Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

30 വർഷം ഒരുമിച്ച്, നല്ല ഭാര്യയാണെന്നു പറഞ്ഞത് മരണക്കിടക്കയിൽ!

Atia മുപ്പതു വർഷം നീണ്ട ദാമ്പത്യത്തിനു ശേഷം അദ്ദേഹം മരിച്ചു. ഞാൻ നല്ലൊരു ഭാര്യയായിരുന്നുവെന്ന് അവസാനസമയത്ത് മരണക്കി‌ടക്കയിൽ അദ്ദേഹം പറഞ്ഞു...

മറ്റുള്ളവർക്കു വേണ്ടി ജീവിച്ച് സ്വന്തം താൽപര്യങ്ങളെ കാറ്റിൽ പറത്തി വിടേണ്ടി വരുന്നവരാണ് സ്ത്രീകളിലേറെയും. സ്വന്തമായൊരു അഭിപ്രായമോ ഇഷ്ടമോ ഒന്നും തുറന്നു പറയാനാകാതെ വീട്ടുകാര്‍ക്കും സമൂഹത്തിനും വേണ്ടി ജീവിച്ചു തീർക്കുന്നു ഭൂരിഭാഗം പേരും. അതുപോലൊരു കഥയാണ് ഇന്ന് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ആകാശ് എന്ന ഒരു യുവാവാണ് ദുരിതങ്ങൾ താണ്ടി ജീവിതത്തിന്റെ അവസാനമായപ്പോൾ മാത്രം സ്വസ്ഥമായൊരു ജീവിതം നയിക്കാന്‍ അവസരം ലഭിച്ച ആതിയ എന്ന സ്ത്രീയുടെ കഥ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ആതിയയുടെ ജീവിതത്തിലേക്ക്...

'' കു‌‌ട്ടിക്കാലം തൊട്ടേ ഞാൻ കഥകൾ വായിക്കാൻ ഇഷ്‌ടപ്പെട്ടിരുന്നു, പക്ഷേ വായിച്ച കഥകളേക്കാൾ സാങ്കൽപികമാണ് ജീവിതം എന്നു ഞാൻ കരുതിയതേയില്ല. അഞ്ചാം ക്ലാസിലെ കൊല്ലപ്പരീക്ഷയു‌െട ആദ്യദിനം അച്ഛൻ എന്റെ പഠന മുറിയിലേക്കു വന്നു. ഞാനെപ്പോഴും അച്ഛനെ പേടിച്ചിരുന്നു. എനിക്കിഷ്ടമുള്ളതുപോലെ പ്രവർത്തിക്കാൻ അച്ഛനോ എന്റെ മൂന്നു സഹോദരങ്ങളോ അനുവദിച്ചിരുന്നില്ല. അവർ പറഞ്ഞതുപോലെ പ്രവർത്തിക്കുകയാണ് ഞാൻ ചെയ്തിരുന്നത്. അന്ന് അച്ഛൻ പറഞ്ഞു, എന്റെ വിവാഹം തീരുമാനിച്ചുവെന്നും എന്നെക്കാൾ പതിനഞ്ചു വയസു പ്രായം കൂടുതലുള്ളയാളെയാണ് ഞാൻ വിവാഹം കഴിക്കാൻ പോകുന്നതെന്നും.  എന്റെ ജനനത്തോടെ അമ്മ മരിച്ചിരുന്നു. വിവാഹം എന്നാൽ എന്താണെന്ന് എനിക്കൊരു ധാരണയും ഉണ്ടായിരുന്നില്ല. ആ വൈകുന്നേരം ഞാൻ വിവാഹിതയായി. 

