Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

45 ദിവസം, കൊച്ചനുജത്തിയുടെ കൈയിൽ മുറുക്കെ പിടിച്ച് ചേട്ടൻ! കരളലിയിക്കും ഈ അനാഥ കുരുന്നുകളുടെ കഥ

Aryan-Amritha അതിനിടയിൽ പലപ്പോഴും അവൻ വിതുമ്പിക്കരഞ്ഞു. വിശപ്പു സഹിക്കാനാകാതെ തേങ്ങി... എന്നിട്ടും കൊച്ചനുജത്തിയെ ആ പിഞ്ചു ബാലൻ കൈവിട്ടില്ല...

ആ 45 ദിവസവും ആറു വയസുകാർ ആര്യൻ നാലു വയസുകാരി സഹോദരി അമൃതയുടെ കൈകളിൽ നിന്ന് ഒരിക്കൽ പോലും പിടി വിട്ടില്ല. അതിനിടയിൽ പലപ്പോഴും അവൻ വിതുമ്പിക്കരഞ്ഞു. വിശപ്പു സഹിക്കാനാകാതെ തേങ്ങി... എന്നിട്ടും കൊച്ചനുജത്തിയെ ആ പിഞ്ചു ബാലൻ കൈവിട്ടില്ല. ഒന്നര മാസങ്ങൾക്കിപ്പുറം പൊലീസിന്റെ സുരക്ഷിതമായ കരങ്ങളിൽ സഹോദരിയുടെ കൈ കൈമാറും വരെ അവൻ ചങ്കുറപ്പുള്ള ഒരു ആൺകുട്ടിയായി. പെങ്ങൾക്കു കൂട്ടായി കൂടെ നിന്നു.

ആര്യന്റെയും അമൃതയുടെയും മാതാപിതാക്കൾ നാടോടികളായിരുന്നു. ഇരുവരെയും ബന്ധു കൊലപ്പെടുത്തി. ഇതോടെ കുട്ടികൾ അനാഥരായി. കൊലയാളിയായ അമ്മാവൻ തന്നെയാണ് ഇവരെ മുംബൈയിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ കയറ്റി വിട്ടത്. ട്രെയിനിനൊപ്പം ചൂളം വിളിച്ചു പാഞ്ഞത് ആ കുരുന്നുകളുടെ ഒറ്റപ്പെടലിന്റെയും നൊമ്പരത്തിന്റെയും കഥ കൂടിയാണ്. 45 നാളുകൾക്കപ്പുറം ഇരിട്ടി പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്പെക്ടർ അൻഷാദ് കണ്ടെത്തും വരെ തുടർന്നു ആ കണ്ണീർ കഥ.

ഫ്ളാഷ് ബാക്ക്

2015 വരെ കർണാടകയിലെ തുമഗുരവിലാണ് അഛ്ഛൻ രാജുവിനും അമ്മ ശോഭയ്ക്കുമൊപ്പം കുട്ടികൾ ജീവിച്ചിരുന്നത്. പിന്നീട് കേരളത്തിലേക്ക് വരികയായിരുന്നു. ഒരു വർഷത്തിലധികമായി ഇരിട്ടിയിലായിരുന്നു താമസം. ജനുവരി 21നാണ് ഇരിട്ടി പഴയ പാലത്തിനു സമീപം ഉപയോഗശൂന്യമായ കിണറ്റില്‍ ശോഭയുടെ ജീർണ്ണിച്ച ജഡം കണ്ടെത്തിയത്. ആദ്യം ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ നിഗമനം. പിന്നീടാണ് െകാലപാതക സാധ്യത പരിശോധിച്ചത്. ഇതോടെ വലിയ രഹസ്യങ്ങളും ചുരുളഴിയുകയായിരന്നു. ശോഭയുടെ മാതൃസഹോദരീ ഭർത്താവും കാമുകനുമായ തുമഗുരു സ്വദേശി ടി.കെ. മഞ്ജുനാഥാണ് ശോഭയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി.

ഇരുവരും തമ്മിലുളള വഴക്കിനിടെ മ‍ഞ്ജുനാഥ് ശോഭയെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ബോധരഹിതയായ ശോഭ മരിച്ചുവെന്ന് കരുതിയാണ് മ‍ഞ്ജുനാഥ് അവരെ കിണറ്റിലെറിഞ്ഞത്. പിന്നീട് മഞ്ജുനാഥ് കുട്ടികളെയും കൂട്ടി ബംഗളൂരുവിലേക്ക് പോയി. ഇവിടെ നിന്നാണ് കുട്ടികളെ മുംബൈയിലെക്കുള്ള ട്രെയിനില്‍ കയറ്റിവിട്ടത്. ശോഭയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിനിടെയാണ് ഞെട്ടിക്കുന്ന മറ്റൊരു വിവരം പൊലീസിനു ലഭിച്ചത്. 2015 ഡിസംബർ 21ന് ശോഭയുടെ ഭർത്താവ് രാജുവിനെ ശോഭയും താനും ചേർന്ന് കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി കത്തിച്ചെന്ന് മഞ്ജുനാഥ് വെളിപ്പെടുത്തി.

