Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്യാണത്തിന്റെ പേരിൽ ജോലിയുപേക്ഷിക്കണോ പെൺകുട്ടികളേ? ഇത് വായിച്ചിട്ട് തീരുമാനിക്കാം!

Dont Quit Job മുൻപിൻ നോക്കാതെ ഭർത്താവിന്റെ ചെലവിൽ ജീവിക്കാൻ തീരുമാനിക്കുന്ന യുവതികൾക്കുള്ള താക്കീതാണ് ഒരു ഫേസ്‌ബുക്ക് പേജിലൂടെ ഈ അമ്മ തുറന്നു പറഞ്ഞ തന്റെ കഥ...

സ്ത്രീ പുരുഷ സമത്വത്തിന്റെ ഇക്കാലത്ത് പഠിച്ചിറങ്ങിയാൽ ഏതു വിധേനയും ഒരു ജോലി കണ്ടെത്താനായിരിക്കും എല്ലാവരും ശ്രമിക്കുക. അതിൽ പെൺകുട്ടികളും ഒട്ടും പിന്നിലല്ല. സ്വന്തം കാലിൽ നിൽക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ, കല്യാണം തീരുമാനിക്കുന്നതോടെ, അല്ലെങ്കിൽ കഴിയുന്നതോടെ പെൺകുട്ടികളിൽ നല്ലൊരു വിഭാഗം ജോലി വേണ്ടെന്നു വയ്ക്കുന്നു. അത്തരത്തിൽ മുൻപിൻ നോക്കാതെ ഭർത്താവിന്റെ ചെലവിൽ ജീവിക്കാൻ തീരുമാനിക്കുന്ന യുവതികൾക്കുള്ള താക്കീതാണ് ഒരു ഫേസ്‌ബുക്ക് പേജിലൂടെ ഈ അമ്മ തുറന്നു പറഞ്ഞ തന്റെ കഥ.

ഏറെ നല്ല സ്വപ്‌നങ്ങൾ കണ്ടു, ഭർത്താവിന്റെ വാക്കു വിശ്വസിച്ച് വീടും വീട്ടു ജോലികളും തന്നെ തന്റെ ലോകം എന്ന ചിന്തയിൽ ദാമ്പത്യ ജീവിതം ആരംഭിച്ച തീരുമാനം തെറ്റായിരുന്നു എന്നു ചെറിയ കാലം കൊണ്ടു തന്നെ തെളിഞ്ഞു എന്ന് ഇവർ പറയുന്നു. തന്റെ ജീവിതത്തിൽ സംഭവിച്ച കഥ അവർ പറയുന്നതിങ്ങനെ.

'' എന്റെ ഭർത്താവ് എന്നെ ജോലിക്ക് വിടുമായിരുന്നില്ല. സ്ത്രീ വീട്ടിലിരുന്നു കുടുംബം നോക്കിയാൽ മതി എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. വിവാഹം വളരെ ചെറുപ്പത്തിൽ നടന്നതുകൊണ്ട് തന്നെ എനിക്ക് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് വിയോജിപ്പ് ഒന്നും ഉണ്ടായിരുന്നില്ല. വിവാഹശേഷം എന്നും അദ്ദേഹം രാത്രിയിൽ മദ്യപിച്ചായിരുന്നു വീട്ടിൽ എത്തിയിരുന്നത്. വീട്ടിലെത്തിയാൽ തല്ലും വഴക്കും ബഹളവുമായിരുന്നു. ഒരു കുഞ്ഞു ജനിച്ചാൽ അദ്ദേഹത്തിന്റെ ഈ സ്വഭാവം മാറും എന്ന് എല്ലാവരും പറഞ്ഞു. എന്നാൽ മകൾ ഉണ്ടായപ്പോൾ കാര്യങ്ങൾ കൂടുതൽ വഷളായി.

ഒരിക്കൽ മദ്യപിക്കിച്ചെത്തിയ അദ്ദേഹം ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തുയർത്തി താഴെ ഏറിയും എന്നും ഭീഷണിപ്പെടുത്തി. മദ്യപാന ലഹരിയിൽ ബോധമില്ലാതെ നിൽക്കുന്ന അദ്ദേഹത്തോട് എന്തു പറയാനാണ്. കരഞ്ഞു ബഹളം വച്ച്, കാലു പിടിച്ചു, ഒടുവിൽ കുഞ്ഞിനെ താഴെ വച്ചു. അപ്പോഴേക്കും ബോധം മറഞ്ഞ് അദ്ദേഹം ഉറങ്ങുകയും ചെയ്തു. ആ രാത്രി കുഞ്ഞുമായി ഞാൻ എങ്ങനെയോ ആ വീട്ടിൽ കഴിച്ചു കൂട്ടി. നേരം വെളുത്ത ഉടനെ അത്യാവശ്യ സാധനങ്ങളും മാറ്റുമെടുത്ത് കുഞ്ഞിനേയും കൂട്ടി ഞാൻ ആ വീട്ടിൽ നിന്നും ഇറങ്ങി. 

എന്റെ സഹോദരിയുടെ വീട്ടിൽ ആരും അറിയാതെ ഒളിച്ചു താമസിക്കുകയായിരുന്നു ലക്ഷ്യം. ഓരോ ദിവസവും ഞാൻ തള്ളി നീക്കിയത് അയാൾ എന്നെയും കുഞ്ഞിനേയും കണ്ടു പിടിക്കുമോ എന്ന ഭയത്തിന്റെ നിഴലിലായിരുന്നു. എന്നാൽ എത്രനാൾ എനിക്കിങ്ങനെ പേടിച്ചിരിക്കാനാകും? എന്റെ കയ്യിൽ പണമില്ല, ഒരു കുഞ്ഞിനെ വളർത്താനും ഉണ്ട്. ഞാൻ പിന്നീട് രണ്ടും കൽപ്പിച്ച് ജോലി തേടിയിറങ്ങി. ജോലി കിട്ടുക എന്നത് ഏറെ ശ്രമകരമായിരുന്നു. ഒടുവിൽ ഒരു വീട്ടിൽ അടുക്കള ജോലി ലഭിച്ചു. 

ഇപ്പോൾ ആറു വീടുകളിൽ ഞാൻ ജോലി ചെയ്യുന്നു. പാചകം , അലക്കൽ, വീട്ടുജോലി തുടങ്ങി എല്ലാം ചെയ്യുന്നുണ്ട്. അതിലൂടെ ഞാൻ ജീവിക്കാൻ വരുമാനം കണ്ടെത്തുന്നു. എന്റെ മകളെ പഠിപ്പിക്കുന്നു. ഒരുകാര്യത്തിൽ ഞാൻ ഏറെ സന്തുഷ്ടയാണ്. എന്റെ മകൾ ധൈര്യവതിയാണ്. അവൾ എന്നെ സഹായിക്കുന്നു, സ്‌കൂളിൽ പോകുന്നു, പഠിക്കുന്നു. ഇന്ന് ഞങ്ങൾ സന്തുഷ്ടരാണ് '' വാക്കുകൾ പറഞ്ഞു നിർത്തുമ്പോൾ ആ അമ്മയുടെ കണ്ണുകളിലെ സന്തോഷത്തിളക്കത്തിൽ നിന്നും ഓരോ പെൺകുട്ടികൾക്കും പാഠങ്ങൾ ഏറെ പഠിക്കാനുണ്ട്.