Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അകാലത്തിൽ അമ്മ വിട്ടുപിരിഞ്ഞു, ഭീതി നിറഞ്ഞ ചുറ്റുപാടിൽ അവൾ മാത്രം ആ ആറു വയസുകാരിക്ക് തുണ!

vicks-ad-real-story പറഞ്ഞു തീരാൻ എത്ര എളുപ്പമാണ് കഥകൾ! പക്ഷേ സത്യങ്ങൾ അനുഭവിച്ചറിയുക അത്ര എളുപ്പമല്ല.

എച്ച് ഐ വി പൊസിറ്റീവായ ഒരു സ്ത്രീയുടെ മകൾ, എങ്ങനെയാവാം പൊതുസമൂഹത്തിൽ ജീവിക്കേണ്ടത്? അപമാനത്താൽ തല കുനിക്കപ്പെട്ടു, ഓരോ നിമിഷവും അടുത്ത് നിൽക്കുന്നവർ അറിവില്ലായ്മയാൽ അസുഖം പടരുമോ എന്നൊക്കെ ഭയപ്പെട്ട്... അത്ര എളുപ്പമാണോ അങ്ങനെയൊരു ജീവിതം? അല്ലെന്നു തന്നെയാണ് അക്ഷരയുടെയും അനന്തുവിന്റെയുമൊക്കെ ജീവിതം കാണിച്ചു തന്നിട്ടുള്ളതും. ഒരേയൊരു ആശ്രയമായ അമ്മ അകാലത്തിൽ മകളെ വിട്ടു മരണത്തിലേയ്ക്ക് നടന്നടുക്കുമ്പോൾ ആരാണ് ആറു വയസ്സുകാരിയായ ഒരു പെൺകുട്ടിക്ക് അഭയം നൽകുക? എച്ച് ഐ വിയുടെ ഭീതിയും അനാഥയായ ഒരു പെൺകുഞ്ഞിനെ രണ്ടും കയ്യും നീട്ടി സ്വീകരിക്കാനുള്ള ബുദ്ധിമുട്ടുകളും പൊതുജനത്തെ അവളിൽ നിന്നകറ്റുമ്പോൾ ആ പെൺകുട്ടിയെ സ്വീകരിച്ചത് ഭിംന്നലിംഗക്കാരിയായ സ്ത്രീ. അവർ അവൾക്ക് അമ്മയാകുന്നു, മകളെന്ന പോലെ വളർത്തുകയും വിദ്യാഭ്യാസം നൽകുകയും ചെയ്യുന്നു. പറഞ്ഞു തീരാൻ എത്ര എളുപ്പമാണ് കഥകൾ! പക്ഷേ സത്യങ്ങൾ അനുഭവിച്ചറിയുക അത്ര എളുപ്പമല്ല. 

പരസ്യത്തിന് വേണ്ടി മാത്രമല്ല ട്രാൻസ്‌ജെൻഡർ ആയ ഗൗരി സാവന്ത് അമ്മ വേഷം കെട്ടിയത്. ജന്മനാ പുരുഷനായി ജനിച്ചിട്ടും മനസ്സ് കൊണ്ടും പിന്നീട് ശസ്ത്രക്രിയയ്ക്കു ശേഷം ശരീരം കൊണ്ടും സ്ത്രീയായി മാറിയ വ്യക്തിയാണ് ഗൗരി. ഒപ്പം ട്രാൻസ്‌ജെൻഡർ കമ്മ്യൂണിയുടെ വളരെ കരുത്തുറ്റ, ആർജ്ജവമുള്ള ശബ്ദവുമാണ് ഗൗരിയുടേത്. ഇത്രയും കരുത്തോടെ അവകാശങ്ങൾക്കു വേണ്ടി പോരാടുമ്പോഴും ഗൗരിയുടെ മനസ്സ് ആനന്ദം കൊണ്ട് വിങ്ങുന്നത് ഗായത്രിയുടെ അടുത്തെത്തുമ്പോൾ തന്നെയാകാം. എച്ച് ഐ വി പൊസിറ്റീവ് ആയ ഒരു സ്ത്രീയുടെ മരണശേഷം അവരുടെ ആറു വയസ്സുകാരിയായ മകളെ കൂടെനിർത്തി മകളെ പോലെ നോക്കുമ്പോൾ ഗൗരി ഒരിക്കലും അതൊരു പുണ്യപ്രവൃത്തിയാണെന്നു കരുതിയല്ല ചെയ്തത്. ഉള്ളിലെ സ്ത്രീയിലേക്ക് നോക്കുമ്പോൾ അപൂർണമായി കിടക്കുന്ന ഒരിടത്തേക്ക് ഗായത്രിയെ ചേർത്തു വയ്ക്കുക മാത്രമാണ് ഗൗരിക്ക് ചെയ്യേണ്ടിയിരുന്നത്. 

