Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു തവണ കാൻസറിനെ‌ തോൽപ്പിച്ച ജീവിതം പറയുന്നു, അഹങ്കാരമല്ലിത് ആത്മവിശ്വാസം !

Cancer ഞാൻ ആരോഗ്യവതിയാണെന്നും അങ്ങനെയൊന്നും വിട്ടുകൊടുക്കാൻ ഉദ്ദേശമില്ലെന്നും എന്നെത്തന്നെ പഠിപ്പിച്ചു തുടങ്ങി, ഒരു തരത്തിലുള്ള സെൽഫ് മോട്ടിവേഷനായിരുന്നു അത്...

ആഹ്ലാദത്തോടെ അലട്ടലില്ലാതെ ജീവിതം പൊയ്ക്കൊണ്ടിരിക്കുന്നതിനിടയിലേക്ക് ഒരു ഇടിത്തീ പോലെയായിരിക്കും പല രോഗങ്ങളും കടന്നുവരിക. എന്നാൽ തന്റെ ശരീരത്തെ മാത്രമേ രോഗത്തിനു കീഴ്പ്പെടുത്താനായുള്ളു, മനസ്സിനെ ഒരിക്കലും ഒരു രോഗത്തിനും സ്പർശിക്കാൻ പോലും കഴിയില്ലെന്ന് ഉറച്ചു വിശ്വസിച്ചാൽ ഏതു മാരഗരോഗത്തെയും പമ്പ കടത്താം. കാൻസറിനെതിരെ പോരാടി വിജയം കണ്ടൊരു മുംബൈ സ്വദേശിയായ യുവതിയുടെ കഥയാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. 

കാൻസറിനെ ഭയത്തോടെ കാണാതെ അതിന്മേൽ വിജയം കണ്ടെത്തും എന്ന ഉറച്ച ആത്മവിശ്വാസമാണ് തനിക്കു കരുത്തായതെന്ന് യുവതി പറയുന്നു. ജീവിതത്തിൽ എപ്പോഴെങ്കിലും മടുപ്പോ ആത്മവിശ്വാസക്കുറവോ തോന്നുന്നുണ്ടെങ്കില്‍ ഈ യുവതിയുടെ കഥയിലേക്ക് ഒന്നു എത്തിനോക്കാം, പ്രചോദനത്തിന്റെ ആയിരം തിരികളാണ് ഈ കഥയിൽ പ്രകാശിക്കുന്നത്. 

'' എനിക്കു കാൻസറിന്റേതായ ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. ചുമ കനത്തതോടെ മുൻകരുതലിന്റെ ഭാഗമായി എക്സ്റേ ചെയ്തുനോക്കാൻ ഡോക്ടർ ആവശ്യപ്പെട്ടു. ഒരു സാധാരണ ചുമ വന്നതിന് എന്തിന് ആറായിരം രൂപ ചിലവാക്കി സ്കാൻ ചെയ്യണം എന്നാണു ഞാൻ ചിന്തിച്ചത്.  പക്ഷേ എന്റെ ഭര്‍ത്താവിന്റെ നിർബന്ധത്തിനു വഴങ്ങി സ്കാന്‍ ചെയ്യാൻ തന്നെ തീരുമാനിച്ചു. അന്ന് ഡോക്ടർ ആ വാർത്ത പറയുമ്പോൾ ഞാൻ മരവിച്ച പോലെയിരിക്കുകയായിരുന്നു. കാൻസർ ബാധിച്ച് എന്റെ അച്ഛൻ മരിക്കുന്ന സമയത്ത് എനിക്ക് ആറു വയസാണ്, എ​നിക്കു രോഗനിർണയം നടത്തിയ സമയത്ത് എന്റെ മകനും ആറു വയസായിരുന്നു. 

എന്റെ കുടുംബത്തിനു മുന്നിൽ ഞാൻ തകര്‍ന്നിരിക്കാൻ ഇഷ്ടപ്പെട്ടില്ല, അവർക്കു മുന്നിൽ കരയില്ലെന്ന് ഞാൻ തീരുമാനിച്ചു, പക്ഷേ ഓഫീസില്‍ ചെന്ന് മതിയാവോളം കരഞ്ഞു. എല്ലാ പതിനഞ്ചു ദിവസം കൂടുമ്പോഴും കീമോ സെഷനുകളിൽക്കൂടി പൊയ്ക്കൊണ്ടിരുന്നു, പക്ഷേ ഞാനൊരിക്കലും ജോലി ചെയ്യുന്നത് നിർത്തില്ലെന്ന് തീരുമാനിച്ചിരുന്നു. എന്റെ നല്ലൊരു ഭാഗം കാൻസറിനാൽ നഷ്ടപ്പെ‌ടരുതെന്നുണ്ടായിരുന്നു. 

എന്നും ദാഹിസറിൽ നിന്ന് ലോവർ പാരെൽ വരെ ട്രെയിനിൽ യാത്ര ചെയ്ത് േജാലിക്കു പോവുകയും മീറ്റിങ്ങുകൾ അറ്റൻഡ് ചെയ്യുകയും കീമോ ചെയ്യുകയുമൊക്കെ ചെയ്തു. തുടക്കത്തിൽ എനിക്കു നല്ല ഭയമുണ്ടായിരുന്നു, എന്നാൽ എനിക്കു ധൈര്യം പകർന്ന ഒരേയൊരു കാര്യം കാൻസറിന് ഒരു എനർജിയും നൽകില്ലെന്നു തീരുമാനിച്ചതാണ്. എന്നിൽ ആ നെഗറ്റിവിറ്റി പടരാൻ അനുവദിച്ചില്ല. ഞാൻ വളരെ ക്ഷീണിതയായ സമയങ്ങളുണ്ടായിരുന്നു. മുടിയെല്ലാം കൊഴിഞ്ഞ് ഓഫീസ് മുറിക്കുള്ളിൽ മാത്രം കരഞ്ഞു തീർത്ത ദിവസങ്ങൾ. പക്ഷേ പിന്നീട് ഞാൻ എന്നോടു തന്നെ സംസാരിച്ചു തുടങ്ങി. ഞാൻ ആരോഗ്യവതിയാണെന്നും അങ്ങനെയൊന്നും വിട്ടുകൊടുക്കാൻ ഉദ്ദേശമില്ലെന്നും എന്നെത്തന്നെ പഠിപ്പിച്ചു തുടങ്ങി, ഒരു തരത്തിലുള്ള സെൽഫ് മോട്ടിവേഷനായിരുന്നു അത്. 

ചില സമയങ്ങളിൽ ഞാൻ പൊട്ടിത്തകരും, അധികം കഴിയുംമുമ്പേ ഞാനതിൽ നിന്നു മുക്തമാകും, അങ്ങനെയാണ് രണ്ടു തവണയും ഞാൻ കാൻസറിനെ േതാൽപ്പിച്ചത്. എന്റെ അനുഭവത്തിൽ നിന്ന് ഞാൻ എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽ അത് ഈ രണ്ടു കാര്യങ്ങളാണ്, ഒന്ന്– നിങ്ങളിലെ നല്ല ഭാഗത്തെ കവർന്നെടുക്കാൻ ഒരു നെഗറ്റീവ് സാഹചര്യത്തെ അനുവദിക്കാതിരിക്കുക, രണ്ട് കണ്ണുകളിലേക്കു നോക്കി ശുഭാപ്‌തിവിശ്വാസത്തോടെ  നെഗറ്റീവ് സാഹചര്യത്തെ പൊരുതി തോൽപ്പിക്കുക. എന്നെ വിശ്വസിക്കൂ, എന്തു വിപരീതസാഹചര്യത്തെ മറികടക്കാനും നിങ്ങൾ മാത്രം വിചാരിച്ചാൽ കഴിയും, ഉള്ളില‌ടങ്ങിയിരിക്കുന്ന ആ  ശക്തിയെ തട്ടിയുണർത്തുകയേ വേണ്ടൂ... 

Your Rating: