Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മരണത്തിലും എനിക്ക് സുന്ദരിയാവണം' , സുന്ദരിയായി തന്നെ അവൾ മരിച്ചു !

Racine റേസിൻ രോഗബാധിതയാകും മുമ്പും മരണക്കിടക്കയിലുമുള്ള ചിത്രങ്ങൾ



മരണം രംഗബോധമില്ലാത്ത കോമാളിയാണ് എന്നു പറയുന്നതെത്ര ശരിയാണ്. വർണശബളമായ ജീവിതം സ്വപനം കണ്ട് ഒരു കൊച്ചു പൂമ്പാറ്റയെ പോലെ പറന്നു നടക്കേണ്ട പ്രായത്തിൽ അവളുടെ ജീവൻ അപായപ്പെടുത്തി കാൻസർ കടന്നു വരുമ്പോൾ, ആ 20  കാരിക്ക് ഉറപ്പായിരുന്നു താൻ ഉടൻ മരിക്കുമെന്ന്. എന്നാൽ ആശയറ്റ ജീവിതം വേദനാസംഹാരികളുടെ പിൻബലത്തിൽ തള്ളി നീക്കുകയാണ് അവൾ ചെയ്‍തത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട തന്റെ സഹോദരിയെ അരികിൽ വിളിച്ച്‌ അവൾ പറഞ്ഞു, എനിക്ക് സുന്ദരിയായി മരിക്കണം.

ബോൺ കാൻസർ ബാധിച്ച് മരണപ്പെടുന്നതിനു അഞ്ചു ദിവസം മുൻപാണ് സൗത്ത് ഫിനിപൈൻസ് സ്വദേശിനിയായ റേസിൻ പ്രെഗുണ്ട തന്റെ സഹോദരിയോട്‌ ഇതാവശ്യപ്പെട്ടത്. സൗന്ദര്യത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന റേസിന്റെ ഏറ്റവും വലിയ വിഷമമായിരുന്നു, രോഗത്തെ തുടർന്ന് തന്റെ സൗന്ദര്യം നഷ്ടപ്പെടുന്നത്. മരണത്തിൽ എങ്കിലും താൻ ഏറ്റവും സുന്ദരിയായിരിക്കണം എന്ന് അതിനാലാണ് അവൾ ആഗ്രഹിച്ചത്. 

racine-1 റേസിന്റെ ചലനമറ്റ ശരീരത്തെ ഒരുക്കുന്ന മേക്കപ് ആര്‍ട്ടിസ്റ്റ്

ഏപ്രിൽ 17  നു പെട്ടന്ന് രോഗം മൂർച്ഛിച്ച് റേസിന്‍ മരണപ്പെടുകയായിരുന്നു. എന്നാൽ ആ സമയത്ത് തന്റെ അനുജത്തിയുടെ അവസാന ആഗ്രഹം ചേച്ചിയായ റോളിന് ഓര്‍മ വന്നു. മോഡലിങ് രംഗത്ത് സജീവമായിരുന്ന റോളിൻ ഉടൻ തന്നെ പരിചയത്തിലുള്ള ഒരു മേക്കപ്പ് ആർട്ടിസ്റ്റിനെ കണ്ടെത്തി, തന്റെ സഹോദരിയെ മേക്കപ്പ് ചെയ്യാൻ ആവശ്യപ്പെട്ടു. ജീവിതത്തിൽ പലരെയും മേക്കപ്പ് ചെയ്തു സുന്ദരിയാക്കിയിട്ടുള്ള മേക്കപ്പ് ആർട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം ജീവനറ്റ ശരീരത്തെ സുന്ദരമാക്കുന്നത് വേദനാജനകമായിരുന്നു. 

എന്നാൽ ആ 20  കാരിയുടെ അന്ത്യാഭിലാഷം എല്ലാവരും ഒരേ പോലെ നെഞ്ചേറ്റി. വെളുത്ത നിറമുള്ള ശവപ്പെട്ടിക്കുള്ളിൽ ഒരു മാലാഖയെപ്പോലെ റേസിന്‍ കിടന്നു. ഇളം വെള്ള നിറമുള്ള ഗൗൺ ധരിച്ച റേസിനെ തലയിൽ വച്ച പൂക്കൾ തുന്നിച്ചേർത്ത ബാൻഡ് കൂടുതൽ സുന്ദരിയാക്കി. പുഞ്ചിരിച്ചു കൊണ്ടാണ് അവൾ അവസാന നിമിഷം കിടന്നത്. ഒരു മാലാഖ ഉറങ്ങിക്കിടക്കുന്നതായാണ് തോന്നുന്നത് എന്ന് റേസിനെ കണ്ടവർ കണ്ടവർ പറഞ്ഞു. 

ജീവിച്ചു കൊതി തീരാതെയാണ് തന്റെ അനുജത്തി പോയത്, അവസാന ആഗ്രഹം സാധിച്ചതിന്റെ സന്തോഷമെങ്കിലും അവളുടെ ആത്മാവിനു ഉണ്ടാകട്ടെ, റോളിൻ പറഞ്ഞു.