Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നേഹിച്ചു കൊതിതീർന്നില്ലല്ലോ എന്റെ പൊന്നുമോളെ...

Jordan ജോര്‍ദാനൊപ്പം ലിറിന്‍ ചാക്കോ

ജീവിതത്തിൽ മരണം എന്നു പറയുന്നത് ആർക്കും മാറ്റി നിർത്താനാവാത്ത ഒന്നാണ്. മരുന്നും മന്ത്രവുമായി ജീവിതത്തെ കുറെ കാലം കൂടി നീട്ടിയെടുക്കാം എങ്കിലും, അനിവാര്യമായ മരണത്തെ സ്വീകരിക്കുക തന്നെ വേണം. എന്നാൽ രംഗബോധമില്ലാത്ത കോമാളിയെ പോലെ കയറിവരുന്ന മരണം ചിലപ്പോൾ അപഹരിക്കുക പ്രിയപ്പെട്ടവരുടെ ജീവിതം കൂടിയായിരിക്കും. 

നൊന്തു പ്രസവിച്ച മകളെ, ആദ്യമായി അച്ഛാ എന്നു വിളിച്ച പൊന്നോമനയെ, കൈപിടിച്ചു പിച്ച നടത്തി കൊതി തീരും മുൻപ് വിധി കവർന്നെടുത്താലോ? അച്ഛനും അമ്മയ്ക്കും അതെങ്ങനെ സഹിക്കാനാകും. അതിലും വലിയ വേദനയാണ് അവളുടെ പിഞ്ചു ശരീരം മറവു ചെയ്യുന്നത്. തന്റെ രണ്ടര വയസ്സ് പ്രായമുള്ള മകൾ ജോർദാൻ മരണപ്പെട്ടപ്പോൾ, അവളുടെ ശരീരം മറവു ചെയ്യാൻ അനുഭവിച്ച മനോവിഷമം പങ്കുവയ്ക്കുകയാണ് അച്ഛനായ ലിറിൻ ചാക്കോ. 

വേറെ ഒരാൾക്കും ഇനി ഇങ്ങനെ ഒരു വിധി ഉണ്ടാകരുതേ എന്നു മനമുരുകി പ്രാർഥിച്ചുകൊണ്ടാണ് സമൂഹമാധ്യമത്തിൽ ലിറിൻ തന്റെ വിഷമങ്ങൾ എഴുതിയിട്ടത്. രണ്ടു വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കാറപകടത്തിലാണ് ലിറിനു തന്റെ മകളെ നഷ്ടമാകുന്നത്. ജീവിതത്തിലെ ഏറ്റവും നശിച്ച ദിവസം എന്നെ ആ ദിവസത്തെ പറയാനാകൂ എന്ന് ലിറിൻ. 

jordan-1 ജോര്‍ദാനും ഇളയ മകള്‍ ജെയ്ഡനും

ലിറിൻ ചാക്കോയുടെ കുറിപ്പിങ്ങനെ...

''ഞാനും  ഭാര്യയും കുഞ്ഞും ആണ് കാറിൽ യാത്ര ചെയ്തിരുന്നത്. വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ ആയിരുന്നു. പെട്ടന്നാണ് അപകടം ഉണ്ടായത്. ഭാര്യക്കു മുഖത്താണ് പരിക്കേറ്റത്, 11  ൽ പരം പൊട്ടലുകളോടെ മുഖത്തെ അസ്ഥികൾ തകർന്നു . കുഞ്ഞുവാവക്കു തലയ്ക്കാണ് ക്ഷതമേറ്റത് . ആറു ദിവസം കോമയിൽ കഴിഞ്ഞു. ഏഴാം നാൾ മരണപ്പെട്ടു. ശാരീരികമായി ഏറെ തളർന്നിരിക്കുന്ന അവസ്ഥയിൽ ജോർദാന്റെ മരണം ഞങ്ങളെ കീഴ്മേൽ മറിച്ചു. 

അതിലും ശ്രമകരമായിരുന്നു അവളുടെ കുഞ്ഞു ശരീരം അടക്കം ചെയ്യുക എന്നത്. 31  മാസം മാത്രമായിരുന്നു അവളുടെ പ്രായം, സ്നേഹിച്ചു കൊതി തീർന്നില്ല, കുഞ്ഞു പെട്ടിയിൽ അവളെ അടക്കം ചെയ്ത നിമിഷത്തെ ചിന്തകൾ ഞങ്ങളെ ഒരിക്കലും വിട്ടു പോകില്ല. മുഖത്തെ അസ്ഥികൾ തകർന്ന് ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്നതിനാൽ ജോർദാനെ ഓർത്ത് ഒന്ന് കരയാൻ പോലും അവളുടെ അമ്മയ്ക്ക് സാധിച്ചിരുന്നില്ല. പൂർണമായി തകർന്ന ഞങ്ങൾ ഞങ്ങളുടെ വേദന മനസിൽ ഒതുക്കി. 

പിന്നീട്, ചടങ്ങുകൾ കഴിഞ്ഞ ശേഷം എല്ലാവരും പോയി. ചികിത്സയും മറ്റുമായി ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ഞങ്ങൾക്ക് പിന്നെയും ഏറെ കാത്തിരിക്കേണ്ടി വന്നു. ഞങ്ങൾ ഞങ്ങളിലേക്ക് മാത്രമായി ചുരുങ്ങുകയായിരുന്നു. ഒരു ദിവസം പോലും ജോർദാനെക്കുറിച്ച് ഓർക്കാതിരിക്കാൻ ഞങ്ങൾക്കായില്ല. എന്നിട്ടും, ഞങ്ങളെ കാണാൻ വന്നവർ ഭാഗ്യം കൊണ്ടാണ് അപകടത്തിൽ നിന്നും ഞങ്ങൾ രക്ഷപ്പെട്ടത് എന്നു പറഞ്ഞു. 

jordan-2 ജോര്‍ദാനും ഇളയ മകള്‍ ജെയ്ഡനും

ഞങ്ങളുടെ മകളെ ഇല്ലാതാക്കിയിട്ട് ഞങ്ങൾ മാത്രം രക്ഷപ്പെട്ടു... അതിൽ എന്ത് ഭാഗ്യമാണെന്നുള്ളത്. ഡ്രൈവറുടെ രണ്ടു കാലുകളും അപകടത്തിൽ നഷ്ടമായിരുന്നു. മക്കൾക്ക് യാതൊരു അപകടവും കൂടാതെ അവരെ ആരോഗ്യത്തോടെ കാണുന്ന അച്ഛനമ്മമാർ എത്ര ഭാഗ്യം ചെയ്തവരാണ് എന്ന് ഞാൻ പലകുറി ആലോചിച്ചു. പയ്യെ പയ്യെ ഞങ്ങൾ ഞങ്ങൾക്കായി ജീവിച്ചു തുടങ്ങി. ഓരോ നിമിഷവും ജോർദാൻ കൂടെ ഉണ്ട് എന്ന ചിന്തയിൽ തന്നെ. 

പിന്നീട് ഞങ്ങൾ കരിയറിൽ ശ്രദ്ധിച്ചു. ഭാര്യ നഴ്‌സിങ് കോളേജിൽ പഠിപ്പിക്കുകയായിരുന്നു. ഞാൻ സ്വന്തമായി ബിസിനസ് ചെയ്യുകയും. പ്രവർത്തനമേഖലകളിൽ ആശ്വാസം കണ്ടെത്താൻ പിന്നീട് ഞങ്ങൾ ശ്രദ്ധിച്ചു.

കുറച്ചു മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ഞങ്ങൾക്ക് മറ്റൊരു പെൺകുഞ്ഞു പിറന്നു. അവളെ ഞങ്ങൾ ജെയ്ഡൻ എന്ന് വിളിച്ചു. രണ്ടാമത്തെ കുഞ്ഞും പെൺകുഞ്ഞായതിൽ ഞങ്ങൾക്ക് ഏറെ സന്തോഷം, അത് ഞങ്ങളുടെ ജോർദാൻ ആണെന്നാണ് ഞങ്ങളുടെ വിശ്വാസം. ജെയ്ഡന്റെ ഓരോ ചിരിയിലും കളിയിലും ആദ്യ കാൽവെയ്‌പിലും ഞങ്ങൾ കാണുന്നത് ജോർദാനെയാണ്. ജോർദാനെപ്പോലെ ഞങ്ങൾ ഇവളെ ഒരുക്കുന്നു. അവളുടെ ഫോട്ടോകൾ പോലെ ജെയ്ഡന്റെയും എടുക്കുന്നു. 

ജെയ്ഡൻ സന്തോഷം എന്നതിനേക്കാൾ ആശ്വാസമാണ്...അവളിലൂടെ ഞങ്ങൾ ജോർദാനെ കൂടുതൽ സ്നേഹിക്കുകയാണ്. ജോർദാൻ....നീ മരിക്കുന്നില്ല..പപ്പയുടെയും അമ്മയുടെയും കുഞ്ഞുവാവയായി എന്നും നീ കൂടെയുണ്ട്.