എന്നെ പറഞ്ഞുവിടുന്ന സമയത്ത് ഞാന്‍ നല്ലൊരു മകളാണെന്ന് അച്ഛൻ പറഞ്ഞു. ഭർത്താവിന്റെ വീട്ടിൽ എത്തിയതോടെ ഞാനിനി ഒരിക്കലും സ്കൂളിൽ പോകരുതെന്ന് ഭർത്താവ് കർശനമായി നിർദ്ദേശിച്ചു.  അദ്ദേഹം പറയുന്നതുപോലെ പ്രവർത്തിക്കണമെന്നും തളർന്നുകിടക്കുന്ന മാതാപിതാക്കളെ നോക്കണമെന്നും പറഞ്ഞു. അദ്ദേഹത്തിനു വേണ്ടതെല്ലാം ഞാൻ ചെയ്തു.  മുപ്പതു വർഷം നീണ്ട ദാമ്പത്യത്തിനു ശേഷം അദ്ദേഹം മരിച്ചു. ഞാൻ നല്ലൊരു ഭാര്യയായിരുന്നുവെന്ന് അവസാനസമയത്ത് മരണക്കി‌ടക്കയിൽ അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ സ്വത്തു മുഴുവൻ ഞങ്ങളുടെ മക്കൾക്കായി വീതംവെക്കുകയും ചെയ്തിരുന്നു. 

മരണം കഴിഞ്ഞ് ഏഴു ദിവസം കഴിഞ്ഞപ്പോഴേക്കും മൂന്ന് ആൺമക്കളും ഞാൻ കയറിവന്ന ആ വീടിന്റെ നിയന്ത്രണം ഏറ്റെടുത്തു. എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല, ബാഗ് പാക് ചെയ്ത് ഞാൻ ഇറങ്ങി, ആരും എന്നോട് നിൽക്കണമെന്നു പറഞ്ഞില്ല. ജീവിക്കാനൊരിടത്തിനായി ഞാൻ സഹോദരന്റെ വീട്ടിലേക്കു പോയി. എന്നെക്കണ്ടതും അവരാകെ ഭയത്തിലായിരുന്നു.  എന്നെക്കുറിച്ചൊന്നും ചോദിക്കാതെ ആ രാത്രിയിൽ അവർ ഒരു പേപ്പർ കാണിച്ചു തന്നു. ​മരിച്ചു പോയ എന്റെ അച്ഛൻ ഞങ്ങളുടെ സ്വത്തെല്ലാം ആൺമക്കളുടെ പേരിൽ എഴുതിവച്ചെന്നതായിരുന്നു അത്.  മകളെന്ന നിലയ്ക്ക് എനിക്കാ സ്വത്തിൽ ഒരവകാശവുമില്ലെന്ന് അവർ പറഞ്ഞു. അടുത്ത ദിവസം ഞാനവിടെ നിന്നും ഇറങ്ങി. 

കഴിഞ്ഞ അഞ്ചു വർഷമായി രാവും പകലുമില്ലാതെ കഠിനാധ്വാനം ചെയ്ത് ഇന്നെനിക്കു വേണ്ടി ജീവിക്കുകയാണ് ഞാൻ. എനിക്കു വേണ്ടി ഒരു ചെറിയ വീടു പണിതു. എനിക്കു വേണ്ടി നിലകൊള്ളാനും ജീവിക്കാനും പഠിച്ചു. എന്നെത്തന്നെ ഇഷ്ടപ്പെടാനും വില കൽപിക്കാനും കഴിഞ്ഞ 45 വർഷം കൊണ്ടു ഞാൻ പഠിച്ചു കഴിഞ്ഞു.'' 

ആതിയയു‌ടെ അനുഭവകഥ കണ്ണു നനച്ചുവെന്നാണ് പലരും കമന്റ് ചെയ്തത്. ആതിയയുെട മക്കൾ ഒരുകാലത്ത് അമ്മയുടെ വില മനസിലാക്കുമെന്നും അപ്പോഴേക്കും വൈകിപ്പോയിരിക്കുമെന്നും ചിലർ പറഞ്ഞു. അച്ഛനും ആങ്ങളമാർക്കും ഭർത്താവിനുമൊക്കെ വേണ്ടി ജീവിക്കുകയല്ല മറിച്ച്  ഇഷ്ടങ്ങൾക്കു വിലനൽകി സ്വപ്നങ്ങളെ പടുത്തുയർത്താന്‍ സ്ത്രീകൾ ശ്രമിക്കണമെന്ന് മറ്റൊരാൾ പറഞ്ഞു. ഒരാളുടെയും കാലുപിടിക്കാതെ ജീവിതം ജീവിച്ചു കാണിക്കാൻ ആതിയ ഇപ്പോൾ കാണിച്ച ധൈര്യത്തിനാണ് സല്യൂട്ട് നൽകേണ്ടതെന്ന് മറ്റു ചിലർ പറഞ്ഞു.