Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കള്ളൻ കാണിച്ച വിഷുക്കണി

vishukani

വിഷു ഓർമ്മകളിൽ എന്നും വിഷുക്കണിയും കൈനീട്ടവും പടക്കത്തിന്റെ ശബ്ദവും മാത്രമായാൽ എങ്ങനെയാ..ഇടയ്ക്കൊക്കെ ഒരു ചേഞ്ച് വേണ്ടേ..വിഷു എന്ന് പറയുമ്പോൾ അത്തരത്തിൽ വ്യത്യസ്തമായൊരു വിഷുവോർമ്മയാണ് മനസിലേക്ക് എത്തുന്നത്. മീശമാധവൻ സിനിമയിൽ പിള്ളേച്ചനെ മാധവനും പിള്ളേരും കാണിച്ച കണിയേക്കാൾ ഗംഭീരമായൊരു വിഷുക്കണി.

സംഭവം നടക്കുന്നത് കുറച്ചു വർഷങ്ങൾക്ക് മുൻപാണ്, എന്ന് പറഞ്ഞ് പതിറ്റാണ്ടുകൾ ഒന്നും പുറകോട്ട് പോകണ്ട കേട്ടോ. കൃത്യമായി പറഞ്ഞാൽ ആ 'ഗംഭീര വിഷു' വിന്റെ ഏഴാം വാർഷികമാണ് ഈ വർഷത്തെ വിഷു.

കഥപോകുന്ന അന്തരീക്ഷം ഇങ്ങനെ... എന്റെ ചേട്ടനാണ് കഥാനായകൻ, കഥാസന്ദർഭം കക്ഷിയുടെ കല്യാണം കഴിഞ്ഞിട്ടുള്ള ആദ്യ വിഷു. പുതുമോടിയുടെ നിറവിലാണ് ആദ്യ വിഷു, കല്യാണം കഴിഞ്ഞുള്ള ആദ്യ ആഘോഷം എന്ന നിലയ്ക്ക് ഏതു വിധേനയും ആഘോഷം ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് കക്ഷി. ഒരു പക്കാ അറേഞ്ച്ഡ് മാരേജിന്റെ തട്ടലും മുട്ടലുമൊക്കോയായി ദാമ്പത്യം തുടങ്ങിട്ടെയുള്ളൂ. അമ്മയുടെ പുന്നാര മോൻ ആയി വളർന്നത് കൊണ്ട് തന്നെ കക്ഷിക്ക് ഇപ്പോഴും വീട്ടിൽ കൊച്ചുപയ്യൻ ഇമേജ് ആണ്.അതൊന്നു മാറ്റാൻ വഴിയെന്ത് എന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് വിഷു എത്തുന്നത്.

പുതുമോടിക്ക് ഒട്ടും കുറവ് വരാത്ത രീതിയിൽ തന്നെ വീട്ടിൽ ആഘോഷത്തിന്റെ ചിട്ട വട്ടങ്ങൾ ആരംഭിച്ചു. കൊച്ചിയിൽ എങ്ങും പടക്കങ്ങൾ ഇല്ലാഞ്ഞിട്ട് എന്ന പോലെ, മണവാളൻ അങ്ങ് കൊടുങ്ങല്ലൂർ വരെ ബൈക്കിന് പോയി കരിമരുന്ന് പ്രയോഗത്തിന് ഉള്ള പടക്കങ്ങളും മത്താപ്പും കമ്പിത്തിരിയും പൂത്തിരിയുമെല്ലാം കൊണ്ട് വന്നു. ഭീമൻ പ്രിയതമയ്ക്കായി കല്യാണസൗഗന്ധികം കൊണ്ട് വന്നപോലെ ഭാരമേറിയ കരിമരുന്നിന്റെ പേടകവുമായി വീട് എത്തിയപ്പോഴാണ് , അയ്യേ...ഇതെന്താ കുട്ടികളെ പോലെ ഓലപ്പടക്കവും കമ്പിത്തിരിയുമൊക്കെ, ഗുണ്ട് ഒന്നും വാങ്ങിയില്ല അല്ലേ എന്ന പ്രിയതമയുടെ ചോദ്യം. അതോടെ മനസ്സിലായി ഇവൾ അപാര ധൈര്യശാലി തന്നെ..

അല്പം പുച്ഛത്തോടെ തന്നെ ഏടത്തിയമ്മ ഓല പടക്കങ്ങൾ പൊട്ടിച്ചു തീർത്തു..ശേഷം ഏടത്തിയും അമ്മയും ചേർന്ന് കാണിക്കുള്ള ഒരുക്കങ്ങൾ ആയി.ഏട്ടൻ അതി സാഹസികമായി പൊട്ടിച്ചു കൊണ്ട് വന്ന കണിക്കൊന്ന വച്ച് കൃഷ്ണവിഗ്രഹം അണിയിച്ചൊരുക്കി.. അങ്ങനെ വീരപ്രവർത്തി  ചെയ്ത പോലെ നിൽക്കുമ്പോൾ ഏട്ടന് തോന്നി, ഹേയ്... ഇതൊന്നും പോരാ ഇവളെ ഇമ്പ്രസ് ചെയ്യാൻ..എന്തായാലും ഭാര്യയുടെ നേതൃത്വത്തിൽ ഒരുക്കിയ വിഷുക്കണി പുലർച്ചയ്ക്ക് കാണുന്നതും സ്വപ്നം കണ്ട് കക്ഷി അങ്ങ് ഉറങ്ങാൻ കിടന്നു.

സമയം ഏകദേശം പുലർച്ചേ മൂന്നു മൂന്നര ആയിക്കാണും.വീടിനു ചുറ്റും ഒരു തട്ടലും മുട്ടലും ആരോ ആരെയോ ഓടിക്കുന്ന ശബ്ദം കൂടി കേട്ടപ്പോൾ സംഗതി മനസിലായി.വിഷുവിന് വിഷുക്കെണി ഒരുക്കി വന്നിരിക്കുന്നു ഒരു കള്ളൻ. പുറത്ത് ചങ്ങാതിമാർ കള്ളനെ ഓടിക്കുന്ന ശബ്ദം വ്യക്തമായി കേൾക്കാം, പ്രിയ സുഹൃത്ത് ഗോപന്റെ ശബ്ദമാണ് മുന്നിൽ. സ്വതസിദ്ധമായ പേടി മനസിൽ ഒളിപ്പിച്ച് മിണ്ടാതങ്ങനെ കിടന്നു.അപ്പോഴാണ് ധൈര്യശാലിയായ ഭാര്യയുടെ മുന്നിൽ ആളാകാനുള്ള അവസാരമാണല്ലോ ഭഗവാനെ കള്ളന്റെ രൂപത്തിൽ മുന്നിൽ വന്നു നിൽക്കുന്നത് എന്ന് മനസിലായത്.പിന്നെ രണ്ടാമത് ഒന്ന് ആലോചിച്ചില്ല.എവിടെ നിന്നൊക്കെയോ സംഭരിച്ച ധൈര്യം കൈമുതലാക്കി വാതിൽ തുറന്ന് ചാടിയിറങ്ങി.

അയൽപക്കത്തെ വീട്ടിൽ ലൈറ്റ് തെളിഞ്ഞിട്ടുണ്ട്. കള്ളൻ വന്നതിന്റെ ലക്ഷണം തന്നെ.കൂട്ടുകാർ ഓടിക്കൂടി.അയൽപക്കത്തെ ഗീത ആന്റിയുടെ കാർ പോർച്ചിൽ ആരോ ഓടിക്കയറി എന്ന് സംശയം.നേരെ അങ്ങോട്ട് ചെന്നു. കറുത്ത ഭിത്തിയിൽ ചോക്ക് കൊണ്ട് കള്ളൻ വരവ് രേഖപ്പെടുത്തിയിരിക്കുന്നു.എറണാകുളം സബ് ജയിൽ കില്ലർ...ഈശ്വരാ...ഏട്ടന്റെ ചങ്ക് ഒന്ന് പിടച്ചു. എങ്കിലും പിന്മാറില്ല എന്ന് ഉറപ്പിച്ചു.

അന്വേഷത്തിന് ഒടുവിൽ കണ്ടു കിട്ടി. അഞ്ചടി പൊക്കത്തിൽ ഒരുവൻ.നല്ല ഇരുണ്ട നിറം, ദേഹമാസകലം ഒരു തിളക്കമുണ്ട്. മെല്ലെ തിരിഞ്ഞു നോക്കി ഭാര്യ പിന്നിൽ ഉണ്ട്.കൂട്ടുകാർ ആരും കേറി കള്ളനെ പിടിക്കും മുൻപ് ഏട്ടൻ അങ്ങ് ചാടി വീണു..എന്താണ് എന്നറിയില്ല, കള്ളൻ എളുപ്പത്തിൽ അങ്ങ് വഴുതിപ്പോയി. കള്ളൻ ഓടി, പിന്നാലെ ഏട്ടനും. ഒടുവിൽ എങ്ങനെയോ പിടിച്ചടക്കി. അത്യാവശ്യം അടിയും ഇടിയും ഒക്കെയായി. എടാ ഗോപാ....ഒന്ന് പിടിച്ചേടാ.... എന്തോ ഒരു നാറ്റം പോലെ..ഇല്ല..ആരും വരുന്ന ലക്ഷണം ഇല്ല..കള്ളനെ വെളിച്ചത്തു നിർത്തിയപ്പോഴാണ് സംഭവം പിടി കിട്ടിയത്.നാറ്റം വരുന്നത് കള്ളന്റെ ദേഹത്ത് നിന്നുമാണ്.മോഷണത്തിനിടക്ക് ആരെങ്കിലും പിടികൂടാൻ ശ്രമിച്ചാൽ പിടിവിട്ട് കാലയുന്നതിനു വേണ്ടി ശരീരത്തിൽ മലം പുരട്ടിയിട്ടാണ് തമിഴ് നാട്ടുകാരനായ കള്ളൻ എത്തിയത്.അതറിയാതെയാണ് ഏട്ടൻ കള്ളനെ പിടിക്കുന്നത്. സംഭവം മനസിലായതോടെ ഏട്ടൻ കള്ളനെ വിടാൻ ശ്രമിച്ചു.പക്ഷെ ഓടി കൂടിയ നാട്ടുകാർ സമ്മതിച്ചില്ല.പോലീസ് വരുന്നവരെ നീ പിടിച്ചു നിർത്തു. ഓടി കൂടിയവരിൽ ചിലർ പറഞ്ഞു.വേറെ നിവർത്തി ഒന്നും ഇല്ലാത്തതിനാൽ കക്ഷി കള്ളനെ പിടിച്ചുനിർത്തി. കാണുന്നവരൊക്കെ വീരനെ നോക്കുന്നതിനു പകരം അറപ്പോടെ നോക്കുന്നു..

ഒടുവിൽ ഏകദേശം 20 മിനിറ്റ് കഴിഞ്ഞപ്പോൾ പോലീസ് എത്തി.സ്ഥലത്തെ എസ് ഐ ഒരൊറ്റ തവണയെ കള്ളനെ നോക്കിയുള്ളൂ..പിടി വിടാൻ പറഞ്ഞു..ഏട്ടൻ പിടി വിട്ടു..എങ്ങനെയാ ഈ അവസ്ഥയിൽ പോലീസ് ജീപ്പിൽ കയറ്റുക? മാത്രമല്ല, നല്ലൊരു വിഷു ആയിട്ട് മലം പുരണ്ട ഒരുത്തനെ എങ്ങനാ കസ്റ്റഡിയിൽ എടുക്കുന്നെ..അത് കൊണ്ട് പൊലീസുകാർ കള്ളനെ നല്ല നടപ്പിനായി നന്നായി ഒന്ന് ഉപദേശിച്ചു..എന്നിട്ട് പൊക്കോളാനും പറഞ്ഞു.വഴിയിൽ നിർത്തിവെച്ച ബൈക്കിൽ കള്ളൻ പറപറന്നു. സേവനത്തിന് നന്ദി പറഞ് പോലീസും പോയി. ഒരു അഭിനന്ദനം ലക്ഷ്യമിട്ട് നാട്ടുകാരെ നോക്കിയപ്പോൾ എല്ലാവരും അറപ്പോടെ നോക്കുന്നു..

സകല പ്രതീക്ഷയും തീർന്നു..ഒടുവിൽ ഭാര്യയും പറഞ്ഞു..ആദ്യത്തെ വിഷുവായിരുന്നു.. എല്ലാം കുളമാക്കി.. ഞാൻ കഷ്ടപ്പെട്ട് ഒരുക്കിയ കണി കാണാതെ മലം പുരണ്ട കള്ളനെ കണി കാണാൻ ഓടിയിരിക്കുന്നു.കണ്ടിട്ട് ഓക്കാനം വരുന്നു.കുളിക്കാതെ അകത്ത് കയറണ്ട എന്ന താക്കീതോടെ ഭാര്യ വീട്ടിനകത്ത് കയറിയപ്പോഴാണ് ആദ്യ വിഷുവും വിഷുക്കണിയും അതിഗംഭീരമായത് ഏട്ടൻ അറിയുന്നത്. ഏകദേശം ഒരാഴ്ച്ച സമയമെടുത്തു ഏട്ടത്തിയമ്മയുടെ അറപ്പ് മാറാൻ എന്നാണ് കേട്ടത്.

എന്തായാലും കള്ളൻ നൽകിയ വിഷുക്കണി കൊണ്ട് പ്രത്യേകിച്ച് ദോഷം ഒന്നും ഉണ്ടായില്ല, മറിച്ച്, എല്ലാവർഷവും വിഷുവിന്റെ അന്ന് ഏട്ടനെ പറഞ്ഞു കളിയാക്കാൻ ഞെട്ടിക്കുന്ന ഒരു ഓർമ്മയായി ആ വിഷു അവശേഷിച്ചു..കള്ളന്റെ കണി അങ്ങനെ ഇന്നും ഞങ്ങൾ ആഘോഷിക്കുന്നു.ലോകത്തിന്റെ ഏതു ഭാഗത്തായാലും കള്ളാ..ഓർമ്മയിൽ ഉണ്ട് നീ ഞങ്ങൾക്ക്..

Your Rating: