Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊയ്ക്കാലുകളിൽ ജീവിതം കൊരുത്തവൾ, ലോകത്തെ മികച്ച ബ്ലേഡ് റണ്ണറിന്റെ കഥ

Salini Saraswathi ശാലിനി സരസ്വതി

ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നിനച്ചിരിക്കാതെ പല തിരിച്ചടികളിലൂടെയും കടന്നു പോയിട്ടുള്ളവരാണ് നമ്മളിൽ പലരും. തിരിച്ചടികളിൽ തളരുന്നതിൽ അല്ല, അതിൽ നിന്നും പാഠം ഉൾക്കൊണ്ട്, കരുത്താർജിച്ച് മുന്നേറുന്നതിലാണ് കാര്യം എന്ന് അറിയാമെങ്കിലും ഭൂരിഭാഗം ആളുകൾക്കും അതിനാകുന്നില്ല. ഇത്തരം അവസ്ഥകളിൽ വീഴ്ചകളിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റവരുടെ കഥകൾ എന്നും പ്രചോദനമാകുന്നു.

അത്തരത്തിൽ ആരെയും പ്രചോദിപ്പിക്കുന്ന ഒരു കഥയുടെ ഉടമയാണ് ശാലിനി സരസ്വതി. 32  വയസ്സാണ് ശാലിനിയുടെ പ്രായം. അവിചാരിതമായി കടന്നു വന്ന പേരറിയാത്ത രോഗവും അതിനെ തുടർന്നുണ്ടായ അണുബാധയും ശാലിനിക്ക് വരുത്തിയ നഷ്ടം ഒരിക്കലും നികത്താനാവാത്തതാണ്. രണ്ടു കാലുകളും കൈകളും അവർക്ക് നഷ്ടമായത് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ. 

വിവാഹശേഷം, ഭർത്താവിനൊപ്പം ജോലിയുമായി കംബോഡിയയിൽ താമസിച്ചിരുന്ന ശാലിനി , വെക്കേഷൻ ചെലവഴിക്കുന്നതിനായി ജന്മനാട്ടിലേക്ക് എത്തിയപ്പോഴായിരുന്നു ശാരീരിക അസ്വസ്ഥതകളുടെ രൂപത്തിൽ പ്രശ്നങ്ങൾ ആരംഭിയ്ക്കുന്നത്. ആദ്യം പനിയായിരുന്നു. പിന്നീട്, ഇൻഫെക്ഷനിലേക്ക് വഴിമാറി. അന്ന് തന്റെ ആദ്യ കുഞ്ഞിനെ ശാലിനി ഗർഭം ധരിച്ചിരിക്കുകയായിരുന്നു. രോഗാവസ്ഥയിൽ ആ കുഞ്ഞിന് ജന്മം നൽകാൻ ശാലിനിക്കായില്ല. 

അതിനു പുറകെയാണ് അണുബാധയേറ്റ കൈകാലുകൾ മുറിച്ചുമാറ്റണം എന്ന ഡോക്റ്ററുടെ മുന്നറിയിപ്പ് വന്നത്. അല്ലെങ്കിൽ അത് മറ്റു അവയവങ്ങളെയും ബാധിക്കുമെന്ന അവസ്ഥ. ലോകം കീഴ്മേൽ മറിയുന്ന അവസ്ഥയായിരുന്നു അത്. ജീവിക്കാനുള്ള ആഗ്രഹം പൂർണമായി നഷ്ടപ്പെട്ട നാളുകൾ. 

'' കാലുകൾ മുറിച്ചുമാറ്റാനായി ചെല്ലുമ്പോൾ എന്റെ കാൽ നഖങ്ങളിൽ ഞാൻ പിങ്ക് നിറത്തിലുള്ള നെയിൽ പോളീഷ് ആണ് ഇട്ടിരുന്നത്. ഒരിക്കലും ഇനിയത്തിനാകില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഒപ്പം, എന്റെ ജീവിതം കൈവിട്ടു പോകുകയാണ് എന്നും'' ശാലിനി പറയുന്നു.

ആദ്യം മുറിച്ചു മാറ്റിയത് കാലുകളാണ്. പിന്നീട് കുറച്ചു ദിവസങ്ങൾക്കു ശേഷം കൈകളും നഷ്ടമായി. ഇനി ജീവിക്കുന്നതിൽ അർഥമില്ല എന്ന് ആദ്യം തോന്നി എങ്കിലും പിന്നീട് ജീവിതത്തോട് വാശിയായി. തോറ്റു പോയി എന്നു തോന്നിയ സ്ഥലത്തു നിന്നും ജീവിതത്തെ കൈ എത്തിപ്പിടിക്കാൻ അവർ ആഗ്രഹിച്ചു.

ആ ആഗ്രഹത്തിന് കുടുംബത്തിൽ നിന്നും പൂർണപിന്തുണ കൂടി ലഭിച്ചതോടെ ശാലിനി സരസ്വതി, പുതിയ ജീവിതത്തിലേക്ക് കുതിക്കുകയായിരുന്നു. നഷ്ടപ്പെട്ട കാലുകൾക്ക് പകരം ബ്ലെയ്ഡുകൾ (കാലുകൾക്ക് പകരം നടക്കാനായി പിടിപ്പിക്കുന്ന സ്റ്റീൽ ഭാഗം) പിടിപ്പിച്ച് അവൾ നടന്നു. ശരീരത്തിന്റെ വർധിച്ചു വരുന്ന ഭാരം കുറയ്ക്കാനായി ഓടി. അപ്പോഴാണ് ഭിന്നശേഷി ഉള്ളവർക്കായുള്ള മത്സരങ്ങൾ ശ്രദ്ധയിൽ പെടുന്നത്. പിന്നീടു കഠിന പരിശ്രമമായിരുന്നു.

ഈ അടുത്ത ടിസിഎസ് ബാംഗ്ലൂരിൽ  സംഘടിപ്പിച്ച പതിനായിരം കിലോമീറ്റർ മരത്തോണിൽ പോലും ശാലിനി ഓടി. പൊയ്ക്കാലുകളിൽ ജീവിതം നെയ്തെടുക്കുകയാണവൾ. ജീവിതത്തിൽ തളരാതെ മുന്നോട്ടു പോകാനുള്ള കരുത്താണ് അവൾ പകരുന്നത്. ഭിന്നശേഷിയുള്ളവരുടെ കഥകൾ പറയുന്ന ബീയിങ് യു എന്ന ഫേസ്‌ബുക്ക് പേജിലാണ് ശാലിനി തന്റെ കഥ പറഞ്ഞത്.