Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ആ അമ്മയ്ക്കും മകള്‍ക്കും കരയേണ്ട, സ്വപ്നങ്ങൾക്ക് ഒരു ടേക്ക് ഓഫ്

Stanlin George

ചിലപ്പോൾ അങ്ങനെയാണ്; ജീവിതത്തിൽ അന്നേവരെ കണ്ടിട്ടില്ലാത്തവരുടെ, പിന്നീടുള്ള ജീവിതത്തിൽ നമ്മളും ചില നിമിത്തങ്ങളാകുന്നു. അത് നന്മയ്ക്കാകുമെങ്കിൽ രണ്ടുകൂട്ടർക്കും സന്തോഷം. തിരിഞ്ഞുനോക്കുമ്പോൾ ഈ സന്തോഷങ്ങൾ നൽകുന്ന സുഖം ഒാർമകൾക്കു മാത്രമല്ല കരുത്തുനൽകുന്നത്. സത്യത്തിനും നീതിയ്ക്കുമൊപ്പം തുടർന്നും നിൽക്കാനുളള പ്രചോദനം കൂടിയാണ്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച, സമയം ഏതാണ്ട് ഉച്ചയോട് അടുക്കുന്നു. പതിവു തിരക്ക് മുറുകി വരുന്നതിനിടയിലാണ് കാഞ്ഞിരപ്പള്ളിയിലെ പ്രാദേശിക ലേഖകൻ അൻസറിന്റെ ഒരു കോൾ. പൂതക്കുഴിയിൽ ഭർത്താവു മരിച്ച രോഗിയായ അമ്മയെയും മകളെയും വീട്ടിൽ നിന്നും ഒഴിപ്പിക്കുകയാണെന്നറിയിച്ച്. കോടതി ഉത്തരവിനെത്തുടർന്നാണ് നടപടി. ഞങ്ങളങ്ങോട്ട് പോകുകയാണ്. കോടതി എന്ന് കേട്ടതോടെ, ഇടപെടണോ എന്ന് ഒരു സംശയം. ഏതായാലും നീ പോയി എടുക്ക്. എന്നിട്ട് വിവരങ്ങൾ തരൂ എന്നുപറഞ്ഞു കോൾ അവസാനിപ്പിച്ച് ചെയ്തു കൊണ്ടിരുന്ന ഷൂട്ട് തുടർന്നു. പക്ഷെ ആകെ ഒരു അസ്വസ്ഥത. ഇടപെടണം എന്ന തോന്നൽ. അത് കുറെ നേരം ഇങ്ങനെ അലോസരപ്പെടുത്തുന്നു. വലിയ പ്രശ്നം ആയിരിക്കുമോ? ഏയ്, കുടുംബ പ്രശ്നമായിരിക്കും. എന്നാലും അത് ശരിയല്ലല്ലോ? ചോദ്യങ്ങളും അവയ്ക്കുള്ള ന്യായീകരണങ്ങളും ഉപചോദ്യങ്ങളും സ്വയം ആവർത്തിച്ചുകൊണ്ടിരുന്നു. പക്ഷെ വിഷയം കൈവിട്ടു കളയാൻ തോന്നുന്നുമില്ല. ഒരുമണിക്കൂറിനുള്ളിൽ വീണ്ടും അൻസർ വിളിച്ചു. ഇവരെ ഒഴിപ്പിച്ചു. കിടക്കയോടെ എടുത്ത് പുറത്തിടുന്ന വിഷ്വൽ ഉണ്ട്. ആകെ നിലവിളിയായിരുന്നു. പതിനാല് വയസുള്ള പെൺകുട്ടിയെയും ഇറക്കിവിട്ടു.

പ്രതിരോധിച്ച രോഗിയായ അമ്മയെ കിടക്കയോടെ എടുത്ത് പുറത്തിടുന്ന വിഷ്വൽ ഉണ്ട്. മറ്റൊരു വിവരങ്ങളും എന്നെ സ്ട്രൈക്ക് ചെയ്തില്ല. അതു മതി. ഇനി കൂടുതലൊന്നും ചിന്തിക്കണ്ട. ഈ വാർത്ത ഇപ്പോൾ തന്നെ കൊടുക്കുന്നു. എത്രയും പെട്ടന്ന് വിഷ്വൽ അയയ്ക്കാൻ പറഞ്ഞു. വിവരങ്ങളും ഇതിനിടയിൽ കളക്ട് ചെയ്തു. കോടതി ഉത്തരവല്ലെ പൊലീസിനെ നേരിട്ടു വിളിച്ച് ഒന്നുകൂടി ഉറപ്പുവരുത്തി. കാഞ്ഞിരപ്പള്ളി എസ്ഐ: എ.എസ് അൻസൽ കാര്യങ്ങൾ വ്യക്തമാക്കി. രണ്ടു തവണ ഇവരുടെ ദയനീയാവസ്ഥകണ്ട് ഒഴിവാക്കിയതാണ്. കോടതി വിളിച്ചുവരുത്തി ശാസിച്ചതോടെ ഒരു നിവൃത്തിയുമില്ലാതെ ചെയ്തതാണ്. തൽകാലത്തേയ്ക്ക് ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.

babitha-1 ബബിതയും മകളും

ഇവിടെ കദന കഥ മെനയേണ്ടതില്ല. ദൃശ്യങ്ങൾ അതു പറഞ്ഞുകൊള്ളും. അതുകൊണ്ട് സംഭവസ്ഥലത്തുനിന്നുള്ള വിവരങ്ങൾ പരമാവധി ശേഖരിച്ചു. വൈകുന്നേരത്തോടെ തന്നെ വാർത്ത ഡസ്കിലെത്തി. പ്രധാന്യം ഡസ്കിലുള്ളവർക്കും ബോധ്യപ്പെട്ടു. അന്ന് കുറ്റപത്രത്തിൽ ഉൾപ്പെടെ വാർത്ത പോയി. പിറ്റേന്ന് ഫോളോഅപിനുവേണ്ടി ഇൻപുട്ട് ഡെസ്കിൽ നിന്നു വിളിയെത്തി. വിഷയം കാര്യമായി തന്നെ മുന്നോട്ടു കൊണ്ടുപോകണമെന്ന് നിർദേശം തന്നു. എല്ലാ ബുള്ളറ്റിനുകളിലും സ്റ്റോറി ഇടംപടിച്ചു. ഇതിനിടയിൽ പത്രത്തിൽ ഉൾപ്പെടെ വാർത്ത വന്നതോടെ സഹായ കരങ്ങൾ നാലുഭാഗത്തുനിന്നുമെത്തി. പക്ഷെ ഒരു ദിവസം കൊണ്ട് ലഭിക്കുന്ന വാഗ്ദാനങ്ങൾ ഇംപാക്ടായി നൽകി അവസാനിപ്പിക്കാൻ തയ്യാറല്ലായിരുന്നു ഞങ്ങൾ. പൂർണ പിന്തുണയോടെ സ്ഥാപനവും ഒപ്പം നിന്നു. അതോടെ ചലച്ചിത്ര മേഖലയിൽ നിന്നുൾപ്പെടയുള്ളവരുടെ സഹായമെത്തി. ടേക്ക് ഒാഫിന്റെ അണിയറപ്രവർത്തകർ അഞ്ചു ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. മറ്റുമാധ്യമങ്ങളും വിഷയം സജീവമായി ഏറ്റെടുത്തതോടെ ഗൗരവം വർധിച്ചു.

ഇതിനിടിയൽ ജമാഅത്ത് ഭാരവാഹികളും എസ്ഐയുടെ നേതൃത്വത്തിൽ ജനമൈത്രി പൊലീസും ഇവരുടെ സംരക്ഷണത്തിനായി നടപടികൾ തുടങ്ങി. ചൊവ്വാഴ്ച ഉച്ചയോടെ ഞങ്ങൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തി .ബബിതയെയും മകളെയും കണ്ട് സംസാരിച്ചു. പഠിക്കാനുള്ള പുസ്തകം പോലും എടുക്കാൻ അനുവദിക്കാതിരുന്ന കോടതി എന്തിനാണ് ഈ ക്രൂരത തങ്ങളോട് ചെയ്തതെന്നു കരഞ്ഞ് അവർ ചോദിച്ചു. ഒന്നും മിണ്ടിയില്ല. ഒരു പ്ലാസ്റ്റിക് കവറിൽ വാരിവലിച്ചിട്ട കുറച്ചു തുണികളുമായി പതിനാലു പിന്നിട്ട മകളെ ചേർത്തുപിടിച്ചു കരയുന്ന അവരോട് എന്താണ് പറയേണ്ടത്. ക്യാമറയ്ക്ക് മുഖം തരാതെ തിരിഞ്ഞു നിന്ന് ബബിതയുടെ കണ്ണീരു തുടയ്ക്കുന്ന മകളോടും ഒന്നും ചോദിച്ചില്ല. എന്തിനാണ് ചോദിക്കുന്നത്. കൺമുന്നിൽ ദയനീയമായി നിൽക്കുന്ന അവരോട് ഇതിൽ കൂടുതൽ എന്ത് ചോദിക്കണം.

ആവുന്ന രീതിയിൽ സഹായിക്കാം. അത്രയേ പറഞ്ഞുള്ളു. ഇതിനിയിയിൽ ചില കാര്യങ്ങൾ ബബിത ക്യാമറയ്ക്കു മുന്നിൽ പറഞ്ഞു. മൈക്കുമായി പുറത്തേയ്ക്ക് ഇറങ്ങി. അപ്പോൾ തന്നെ ഡസ്കിലേയ്ക്ക് വിളിച്ചു കാര്യങ്ങൾ പറഞ്ഞു. വിഷയം അന്നും കാര്യമായി തന്നെ ചാനൽ നൽകി.

തിരികെ പോരും മുമ്പ് മറ്റൊരാളെ കൂടി കാണണമെന്ന് തോന്നി. മനസാക്ഷിയുള്ള ആ പൊലീസുകാരനെ. കാഞ്ഞിരപ്പള്ളി എസ്ഐ അൻസലിനെ. പ്രദേശിക ലേഖകനൊപ്പം എസ്ഐയെ നേരിട്ടു കണ്ടു. അമ്മയ്ക്കും മകൾക്കും സുരക്ഷിതമായി ജീവിക്കാനുള്ള ഒരു സാഹചര്യമുണ്ടാക്കണം. എത്തുന്ന സഹായങ്ങൾ അവർക്കു പ്രയോജനം കിട്ടത്തക്ക രീതിയിൽ ആവണം. അതുകൊണ്ട് വിശ്വസിക്കാവുന്നവരുടെ കൂടി സഹകരണത്തോടെ ബാങ്ക് അക്കൗണ്ട് തുടങ്ങിയെന്നും പൊലീസിന്റെ മേൽനോട്ടത്തിലാവും ഇക്കാര്യങ്ങളെല്ലാം എന്നും അദ്ദേഹം ഉറപ്പുനൽകി. ഒരു പൊലീസുകാരനോട് എല്ലാ അർഥത്തിലും ബഹുമാനം തോന്നിയ നിമിഷം.

അതുമതി. മനസുനിറഞ്ഞ് അവിടെ നിന്നിറങ്ങി. കാണുകയോ പരിചയമോ പോലുമില്ലാത്ത ആളുകൾ ആരാധനയോടെ മനസിൽ കയറിക്കൂടുന്നു. പിറ്റേന്ന് കോടതി ഉത്തരവിലൂടെ മകളുടെ പാഠപുസ്തകങ്ങൾ ലഭിച്ചു. അതിനടുത്ത ദിവസം ആശുപത്രിയിൽ നിന്നു ഡിസ്ചർജ് ചെയ്തതോടെ ജമാ അത്തും പൊലീസും ചേർന്ന് ആശുപത്രിയിൽ നിന്ന് ഇവരെ പൂതക്കുഴിയുള്ള ഒരുവാടക വീട്ടിലേയ്ക്ക് മാറ്റി. അരിയും അത്യാവശ്യം വേണ്ട അടുക്കള പാത്രങ്ങളും പലചരക്കു സാധനങ്ങളും ഉൾപ്പെടെ പതിനയ്യിരത്തോളം രൂപയുടെ സാധനങ്ങൾ പൊലീസ് വാങ്ങി വൽകി.

സിനിമയുടെ അണിയറ പ്രവർത്തകർ കാഞ്ഞിരപ്പള്ളിയിലെത്തി. ചാക്കോച്ചനും പാർവതിയും ആന്റോ ജോസഫും എല്ലാവരും ആ കുടുംബത്തിന് അകമഴിഞ്ഞ പിന്തുണ നൽകി. വാക്കിനപ്പുറം വാക്കാൽ പറഞ്ഞ വാഗ്ദാനവും പാലിച്ചു. അഞ്ചു ലക്ഷത്തിന്റെ ചെക്ക് ജനപ്രതിനിധികളുടെയും പൊലീസിന്റെയും സാന്നിധ്യത്തിൽ കൈമാറി.

ഒരാളുടെ ഇടപെടലല്ല ഇവിടെയുണ്ടായത്. മാധ്യമങ്ങളെല്ലാവരും ഒന്നിച്ചു ഇവർക്കുവേണ്ടി രംഗത്തെത്തി. അതിനു കരുത്ത് പകരാൻ കുറെ സുമനസുകളും എത്തി. ആ കരുത്തിന്റെ അടിത്തറയിൽ ഇവരുടെ സ്വപ്നങ്ങൾക്ക് ടേക്ക് ഒാഫ്.