സോഷ്യൽ മീഡിയയിൽ വൈറലാണ് വിക്സ് കമ്പനിയുടെ ഈ പരസ്യമിപ്പോൾ. സ്നേഹത്തോടെ ഭക്ഷണം നൽകാനും പഠനത്തിനായി സഹായിക്കാനും ഒപ്പമിരുത്തി ഭയപ്പെടുത്തുന്ന സിനിമകൾ കാണുമ്പോൾ ചേർത്തു പിടിക്കാനും ഗൗരി എന്നും ഗായത്രിക്ക് അരികിലുണ്ടായിരുന്നു. എന്നിട്ടും അവൾ ബോർഡിങ് സ്‌കൂളിൽ പഠനത്തിനായി ചേർന്നതിന്റെ കാരണം സദാചാരനിയമങ്ങൾ പേറുന്ന സമൂഹം തന്നെയാണ്. ഭിംന്നലിംഗത്തിലുള്ള വ്യക്തിയുടെ മാനുഷികതയല്ല, മറിച്ചു അവരിലെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെടുമ്പോൾ അവർക്കൊപ്പം ജീവിക്കുന്ന പെൺകുട്ടിയും സ്വാഭാവികമായി ചോദ്യങ്ങൾക്ക് വിധേയ ആകേണ്ടി വരുന്നുണ്ട്. അടിച്ചോടിക്കപ്പെടേണ്ടവരും കല്ലെറിയപ്പെടേണ്ടവരുമായി ഭിന്നലിംഗക്കാർ മാറുമ്പോൾ എവിടെയാണ് അവർ അഭയം തേടേണ്ടത്. ഗൗരിക്ക് അഭയം സ്വയമായിരുന്നില്ല വേണ്ടത്, സ്വന്തം മകളായി ഏറ്റെടുത്ത ഒരു പെൺകുട്ടിയെ അവർക്ക് പഠിപ്പിക്കണമായിരുന്നു, അവളെ വളർത്തി വലുതാക്കി ഒരു ഡോക്ടർ ആക്കണമായിരുന്നു. അതും സമൂഹം സമ്മതിക്കാതിരുന്നതിനാലാണ് ഗായത്രിക്ക് ബോർഡിങ് സ്‌കൂൾ പഠനത്തിനായി തിരഞ്ഞെടുക്കേണ്ടി വരുന്നത്.

"നിനക്ക് ആരാണ് ആകേണ്ടത്........ ", ആരെങ്കിലും ഗായത്രിയോട് ഇങ്ങനെയൊരു ചോദ്യം ചോദിക്കുമ്പോൾ അമ്മയുടെ ഡോക്ടർ എന്ന മറുപടിയല്ല ഗായത്രിക്ക് പറയാനുണ്ടായിരുന്നത്. ട്രാൻസ്ജെൻഡറായ അമ്മയെ പോലെയുള്ളവരുടെ അവകാശങ്ങൾക്കു വേണ്ടി നിരന്തരം വാദിക്കാനാണവൾ ആഗ്രഹിച്ചത് അതുകൊണ്ടു തന്നെ ആ ചോദ്യത്തിന് ഗായത്രിയുടെ മറുപടി "എനിക്കൊരു വക്കീലായാൽ മതി" എന്നായിരുന്നു. അവകാശങ്ങൾ നിഷേധിക്കപ്പെട്ടു പോകുന്ന ട്രാൻസ്‌ജെൻഡർ സമൂഹത്തിനുമുണ്ട് മാനുഷികത പേറുന്ന ഒരു മനസ്സ്. ലൈംഗികവൃത്തിയും മാന്യമല്ലാത്ത സ്വഭാവരീതിയും എന്നൊക്കെ പറഞ്ഞു ഒരു സമൂഹത്തെ പൊതുഇടത്തിൽ നിന്ന് അകറ്റി നിർത്തുമ്പോൾ അവരിലെ മാനുഷികത കാണാതെ പോകരുതെന്ന് ഈ ചെറുവീഡിയോ പറയുന്നുണ്ട്. വെറും ഒരു ചെറുസിനിമയ്ക്കപ്പുറം ഇത് നൽകുന്ന സത്യത്തിന്റെ വെളിച്ചം മഹത്തരമാണ്.

ശസ്ത്രക്രിയയിലൂടെ സ്ത്രീത്വം ലഭിച്ചാലും ഗർഭപാത്രം ഇല്ലാത്തതിനാൽ ട്രാൻസ്‌ജെൻഡേഴ്സ് സ്ത്രീകൾക്ക് ഒരിക്കലും അമ്മയാകാൻ ആകില്ല എന്ന് വൈദ്യശാസ്ത്രം പറയുന്നു. പക്ഷേ അമ്മയാവുക എന്ന മാനസികവും ശാരീരികവുമായ ആനന്ദത്തെ ഏറെ മോഹിക്കുന്നവരാണ് മിക്ക ഭിംന്നലിംഗക്കാരാക്കപ്പെട്ട സ്ത്രീകളും. പക്ഷേ നിയമപ്രകാരം ദത്തെടുക്കാൻ പോലും നിയമം ഇവരെ അനുവദിക്കാറില്ല. ഗൗരി സാവന്ത് ഗായത്രിയുടെ കാര്യത്തിൽ പക്ഷേ നിയമങ്ങൾക്കൊക്കെ അപ്പുറം അവളുടെ അമ്മ എന്ന പദവി ഏറ്റെടുത്തു. നിയമപരമായി ദത്തെടുക്കുകയായിരുന്നില്ല, മറിച്ച് മാനുഷിക പരിഗണന വച്ച് ഗായത്രിയെ മകളായി സ്വീകരിക്കുകയാണ് ഗൗരി ചെയ്തതും. അമ്മ എന്ന ഗയത്രിയുടെ ഓരോ വിളിയിലും ഗൗരിയുടെ ഉദരഞരമ്പുകൾ പിടയ്ക്കുന്നുണ്ടാകാം. വെറുതെ നാം കണ്ടു തീർക്കുന്ന ചില ചിത്രങ്ങൾ പറയാൻ ആഗ്രഹിക്കുന്നത് മനുഷ്യർ എന്ന് അഭിമാനപൂർവം സ്വയം വിളിക്കുന്ന നമ്മിൽ പലർക്കും ചെയ്യാൻ പറ്റാത്തത് തന്നെയാകും എന്നതാണ് സത്യം.