Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതു മൗഗ്ലി ഗേൾ അല്ല, അവൾ വളർന്നത് കുരങ്ങന്മാർക്കൊപ്പവും അല്ല...സത്യാവസ്ഥ ഇതാണ്

Mowgli Girl കഥകളിലും സിനിമകളിലും കണ്ടു പരിചയിച്ച മൃഗങ്ങളെ കൂട്ടുകാരാക്കിയ മനുഷ്യക്കുട്ടി മൗഗ്ലിയെപ്പോലെയാണ് അവളെന്ന് എല്ലാവരും പറഞ്ഞു...

കാ‌ട്ടിനുള്ളിൽ തനിച്ചു കഴിയുന്ന ഒരു കുട്ടിയെ കണ്ടെത്തിയപ്പോഴേക്കും എ​ന്തെല്ലാം കഥകളാണ് പരന്നത്. കഥകളിലും സിനിമകളിലും കണ്ടു പരിചയിച്ച മൃഗങ്ങളെ കൂട്ടുകാരാക്കിയ മനുഷ്യക്കുട്ടി മൗഗ്ലിയെപ്പോലെയാണ് അവളെന്ന് എല്ലാവരും പറഞ്ഞു. അതിനിടെ വനത്തിൽ നിന്നും കിട്ടിയ അവൾ വനദേവതയാണെന്നും പറച്ചിലുണ്ടായി. കുരങ്ങന്മാര്‍ വളർത്തിയ പെൺകുട്ടി നടക്കുന്നത് നാലുകാലിലാണെന്നും കുരങ്ങന്മാരെപ്പോലെ ശബ്ദിക്കുകയും ചേഷ്ഠകൾ കാണിക്കുകയും അടുത്തേക്കു ചെല്ലുന്നവരെ ഉപദ്രവിക്കുകയും ചെയ്യുന്നുവെന്നു വരെ വാർത്തകൾ പരന്നു. കാട്ടിൽ നിന്നും നഗ്നയായ നിലയിലാണ് അവളെ കണ്ടെത്തിയതെന്നാണ് ആദ്യം വന്ന വാർത്ത. എന്നാൽ സംഭവത്തിലെ സത്യാവസ്ഥ ഇതൊന്നുമല്ലെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

രണ്ടുമാസം മുൻപ് കടർന്യാഘട്ട് വന്യജീവിസങ്കേതത്തിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തിയ സംഘത്തിലെ ഹെഡ്കോൺസ്റ്റബിൾ സർവജീത് യാദവ് ആണ് ഈ വന്ന വാർത്തകളെല്ലാം വാസ്തവവിരുദ്ധമാണെന്ന് പറയുന്നത്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതുമായി യാതൊരു ബന്ധവുമില്ലാത്ത സംഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങൾ അവളെ കണ്ടെത്തുന്ന സമയത്ത് അവൾ ഒരു ഉടുപ്പും നിക്കറും ധരിച്ചിരുന്നു. വളരെ ക്ഷീണിതയായി കാണപ്പ‌െട്ട അവൾ ഞങ്ങളെ കണ്ടതോടെ മാറിപ്പോകുന്നുണ്ടായിരുന്നു. അവൾ നഗ്നയായിരുന്നില്ല, അവിടെയെങ്ങും കുരങ്ങന്മാരും ഉണ്ടായിരുന്നില്ല. അവൾ കൈകൾ കൂടി ഉപയോഗിച്ചാണ് നടന്നിരുന്നതെന്ന വാർത്തയും തെറ്റാണ്, ഇതെല്ലാം എങ്ങനെയാണ് പരന്നതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

അവൾ തന്റെ മാതാപിതാക്കളാൽ തന്നെ അവിടെ ഉപേക്ഷിക്കപ്പ‌െട്ടിരിക്കാമെന്നാണ് കരുതുന്നത്. മാനസികമായി വളർച്ചയെത്താത്ത പെൺകുട്ടി ഭാരമായതോടെ അവർ ഉപേക്ഷിച്ചു പോയതാകാം. അതീവ ക്ഷീണിതായതിനാൽ ന‌ടക്കാൻ പാടുപെ‌ട്ടതിനാൽ കൈകുത്തി പോയതാകാം, അതാണ് പിന്നീട് നാലുകാലിൽ നടക്കുന്നുവെന്ന് പ്രചരിക്കാൻ കാരണമായത്.–സർവജീത് പറഞ്ഞു.

പ‌െൺകുട്ടിയെ കണ്ടെത്തിയ സ്ഥലത്തു നിന്നും മുപ്പതു മീറ്റർ ഇപ്പുറത്തായി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ഔട്ട്പോസ്റ്റ് ഉള്ളതാണ്. തങ്ങളും ഇതുവരെയും ഇങ്ങനെയൊരു കുട്ടിയെ കണ്ടിട്ടില്ലെന്ന് വനം ഉദ്യോഗസ്ഥർ പറയുന്നു.  പെൺകുട്ടി വനത്തിൽ വളർന്നതാണെന്നതിന് ഒരുശതമാനം പോലും സാധ്യതയില്ലെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറായ ജിഹി സിങ് പറയുന്നു. മോട്ടിപൂർ റേഞ്ചിലെ എല്ലാ ഉദ്യോഗസ്ഥരുമായും താൻ വിഷയം സംസാരിച്ചിരുന്നു, അവൾ വനത്തിലാണ് കഴിഞ്ഞതെങ്കിൽ ഇതിനുള്ളിൽ തന്നെ ഉദ്യോഗസ്ഥരുടെ കണ്ണിൽപെടേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.  മൃഗങ്ങളുടെ സുരക്ഷിതത്വം പരിഗണിച്ച് നൂറോളം ക്യാമറകൾ വനത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്നും ഏതെങ്കിലും ഒരു ക്യാമറയിലെങ്കിലും അവളുടെ ദൃശ്യങ്ങൾ പതിഞ്ഞേനെയെന്നും അദ്ദേഹം പറഞ്ഞു. 

ഒരു ഹിന്ദി പത്രത്തിലാണ് ആദ്യമായി പെൺകുട്ടിയെ മൗഗ്ലി എന്നു വിളിച്ചുകൊണ്ടുള്ള വാർത്ത വന്നതെന്ന് ബാഹ്റായ്ച് ആശുപത്രിയിലെ ഡോക്ടർ ഡികെ സിങ് പറയുന്നു. വാർത്ത പരന്നതോടെ ആശുപത്രിയിലേക്ക് സന്ദർശകരുടെ പ്രവാഹമായിരുന്നു. ചിലരൊക്കെ വനദേവതയാണെന്നു പറഞ്ഞ് അവൾക്കു ദക്ഷിണ വച്ച് നമസ്കരിക്കുന്നും ഉണ്ടായിരുന്നു. ഭക്ഷണം വലിച്ചെറിയുകയും അടുത്തേക്കു വരുന്നവരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതുകൊണ്ട് പലരും പറഞ്ഞു പരത്തിയ കഥകളാണ് അവൾ വനത്തിലാണ് വളർന്നതെന്ന്, പക്ഷേ മാനസിക വൈകല്യം നേരിടുന്ന പെൺകുട്ടികളും സമാനരീതിയിൽ പ്രതികരിക്കുമെന്നും അദ്ദേഹം പറയുന്നു. അതേ പ്രായത്തിലുള്ള കുട്ടികൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നത് പെൺകുട്ടിയിൽ പുരോഗതിയുണ്ടാക്കാൻ സാധ്യതയുണ്ടെന്നു ഡോക്ടർ പറയുന്നു.

അഡ്മിറ്റ് ചെയ്തു രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും അവൾ കുപ്പിയിൽ നിന്നും പാൽ കുടിക്കാൻ പഠിച്ചുവെന്നും ബിസ്ക്കറ്റും ചോറും കറിയുമൊക്കെ കഴിക്കുന്നുണ്ടെന്നും അസിസ്റ്റൻഡ് നഴ്സിങ് സൂപ്രണ്ടന്റ് മധു ബല്ല പറഞ്ഞു. 20 ദിവസം കഴിഞ്ഞപ്പോഴേക്കും അവൾ ആരോഗ്യവതിയായെന്നും അവർ പറയുന്നു. ഇപ്പോൾ വിശക്കുമ്പോൾ ആംഗ്യത്തിലൂടെയും ദാഹിക്കുമ്പോൾ ഗ്ലാസ് നിലത്തേക്കെറിഞ്ഞും അവൾ തന്റെ ആവശ്യങ്ങൾ അറിയിക്കുന്നുണ്ട്. ബഹ്റായ്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ ശനിയാഴ്ച മാനസിക വൈകല്യം നേരിടുന്നവർക്കുള്ള ലക്നൗവിലെ നിർവാൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.