Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' എല്ലാ ട്രാൻസ്ജെൻഡേഴ്സും ലൈംഗിക തൊഴിലാളികളല്ല പൊലീസേ...' പൊട്ടിക്കരഞ്ഞു ദീപ്തി

deepthi

‘ഞാൻ ബെംഗളൂരുവിലാണ് താമസിക്കുന്നത്. നാട്ടിലെത്തിയാൽ രാത്രിയ്ക്കുള്ള ബെംഗളൂരു ബസിലാണ് പതിവായി മടങ്ങി പോകുന്നത്. ഇത്തവണയും ബെംഗളൂരുവിലേക്ക് പോകാൻ ബസ് കാത്ത് നിൽക്കവെയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരാക്രമണം ഉണ്ടാകുന്നത്. അതും യാതൊരു പ്രകോപനവും കൂടാതെ. ഞങ്ങൾക്കും ഇവിടെ ജീവിക്കണ്ടേ?’’ തൃശൂരിൽ പൊലീസ് മർദനത്തിനിരയായ ട്രാൻസ്ജെൻഡർ മോഡലും വനിതയുടെ കവർ ഗേളുമായിരുന്ന ദീപ്തി കല്യാണി ചോദിക്കുന്നു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ബെംഗളൂരുവിലേക്ക് പോകാനായി തൃശൂരില്‍ നില്‍ക്കുകയായിരുന്നു മോഡലും നർത്തകിയുമായ ദീപ്തിയും കുടുംബശ്രീ പ്രവർത്തകരായ രാഗരഞ്ജിനിയും അലീനയും.

ഭക്ഷണം കഴിച്ച് തൃശൂർ സ്റ്റാൻഡിനടുത്തുള്ള ഒരു ഹോട്ടലിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോഴാണ് പൊലീസ് എത്തി യാതൊരു പ്രകോപനവും കൂടാതെ തല്ലിയത്. ജീപ്പിലെത്തിയ പുരുഷ പൊലീസിനോട് ബെംഗളൂരു പോകുകയാണ് എന്ന് പറഞ്ഞിരുന്നുവെങ്കിലും അത് കേൾക്കാൻ പോലും തയാറായില്ലെന്ന് ദീപ്തി വനിത ഓൺലൈനോട് പറഞ്ഞു. ജീപ്പില്‍ നിന്ന് പുറത്തിറങ്ങിയ പൊലീസുകാർ ചൂരല്‍വടിയെടുത്ത് തലങ്ങുംവിലങ്ങും അടിച്ചു. കൂട്ടത്തിൽ ഒരൊറ്റ വനിത പൊലീസ് പോലും ഉണ്ടായിരുന്നില്ല. വേദനയെടുത്ത് അലറിക്കരഞ്ഞെങ്കിലും പൊലീസിന് നിർത്താൻ ഭാവമില്ലായിരുന്നു.

തൃശൂർ ജില്ല ആശുപത്രിയിലിരുന്ന് സംഭവങ്ങൾ വിശദീകരിക്കുമ്പോൾ പലപ്പോഴും ദീപ്തി പൊട്ടിക്കരഞ്ഞു. കൈകാലുകള്‍ക്കും തുടയ്ക്കും നെഞ്ചിലുമെല്ലാം പൊലീസ് അടിച്ചു. ശരീരം പൊട്ടി ചോരയൊലിച്ചിട്ടും അവർ വിട്ടില്ലെന്നും ഇവർ ആരോപിക്കുന്നു. ദീപ്തിയുടെ കാല് ഒടിഞ്ഞു. തൃശൂർ ജില്ലാശുപത്രിയിലെത്തിയിട്ടും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ചികിത്സിക്കാൻ മടിച്ച ദുരനുഭവവും ദീപ്തി പറയുന്നു. സംഭവമറിഞ്ഞ് എൽജിബിടി ആക്ടിവിസ്റ്റായ ശീതൾ ശ്യാം അടക്കമുള്ളവർ ആശുപത്രിയിലെത്തി പ്രതിഷേധിച്ചതോടെയാണ് അവശരായ ദീപ്തിയെയും കൂട്ടരെയും അഡ്മിറ്റ് ചെയ്തതെന്നും ഇവർ പറയുന്നു.

ഇപ്പോൾ തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് ദീപ്തി. എന്ത് പ്രകോപനത്തിന്റെ പേരിലാണ് തങ്ങള്‍ക്ക് നേരെ ഈ അതിക്രമം കാട്ടിയതെന്ന് ഇപ്പോളും അറിയില്ലെന്നും ദീപ്തി പറയുന്നു. ഞങ്ങള്‍ എല്ലാവരെയും പോലെ മനുഷ്യരാണ്. ഞങ്ങൾക്കും വേദനയും കണ്ണീരുമൊക്കെ ഉണ്ട്. വിദ്യാസമ്പന്നരായ ഡോക്ടര്‍മാരെങ്കിലും ഇതു മനസിലാകേണ്ടതല്ലേ.– ദീപ്തിയുടെ വാക്കുകളിൽ വേദനയും രോഷവും. തങ്ങളിൽ ലൈംഗിക തൊഴിലാളികൾ ഇല്ല എന്ന് തീർത്ത് പറയുന്നില്ല. പക്ഷെ പുറത്തിറങ്ങി നടക്കുന്നവരെല്ലാം അത്തരത്തിലുള്ള ആളുകളാണെന്ന് പൊലീസ് ധരിച്ചു വച്ചിരിക്കുകയാണ്. അതാണ് എൽജിബിടി സമൂഹത്തെ നിരന്തരമായി ആക്രമിക്കുന്നതെന്നും ദീപ്തി പറയുന്നു.

കൂടുതൽ വാർത്തകൾക്ക്

Your Rating: