Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'തവനൂർ ബസിൽ കയറി വൃദ്ധ മന്ദിരത്തിൽ ഇറങ്ങുക', കണ്ണു നനയിക്കുന്നൊരു പോസ്റ്റ്

Facebook Post ബസ്‌യാത്രയ്ക്കിടെ സമീപത്തിരുന്ന വൃദ്ധന്‍ തന്റെ ചുക്കിച്ചുളിഞ്ഞ കയ്യിൽ പിടിച്ചിരിക്കുന്ന ഒരു കഷണം പേപ്പറിൽ ​എഴുതിയ വാക്കുകളാണ് ഷഫീഖിന്റെ ഹൃദയത്തിൽ തൊട്ടത്...

മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം വിവരണാതീതമാണ്. പിറന്നു വീഴുമ്പോള്‍ മുതൽ കുഞ്ഞിന്റെ ഓരോ വിതുമ്പലിനും കൂടെനിന്ന് കുഞ്ഞിളംകാൽ വച്ചു പിച്ചനടത്തി ആദ്യാക്ഷരങ്ങൾ ചൊല്ലിക്കൊടുത്ത് അവനെ സ്വന്തം കാലിൽ നിർത്തും വരെ അവർ പരക്കം പായുകയാണ്. മക്കളായിക്കഴിഞ്ഞാൽ പിന്നെ ഓരോ മാതാപിതാക്കളുടെയും ജീവിതം അവർക്കു വേണ്ടിയാണ്, അവരുടെ ലോകം തന്നെ മക്കളുടെ ഇഷ്ടങ്ങളിലേക്കു ചുരുങ്ങും. പക്ഷേ ഇതേ മക്കളിൽ പലരും വളർന്നു വലുതായിക്കഴിയുമ്പോൾ മാതാപിതാക്കളുടെ വില മനസിലാക്കാതെ അവരെ വൃദ്ധസദനത്തിലേക്കു തള്ളുന്ന കാഴ്ച്ചയാണ് നാം ഇന്നു കാണുന്നത്.

സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഫേസ്ബുക് പോസ്റ്റും അശരണരായ മാതാപിതാക്കളുടെ നിസഹായാവസ്ഥ വ്യക്തമാക്കുന്നതാണ്. പൊന്നാനി നരിപ്പറമ്പ് സ്വദേശി ഷഫീഖ് പോസ്റ്റ് ചെയ്ത ചിത്രമാണ് നന്മയുള്ള മനസുകളുടെ കണ്ണു നനയിക്കുന്നത്. ബസ്‌യാത്രയ്ക്കിടെ സമീപത്തിരുന്ന വൃദ്ധന്‍ തന്റെ ചുക്കിച്ചുളിഞ്ഞ കയ്യിൽ പിടിച്ചിരിക്കുന്ന ഒരു കഷണം പേപ്പറിൽ ​എഴുതിയ വാക്കുകളാണ് ഷഫീഖിന്റെ ഹൃദയത്തിൽ തൊട്ടത്. 'തവനൂർ ബസിൽ കയറി വൃദ്ധമന്ദിരം ഇറങ്ങുക' എന്നതായിരുന്നു അത്.  ആകെയുള്ള ബലം എന്നു പറയാൻ കൂട്ടിന് ഒരു ഊന്നുവടി മാത്രമുണ്ടായിരുന്ന ആ വൃദ്ധൻ പതിയെ അതു കണ്ടക്ടറുടെ നേരെ നീട്ടി. അതു വായിച്ച് കണ്ടക്ടർ അയാളുടെ മുഖത്ത് നോക്കാതെ തിരിച്ച് കൊടുത്തു.   

 

ഷഫീഖിന്റെ ഫേസ്ബുക് േപാസ്റ്റിലേക്ക്

ഓരോ യാത്രയും പുതിയ അനുഭവങ്ങൾ സമ്മാനിക്കും, കാലത്ത് 9.30 ഒരു നീണ്ട മുംബൈ യാത്രയ്ക്കൊടുവിൽ കുറ്റിപ്പുറം എത്തി. അവിടെ നിന്നും നാട്ടിലേക്കുള്ള ബസിൽ കയറി, അപ്പോഴാണ് എന്റെയടുത്ത സീറ്റിൽ ഒരു വൃദ്ധൻ ഇരിക്കുന്നത് കണ്ടത്, നെരവീണ മുടിയുള്ള ചുളിവ് വീണ തൊലികൾ, ഒരു 70 ന്റെ അടുത്ത് പ്രായം വരും ജീവിതത്തിൽ ആകെയുള്ള കൂട്ട് എന്നോണം ഒരു ഊന്ന് വടി മുറുക്കെ പിടിച്ചിട്ടുണ്ട്, മങ്ങിയ കാഴ്ചകൾ തെളിയാൻ വേണ്ടി ഒരു വട്ട കണ്ണടയും ഉണ്ട്. വാർധക്യത്തിന്റെ എല്ലാ ചുളിവുകളും അയാളുടെ മുഖത്തുണ്ടായിരുന്നു, കയ്യിൽ വിയർപ്പ് ഒട്ടിക്കിടക്കുന്ന ഒരു പത്തു രൂപാ നോട്ടും, ഒരു ചെറിയ കഷ്ണം പേപ്പറും ഉണ്ട്. കണ്ടക്ടർ വന്നപ്പോൾ അയാൾ പത്തു രൂപാ നോട്ടിനൊപ്പം ആ കടലാസും കൂടെ കൊടുത്തു, അതു വായിച്ച് കണ്ടക്ടർ അയാളുടെ മുഖത്ത് നോക്കാതെ തിരിച്ച് കൊടുത്തു. ഞാൻ ആ കടലാസിലോട്ട് നോക്കി അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, "തവനൂർ ബസിൽ കയറി വൃദ്ധ മന്ദിരത്തിൽ ഇറങ്ങുക" ഞാൻ ഏറെ നേരം ആ പേപ്പറിലേക്ക് തന്നെ നോക്കി നിന്നു, കണ്ണു നിറഞ്ഞു, വീട്ടിലെ പൂമുറ്റത്ത് മലർന്ന് കിടന്ന് മക്കളുടെ സന്തോഷവും ,കൊച്ചുമക്കളുടെ കളികളും കണ്ട് ആശ്വാസത്തിന്റെ നെടുവീർപ്പിട്ട് പോയ കാലത്തിന്റെ നല്ല ഓർമകളെ താലോലിക്കാൻ കൊതിച്ച്, ഒടുവിൽ കാലത്തിന്റെ കുത്തൊഴുക്കിലെവിടെയോ കാലിടറിയവർ, മക്കളെ സ്നേഹിക്കുന്ന തിരക്കിൽ അവർക്ക് വേണ്ടി രക്തം വിയർപ്പാക്കി ഒഴുക്കിയിട്ട് , വളർന്നു വലുതായപ്പോൾ തിരസ്കരിച്ച മക്കൾ, വൃദ്ധമന്ദിരം എത്തി തന്റെ മുഷിഞ്ഞ ബാഗും എടുത്ത് അയാൾ മെല്ലെ ഇറങ്ങി പതുക്കെ നടന്നു നീങ്ങി, ആരൊക്കെയോ തിരിച്ചുവിളിക്കും എന്ന പ്രതീക്ഷയിലാവണം ഇടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ട്.

അപ്പോൾ എവിടെയോ വായിച്ച രണ്ടു വരികളാണ് എനിക്കോർമ്മ വന്നത് " പത്തു മക്കളെ നോക്കാൻ എനിക്കൊരു കഷ്ടപ്പാടും ഉണ്ടായില്ല, എന്നാൽ എന്നെ ഒരാളെ നോക്കാൻ ഈ പത്തു മക്കളും ഇത്ര കഷ്ടപ്പെടുന്നതെന്തെ?"വിണ്ടുകീറി,യുണങ്ങീട്ടങ്ങനെ, പൂക്കാതെ, കായ്ക്കാതെ, നിൽക്കും കാലം, കാതലിരുണ്ട് പൊടിയും കാലം, തായ് വേരൊടിഞ്ഞു ചളിയും കാലം, ശാഖകളൊന്നായടരും കാലം, ദ്വാരങ്ങൾ മുറ്റി, കുഴങ്ങും കാലം, സ്നേഹത്തോടൊരു തുള്ളി പകരാൻ ആരുണ്ടാകുമെന്നാരറിയുന്നു, മക്കളെ, നിങ്ങളിലാരുണ്ടാകുമെന്നാരറിയുന്നു?..