അദ്യം അച്ഛൻ, പിന്നെ അമ്മ..

ബന്ധുവായ മഞ്ജുനാഥാണ് ആര്യന്റെയും അമൃതയുടെയും മാതാപിതാക്കളെ കൊലപ്പെടുത്തിയത്. അമ്മ കൂടി പോയതോടെ നേരം ഇരുട്ടി വെളുത്തതോടെ ഈ കുരുന്നുകളുടെ ജീവിതം മാറിമറിഞ്ഞു. ഒറ്റരാത്രി കൊണ്ട് അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെട്ടതിന്റെ വേദനയിൽ തേങ്ങി ഈ ഇളം മനസുകൾ. അമ്മയെ കാണാതായതിന്റെ വേദനയിലും കുഞ്ഞരി പല്ലുകൾ കാട്ടി അനുജത്തി ചിരിക്കുമ്പോൾ ചേട്ടന്റെ മനസ് പലപ്പോഴും തേങ്ങി.

  കുട്ടികളെ മഞ്ജുനാഥ് മുംബൈയിലേക്കുള്ള ട്രെയിൻ കയറ്റി വിട്ടു. അവിടെയെത്തിയ കുട്ടികളെ മുംബൈ പൊലീസ് അഭയ കേന്ദ്രത്തിലാക്കി. ഒറ്റപ്പെടലിന്റെ വേദനയ്ക്കിടയിലും കുഞ്ഞനുജത്തിയെ കൈവിടാതിരുന്ന ആര്യന്റെ ഈ മനസ്സാണ് ഇരുവരെയും കണ്ടെത്താന്‍ പൊലീസിന് തുണയായതും. ഉറ്റവരെ കണ്ടതിന്റെ സന്തോഷത്തിനിടയിലും അനാഥരായി അലഞ്ഞതിന്റെ ദുഖം ആര്യനെ വിട്ടു മാറിയിട്ടില്ല. ഇരിട്ടി പ്രോബേഷൻ എസ്.ഐ, എസ് അർഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് വെള്ളിയാഴ്ചയാണ് മുംബൈിൽ നിന്നും നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കുട്ടികളെ ഏറ്റുവാങ്ങിയത്.

പ്രതീക്ഷയോടെ എത്തി, പക്ഷേ...

മുംബൈയിൽ നിന്നും പൊലീസിനും ബന്ധുക്കൾക്കുമൊപ്പം ഇരിട്ടിയിലേക്ക് തിരിക്കുമ്പോൾ അമ്മയെ കാണുമെന്ന പ്രതീക്ഷയിലായിരുന്നു കുട്ടികൾ. ഇരിട്ടിയിലെത്തുന്നതിന് അല്‍പ്പം മുമ്പ് മാത്രമാണ് അമ്മ ശോഭ കൊല്ലപ്പെട്ട വിവരം ബന്ധുവായ കാവ്യ കുട്ടികളെ അറിയിച്ചത്. ആര്യൻ ഒരുവിധം പിടിച്ചു നിന്നെങ്കിലും അമൃത കണ്ണുനീരടക്കാനാവാതെ വിതുമ്പി. ഒടുവിൽ കാവ്യയുടെ മടിയിൽ അവൾ തലചായ്ച്ചു കിടന്നു. കൊല ചെയ്യപ്പെട്ട, കുട്ടികളുടെ അച്ഛൻ രാജുവിന്റെ സഹോദരി കാവ്യ ഉൾപ്പെടെയുള്ള ബന്ധുക്കൾ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് പൊലീസിന് ഉറപ്പ് നൽകിയിട്ടുണ്ട്. അതിനാൽ കുട്ടികളുടെ വിദ്യാഭ്യാസം അടക്കമുള്ള മറ്റു കാര്യങ്ങൾക്ക് സഹായിക്കാൻ വ്യക്തികളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും സഹായങ്ങൾ സ്വരൂപിച്ച ശേഷം കുട്ടികളെ ബന്ധുക്കൾക്ക് കൈമാറാനാണ് തീരുമാനം.

കൂടുതൽ വാർത്തകൾ കാണാം

Your Rating: