Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടുവാതിൽ പാതിചാരി ...

pattuvathil

ഒരു വിഷുപ്പക്ഷി കൂടി...പതിഞ്ഞ പാട്ടീണം മൂളി മേടപ്പുലരിയിലേക്ക് വിളിച്ചുണർത്താൻ, ഓരോ കണ്ണിണയിലും കൊന്നപ്പൂക്കണിയൊരുക്കാൻ, കുടവട്ടം വിടരുന്ന പട്ടുപാവാടയ്‌ക്കു കസവുകരയുടെ തൊങ്ങൽ തുന്നാൻ, കൈക്കുടന്നയിൽ നാണയത്തുട്ടുകൾ സമ്മാനിച്ച്, നാക്കിലത്തുമ്പത്തു നളപാകമൊരുക്കി കാത്തിരിക്കാൻ....

ഓർമച്ചില്ലകളിലേക്ക് അങ്ങനെ എത്രയെത്ര വിഷുപ്പക്ഷികളാണ് ചേക്കേറിയിരിക്കുന്നത്. മെല്ലെ കാതോർത്താൽ ഏതു കാലദൂരങ്ങളിൽ നിന്നും കേൾക്കാം ഓരോ മേടപ്പുലരിയിലും വിരുന്നുപാറിയെത്തുന്ന ഒരായിരം വിഷുപ്പക്ഷികളുടെ ചിറകൊച്ചകൾ...ഇടവഴിയോരം കണിക്കൊന്നകൾ മഞ്ഞക്കമ്പളം വിരിച്ച് കാത്തിരിക്കുന്നത് ഈ വിഷുപ്പക്ഷികളെ വരവേൽക്കാൻ കൂടിയല്ലേ... അവ ചുണ്ടിൽ കൊരുത്ത ആരും കേൾക്കാ പാട്ടീണങ്ങൾക്കു കാതോർക്കാൻ വേണ്ടിയല്ലേ? അങ്ങനെ തോന്നിപ്പോകും, വിഷുപ്പാട്ടുകൾക്ക് വിരൽത്താളമിട്ട് കൂട്ടിരിക്കുമ്പോൾ..

കണി കാണും നേരം കമല നേത്രന്റെ

നിറമേറും മഞ്ഞത്തുകിൽ ചാർത്തി

കനകക്കിങ്ങിണി വളകൾ മോതിരം

അണിഞ്ഞു കാണേണം ഭഗവാനേ

ഓർമകളിലേക്ക് ആദ്യ പാട്ടുകണി വച്ചുനീട്ടുന്നത് ‘ഓമനക്കുട്ടൻ’ എന്ന ചിത്രത്തിലെ ഈ പാട്ടുതന്നെ. ഓരോ മലയാളിയും ഒരിക്കലെങ്കിലും മൂളിയ പാട്ട്. ഓരോ വട്ടം കേൾക്കുമ്പോഴും മനസ്സ് പിന്നെയും പിന്നെയും കണിയൊരുക്കുന്ന പാട്ട്. ഓടക്കുഴലും മയിൽപ്പീലിയും മഞ്ഞപ്പട്ടാടയും കനകക്കിങ്ങിണിയുമൊക്കെയണിഞ്ഞ കാർവർണനെ ഇത്ര ചന്തത്തോടെ മറ്റെവിടെ കാണാനാകും? അതുകാണ്ടാകാം ഓരോ വിഷുക്കാലത്തും ഈ പാട്ട് കണികേട്ടുണരാൻ മനസ്സു വെറുതെ കൊതിച്ചുപോകുന്നത്.

എന്റെ കയ്യിൽ പൂത്തിരി,

നിന്റെ കയ്യിൽ പൂത്തിരി

എങ്ങുമെങ്ങും പൊട്ടിച്ചിരിക്കുന്ന

വിഷുപ്പുലരി...

‘സമ്മാനം’ എന്ന ചിത്രത്തിലെ ഈ ഗാനം ഓർമിപ്പിക്കുക വിഷുവിനു തലേ രാത്രിയിലെ പൂത്തിരിത്തെളിച്ചമാണ്. നടവഴിയിലും നടുമുറ്റങ്ങളിലും ലാത്തിരി, പൂത്തിരി, മെത്താപ്പൂക്കൾ കത്തിച്ച രാത്രിയോർമകളുടെ ഉൽസവലഹരി ഇന്നും കനലാറാതെ കിടക്കുന്നു മനസ്സിൽ.

ചെത്തി മന്ദാരം തുളസി പിച്ചകപ്പൂമാല ചാർത്തി

ഗുരുവായൂരപ്പാ നിന്നെ കണി കാണേണം

‘അടിമകൾ’ എന്ന ചിത്രത്തിലെ വയലാറിന്റെ വരികൾക്കു കാതോർക്കുമ്പോൾ ഓർമകൾ മാലകൊരുത്തുതുടങ്ങും. കുട്ടിക്കാലത്ത് അമ്മ കണിയൊരുക്കി വിളിച്ചുണർത്തിയ പുലരികളിലേക്കു മനസ്സു തനിയെ പിൻനടക്കും. വെള്ളോട്ടുകിണ്ണത്തിലെ കണിവെള്ളരിക്കും വാലിട്ടുകണ്ണെഴുതിയ വാൽക്കണ്ണാടിക്കും കോടിമുണ്ടിനും കണിക്കൊന്നപ്പൂപ്പടർപ്പിനുമിടയിൽ ഓടക്കുഴലൂതി ചിരിച്ചുനിൽക്കുന്ന കള്ളക്കണ്ണന്റെ പുഞ്ചിരിയിൽ ചുണ്ടിൽ കൽക്കണ്ടം മധുരിക്കും.

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...

പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ്...

‘ദേവാസുര’ത്തിലെ ഈ വരികൾ കേൾക്കുമ്പോൾ വേലിപ്പടർപ്പിലും വയൽവരമ്പിലും വിഷുക്കണിവിടർത്തുന്ന പൂവസന്തമാണ് മനസ്സിൽ തെളിയുക. കാടും മേടും പച്ചപ്പുൽപ്പരപ്പും കുന്നിൻചെരിവുകളുമൊക്കെ താലമെടുത്തൊരുങ്ങി നിൽക്കുകയായി വിഷുപ്പാട്ടിനു താളമിട്ടു തലയാട്ടാൻ.

കൊന്നപ്പൂവേ... കൊങ്ങിണിപ്പൂവേ...

ഇന്നെന്നെ കണ്ടാലെന്തു തോന്നും കിങ്ങിണിപ്പൂവേ...

‘അമ്മയെ കാണാൻ’ എന്ന ചിത്രത്തിലെ പാട്ടുകേൾക്കുമ്പോൾ വീട്ടുമുറ്റത്തു മറന്നുവച്ച കളിക്കുട്ടിക്കാലം വീണ്ടും വന്നെത്തിനോക്കും. കണ്ണാടിനോക്കി തുടങ്ങിയ കൗമാരത്തിനും മുമ്പേ കാറ്റിനോടും കിളികളോടുമൊക്കെ കൊഞ്ചിനടന്ന ആ കൊച്ചുകുട്ടി ഇപ്പോഴും അവിടെത്തെന്നെയുണ്ടെന്ന് മനസ്സു വെറുതെ ആശ്വസിക്കും.

കുന്നത്തെ കൊന്നയ്‌ക്കും പൊൻമോതിരം

ഇന്നേതോ തമ്പുരാൻ തന്നേ പോയോ

‘പഴശ്ശിരാജ’യിലെ ഈ വരികളിൽ കൊന്ന നമ്രമുഖിയായ നവവധുവാണ്. വിരൽത്തുമ്പിലണിഞ്ഞ പൊൻമോതിരത്തിളക്കം പോലെ ഓരോ ചില്ലപ്പടർപ്പിലും പൂവസന്തം കാത്തുവയ്‌ക്കുന്ന കൊന്നയ്‌ക്ക് വരണമാല്യവുമായി വരുന്ന വിഷുപ്പുലരികൾ...ഏതു മേടത്തിലായിരിക്കും അവൾ സുമംഗലിയാകുക?

കൊന്നപ്പൂ പൂക്കുന്ന നാട്ടിൽ

പൊന്നാര്യൻ കൊയ്യുന്നൊരെന്റെ നാട്ടിൽ

‘അരയന്നങ്ങളുടെ വീട് ’- എന്ന ചിത്രത്തിലെ ഈ വരികൾ ഓരോ മറുനാടൻ മലയാളിയുടെയും മടക്കയാത്രാമൊഴിയാണ്. എത്ര ദൂരെദൂരെയാണെങ്കിലും കൊന്നപ്പൂ പൂക്കുന്ന, പൊന്നാര്യൻ കൊയ്യുന്ന സ്വന്തം നാട്ടിൽ തന്നെ കാത്തിരിക്കുന്ന കിളിക്കൂടുപോലുള്ളൊരു വീടുണ്ടെന്ന് ഓർമപ്പെടുത്തുന്ന സാന്ത്വനപ്പാട്ട്. അവരുടെ കൂടി മടങ്ങിവരവിനു കൺനട്ട് കുഞ്ഞുകിളിവാതിൽ പാതി ചാരി കാത്തിരിക്കുകയാണ് ഓരോ മേടപ്പൂമരക്കൊമ്പിലും ഇന്നും അതേ വിഷുപ്പക്ഷി... ചുണ്ടിൽ ഇനിയും പാടിത്തീരാ പാട്ടുമധുരവുമായി.

Your Rating: