേ നല്ല കാശാകും. വീട്ടിൽനിന്നിറങ്ങിയപ്പോൾ മുറ്റത്തെ കൊന്നമരം നിറയെ കണിക്കൊന്നയിങ്ങനെ കയ്യെത്തും ദൂരത്തു ഞാന്നുകിടക്കുന്നു. കണ്ടപ്പോൾ ഒരു കൊതി. വിഷുവരെയൊന്നും നിൽക്കില്ലെന്നറിയാം, എന്നാലും കുറച്ച് പൊതിഞ്ഞ് സൂക്ഷിച്ചതാണ്..’

തീരാത്ത ഓർമകളും;വാടാത്ത ശീലങ്ങളും

വാടിപ്പോകുമെന്നറിയാമെങ്കിലും ഓരോ പ്രവാസിയും ഇങ്ങനെ ഓർമകളുടെ ഒരുപിടി കൊന്നപ്പൂക്കളുമായിട്ടാണ് നാടിനോട് ഓരോതവണയും യാത്രപറയുന്നത്. ഓർമകളെ ഒപ്പം ചേർക്കാനൊരു വ്യഥാശ്രമം. പ്രത്യേകിച്ച് വിഷുക്കാലത്ത്. കാരണം എവിടേക്കു സ്വയം പറിച്ചുനട്ടാലും മലയാളികൾ മുടക്കാത്ത ഒന്നുണ്ട്- വിഷുക്കണി. ഒരുതരത്തിലും പ്രവചിക്കാനാകാത്ത നാളുകളാണ് വരാനിരിക്കുന്നതെങ്കിലും പ്രതീക്ഷയുടെ പൊൻകണി എല്ലാം മാറ്റിമറിക്കുമെന്നു വിശ്വസിക്കുന്നവരാണ് മലയാളികൾ. അതിനാൽത്തന്നെ വരുംനാൾ സമ്പദ്സമൃദ്ധിയുടേതാകണമെന്ന പ്രാർഥനയോടെ അവർ ഓരോ വിഷുപ്പുലരിയിലും കൺമുന്നിൽ കണിവെള്ളരിയുടെയും കണിക്കൊന്നയുടെയും നിറക്കാഴ്ച ഉറപ്പാക്കുന്നു. അതിപ്പോൾ ഏതു സംസ്ഥാനത്തായാലും രാജ്യത്തായാലും അങ്ങനെതന്നെ.

ഇലവട്ടത്തിൽ സദ്യ വിളമ്പുന്നതിന് ഒരു രീതിയൊക്കെയുണ്ടെന്നു പറയുംപോലെ കണിയൊരുക്കുന്നതിനുമുണ്ട് പഴമക്കാർ അനുശാസിക്കുന്ന ചില ചിട്ടവട്ടങ്ങൾ. ഓട്ടുരുളിയിൽ കണിവയ്ക്കണം, അതിൽ അരിയും നെല്ലും നിറയ്ക്കണം. ശ്രീകൃഷ്ണവിഗ്രഹം, വെള്ളക്കസവുമുണ്ട്, നാളികേരം, വാൽക്കണ്ണാടി, സ്വർണമാല, സ്വർണനാണയം, കൊന്നപ്പൂക്കൾ, കണിവെള്ളരി, മാമ്പഴം, ചക്ക, കദളിപ്പഴം തുടങ്ങിയവയുടെ സമൃദ്ധിക്കു മുന്നിൽ തേച്ചുമിനുക്കി തിരിയിട്ട വിളക്കും.

കണിയുടെ പരമ്പരാഗത ചിട്ടവട്ടങ്ങൾ ഓർത്താൽ ഒരുപക്ഷേ പ്രവാസിയുടെ കണ്ണുനിറയും. അതിനാൽത്തന്നെ മനസ്സുനിറയ്ക്കുന്ന കണിയൊരുക്കാൻ ആ ചിട്ടവട്ടങ്ങളെ അറിഞ്ഞുകൊണ്ടുതന്നെ കണ്ടില്ലെന്നു നടിക്കുകയാണു പതിവ്. അല്ലെങ്കിലും ഡൽഹിയിലും ചെന്നൈയിലും മുംബൈയിലും ബെംഗളൂരുവിലുമൊക്കെ കേരളത്തിന്റെ തനി നാടൻ പഴങ്ങളും പച്ചക്കറികളുമെല്ലാം വേണമെന്ന് എങ്ങനെ നിർബന്ധം പിടിക്കാനാണ്?

അതിനാൽത്തന്നെ ഓരോ പ്രവാസിവിഷുക്കണിയിലും തെളിയുക സമൃദ്ധിയുടെ ഓരോരോ കാഴ്ചകളാണ്. ഓട്ടുരുളിയില്ലെങ്കിലും അവർ എവിടെ നിന്നെങ്കിലും വാഴയില ഒപ്പിക്കും, വാൽക്കണ്ണാടിയില്ലെങ്കിലും അതിനോടു ചേർന്നുനിൽക്കുന്ന എന്തെങ്കിലുമുണ്ടാകും. ചക്കയും മാങ്ങയുമില്ലെങ്കിലും അവരുടെ കണിത്തട്ട് ‘പ്രവാസ നാട്ടി’ലെ ഫലവർഗങ്ങൾ കൊണ്ടു സമ്പന്നമായിരിക്കും. ശ്രീകൃഷ്ണന്റെ ഒരു കുഞ്ഞു പ്രതിമയെങ്കിലും അവർ ഉറപ്പാക്കും. അതില്ലെങ്കിൽപ്പോലും പത്രത്താളിലോ മാഗസിനിലോ വന്ന ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം ഭംഗിയായി വെട്ടിയെടുത്ത് കാർഡ്ബോർഡിൽ ഒട്ടിച്ച് കണിയായി മുന്നിലുണ്ടാകും.

അടുത്ത ഒരു വർഷത്തേക്കുള്ള സമ്പദ്സമൃദ്ധി തേടി പ്രവാസികളോരോരുത്തരും ഒരുക്കുന്ന കണിക്ക് അതിനാൽത്തന്നെ അവരുടെ ജീവിതവുമായി വല്ലാത്തൊരു അടുപ്പവുമുണ്ടാകും. അല്ലെങ്കിൽത്തന്നെ നാട് ഓർമകളിലാണ്. കൺമുന്നിൽ കാണുന്നതാണ് ജീവിതം. ആ ജീവിതപരിസരത്തെ കാഴ്ചകൾക്കു മുന്നിലേക്ക് വിഷുപ്പുലരിയിൽ കൺതുറക്കുന്നതിനെക്കാൾ ഐശ്വര്യപ്രദമായ വേറെന്താണുണ്ടാവുക..

ദീപാവലിക്കൊരു മധുരപ്രതികാരം

ഉത്തരേന്ത്യയുടെ ദീപാവലിക്കുനേരെയുള്ള മലയാളിയുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് വിഷു. പടക്കം പൊട്ടിക്കലിന്റെ കാര്യത്തിൽ പ്രത്യേകിച്ച്. വിഷുക്കണിപോലെതന്നെ ഇവിടെയും പ്രവാസലോകം കൈവിട്ടുകളയാത്ത ആഘോഷമാണ് പടക്കം പൊട്ടിക്കലും. വിഷു അടുക്കുമ്പോഴേക്കും ഓർമകളിൽ അവിടവിടെയായി ഓലപ്പടക്കങ്ങൾ പൊട്ടിത്തുടങ്ങും. വിഷുവെത്തുന്നതോടെ ആ ഒറ്റപ്പൊട്ടലുകൾ മാലപ്പടക്കം പോലെ നിരനിരയായി പൊട്ടിനിറയും. ലാത്തിരിയും പൂത്തിരിയും കമ്പിത്തിരിയും മത്താപ്പുമൊക്കെ അതിന് അലങ്കാരം ചാർത്തും. ആ ഓർമത്തള്ളിച്ചയിൽ മലയാളികൾ എങ്ങനെ അടങ്ങിയിരിക്കാനാണ്. നേരത്തെ ശേഖരിച്ചു വച്ചിരിക്കുന്നതോ അല്ലെങ്കിൽ എവിടെ നിന്നെങ്കിലും വാങ്ങിക്കൊണ്ടുവന്നോ ഒരു പടക്കമെങ്കിലും പൊട്ടിക്കാതെ വിഷുവിനെ അവർ മടക്കി അയയ്ക്കില്ല.

വെടിമരുന്നു നിറഞ്ഞ കയ്യുമായി അടുക്കളയിലേക്കോടി വിഷുക്കട്ടയിലേക്ക് കയ്യിട്ടുവാരിത്തിന്നുന്ന നേരമുള്ള അമ്മയുടെ സ്നേഹശാസന മനസ്സിലന്നേരമങ്ങനെ തികട്ടിവരുമെങ്കിലും ചുറ്റിലും നിറഞ്ഞ പടക്കപ്പുകയിൽ അതും ആരുമറിയാതെ മറയുകയാണു പതിവ്. ശർക്കരപ്പാനിയിൽ കുതിർത്ത് കഴിക്കാൻ വർഷത്തിലൊരിക്കൽ മാത്രം കിട്ടുന്ന ആ വിഷുക്കട്ടയും പ്രവാസ വിഷുവിൽ ഉറപ്പായും ഉണ്ടാകും. ഉണക്കലരിയും നാളികേരപ്പാലും ചുക്കും ജീരകവും ഉപ്പും മാത്രമുപയോഗിച്ച് തയാറാക്കുന്ന വിഷുക്കട്ട പ്രവാസികൾക്കുവേണ്ടി മാത്രമായുണ്ടാക്കിയ വിഷുപ്പലഹാരമാണോ എന്നുപോലും തോന്നാം. കാരണം അത്രമാത്രം എളുപ്പമായിരുന്നു അത് തയാറാക്കാൻ.

