Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേഘയ്ക്ക് അവസാന സല്യൂട്ട്, കണ്ണു നനയിക്കും ഈ യാത്രാമൊഴി

Dog Squad Megha   എ ആർ ക്യാമ്പിലെ കമാൻഡൻറ് ഉണ്ണികൃഷ്ണൻ മേഘയെ സല്യൂട്ട് ചെയ്യുന്നു  ചിത്രം: ഇ.വി ശ്രീകുമാര്‍

ആ യാത്രപറച്ചിൽ കണ്ടു നിൽക്കുന്നവരുടെ കണ്ണു നനയ്ക്കുന്നതായിരുന്നു. അനക്കമില്ലാതെ മേഘ നിലവിളക്കു നാളത്തിനു മുന്നിൽ നിത്യനിദ്രയിലേക്കു മടങ്ങിയപ്പോൾ രാജേഷിന് അത് താങ്ങാനാവാത്ത കാഴ്ച്ചയായിരുന്നു. മനുഷ്യർക്കു മനുഷ്യരോടു മാത്രമല്ല മൃഗങ്ങളോടും ആത്മബന്ധം ഉണ്ടാകും എന്നതിനു തെളിവാണ് രാജേഷിന്റെയും ജ്യോതിഷിന്റെയും ജീവിതം. ഒരു കുഞ്ഞിനെയെന്ന പോലെയാണ് മേഘയെ രാജേഷും ജ്യോതിഷും പരിപാലിച്ചിരുന്നത്

തൃപ്പുണിത്തുറ എ ആർ ക്യാമ്പിലെ ഡോഗ് സ്‌ക്വാഡിലാണ് രാജേഷിനു ജോലി. ഗർഭിണിയായ ഭാര്യ ചിപ്പിയെ ആശുപത്രിയിൽ  പരിശോധനക്കായി കൊണ്ടുപോകാൻ നിശ്ചയിച്ച ദിവസമാണ് അപ്രതീക്ഷിതമായ ആ സംഭവമുണ്ടായത്. താൻ പരിശീലിപ്പിക്കുന്ന മേഘയ്ക്ക് ആരോഗ്യപരമായി എന്തോ അസ്വസ്ഥകൾ. രണ്ടു വയസു മാത്രം പ്രായമുള്ള മേഘ പൊലീസ് ഡോഗ് സ്ക്വാഡിന്റെ ഭാഗമായിരുന്നു. വൈകിട്ട് ക്യാമ്പിൽ നടന്ന പരിശീലനത്തിന് ശേഷം മേഘയ്ക്കുണ്ടായ ശാരീരിക ബുദ്ധിമുട്ടു കണ്ടു പരിഭ്രാന്തനായ രാജേഷ് എറണാകുളത്തെ വെറ്റിനറി ആശുപത്രിയിൽ കൊണ്ടുപോകുകയായിരുന്നു. മരുന്ന് തന്നു തിരികെ ക്യാമ്പിൽ എത്തിയെങ്കിലും അതു ഫലം കണ്ടില്ല, ഇന്നലെ രാവിലെ മേഘ അന്ത്യശ്വാസം വലിച്ചു.

megha-1 രാജേഷ് ( ഇടത് ) നിന്ന് വിതുമ്പുന്ന ജ്യോതിഷ് തൊട്ടരികിൽ ചിത്രം: ഇ.വി ശ്രീകുമാര്‍

ലാബ്രഡോർ ഇനത്തിൽ പെട്ട മേഘയെ ഒന്നരവർഷമായി പരിശീലിപ്പിക്കുന്ന രാജേഷും , ജ്യോതിഷും ആകെ തകര്‍ന്നു പോയി. തൃശൂരിലെ ഡോഗ് സ്‌ക്വാഡിൽ ഒമ്പതു മാസം മേഘയോടൊപ്പം  പരിശീലനം പൂർത്തിയാക്കിയ രാജേഷും ജ്യോതിഷും  2015 മെയ് മാസമാണ് തൃപ്പൂണിത്തുറയിൽ എത്തിയത്. ഇതിനകം പല പോലീസ് ട്രാക്കിംഗ് ജോലികളിൽ മേഘ മിടുക്കിയാണെന്നു തെളിയിച്ചിട്ടെണ്ടെന്നു രാജേഷ് അഭിമാനത്തോടെ ഓർക്കുന്നു. നല്ല അനുസരണയും സ്നേഹവുമുള്ള പോലീസ് ഡോഗ് ആയിരുന്നു മേഘ എന്ന് ജ്യോതിഷും പറയുന്നു.

ദുഃഖം താങ്ങാനാവാതെ ആശുപത്രിയിൽ നിൽക്കാതെ രാജേഷും ,ജ്യോതിഷും തിരികെ ക്യാമ്പിലേക്ക് മടങ്ങി ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി. ഉച്ചയോടെ പോസ്റ്റുമോർട്ടും കഴിഞ്ഞാണ് ക്യാമ്പിൽ മേഘയുടെ മുറിയുടെ മുന്നിൽ തന്നെ പൊതു ദർശനത്തിനു വെച്ചത്. എ ആർ ക്യാമ്പിലെ കമാൻഡൻറ് ഉണ്ണികൃഷ്ണൻ മേഘയെ സല്യൂട്ട് ചെയ്തപ്പോൾ താങ്ങാനാവാതെ രാജേഷ് അടുത്ത് നിന്ന് വിതുമ്പി. ക്യാമ്പിലെ സീനിയർ പോലീസ് ഓഫീസർമാർ ഓരോന്നായി വന്നു സല്യൂട്ട് ചെയ്യുകയും റീത്ത് സമർപ്പിക്കുകയും ചെയ്തു. ക്യാമ്പിലെ മറ്റു പോലീസുകാരും മറ്റു നായ്ക്കളുടെ പരിശീലകരും  കൂടി മേഘയെ യാത്രയയപ്പിനായി എത്തിയിരുന്നു.

megha-2 മേഘയ്ക്ക് ഇഷ്ടമുള്ള പന്ത് കുഴിമാടത്തിലേക്ക് ഇടുന്ന ജ്യോതിഷ്ചി ത്രം: ഇ.വി ശ്രീകുമാര്‍

ക്യാമ്പിൽ തന്നെയുള്ള പറമ്പിൽ തന്നെ ഒരുക്കങ്ങൾ തയ്യാറായിരുന്നു. ആദ്യം മേഘയുടെ മുഖം വെള്ള തുണി കൊണ്ട് മൂടിയ ശേഷം ജ്യോതിഷ് മേഘയ്ക്ക് ഇഷ്ടമുള്ള പന്തും അടുത്തുവച്ചു, വന്നവർ അവസാനമായി കുഴിമാടത്തിലേക്കു ഒരു പിടി മണ്ണിട്ടു മേഘയെ യാത്രയാക്കി .