മനസ്സിലെ കൈനീട്ടം;മാറിയ മധ്യവേനൽ

വിഷുക്കൈനീട്ടം മാത്രം മനസ്സിൽ കണ്ടുകൊണ്ട് തുന്നിക്കൂട്ടുന്ന സ്വപ്നങ്ങളുടെ കഥ പറയാനുണ്ടാകും ഓരോ മലയാളിക്കും. വാങ്ങാനുറപ്പിച്ചുവച്ച ‘ക്യാമലി’ന്റെ ഒരു പുത്തൻ ബോക്സ്, ഉൽസവപ്പറമ്പിൽ കണ്ണെറിഞ്ഞുവച്ചിരുന്ന ആ സുന്ദരിപ്പാവക്കുട്ടി... ഇങ്ങനത്തെ കുട്ടിക്കാല സ്വപ്നങ്ങളെല്ലാം ഇപ്പോൾ മൊബൈൽ ഫോണിലേക്കും ടാബ്‌ലറ്റിലേക്കുമെല്ലാം എത്തിയെങ്കിലും കൈനീട്ടത്തിന്റെ പകിട്ടിനൊട്ടുമില്ല കുറവ്. വിഷുനാളിൽ ഒരുരൂപയെങ്കിലും കൈവെള്ളയിൽ കാരണവർ വച്ചുതന്നാൽ വരുംനാളുകളിൽ അതും ഇരട്ടിക്കിരട്ടിയിലേറെയാകുമെന്ന വിശ്വാസമാണ് അവിടെയുമുള്ളത്.

വിഷുക്കണി, വിഷുക്കൈനീട്ടം...ഇങ്ങനെ പ്രതീക്ഷകളുടേതാണ് വിഷുക്കാലം. അതിനാൽത്തന്നെ മലയാളികൾ നെഞ്ചോടു ചേർക്കുന്ന ആഘോഷം. നാടിന്റെയോർമകളിൽ ഏറെക്കാലം ജീവിച്ചാലും ഒടുവിൽ നാട്ടിലേക്കുതന്നെ തിരിച്ചെത്തി സ്വസ്ഥമായൊരു ജീവിതം ആഗ്രഹിക്കുന്നവരാണ് ഏറെയും. പക്ഷേ നാട്ടിലിപ്പോൾ നെൽപ്പാടങ്ങളിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും തറ കെട്ടിത്തുടങ്ങി. കാർഷിക സമൃദ്ധിയുടെ കണിക്കാഴ്ചയൊരുക്കാൻ അന്യസംസ്ഥാനങ്ങൾ കനിയണമെന്നായി.

മധ്യവേനൽ എന്നു നാം സ്നേഹത്തോടെ വിളിച്ചിരുന്ന അവധിക്കാലമിപ്പോൾ പുറത്തിറങ്ങാൻപോലും സമ്മതിക്കാത്തവിധം കൊടുംചൂടായിരിക്കുന്നു. കണിക്കൊന്ന പോലും കാലം തെറ്റി പൂക്കുന്നു. ഫെയ്സ്ബുക് കണി ‘ലൈക്ക്’ ചെയ്യുന്നവരുടെ എണ്ണവും ഏറിയിരിക്കുന്നു. എന്നിരുന്നാലും അവിടവിടെയായി പ്രതീക്ഷയുടെ ചെറുനാമ്പുകൾ നിറയുന്നുണ്ട്. ജൈവകൃഷിയായും ചെടികൾ നട്ടുപിടിപ്പിക്കുന്ന കുട്ടിക്കർഷകരായുമൊക്കെ..

കേരളത്തിൽനിന്നു കാതങ്ങൾക്കപ്പുറത്താണെങ്കിലും, പ്രവാസമനം ഒന്നു കാതോർത്താൽ കേൾക്കാം. വിഷുപ്പക്ഷി വിളിക്കുന്നുണ്ട്. ഓർമകളിലൊതുക്കാതെ ആഘോഷമാക്കണം ഈ വിഷുക്കാലവും. പറഞ്ഞല്ലോ, വിഷു പ്രതീക്ഷകളുടേതാണ്... കൈവിടാതെ കാക്കേണ്ടതുമാണ്...

Your Rating: